Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സക്കറിയ ഉന്നയിച്ച വിമർശനങ്ങൾക്കൊപ്പം' മനോജ് കുറൂർ

manoj-kuroor ഒ.വി. വിജയൻ, സക്കറിയ, മനോജ് കുറൂർ

എഴുത്തുകാർക്കുണ്ടാവേണ്ട ജാഗ്രതയെപ്പറ്റിത്തന്നെയാണു സക്കറിയ ഓർമിപ്പിക്കുന്നത്.

ഒ.വി. വിജയനെപ്പോലെ മോഹിപ്പിച്ച എഴുത്തുകാർ കുറവാണ്. ഖസാക്ക് മാത്രമല്ല ഗുരുസാഗരവും എണ്ണം പറഞ്ഞ നോവൽതന്നെയാണ്. അതിന്റെ ഒന്നാം അധ്യായത്തിലെ ഒന്നാം വരിയിൽത്തന്നെ കുടുങ്ങി എത്രനേരം വേണമെങ്കിലും ഇരിക്കാം. ആ വരി എനിക്കു കാണാപ്പാഠമാണ്. കരിന്തൊലി പുതച്ച പുറത്ത് ചാട്ടവാറു വീണപ്പോൾ മകനേ മകനേ എന്നു വിളിച്ചുകരഞ്ഞ മഹിഷപിതാമഹന്റെ ഓർമ നോവലിലെ കഥാപാത്രമായ കുഞ്ഞുണ്ണിയെ മാത്രമല്ല നമ്മെയും അസ്വസ്ഥമാക്കിക്കൊണ്ടേയിരിക്കും. അന്ധരായി, പരസ്പരം അപരിചതരായിത്തീർന്ന സൈനികന്റെ കബന്ധങ്ങൾ, തീർത്ഥാടനത്തിന്റെ ഹാസ്യാനുകരണങ്ങൾ, ചിലപ്പോൾ മാത്രം അറുതികളുണ്ടാവുന്ന അഖണ്ഡത്തിന്റെ ദു:ഖങ്ങൾ, കളങ്കപ്പെടുത്താതെ സൂക്ഷിക്കുന്ന സ്വാർത്ഥങ്ങൾ, നാസാഖഡ്ഗങ്ങളുമായി നീന്തിനടക്കുന്ന മീനുകൾ എന്നിങ്ങനെ വിജയസ്പർശമുള്ള കവിതകൾകൊണ്ടു നിറഞ്ഞ നോവലാണിത്. ആശ്രമത്തിലെ കാട്ടുചെടികളുടെ കടയ്ക്കൽ വളർന്ന പുല്ലുകൾക്കിടയിൽ ശില്പസങ്കീർണതയാർന്ന കൊമ്പും കിരീടവുമായി പരസ്പരം നായാടുന്ന ചെറുചാതികളുടെ കുരുക്ഷേത്രയുദ്ധവും നമ്മുടെ ഉറക്കങ്ങളെ മുറിപ്പെടുത്തിക്കൊണ്ടിരിക്കും.

