Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യന്റെ ഭാവി, ഭൂത– വർത്തമാനങ്ങൾ

harari

എഴുപതിനായിരം കൊല്ലം മുന്‍പ് കഴുതയെയും കടുവയെയും കുരങ്ങനെയും പോലെ മറ്റൊരു ജീവി മാത്രമായിരുന്ന മനുഷ്യന്‍ എങ്ങനെയാണ് ഇന്ന് ലോകത്തെ നിയന്ത്രിക്കുന്ന വര്‍ഗമായത്? സങ്കല്‍പ്പത്തില്‍ മാത്രമുള്ള കാര്യങ്ങള്‍ കൂട്ടായി വിശ്വസിക്കാന്‍ കഴിവുള്ള ഒരേ ഒരു മൃഗമായതുകൊണ്ടാണെന്ന് യുവാല്‍ നോവ ഹരാരി പറയും. ദൈവം, രാജ്യം, കറന്‍സി, മതം, നിയമം, മനുഷ്യാവകാശം അങ്ങനെ ഇന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം മനുഷ്യന്‍റെ ഭാവനയില്‍ മാത്രമുള്ള കാര്യങ്ങളാണ്. പഴം കഴിക്കാനുള്ളതാണെന്ന് കുരങ്ങനെ പറഞ്ഞ് മനസിലാക്കാം. എന്നാല്‍ ഇന്ന് ഒരു പഴം മാറ്റിവച്ചാല്‍ മരണ ശേഷം സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ പഴത്തോട്ടം തന്നെ സമ്മാനമായി കിട്ടുമെന്ന് പറഞ്ഞാല്‍ കുരങ്ങന്‍ കേള്‍ക്കില്ല. അത് വിശ്വസിക്കുന്ന ഒറ്റ മൃഗമേയുള്ളു. ഹോമോ സാപിയന്‍സ് എന്ന മനുഷ്യന്‍. വിശ്വാസം അതാണ് എല്ലാം. 

മനുഷ്യനെപ്പറ്റി, മനുഷ്യന്‍റെ ഇന്നലെകളെയും നാളെകളെയും പറ്റി പഠിക്കാന്‍ ജീവിതം മാറ്റി വച്ചിരിക്കുന്ന മനുഷ്യനാണ് യുവന്‍ നോവ ഹരാരി. ഇസ്രയേലുകാരന്‍. ഹീബ്രു സര്‍വകലാശാലയിലെ ചരിത്രാധ്യാപകന്‍.  ഇന്നു ജീവിച്ചിരിക്കുന്ന സാപിയന്‍സില്‍ മൗലികചിന്തകളുടെ ഒരു കേന്ദ്രം ഹരാരിയുടെ തലച്ചോറാണ്. 2014 മുതല്‍ ഈരണ്ടു കൊല്ലത്തെ ഇടവേളകളില്‍ പുസ്തകമിറക്കുന്നു. 

yuval-noah-one

ആദ്യത്തേത് ‘സാപിയന്‍സ്– എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍ കൈന്‍ഡ്’. എണ്‍പത് ലക്ഷത്തിലധികം കോപ്പികള്‍ ഇതിനകം വിറ്റുപോയി. ബറാക് ഒബാമയും ബില്‍ ഗേറ്റ്സും മാര്‍ക്ക് സക്കര്‍ബര്‍ഗുമൊക്കെ ശുപാര്‍ശ ചെയ്ത പുസ്തകം. അമ്പതിലധികം ഭാഷകളില്‍ വിവര്‍ത്തനം വന്നു. സാപിയന്‍സ് മനുഷ്യന്‍റെ ഭൂതകാലത്തെപ്പറ്റിയായിരുന്നു. രണ്ടാമത്തെ പുസ്തകം ‘ഹോമോ ഡ്യൂയസ്– എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമാറോ’ ഭാവിയെപ്പറ്റിയും. ഇതിനകം അരക്കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം. ഹരാരിയുടെ മൂന്നാം പുസ്തകത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് അവസാനമാകുകയാണ്. ട്വന്‍റിവണ്‍ ലെസ്സണ്‍സ് ഫോര്‍ ട്വന്‍റിഫസ്റ്റ് സെഞ്ച്വറി. ഇക്കുറി വര്‍ത്തമാന കാലത്തെപ്പറ്റിയാണ് അദ്ദേഹം പറയുന്നത്.

