ADVERTISEMENT

ഒരു നോവൽ എഴുതിക്കൊണ്ടിരിക്കെ ഫിക്‌ഷൻ വായിക്കാൻ എനിക്കു സാധിക്കുകയില്ല. ഞാൻ എഴുതിയ പുസ്തകമാണെങ്കിൽ പോലും അതിന്റെ വായന, എഴുതിക്കൊണ്ടിരിക്കുന്നതിൽ നിന്ന് എന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കും എന്നതാണ് അനുഭവം. അതുകൊണ്ട് ഞാനെഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ ജോലി കഴിഞ്ഞയാഴ്ച തീരും എന്ന പ്രതീക്ഷയിലാണ് ശംസുദ്ദീൻ മുബാറക്കിന്റെ ദാഇശ് വായിക്കാമെന്നു ഞാൻ സമ്മതിച്ചത്. പക്ഷേ, ഘാതകൻ എന്ന എന്റെ നോവൽ ഇപ്പോഴും തീർന്നിട്ടില്ല. പക്ഷേ, ശംസുദ്ദീനും മനോരമ ബുക്ക് എഡിറ്ററും എന്റെ പഴയ സഹപ്രവർത്തകനുമായ തോമസ് ഡൊമിനിക്കിനും വാക്കു കൊടുത്തും പോയി. വായിക്കാതെ പ്രകാശനം ചെയ്യുന്നതിലുള്ള അഭംഗി ഒഴിവാക്കാൻ കുറച്ചെങ്കിലും വായിക്കാൻ ശ്രമിക്കാമെന്നു വിചാരിച്ചാണു ഞാൻ ഈ പുസ്തകം തുറന്നു നോക്കിയത്‌. എനിക്ക് അതേ ഓർമയുള്ളൂ. ഓർമ വരുമ്പോൾ ഞാൻ പുസ്തകം വായിച്ചു തീർത്തിരുന്നു. 

 

kr-meera-1

ഖബർ എന്ന എന്റെ നോവൽ ആദ്യം പ്രസിദ്ധീകരിച്ചത് മനോരമ വാർഷികപ്പതിപ്പിലാണ്. അതെഴുതിക്കൊണ്ടിരിക്കെ പത്രപ്രവർത്തകയായ ഒരു സുഹൃത്ത് വിളിച്ചു. നോവലിന്റെ പേരു ഖബർ എന്നാണെന്നു പറഞ്ഞപ്പോൾ‍ കെ.ആർ. മീരയ്ക്കു മുസ്‌ലിം പ്രീണനം കൂടുതലാണെന്നു നാട്ടുകാർ പറയുന്നതു വെറുതെയല്ല എന്നു കൂട്ടുകാരി പരിഹസിച്ചു. എഴുത്തുകാരി എന്ന നിലയിൽ മുസ്‌ലിമിനെയോ ഹിന്ദുവിനെയോ ക്രിസ്ത്യാനിയെയോ പ്രീണിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. ഒരുതരം തീവ്രവാദത്തെയും ഞാൻ അനുകൂലിക്കുകയുമില്ല. അങ്ങനെ ചെയ്താൽ അടുത്ത തലമുറ എനിക്കു മാപ്പു തരികയില്ല എന്ന കാര്യത്തിൽ ഞാൻ തികച്ചും ബോധവതിയാണ്. ആരെയെങ്കിലും പ്രീണിപ്പിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടെങ്കിൽ അത് മതേതര ഹിന്ദുവിനെയാണ്. മതേതര മുസ്‌ലിമിനെയും മതേതര ക്രിസ്ത്യാനിയെയും മതേതര ഇന്ത്യൻ പൗരനെയുമാണ്. മതത്തെ സ്വയം തിരഞ്ഞെടുത്ത ഒരു ജീവിതശൈലി മാത്രമായി സ്വീകരിക്കാനും അതു ജനാധിപത്യത്തിന്റെ അടിത്തറയായ മൗലികാവകാശങ്ങളെ ഒരു വിധത്തിലും ഭഞ്ജിക്കുകയില്ല എന്ന് ഉറപ്പു വരുത്താനും വായനക്കാരെ പ്രാപ്തരാക്കുകയാണ് ഇക്കാലത്തെ എഴുത്തുകാരുടെ പ്രധാന ദൗത്യമെന്നു തോന്നാറുണ്ട്; അതു സാധിച്ചാൽ മാത്രമേ വരാൻ പോകുന്ന എഴുത്തുകാർക്കു പുതിയൊരു ലോകവും പുതിയ അനുഭവങ്ങളും തുറന്നു നൽകാൻ നമുക്കു സാധിക്കുകയുള്ളൂ എന്നും.