പരാജയപ്പെടാൻ മാത്രം വിധിക്കപ്പെട്ട യുദ്ധങ്ങൾ, തോറ്റുപോയ വിപ്ലവങ്ങൾ, ആവർത്തിക്കുന്ന കൊലകൾ, ബലാത്സംഗങ്ങൾ, പടയാളികൾക്കു നടുവിലെ നഗ്നനൃത്തങ്ങൾ എന്നിങ്ങനെ അശരണമായ അന്തരീക്ഷമാണു നോവലിലാകെ. സോവിയറ്റ് യൂണിയന്റെയും അർമ്മേനിയയുടെയും റൊമാനിയയുടെയും പോളണ്ടിന്റെയും അന്നത്തെ ചെക്കോസ്ലോവാക്യയുടെയും ക്യൂബയുടെയും മറ്റും പില്ക്കാലത്തു കൂടുതൽ വ്യക്തമായ രാഷ്ട്രീയസങ്കീർണതകളിലൂടെ സൂക്ഷ്മമായി സഞ്ചരിക്കുന്ന ആദ്യമലയാളനോവൽ 1987 ൽ ഇറങ്ങിയ ഗുരുസാഗരമാണെന്നു തോന്നുന്നു. കിഴക്കൻ ബംഗാളിന്റെ മോചനത്തിനായി നടന്ന ഇന്ത്യ- പാകിസ്ഥാൻ യുദ്ധം നോവലിന്റെ പ്രധാനപ്രമേയം തന്നെയാകുന്നു. ബംഗാളിലും കേരളത്തിലും നടന്ന തീവ്ര ഇടതുപക്ഷവിപ്ലവങ്ങളും തെലുങ്കാന പ്രശ്നവും അടിയന്തരാവസ്ഥയിലേക്കു നയിച്ച ഇന്ദിരാഗാന്ധിയുടെ ഭരണവുമെല്ലാം ദാരുണമായ ഫലിതങ്ങളായി നോവലിൽ വരുന്നുണ്ട്. വിപ്ലവകാരികൾ ഭരണം നേടുമ്പോൾ സ്വേച്ഛാധികാരികളാകുന്നതിന്റെയും വിഘടനവാദികൾ സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്വാതന്ത്ര്യസമരസേനാനികളാകുന്നതിന്റെയും വൈരുദ്ധ്യങ്ങളും ഇത്തരത്തിലുള്ളവതന്നെ. അതിർത്തികളുള്ള ഇടങ്ങളിലെല്ലാം സംഘർഷങ്ങളുണ്ടാകുന്ന സാമൂഹികനില വലിയൊരു നിസ്സഹായതയായി നമ്മിൽ അവശേഷിക്കുകയും ചെയ്യും. കുഞ്ഞുണ്ണിയുടെയും ശിവാനിയുടെയും കല്യാണിയുടെയും വ്യക്തിപരമായ ദു:ഖങ്ങൾ ഈ അസ്വസ്ഥമായ അവസ്ഥയ്ക്കു സമാന്തരമോ ഇഴചേർന്നതോ ആയി മേല്ക്കൈ നേടുന്നു. നീഹാരിക ദീദി, ശ്യാം നന്ദൻ സിങ്, പത്രാധിപർ, ലളിത, ഓൾഗ, താപസചന്ദ്രൻ, നിർമ്മലാനന്ദൻ, അള്ളാബക്സ് തുടങ്ങിയ മറ്റു കഥാപാത്രങ്ങളെയും നാം മറക്കാനിടയില്ല.

കരുണാകരഗുരുവൊക്കെ ഒരു നിമിത്തമായിട്ടുണ്ടാവാം എന്നല്ലാതെ നോവലിനെ അതൊന്നും സ്വാധീനിച്ചതായി തോന്നുന്നില്ല. ജീവിതത്തിൽ കണ്ടുമുട്ടുന്ന ഓരോരുത്തരും പരസ്പരം ഗുരുവായിമാറുന്ന വിനയപൂർണമായ വലിയൊരു ദർശനമാണു വിജയൻ അവതരിപ്പിക്കുന്നത്. പക്ഷേ കർമ്മബന്ധങ്ങളുടെ ഒടുങ്ങാത്ത ആവർത്തനങ്ങളും മറ്റും പറഞ്ഞുപഴകിയ വിശ്വാസത്തിന്റെ പുതിയ ആവർത്തനമെന്നതിലപ്പുറം എന്നെ സ്പർശിച്ചില്ല. മറ്റെല്ലാ പുസ്തകങ്ങളുമൊഴിവാക്കി ഭാഗവതം മാത്രം കൈയിലെടുക്കുന്ന കുഞ്ഞുണ്ണി, ലളിതയുടെ മാസികകളെല്ലാം എടുത്തു മാറ്റി അവിടെ എന്നും വിളക്കുകൊളുത്തിവയ്ക്കാൻ പറയുന്ന കുഞ്ഞുണ്ണി മതത്തിലേക്കു ചുരുങ്ങുകയും മതത്തെ വലുതാക്കുകയും ചെയ്തുകൊണ്ട് മറ്റൊരു തരത്തിൽ വിശാലമായ ദർശനത്തെ വല്ലാത്തൊരു വാശിയോടേ മതത്തിലേക്ക് ഒതുക്കിക്കെട്ടുന്നതു കണ്ടപ്പോൾ വിഷമം തോന്നി. സത്യാന്വേഷണത്തിന്റെ ഉത്കണ്ഠകൾ വിട്ട് വിശ്വാസത്തിന്റെ സുരക്ഷിതത്വത്തിലേക്ക് ഒതുങ്ങുന്ന ആ കഥാപാത്രം നോവലിലെ മറ്റിടങ്ങളിൽ നിർവഹിക്കുന്ന സൂക്ഷ്മമായ വിശകലനങ്ങളുടെ അർത്ഥം തന്നെ നഷ്ടപ്പെടുത്തിയതായാണ് എന്റെ അനുഭവം.