ചിന്തകളെ കീഴ്മേല്‍ മറിച്ച സാപിയന്‍സ്

നിലവിലെ ധാരണകളെ അട്ടിമറിച്ചുകൊണ്ടുള്ള നിരീക്ഷണങ്ങളായിരുന്നു ഹരാരിയെ ശ്രദ്ധേയനാക്കിയത്. കൃഷിയെ മാനവ ചരിത്രത്തിലെ വഴിത്തിരിവായി എല്ലാവരും വാഴ്ത്തുമ്പോള്‍ ഹരാരി പറഞ്ഞു. തെറ്റ്, കൃഷിയായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധം. ഗോതമ്പിനെ എടുക്ക്.  മനുഷ്യന്‍റെ കണ്ണില്‍ കൂടി ഗോതമ്പിനെ നോക്കുന്നതിനു പകരം ഗോതമ്പിന്‍റെ കണ്ണില്‍ കൂടി മനുഷ്യനെ നോക്ക്. മനുഷ്യന്‍ ഗോതമ്പ് ചെടിയെയല്ല, ഗോതമ്പ് മനുഷ്യനെയാണ് മെരുക്കിയത്. നിയന്ത്രിച്ചത്. ഭൂഗോളത്തില്‍ അപൂര്‍വം ചിലയിടങ്ങളില്‍ മാത്രം കണ്ടിരുന്ന ഈ ചെടിയെ മനുഷ്യന്‍ ലോകം മുഴുവന്‍  എത്തിച്ചു. അതിനെ വളര്‍ത്താനായി വൈവിധ്യമാര്‍ന്ന മറ്റനേകം ചെടികളെ നശിപ്പിച്ചു. പാടങ്ങളൊരുക്കി. അതുവരെ പല ചെടികളില്‍ നിന്ന് കിട്ടിയിരുന്ന പോഷണ വൈവിധ്യം വേണ്ടെന്നു വച്ചു. കുറച്ച് നേരം മാത്രം ജോലി ചെയ്ത് സന്തോഷത്തോടെ  അല‍ഞ്ഞു  തിരിഞ്ഞുള്ള ജീവിതം അവസാനിപ്പിച്ച്  ഈ ചെടിയെ സംരക്ഷിക്കാനായി അതിനടുത്ത സ്ഥലത്ത് ഒരു ജീവിതം മുഴുവന്‍ ജീവിച്ച് തീര്‍ത്തു. ഈ ചെടി കീടബാധയേറ്റോ വെള്ളം കയറിയോ വെള്ളം കിട്ടാതെയോ നശിച്ചപ്പോള്‍ പട്ടിണി കിടന്ന് മനുഷ്യനും നശിച്ചു.  ഗോതമ്പിനെ ആശ്രയിക്കുന്ന  ജീവിയായി മനുഷ്യന്‍ മാറി.

x-default

ജീവശാസ്ത്രത്തില്‍ അവകാശം എന്നൊന്നില്ലെന്നാണ് ഹരാരിയുടെ പക്ഷം. പക്ഷികള്‍ പറക്കുന്നത് അവയ്ക്കതിനുള്ള കഴിവുള്ളതുകൊണ്ടാണ്. അല്ലാതെ പറക്കാന്‍ അവകാശമുള്ളതുകൊണ്ടല്ല. അതുപോലെ തന്നെയാണ് എല്ലാ നിയമങ്ങള്‍ക്കും അടിസ്ഥാനമായ  മനുഷ്യാവകാശവും. വസ്തുതാപരമായി ശരിയായതുകൊണ്ടല്ല മനുഷ്യന്‍ ഓരോന്നിലും വിശ്വസിക്കുന്നത്. മറിച്ച് അങ്ങനെ വിശ്വസിക്കുന്നതു കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട സമൂഹമുണ്ടാകും എന്ന തോന്നലുകൊണ്ടാണ്. 