 

സ്വന്തം മതത്തിൽ പ്രതിഷേധം ശക്തപ്പെട്ടാൽ മാത്രമേ ആ മതത്തിലെ തീവ്രവാദം ഇല്ലാതാകുകയുള്ളൂ എന്നാണ് എന്റെ വിശ്വാസം. മതം ഏതായാലും അതു തന്റെ ജീവിതത്തലേക്ക് അതിന്റെ ദംഷ്ട്രകൾ നീട്ടുന്നതു തിരിച്ചറിയുമ്പോൾ ഓരോ മതവിശ്വാസിയും അതിനെതിരെ ശബ്ദമുയർത്തുക തന്നെ ചെയ്യുമെന്നും ഞാൻ വിശ്വസിക്കുന്നു. ഉദാഹരണത്തിന്, അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളായ മുസ്‌ലിംകളെ ഒറ്റപ്പെടുത്തേണ്ടതും വിമർശിക്കേണ്ടതും മുസ്‌ലിം സമുദായത്തിന്റെ ആകെ കടമയാണ്. അതിനെ ചോദ്യം ചെയ്യേണ്ടതും മനഃപരിവർത്തനം വരുത്തേണ്ടതും ഇസ്‌ലാം മത പണ്ഡിതന്മാരുടെ സാമൂഹികവും ആത്മീയവുമായ കർത്തവ്യമാണ്. ചോദ്യം ചെയ്യലിന്റെയും വിയോജിപ്പിന്റെയും ശബ്ദങ്ങൾ‍ മുസ്‌ലിം സമുദായത്തിനുള്ളിൽ നിന്ന് ഉയർന്നു വരിക തന്നെ ചെയ്യും എന്നാണു ഞാൻ വിശ്വസിക്കുന്നത്. ദാഇശ് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. 

 

ഭീകരവാദത്തിന്റെ അയുക്തിയിലേക്കു വിരൽ ചൂണ്ടുന്ന നോവൽ എന്നാണ് ദാഇശിനെ അതിന്റെ പുറം ചട്ടയിൽ പ്രസാധകർ പരിചയപ്പെടുത്തുന്നത്. വാസ്തവത്തിൽ ഇത് എല്ലാത്തരം ഫാഷിസത്തിന്റെയും സ്വഭാവം വ്യക്തമാക്കുന്ന നോവൽ ആണ്. ഈ പുസ്തകത്തെ ഒരു കല്പിത ആത്മകഥയെന്നോ സാങ്കൽപിക ഡോക്യുമെന്ററിയെന്നോ വേണമെങ്കിലും വിളിക്കാം. ആരാച്ചാർ എന്ന നോവൽ എഴുതാൻ ഞാൻ രണ്ടുമൂന്നാഴ്ച്ചയെങ്കിലും കൊൽക്കത്തയിൽ ചെലവഴിച്ചിട്ടുണ്ട്. എന്നിട്ടു പോലും എനിക്ക് എത്രയോ ആഴത്തിലുള്ള ഗവേഷണം ആ പുസ്തകമെഴുതാൻ വേണ്ടി വന്നു. അപ്പോൾ താൻ കണ്ടിട്ടില്ലാത്ത ഒരു ഭൂമികയെയും അവിടുത്തെ ജീവിതചര്യയെയും വളരെ കൃത്യമായും വ്യക്തമായും രേഖപ്പെടുത്താൻ ശംസുദ്ദീൻ നടത്തിയ ഗവേഷണം എത്രമാത്രം ബുദ്ധിമുട്ടേറിയതായിരിക്കണം. മൂന്നു വർഷം കൊണ്ടാണ് ശംസുദ്ദീൻ ഈ നോവൽ എഴുതിയതെന്നു പറയുമ്പോൾ അദ്ദേഹം അനുഭവിച്ച നരകയാതന എനിക്കു മനസ്സിലാക്കാവുന്നതേയുള്ളു. ആ യാതനയ്ക്ക് ഒരു വായനക്കാരി എന്ന നിലയിൽ ഞാൻ നന്ദി പറയുന്നു. 