ഇന്ദിരാഗാന്ധിയുടെ ഭരണവും കിഴക്കൻ യൂറോപ്പിലെ ഏകാധിപത്യവും വിപ്ലവങ്ങളുടെ പരാജയവും യുദ്ധങ്ങളുടെ അസംബന്ധവും കമ്യൂണിസ്റ്റുകളുടെ പ്രതിസന്ധിയുമൊക്കെ സൂക്ഷ്മമായി വിശകലനവിധേയമാക്കുന്ന വിജയൻ ഈ നോവലിൽ വിമർശിക്കാതെ വിടുന്നത് ഹൈന്ദവതയുടെ രാഷ്ട്രീയത്തെ മാത്രമാണ്. പൂർവപാകിസ്ഥാനിൽനിന്ന് റാണാഘട്ടിലും ബോൺഗാവിലും പെറ്റ്റാപോളിലും മറ്റും വന്നു തമ്പടിച്ച അഭയാർത്ഥികളെക്കുറിച്ചു പറയുമ്പോൾ, 'ഇരുപത്തിയഞ്ചു കൊല്ലം മുമ്പ് ഇവർ തുരത്തിയോടിച്ച ഹിന്ദുക്കൾ സിയാൽദാ തീവണ്ടിയാപ്പീസിനുചുറ്റും തമ്പടിച്ചു കഴിയുന്നു' എന്നു കൂടി നോവലിസ്റ്റ് കൂട്ടിച്ചേർക്കുന്നു. 'ആര്യാവർത്തത്തിലെ താവഴികളിൽ പൊൻനിറമുള്ള വിത്തു വിതച്ചുപോവാൻ വന്ന യവനനും ഹൂണനും നിരാലംബങ്ങളായ ദൈവസങ്കല്പങ്ങളെ തച്ചുടയ്ക്കാൻ വന്ന താർത്താരിയും മുഗളനും' എന്നു മറ്റൊരിടത്തും കാണാം. ഹിംസയുടെയും ആക്രമണത്തിന്റെയും ഭൂതകാലത്തെ എടുത്തു കാണിക്കുന്ന വിജയൻ പ്രത്യക്ഷത്തിൽ ഹിംസയുടെ രാഷ്ട്രീയത്തെ നിരാകരിക്കുന്ന ആളാണ്. പക്ഷേ അക്കാലത്തുതന്നെ ശക്തിപ്പെട്ടുകൊണ്ടിരുന്ന ഹിന്ദുത്വരാഷ്ട്രീയത്തെ അദ്ദേഹം വെറുതേ വിടുന്നു. അത്തരത്തിലുള്ള ചരിത്രസൂചനകളും നോവലിൽ ശക്തമല്ല. ഈ സാഹചര്യങ്ങളുടെ പ്രത്യയശാസ്ത്രത്തെയാവും സക്കറിയ മൃദുഹിന്ദുത്വം എന്നു വിളിച്ചത്. ഗുരുസാഗരം മുതലുള്ള കൃതികളിലെ വിജയന്റെ രാഷ്ട്രീയത്തെ സംശയത്തോടെ കാണേണ്ടിവരുന്നതും ഈ സന്ദർഭത്തിലാണ്.

ഞാൻ വീണ്ടും പറയുന്നു; വിജയന്റെ എഴുത്തിന്റെ കല ഇപ്പോഴും മോഹിപ്പിക്കുന്നതാണ്. അദ്ദേഹം സൃഷ്ടിച്ച അശരണവും ദാരുണവുമായ ഒട്ടേറെ സന്ദർഭങ്ങൾ നമ്മെ വല്ലാതെ കീഴ്പ്പെടുത്തുകയും ചെയ്യും. അദ്ദേഹത്തിന്റെ നർമ്മങ്ങൾ പോലും അത്തരത്തിൽ നമ്മെ അസ്വസ്ഥമാക്കാൻ പോന്നതാണ്. അതിലൊക്കെയുള്ള സത്യാന്വേഷിയായ വിജയനെയാണ് എനിക്കിഷ്ടം. എന്തോ വാശിയോടെ പിന്നീട് അദ്ദേഹം ആശ്ലേഷിക്കുന്ന വിശ്വാസങ്ങളോടു മറ്റെല്ലാറ്റിനോടുമെന്നപോലെ സംശയാലുവായിരിക്കാനാണ് എനിക്കു തോന്നുന്നത്. വിജയന്റെ കലയെ ഇഷ്ടപ്പെട്ടുകൊണ്ടുതന്നെ അദ്ദേഹത്തെപ്പറ്റി സക്കറിയ ഉന്നയിച്ച രാഷ്ട്രീയവിമർശനങ്ങളോടു ഞാൻ യോജിക്കുന്നു.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം