പാലാരിവട്ടം പാലത്തിന് സംഭവിച്ചതെന്ത്? ഇ. ശ്രീധരന് പറയാനുള്ളത്...

e-sreedharan-oru-asaadhaarana-jeevitham-manorama-books-book
തലയിലായോ.... പാലാരിവട്ടം പാലത്തിന്റെ ബലക്ഷയം പരിശോധിക്കുന്ന ഡിഎംആർസിയുടെ മുഖ്യ ഉപദേശകൻ ഇ. ശ്രീധരൻ. ചിത്രം: മനോരമ 17-06-2019
SHARE

പാലാരിവട്ടം മേൽ‌പ്പാലം  

പൊതുമരാമത്ത് (പിഡബ്ല്യുഡി) വകുപ്പിൽ‌ മിടുക്കന്മാരായ എൻജിനീയർമാരുണ്ട് കേരളത്തിൽ. പക്ഷേ, അവരെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. വകുപ്പിന്റെ ഘടനയിൽ തന്നെ വിപുലമായ മാറ്റം വരുത്തി ഇത്തരം മിടുക്കരെ കണ്ടെത്തി ഒരു ടീം കേരളത്തിൽ രൂപവൽക്കരിച്ചാൽ സംസ്ഥാനത്തിന്റെ നിർമാണ മേഖലയിലൊക്കെ ഇവരുടെ മേൽനോട്ടം ഉപയോഗപ്പെടുത്താം.  

എല്ലാ വികസന പദ്ധതികളുടെയും ആവിഷ്കാരവും ആലോചനയുമെല്ലാം പുറംകരാർ കൊടുക്കുന്ന രീതിയാണിന്നു കേരളത്തിലുള്ളത്. ഇതു ചെലവു കൂട്ടുമെന്നു മാത്രമല്ല, പിഡബ്ല്യുഡി വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികവു മാറ്റുരച്ചു നോക്കാനുള്ള അവസരവും നഷ്ടപ്പെടുത്തും. വളരെ ലളിതമായ പാലാരിവട്ടം പാലത്തിന്റെ ഡിസൈൻ ഇത്രമേൽ സങ്കീർണമാക്കിയതിന്റെ കാരണം ചികഞ്ഞാൽ എത്തിച്ചേരുക നമ്മുടെ കഴിവുകേടിലും കാര്യക്ഷമതക്കുറവിലും സമർപ്പണ ഭാവമില്ലായ്മയിലുമാവും.  

ഏതു കാര്യത്തിനും കൺസൽറ്റൻസി ഏർപ്പാടാക്കുന്ന സമീപനം നിർത്തണം.  ഇത്രയും ഉദ്യോഗസ്ഥർക്കു പിഡബ്ല്യുഡിയിൽ ശമ്പളം കൊടുക്കുന്നതെന്തിനാണ്? എല്ലാം കൺസൽറ്റന്റുമാർ ചെയ്യുമെങ്കിൽ ആ വകുപ്പിൽ എന്തിനാണ് ഇത്രമാത്രം എൻജിനീയർമാർ? ഇവിടെ ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരെ മാത്രം കുറ്റപ്പെടുത്തുകയല്ല. കൺസൽറ്റന്റുമാർ പറഞ്ഞതിനെ എതിർത്തു നിൽക്കാൻ കെൽപ്പുള്ള എത്ര ഉദ്യോഗസ്ഥർ ഇന്നു സർവീസിലുണ്ടെന്നുള്ള ആത്മപരിശോധനയ്ക്കു തയാറാകണം. 

e-sreedharan-oru-asaadhaarana-jeevitham-manorama-books

നമ്മുടെ ജോലി സംസ്കാരത്തിലെ ച്യുതിയാണ് ഇവരെയെല്ലാം ഇത്തരക്കാരാക്കിയത്. എൻജിനീയർമാർ ജോലിയോടുള്ള പ്രതിബദ്ധത ഇടയ്ക്കിടെ മാറ്റുരച്ചു നോക്കേണ്ടിയിരിക്കുന്നു.  

‘പാലങ്ങൾക്ക് നൂറു വർഷത്തിനു മീതെ ആയുസ്സ് വേണ്ടതാണ്. പൊടിക്കൈകൾകൊണ്ടു പാലം നിലനിർത്തുന്നതു ശരിയല്ല. പക്ഷേ, പാലാരിവട്ടം മേൽപ്പാലത്തിന്റെ കാര്യത്തിൽ എന്താണു നടന്നത്. പാലത്തിന്റെ ഡിസൈൻ തന്നെ മൊത്തത്തിൽ തെറ്റായിരുന്നു. ആ പാലം മാറ്റി പണിയുന്നതാണ് ഏറ്റവും ഉചിതം എന്നു പറയാനേ എനിക്കു കഴിയൂ.’   