 

ഒരു നോവലിൽനിന്നു പ്രധാന കഥാതന്തു അരിച്ചുമാറ്റിയാൽ നിത്യജീവിതത്തിനു സഹായകമായ എന്ത് ഉൾക്കാഴ്ചയാണു ലഭിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ആ വായനക്കാരനെയും വായനക്കാരിയെയും സംബന്ധിച്ചിടത്തോളം നോവലിന്റെ മൂല്യം എന്നു പറയാറുണ്ട്. അത് എല്ലാവർക്കും ഒന്നുതന്നെയാകില്ല. അങ്ങനെ ആവണമെന്നു ശഠിക്കാനും പാടില്ല. ദാഇശ് ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഞാൻ വച്ചു പുലർത്തിയ വിശ്വാസങ്ങളെയും നിരീക്ഷണങ്ങളെയും അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്. അതായത്, ഏതു തരം അധികാര പ്രയോഗവും ഒരേ മാർഗങ്ങളാണ് അനുവർത്തിക്കുന്നത് എന്നതും അതിന്റെ തിക്തഫലങ്ങൾ ആദ്യം ഏറ്റു വാങ്ങുന്നതു സ്ത്രീകൾ ആയിരിക്കുമെന്നതുമാണ്. 

 

ഒരു ഉദാഹരണ പറയാം. നോവലിൽ, ദാഇശിന്റെ ക്യാപിൽ ഉസ്താദ് ക്ലാസെടുക്കുമ്പോൾ ആർക്കും എന്തു സംശയവും ചോദിക്കാമെന്നു പറഞ്ഞതിനനുസരിച്ച് നൈജീരിയക്കാരനായ ഒരാൾ സംശയം ചോദിക്കുന്നതിനെക്കുറിച്ചു പറയുന്നുണ്ട്. അയാൾ ക്ലാസിൽ ഇരുന്ന് ഉറങ്ങി എന്ന് ആരോപിച്ച് അയാളെ ചാട്ടയ്ക്കടിക്കുകയാണ് ഉസ്താദ് ചെയ്യുന്നത്. അയാൾ ഉറങ്ങിയിട്ടില്ലെന്നും സംശയം ചോദിച്ചതു കൊണ്ടാണ് അടിച്ചതെന്നും പിന്നീടാണു മനസ്സിലായത്. മറ്റുള്ളവർക്കുകൂടി പാഠമാകാനാണ് അയാളെ അടിച്ചത്.

 

സിൻജാറിലെ ദാഇശ് താവളത്തിൽനിന്നു യസീദികളുടെ സ്ഥലത്തേക്ക് ആയുധങ്ങളെടുക്കാതെ ഒരു കൂട്ടം പോരാളികൾ പോകുന്നു. അവർ തിരിച്ചു വരുന്നത് കുറേ ആടുകളേയും കോഴികളേയും പിടിച്ചുകെട്ടിക്കൊണ്ടാണ്. ദാഇശ് ഇത്ര ദരിദ്രമാണോ, പാവപ്പെട്ട യസീദികളുടെ കോഴികൾ വേണോ ഇവർക്കു വയറുനിറയ്ക്കാൻ എന്നു ചോദിക്കുന്ന നായകനു കിട്ടുന്ന മറുപടി ഇതാണ്: കോഴികളെയും ആടുകളെയും മോഷ്ടിക്കുക മാത്രമല്ല, ദാഇശിന്റെ ലക്ഷ്യം. അതിനർഥം അടുത്തതായി അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും പിടിച്ചുകൊണ്ടു പോകുമെന്നാണ്. അടുത്ത വാക്യമാണ് എന്നെ ബാധിച്ചത്. ഇത്തരം കൊച്ചു കൊച്ചു ക്രൂരതകളോട് യസീദികൾ എങ്ങനെ പ്രതികരിക്കുമെന്നു പരീക്ഷിച്ചറിയുകയാണ് ദാഇശ്. അതനുസരിച്ചാണ് അവർ വലിയ ഓപ്പറേഷനുകൾ പ്ലാൻ ചെയ്യുന്നത്. 

