Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കമ്മ്യൂണിസ്റ്റ് മഹർഷി'യായി തീർന്ന മഹാനായിരുന്നു ഇ.എം.എസ്: ശ്രീധരൻ പിള്ള

x-default

ദൈവവിശ്വാസമോ മതാലംബമോ ഒന്നുമില്ലായിരുന്നെങ്കിലും നിഷ്കാമകർമ്മം കൊണ്ട് ഒരു 'കമ്മ്യൂണിസ്റ്റ് മഹർഷി'യായി തീർന്ന മഹാനായിരുന്നു ഇ.എം.എസ്. എന്ന് പി.എസ്. ശ്രീധരൻ പിള്ള. കഴിഞ്ഞ നൂറ്റാണ്ട് ലോകം കണ്ട ഏറ്റവും ശക്തയായ വനിതാ ഭരണാധിപരുടെ കൂട്ടത്തിൽ ഇന്ദിരാഗാന്ധിയുടെ നാമം ഒന്നാം സ്ഥാനത്താണ് ഉള്ളതെന്നും ശ്രീധരൻ പിള്ള 'പ്രതിഭകൾ പ്രതിഭാസങ്ങൾ' എന്ന തന്റെ പുസ്തകത്തിൽ പറയുന്നു. ദീനദയാൽ ഉപാദ്ധ്യായ, ഇ.എം.എസ്, ഇന്ദിരാഗാന്ധി, നെൽസൺ മണ്ടേല, പുനത്തിൽ കുഞ്ഞബ്ദുള്ള  തുടങ്ങി വ്യത്യസ്തരായ നിരവധി പേരെ കുറിച്ച് പുസ്തകം ലളിതമായി പറഞ്ഞു പോകുന്നു.

മതവും രാഷ്ട്രീയവും കൽപിച്ച എല്ലാത്തരം സദാചാര സങ്കൽപങ്ങളെയും എഴുത്തിലൂടെയും ജീവിതത്തിലൂടെയും വെല്ലുവിളിച്ച വ്യക്തിയാണ് പുനത്തിൽ എന്ന് ആഭിപ്രായപ്പെട്ട ശ്രീധരൻ പിള്ള എഴുത്തുകാരി മാധവിക്കുട്ടിയുടെ മതംമാറ്റത്തെ കുറിച്ചും പുനത്തിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി ബേപ്പൂരിൽ മത്സരിച്ചതിനെ കുറിച്ചും പുസ്തകത്തിൽ പറയുന്നു.

സുകുമാർ അഴീക്കോടിനെ കുറിച്ച് ശ്രീധരൻ പിള്ള എഴുതുന്നതിങ്ങനെ–

'ഇന്നു രാഷ്ട്രീയമെന്നു കേൾക്കുമ്പോൾ കക്ഷി രാഷ്ട്രീയം അഥവാ അധികാര രാഷ്ട്രീയമാണ് പെട്ടെന്ന് ഓർമവരുന്നത്. എന്നാൽ അധികാരം വേണ്ട; ഞങ്ങൾ ജനങ്ങൾക്കുവേണ്ടി പോരാടുമെന്നുദ്ഘോഷിക്കുന്ന യഥാർഥരാഷ്ട്രീയത്തിന് കക്ഷിരാഷ്ട്രീയത്തിനുമേൽ എക്കാലത്തും മേധാശക്തിയുണ്ട്. കേരളത്തിൽ സുകുമാർ അഴീക്കോട് അത്തരം യഥാർഥ രാഷ്ട്രീയം കയ്യാളിയ ജനനായകനായിരുന്നു'

പ്രതിഭകളെയും ധിഷണാശാലികളെയും കണ്ടെത്തി അർഹമാംവിധം അംഗീകാരം നൽകി അവരെ ഉന്നതസ്ഥാനങ്ങളിൽ എത്തിക്കാൻ നാം ശ്രദ്ധിക്കുന്നില്ല എന്നത് ഒരു വലിയ പേരായ്മയാണ്. പുതിയ തലമുറകൾക്ക് സാധനാപാഠമാകേണ്ട മഹത്​വ്യക്തികളെകുറിച്ച് രേഖപ്പെടുത്തുന്നതിൽ ഇന്ത്യൻ ചരിത്രരചനാരംഗം വേണ്ടത്ര വിജയിച്ചതായി തോന്നുന്നില്ല എന്ന് എഴുത്തുകാരൻ തന്നെ പുസ്തകത്തിന്റെ ആമുഖത്തിൽ അഭിപ്രായപ്പെടുന്നു. 

പല മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകൾ നമ്മുക്ക് ചുറ്റുമുണ്ട്. ഓരോ ജീവിതത്തിൽ നിന്നും പകർത്താനും പഠിക്കാനും ഏറെയുണ്ട്. കുറഞ്ഞ പക്ഷം നമ്മൾ അറിഞ്ഞിരിക്കുകയെങ്കിലും വേണം ഈ പ്രതിഭകളെ. ഇങ്ങനെ പല വ്യക്തിത്വങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് പി.എസ്. ശ്രീധരൻ പിള്ളയുടെ 'പ്രതിഭകൾ പ്രതിഭാസങ്ങൾ' എന്ന പുസ്തകം.