ശ്രീധരന്റെ  ഈ വാക്കുകൾ കേട്ടപ്പോഴാണു സർക്കാർ കടുത്ത നിലപാടിലേക്കിറങ്ങിയത്. എന്തു ചെയ്യാനാകും ഇനിയെന്നന്വേഷിക്കാൻ ശ്രീധരനെ മുഖ്യമന്ത്രി നേരിട്ടു ക്ഷണിച്ചത് ഈ തുറന്നുപറച്ചിൽ കേട്ടാണ്. ശ്രീധരന്റെ നേതൃത്വത്തിലെ സംഘവും ചെന്നൈ ഐഐടി സംഘവും നടത്തിയ പരിശോധനയിൽ പാലാരിവട്ടം പാലത്തിൽ നിർമാണഘട്ടത്തിൽ കാണിച്ച ജാഗ്രതക്കുറവുകൾ മുഴച്ചു നിന്നു. ക്രമ ക്കേടും അഴിമതിയും പാലത്തിന്റെ വിള്ളലിലൂടെ മണ്ണിലേക്കൊഴുകി.  

‘ഗർഡറുകളെല്ലാം മാറ്റണം. പുതിയവ ഉപയോഗിക്കണം. ഇളക്കം തട്ടിയ ഗർഡറുകൾ വീണ്ടും തമ്മിൽ യോജിപ്പിക്കുന്നത് നല്ലതല്ല. ഗർഡറുകൾ കൂട്ടിയിണക്കാൻ ആവശ്യത്തിനു ഡയഫ്രമുകൾ ഉപയോഗിച്ചിട്ടില്ല. വാഹനം പോകുമ്പോൾ പാലം ഇളകുന്നതിനുള്ള മുഖ്യകാരണം ഇതാണ്’, പാലം വിവാദം കത്തിനിന്നപ്പോൾ ശ്രീധരൻ ഉച്ചത്തിലാണിക്കാര്യം ജനങ്ങളോടായി പറഞ്ഞത്. പാലത്തിൽ ഓരോ പത്തു മീറ്ററിലും ഒരു ഡയഫ്രം  ആവശ്യമാണ്. ഒരു ഗർഡറിൽ വരുന്ന ലോഡ് (സമ്മർദം) അടുത്ത ഗർഡറിലേക്കു കൂടി പകർന്നുകൊടുക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണു ഡയഫ്രമുകൾ. അപ്പോൾ പാലത്തിനു കുലുക്കം കുറയും. പാലാരിവട്ടം പാലത്തിൽ മിഡിൽ ഡയഫ്രം ഉപയോഗിച്ചിട്ടുണ്ടോ എന്നുപോലും സംശയിക്കുന്നതായി അദ്ദേഹം ആദ്യഘട്ടത്തിൽതന്നെ സൂചന നൽകി.  

‘ഡിസൈനിൽ പറഞ്ഞതുപോലെ തന്നെയാണോ പാലത്തിന്റെ അവസ്ഥ എന്നാണു ഭാര പരിശോധനയിലൂടെ ഉദ്ദേശിക്കുന്നത്. പാലത്തിനു വിള്ളൽ വരാനേ പാടില്ല. ഭാരപരിശോധനയിൽ വിള്ളൽ. 2 (പോയന്റ് 2) മില്ലിമീറ്ററിൽ കൂടുതലാവരുതെന്നുണ്ട്. പക്ഷേ, ഭാരപരിശോധനയ്ക്കു മുൻപു തന്നെ പാലാരിവട്ടം പാലത്തിൽ 38 എംഎം (പോയന്റ് 38) വിള്ളലുണ്ട്. ലോഡ് (ഭാരം) വരുമ്പോൾ ഗർഡറുകളുടെ കുഴിയൽ (ഡിേഫ്ലഷൻ) ഒരു നിശ്ചിത അളവു വരെ മാത്രമേ പാടുള്ളൂ. ഭാരമില്ലാതെതന്നെ പാലത്തിൽ  ഈ കുഴിയൽ പരിധിയിലേറെയാണ്,’ ശ്രീധരൻ ചൂണ്ടിക്കാട്ടി.  