 

ജന്നയ്ക്കുള്ള ഇമെയിലിൽ റഫി പറയുന്നു. ഏറ്റവും കൊള്ളലാഭം കൊയ്യുന്ന വ്യാപാരം യുദ്ധമാണ്. വെറുപ്പാണ് ഈ കച്ചവടത്തിന്റെ മൂലധനം. വെറുപ്പിൽനിന്നു സൃഷ്ടിച്ചെടുക്കാവുന്ന സെന്റിമെന്റ്സ് ആണ് ഈ വ്യാപാരത്തെ കൂടുതൽ ലാഭകരമാക്കുന്നത്. ജന്നാ, ഒരു യുദ്ധവും വെറുതേ നടക്കുന്നില്ല. എല്ലാ യുദ്ധങ്ങൾക്കു പിറകിലും നാമറിയാത്ത എത്രയോ അജൻഡകളും വ്യാപാര താൽപര്യങ്ങളുമുണ്ട്.

 

ദാഇശിനെതിരെ ആർബിബിഎസ് എന്നൊരു പ്രസ്ഥാനം ശക്തി പ്രാപിക്കുന്നതിനെക്കുറിച്ചു കമാൻഡർ പറയുന്നതുകൂടി പരാമർശിക്കാം. ദാഇശിനെ എതിർക്കുന്നവരെ ജനമധ്യത്തിൽ ക്രൂരമായി കൊന്നു കളയുന്ന വിഡിയോകൾ ആ പേജുകളിൽ കമന്റുകളായി പോസ്റ്റ് ചെയ്യണം. അതുവഴി എതിർപക്ഷക്കാർക്കല്ലേ പ്രയോജനം എന്നു ചോദിക്കുമ്പോൾ കമാൻഡറുടെ മറുപടി ഇതാണ്: ക്യാംപെയിൻ ചെയ്യുന്നവരെ ഭയപ്പെടുത്തുകയാണ് നമ്മുടെ ലക്ഷ്യം.

 

ഇതു മൂന്നും മാത്രം മതി ദാഇശ് എന്നതു സിറിയയിൽ മാത്രമല്ല, ഏതു തരം മത, ദേശീയ, തീവ്രവാദങ്ങളും വച്ചു പുലർത്തുന്നവരുടെ തന്ത്രങ്ങൾ ഒന്നു തന്നെയാണെന്ന് തിരിച്ചറിയാൻ. എങ്കിലും നോവലിൽ എന്നെ ഏറ്റവും സ്പർശിച്ചത് നൂറുദ്ദീൻ ശൈഖ് പറഞ്ഞതാണ്. എന്റെ സമൂഹം നശിക്കുന്നതു വിവരമില്ലാത്ത ഒരു കൂട്ടം യുവാക്കളുടെ ക്രൂരതകൾ കാരണമായിരിക്കുമെന്നാണു മുഹമ്മദ് നബി പ്രവചിച്ചത്. ശ്രീകൃഷ്ണന്റെ മഥുരാ നഗരം നശിച്ചതും അങ്ങനെയായിരുന്നു. ഏരകപ്പുല്ലുകൾ വച്ചു പരസ്പരം മക്കൾ തച്ചു കൊന്നപ്പോൾ ദാഇശ് ഒരു പ്രതീകമായി മാറുന്നത് അവിടെയാണ്. ഇതിലെ റഫി നമ്മളെല്ലാമായി മാറുന്നതും. 

 

ദാഇശ് കൂടുതൽ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യട്ടെ എന്നാശംസിച്ചുകൊണ്ട് ഞാൻ സന്തോഷത്തോടെ ഈ പുസ്തകം വായനക്കാർക്കു സമർപ്പിക്കുന്നു.

 

ശംസുദ്ദീൻ മുബാറക്ക് എഴുതിയ നോവൽ ‘ദാഇശ്’ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

English Summary: K.R. Meera about the novel Daesh by Shamshudheen Mubarak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com