Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ ദ്രോഹിച്ച് നിങ്ങൾക്കൊന്നും മതിയായില്ലേ: അഖിൽ

akhil-mercury-island

അഖിൽ പി ധർമ്മജൻ എന്ന യുവ എഴുത്തുകാരന്റെ ആധികൾ ഒടുങ്ങുന്നില്ല. നെഗറ്റീവ് റിവ്യൂ നൽകി പരാജയപ്പെടുത്തി വിപണിയിൽ നിന്ന് അഖിലിന്റെ ഏറ്റവും പുതിയ ത്രില്ലർ നോവൽ മെർക്കുറി ഐലൻഡ് തരം താഴ്ത്താനുള്ള ശ്രമത്തിനു ശേഷം നോവലിന്റെ പൈറേറ്റഡ് കോപ്പികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്നത്. എട്ടു വർഷമെടുത്ത് അഖിൽ എഴുതിയ നോവലാണ് മെർക്കുറി ഐലൻഡ്. അതിന്റെ പിഡിഎഫ് ഫോർമാറ്റ് ഇപ്പോൾ വാട്സാപ്പ് പോലെയുള്ള സോഷ്യൽ മീഡിയയിൽ പതിനായിരക്കണക്കിന് ഷെയറുകൾ പൊയ്ക്കൊണ്ടിരിക്കുകയാണ്. 

അഖിലിനെ കുറിച്ച്;

രണ്ടു നോവലുകൾ കൊണ്ട് മലയാളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന നോവലിസ്റ്റുകളുടെ നിരയിലേക്ക് ഉയർന്ന യുവ എഴുത്തുകാരനാണ് ആലപ്പുഴക്കാരനായ അഖിൽ പി ധർമജൻ. അഖിലിന്റെ ആദ്യ നോവലായ ഓജോബോർഡ് ഓൺലൈൻ വിപണിയായ ആമസോണിൽ ആദ്യ സ്ഥാനത്ത് എത്തിയത് മുതലാണ് അഖിലിനെ വായനക്കാർ ശ്രദ്ധിച്ചു തുടങ്ങിയത്, എന്നാൽ അതിനു ശേഷം അഖിലിനെതിരെ പല ഭാഗത്തു നിന്നും സമ്മർദ്ദങ്ങൾ ആരംഭിച്ചു. ഓജോബോർഡിനും പിന്നീട് രണ്ടാം നോവലായ മെർക്കുറി ഐലൻഡ് ഉം പുറത്തിറങ്ങിയപ്പോൾ ഓൺലൈൻ വിപണികളായ ആമസോണിലും ട്ടിലും നെഗറ്റീവ് കമന്റ് ഇട്ടാണ് ശത്രുക്കൾ അഖിലിന്റെ പുസ്തകത്തെ നശിപ്പിക്കാൻ തീരുമാനിച്ചത്. 

ഇക്കാര്യത്തിൽ അഖിലിന് പറയാനുള്ളത്–

"ആരാണ് ചെയ്തത് എന്നെനിക്ക് അറിയില്ല, പക്ഷേ മനഃപൂർവം എന്നെ ഉന്നമിട്ട് തന്നെ ചെയ്തതാണ്. പല രീതിയിലാണ് അവർ അക്രമം തുടങ്ങിയത്, ചിലർ പുസ്തകം ഫേക് അഡ്രസ്സ് അല്ലെങ്കിൽ ഫോൺ നമ്പർ വച്ചു ആവശ്യപ്പെടും നമ്മൾ പണം മുടക്കി അയച്ചു കഴിയുമ്പോൾ അഡ്രസ്സ് ശരിയല്ലാതെ തിരികെ വരും. പക്ഷേ പർച്ചേസ് ചെയ്തതായി അക്കൗണ്ടിൽ ഉള്ള അതെ കസ്റ്റമർ തന്നെ വായിക്കാത്ത പുസ്തകത്തിന് നെഗറ്റീവ് കമന്റ് ഇടും. ഈ ഒരാഴ്ച കൊണ്ടാണ് ഇത്ര കടുത്തആക്രമണം ഉണ്ടായത്. ചിലർ പുസ്തകം പണം നൽകി വാങ്ങിയ ശേഷം ഒരു പോയിന്റ് ഒക്കെ റിവ്യൂ തരും. അങ്ങനെ അര മണിക്കൂറിൽ ഇരുപത് പേരൊക്കെ റിവ്യൂ ഇടും. ഒളിഞ്ഞിരുന്നുള്ള കളിയായതിനാൽ ആരാണ് എനിക്കെതിരെ ഇത്ര രൂക്ഷമായ ആക്രമണം നടത്തുന്നതെന്ന് എനിക്കറിയില്ല. ഇപ്പോൾ ഞാൻ തന്നെ പുസ്തകം കേരളത്തിലും പുറത്തുമൊക്കെ കൊണ്ട് നടന്നു തന്നെയാണ് വിൽക്കുന്നത്. ആമസോണിലും ഫ്ലിപ്കാർട്ടിലുമൊക്കെ പുസ്തകങ്ങൾ വിൽക്കപ്പെടുന്നുണ്ട്, പക്ഷേ പല ബുദ്ധിമുട്ടുകളും ഇപ്പോൾ ഞാൻ നേരിടുന്നു.

ഈ ബുദ്ധിമുട്ടുകളുടെ ചൂട് മാറും മുൻപാണ് പുസ്തകത്തിന്റെ പൈറേറ്റഡ് കോപ്പികൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ട കൊണ്ടിരിക്കുന്നത്. 