ഉദ്യോഗസ്ഥരുടെ മേൽനോട്ടം പാലം നിർമാണഘട്ടത്തിൽ വേണ്ടവിധം ഉണ്ടായോ എന്നു തുടക്കം മുതൽ പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ സംശയമുണ്ടായിരുന്നു. ദേശീയപാതയിലുള്ള പാലങ്ങൾ സംസ്ഥാനം ഏറ്റെടുത്തു ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം ഈ ഘട്ടത്തിലാണു നമ്മൾ ചർച്ച ചെയ്തത്. കരാറുകൾ നൽകാൻ വേണ്ടി മാത്രം മേൽപാലം പോലുള്ള പദ്ധതികൾ തുടങ്ങുന്നതു ശരിയാണോ എന്ന ചിന്ത ആളുകളിൽ പടർന്നത് ഈ സാഹചര്യത്തിലാണ്. എറണാകുളത്തെ വൈറ്റിലപ്പാലവും കുണ്ടന്നൂർ പാലവുമെല്ലാം പാലാരിവട്ടം പാലംപോലെ ആസൂത്രണപ്പിഴവിന്റെ സ്മാരകശിലകളാവാതിരിക്കട്ടെ എന്നു ശ്രീധരൻ പ്രത്യാശിക്കുകയാണ്.  

‘ഹൈക്കോടതിയും സുപ്രീം കോടതിയുമെല്ലാം കയറിയിറങ്ങുന്ന പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണ പദ്ധതിയിൽനിന്നു ഡിഎംആർസി പിൻവാങ്ങുകയാണെന്നറിയിച്ച് ഇ. ശ്രീധരൻ കേരള സർക്കാരിന് ഒരു കത്ത് തയാറാക്കി വച്ചതാണ്. അയയ്ക്കും മുൻപ് ഭാര്യ രാധ അദ്ദേഹത്തോട് ചോദിച്ചു:  

portrait-image-e-sreedharan-book

‘ഇങ്ങനെയൊരു തീരുമാനം എടുക്കണോ..?  താങ്കൾ ഇതുപേക്ഷിച്ചാൽ പാലാരിവട്ടം പാലം ഇതേമട്ടിൽ വർഷങ്ങളോളം കിടന്നേക്കും. ആളുകളെല്ലാം എത്രമാത്രം ബുദ്ധിമുട്ടുകയാണിപ്പോൾ എന്നോർത്തു നോക്കൂ. ഔദ്യോഗികമായി ഈ പണിക്കു ഞാനില്ല എന്നൊന്നും അറിയിക്കേണ്ടെന്നാണ് എന്റെ അപേക്ഷ.’  

രാധ ഇത്രയും പറഞ്ഞതോടെ പിൻവാങ്ങുന്നതായറിയിച്ച കത്ത് ശ്രീധരൻ ഫയലിൽ മടക്കിവച്ചു. പക്ഷേ, കേസുമായി ബന്ധപ്പെട്ട് പാലം പുനർനിർമാണം ഇനിയും വൈകുമെന്ന് ഉറപ്പായതോടെ 2020 മാർച്ചിൽ ഡിഎംആർസി പിൻവാങ്ങുന്നതായി അറിയിച്ച് സർക്കാരിന് കത്തു നൽകി. പ്രായാധിക്യത്തിന്റെ പ്രയാസങ്ങൾക്കിടയിലും കെടുകാര്യസ്ഥതയുടെ സ്മാരകസ്തംഭങ്ങൾ കാണുമ്പോൾ സത്യസന്ധനായ ഒരു എൻജിനീയറുടെ മനസ്സ് ശ്രീധരന്റെയുള്ളിലിരുന്നു സങ്കടപ്പെടും. അതുകൊണ്ടാണദ്ദേഹം ഇതിനെതിരെയെല്ലാം തുറന്നു പ്രതികരിക്കുന്നത്.  

നടപടിക്രമങ്ങളിലെ പോരായ്മകൾ നമ്മുടെ സംസ്ഥാനത്തിന്റെ വളർച്ചയെ ചെറുതായല്ല ബാധിക്കുന്നതെന്നു പല ഘട്ടങ്ങളിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ പരാതി വന്നാൽ കേരളത്തിൽ ആദ്യനടപടി വിജിലൻസ് അന്വേഷണമാണ്. പാലം തകർച്ച 

നേരിടുമ്പോൾ ആദ്യം വിജിലൻസിനെ സമീപിക്കുകയല്ല, എൻജിനീയറിങ് വിദഗ്ധരെ സമീപിക്കുകയായിരുന്നു വേണ്ടത്,’ അദ്ദേഹം പറയുന്നു.  