നാളത്തെ മനുഷ്യനെത്തേടി ഹോമോ ഡ്യൂയസ്

മനുഷ്യന്‍ ഇനിയെങ്ങനെ ജീവിക്കും എന്നായിരുന്നു രണ്ടാം പുസ്തകമായ ഹോമോ ഡ്യൂയസിലെ അന്വേഷണം. പട്ടിണി, രോഗം, യുദ്ധം എന്നിവയെ കഴിഞ്ഞ നൂറ്റാണ്ടോടെ മനുഷ്യന്‍ നിയന്ത്രിച്ചു കഴിഞ്ഞു. ഭക്ഷണം കിട്ടാതെ മരിക്കുന്നവരെക്കാള്‍ എത്രയോ കൂടുതലാണിന്ന്  അമിത ഭക്ഷണം മൂലമുള്ള രോഗങ്ങളാല്‍ മരിക്കുന്നത്. യുദ്ധത്തില്‍ മരിക്കുന്നതിനെക്കാള്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നു. ഇവിടെ നിന്ന് മനുഷ്യന്‍ എങ്ങോട്ടു പോകും. ഹരാരിയുടെ അഭിപ്രായത്തില്‍ മൂന്ന് ലക്ഷ്യങ്ങള്‍ക്ക് േവണ്ടിയായിരിക്കും മനുഷ്യന്‍റെ ഭാവി ജീവിതം. അവനു മരണത്തെ അതിജീവിക്കണം. സന്തോഷം കൈവരിക്കണം. പിന്നെ ദൈവം തന്നെയായി മാറണം. വൈദ്യശാസ്ത്രം ഇതിനകം ശരാശരി ആയുര്‍ ദൈര്‍ഘ്യം കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ഇരട്ടിയോളമാക്കിയിട്ടുണ്ട്. അതിനിയും കൂട്ടും. മരണം എന്നത് ശരീരത്തിന്‍റെ ഒരു സാങ്കേതിക വീഴ്ച മാത്രമായി വിലയിരുത്തപ്പെടും. സന്തോഷമെന്നാല്‍ ഹോര്‍മോണുകള്‍ കാരണം ശരീര രസതന്ത്രത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ആണെന്ന് കണ്ടെത്തിക്കഴിഞ്ഞു. അത് കൃത്രിമമായി സൃഷ്ടിച്ചാല്‍ ആര്‍ക്കും സന്തോഷത്തിലെത്താം. സാങ്കേതിക വിദ്യ വികസിപ്പിച്ച് ദൈവത്തിനു തുല്യനായ സൂപ്പര്‍ ഹ്യൂമനെയും മനുഷ്യന്‍ സൃഷ്ടിക്കും.

തന്‍റെ നിരീക്ഷണങ്ങളെ ഹരാരി പ്രവചനങ്ങള്‍ എന്ന് പറയില്ല. അവ വെറും സാധ്യതകള്‍ മാത്രം. ഡാറ്റകള്‍ക്കും അല്‍ഗോരിതങ്ങള്‍ക്കും മനുഷ്യനെക്കാളേറെ പ്രാധാന്യമുള്ള നാളെകളാണ് വരാന്‍ പോകുന്നത് എന്നതാണ് അദ്ദേഹം പറയുന്ന ഒരു സാധ്യത. എന്നെപ്പറ്റി എനിക്കറിയുന്നതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഗൂഗിളിനും ഫെയ്സ്ബുക്കിനും അറിയാവുന്ന കാലം . അപ്പോള്‍ പിന്നെ ഞാന്‍ എന്ന സ്വത്വത്തിന് എന്തു പ്രസക്തി? ഹരാരി ചോദിക്കുന്നു. മനുഷ്യന്‍ ഇന്ന് ചെയ്യുന്ന പണികളെല്ലാം ചെയ്യാനാകുന്ന നിര്‍മിത ബുദ്ധിയുള്ള യന്ത്രങ്ങള്‍ വന്നു കഴിയുമ്പോള്‍ ഉപയോഗശൂന്യരായ മനുഷ്യരുണ്ടാകുമെന്നതാണ് മറ്റൊരു സാധ്യത. അവരെ എങ്ങനെ പുനരധിവസിപ്പിക്കും?

എന്താവും പുതിയ പുസ്തകത്തില്‍?

പുതിയ പുസ്തകത്തില്‍ ഈ നൂറ്റാണ്ട് ഇപ്പോള്‍ നേരിടുന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനുള്ള ശ്രമത്തിലാണ് ഹരാരി. ട്രംപും വ്യാജ വാര്‍ത്തയും കാലാവസ്ഥാ വ്യതിയാനവും ദേശീയതയും വ്യാജവാര്‍ത്തയും  തീവ്രവാദവുമെല്ലാം ‘ട്വന്‍റി വണ്‍ ലെസണ്‍സ് ഫോര്‍ ട്വന്‍റി ഫസ്റ്റ് സെഞ്ച്വറി’യില്‍ വിഷയമാകുന്നു. ഓഗസ്റ്റ് 30നു പുസ്തകം പുറത്തിറങ്ങുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.  അസംബന്ധങ്ങളുടെ കാലമാണോ  ഈ നൂറ്റാണ്ടെന്ന  സാധാരണക്കാരന്‍റെ ചോദ്യത്തിന് ഹരാരി ഇതിനകം തന്നെ മറുപടി നല്‍കിയിട്ടുണ്ട്.  'മനുഷ്യന്‍റെ അസംബന്ധങ്ങളെ ഒരിക്കലും വിലകുറച്ച് കാണരുത്'.

ശേഷം പുസ്തകത്താളുകളില്‍...