അഖിൽ പറയുന്നു: "ഞാൻ യാദൃശ്ചികമായാണ് അറിഞ്ഞത് മെർക്കുറി ഐലൻഡ് ന്റെ കോപ്പികൾ ഇത്തരത്തിൽ ചില ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിൽ പ്രചരിക്കപ്പെടുന്നു എന്ന്. ആ ഗ്രൂപ്പിന്റെ അഡ്മിനെ കണ്ടെത്താൻ ശ്രമിച്ചു, പക്ഷേ അയാൾ ഫേക്ക് ആയ പേരിലായിരുന്നു അത് ചെയ്തുകൊണ്ടിരുന്നത്. ആദ്യം പറഞ്ഞില്ലെങ്കിലും പിന്നീട് മറ്റൊരാളായി സംസാരിച്ചപ്പോൾ അയാൾ അയാളുടെ മുഴുവൻ കാര്യങ്ങളും എന്നോട് വെളിപ്പെടുത്തി. ഞെട്ടിപ്പോയി, എന്റെ പുസ്തകം മാത്രമായിരുന്നില്ല, കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ, ചേതൻ ഭഗത്തിന്റെ ഏറ്റവും പുതിയ നോവൽ തുടങ്ങി നിരവധി പുസ്തകങ്ങളുടെ ഓൺലൈൻ പതിപ്പുകളാണ് അയാൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഡിസി പോലെയുള്ള പ്രസാധകർ ഇത് ആരാണെന്നു അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു, ഞാൻ ഡിസിയോട് സംസാരിച്ചു, അവരും നിയമ നടപടികളുമായി മുന്നോട്ടു നീങ്ങാൻ തന്നെയാണ് പോകുന്നത്. 

എന്റെ മുന്നിൽ വേറെ വഴികളില്ല, ഞാൻ സ്വയം എഴുതി, സ്വയം വിപണി കണ്ടെത്തുകയാണ്, എഴുത്ത് രക്തത്തിൽ അലിഞ്ഞു പോയതാണെങ്കിലും ഇത് വിറ്റെങ്കിൽ മാത്രമേ എനിക്ക് ജീവിക്കാനാകൂ, എന്റെ മുന്നിലുള്ള വഴി എഴുതുക എന്നത് തന്നെയാണ്. അപ്പോഴാണ് ഇതുപോലെ ഓരോന്ന്. നാലുപേര് ചേർന്നാണ് ഈ പണികൾ ചെയ്യുന്നത്. പല ഗ്രൂപ്പുകളിലും കൊണ്ടു പോയി ഷെയർ ചെയ്യും. എന്നോട് സംസാരിച്ച ആൾ ഗൾഫുകാരനാണ്. ഇനിയും ദ്രോഹിക്കാനാണ് ഉദ്ദേശമെങ്കിൽ ഞാൻ അയാളുടെ വീട്ടിൽ പോയി സമരമിരിക്കും. ഇതെന്റെ ചോറാണ്. നിയമപരമായി നീങ്ങാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി. ആലപ്പുഴ സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്, എത്ര സമയമെടുക്കും എന്നറിയില്ല. ഏറ്റവും കൂടുതൽ സങ്കടം തോന്നിയത്, ഇത് പ്രചരിക്കപ്പെട്ട ഗ്രൂപ്പുകളിലൊക്കെ സുഹൃത്തുക്കളുമുണ്ട് ആരും അറിയിച്ചില്ല, പതിനായിരം ഷെയർ ചെയ്യപ്പെടുകയും ഡൗൺലോഡ് ചെയ്യപ്പെടുകയും ഒക്കെ ഉണ്ടായി, അതുകൊണ്ടാവണം ഫ്ലിപ്കാർട്ടിലും ആമസോണിലും ഒക്കെ വിൽപ്പനയും ഇടിഞ്ഞു. ഇനി എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. എന്തിനാണ് അവർ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്?"

പുസ്തകത്തിന്റെ പൈറേറ്റഡ് കോപ്പികൾ ഓൺലൈനിൽ പ്രചരിക്കപ്പെടുന്നത് ഇത് ആദ്യമല്ല, പ്രശസ്തമായ പല പുസ്തകങ്ങളുടെയും ഓൺലൈൻ കോപ്പികൾ നെറ്റിൽ ലഭ്യമാണ്, പ്രമുഖ പ്രസാധകരുടെയൊക്കെ പുസ്തകങ്ങൾ ഇതിലുണ്ട് എന്നതാണ് രസകരമായ സത്യം.

അഖിലിന്റെ പ്രശ്നം മാത്രമായി ഈ പ്രശ്നത്തെ ഒതുക്കാനാകില്ല. നിയമപരമായി നീങ്ങാൻ സാധ്യതയുള്ള ഒരു കാര്യമായതുകൊണ്ടു തന്നെ അഖിലിനൊപ്പം പ്രമുഖ പ്രസാധകരുമുണ്ടാകും. സോഷ്യൽ മീഡിയയിലെ അഖിലിന്റെ സുഹൃത്തുക്കൾ എഴുത്തുകാരന് സപ്പോർട്ടുമായി രംഗത്തുണ്ട്. അതെ സുഹൃത്തുക്കൾ തന്നെയാണ് തന്റെ ശക്തിയെന്ന് അഖിൽ പറയുന്നു.