‘വിജിലൻസിനെ കൊണ്ടുവന്നാൽ പാലം നന്നാകില്ല. തിരുനാവായ, പെരിന്തൽമണ്ണ, താനൂർ മേൽപാലങ്ങൾക്കു സംഭവിച്ചതും 

ഇതാണ്. കൃത്യവിലോപത്തിന്റെ സ്മാരകങ്ങൾ ആവർത്തിക്കപ്പെടുന്നത് അംഗീകരിക്കാൻ വയ്യ.’  

കൊച്ചിയിൽ ഡിഎംആർസി സ്വന്തം ഡിസൈനിൽ നിർമിച്ച നാലു പാലങ്ങളും സമയബന്ധിതമായി ചുരുങ്ങിയ ബജറ്റിലാണു തീർത്തത്. ഇടപ്പള്ളി മേൽപാലത്തിന് 54.23 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്.  

profile-image-e-sreedharan-manorama-books

ഇതിൽ ഫൂട് ഓവർ‌ ബ്രിജും എസ്കലേറ്ററും നിർമിക്കേണ്ട അഞ്ചു കോടിയുടെ പണി ഡിഎംആർസി ചെയ്തിട്ടില്ല, ബാക്കി മൊത്തം 

49.23 കോടിയുടെ എസ്റ്റിമേറ്റിൽ പാലം പൂർത്തിയാക്കിയത് 33.12 കോടി രൂപയ്ക്കാണ്. മൊത്തം പദ്ധതി സംഖ്യയിൽ 16.11 കോടി രൂപ ശ്രീധരന്റെ നേതൃത്വത്തിൽ സർക്കാരിന് മിച്ചം പിടിക്കാനായി. ഏറ്റെടുക്കുന്ന പ്രോജക്ടുകളിൽ സ്ട്രക്ചർ കോസ്റ്റിന്റെ ആറു ശതമാനം 

മാത്രമാണു ഡിഎംആർസി എടുക്കുക.  

ദേശീയപാതാ അതോറിറ്റിയുടെ പദ്ധതികൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമ്പോൾ മൊത്തം പദ്ധതി തുകയുടെ 9 ശതമാനം നടത്തിപ്പുകാർക്കുള്ളതാണ്. ഇവിടെയും ഡിഎംആർസിയാണു കൂടുതൽ ലാഭകരം എന്നു മനസ്സിലാക്കാം. എറണാകുളം സലിം രാജൻ മേൽപാലത്തിൽ ഗർഡറുകൾ യോജിക്കുന്നയിടങ്ങളിൽ കുഴിയുന്ന പ്രശ്നമുണ്ടായിരുന്നതു പിന്നീടു ഡിഎംആർസി തന്നെ പരിഹരിക്കുകയും ചെയ്തു.  

ഒരു നിർമാണപ്രവൃത്തി നടക്കുമ്പോൾ സ്ഥിരമായ നിരീക്ഷണം വലിയ ഘടകമാണെന്നു ശ്രീധരൻ അഭിപ്രായപ്പെടാറണ്ട്. പ്രൂഫ് ചെക്കിങ് എന്നു പറയും. കൊച്ചിയിലെ മേൽപാലങ്ങളുടെ നിർമാണ ഘട്ടത്തിൽ 30 തവണ ശ്രീധരൻ തന്നെ നേരിട്ടു പ്രവൃത്തി വിലയിരുത്താൻ സന്ദർശനം നടത്തിയിട്ടുണ്ട്. നിർമാണഘട്ടത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു നിർമാണ പുരോഗതി വിലയിരുത്തുന്നതു ഡിഎംആർസിയുടെ വർക്ക് കൾച്ചറിന്റെ ഭാഗമാണ്. 30 വട്ടം ശ്രീധരൻ നിർമാണസ്ഥലത്തു പോയിട്ടുണ്ടെങ്കിൽ കീഴിലുള്ള ഉദ്യോഗസ്ഥർ എല്ലാ ദിവസവും പോയിട്ടുണ്ടാകുമെന്നുറപ്പ്. പിഡബ്ല്യുഡിയിൽ മിടുക്കന്മാരായ എൻജിനീയർമാരുണ്ടെന്നു ശ്രീധരൻ ആവർത്തിക്കുന്നു. കേരളത്തിലെ ലൈറ്റ് മെട്രോ പദ്ധതിക്കായി പൊതുമരാമത്തു വകുപ്പിൽനിന്നുള്ള മികച്ച രണ്ടുപേരെ ശ്രീധരൻ തിരഞ്ഞെടുത്തത് അതുകൊണ്ടാണ്.  

‘മരാമത്തുവകുപ്പിൽ ഇപ്പോൾ വർക്ക് കൾച്ചർ അത്ര മെച്ചപ്പെട്ട നിലയിലല്ലെന്നും ഇതു നമുക്കു മാറ്റിയെടുക്കണമെന്നും അറിയിച്ചു കേരളത്തിന്റെ പൊതുമരാമത്തു മന്ത്രി ജി.സുധാകരനു ഞാനൊരു കത്തെഴുതി. ഞാൻ എൻജിനീയർമാരുമായി സംസാരിക്കാം. എന്റെ ചെലവിൽ എവിടെ വേണമെങ്കിലും വരാം. അവരുടെ ആത്മവീര്യം വർധിപ്പിക്കാൻ ഏതുതരം ഇടപെടൽ നടത്താനും ഞാൻ ഒരുക്കമാണ് എന്നെഴുതിയ കത്തിന് ഒരു മറുപടി ഇന്നോളം ലഭിച്ചിട്ടില്ല.’ ശ്രീധരൻ പറഞ്ഞു.  

e-sreedharan-oru-asaadhaarana-jeevitham-book-cover

സർക്കാർ സംവിധാനങ്ങൾ മുഖേനയുള്ള നിർമാണങ്ങളിലെ പിഴവുകൾ നിരീക്ഷണത്തിന്റെയും ജാഗ്രതയുടെയും പോരായ്മയാണ്. നിർമാണഘട്ടത്തിൽ സംഭവിക്കേണ്ട പരിശോധനയിലും വിലയിരുത്തലിലും വലിയ പിഴവു സംഭവിക്കുന്നതാണു പല പദ്ധതികളുടെയും പരാജയങ്ങൾക്കു കാരണം. മാത്രമല്ല, പിഡബ്ല്യുഡിയുടെയും ജല അതോറിറ്റിയുടെയുമെല്ലാം തലപ്പത്ത് ബന്ധപ്പെട്ട വിഷയത്തിൽ അവഗാഹമുള്ള എൻജിനീയർമാരെ വേണം നിയമിക്കാൻ. ഈ നിയമന രീതി നടപ്പാക്കിയാൽ വകുപ്പുകളുമായി ബന്ധപ്പെട്ടു നമ്മൾ നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾ സംഭവിക്കാതിരിക്കുകയോ തുടക്കത്തിൽ തന്നെ പരിഹരിക്കപ്പെടുകയോ ചെയ്യും. ഇങ്ങനെ വിദഗ്ധർ നയിക്കുന്ന നിർമാണങ്ങളും അതിനായുള്ള ഡിസൈനുകളും വലിയ അംഗീകാരങ്ങൾ നേടിയ കാര്യം വിസ്മരിക്കരുത്.  

കൊച്ചിയിൽ സൗത്ത് റെയിൽവേ സ്റ്റേഷനോടു ചേർന്നു പോകുന്ന കാൻഡിലീവർ മെട്രോ പാലത്തിന്റെ ഡിസൈൻ ഡിഎംആർസിയുടേതാണ്. ഒരു ക്ലാസിക് ഡിസൈൻ ആണിതെന്നാണു ശ്രീധരന്റെ സാക്ഷ്യം. ഓൾ ഇന്ത്യ എൻജിനീയേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ അഖിലേന്ത്യ ഡിസൈൻ അവാർഡ് ഈ പാലത്തിന്റെ ഡിസൈൻ രൂപപ്പെടുത്തിയതിനു 2018ൽ ഡിഎംആർസിക്കാണു ലഭിച്ചത്. 

മനോരമ ബുക്സ്  പുറത്തിറക്കിയ ഇ.. ശ്രീധരൻ ഒരു അസാധാരണ ജിവിതം എന്ന പുസ്തകത്തിൽ നിന്ന്–

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: E Sreedharan Oru Asaadhaarana Jeevitham book by Shajil Kumar 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MANORAMA BOOKS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA