ADVERTISEMENT

യമനിലും ഇറാഖിലും സിറിയയിലും നാലു ദിവസംകൊണ്ടു യാത്ര ചെയ്ത് എത്തിയ പ്രതീതിയാണിപ്പോൾ. കേരളത്തിൽനിന്നു ദമ്മാജിലൂടെ ഇറാഖിലേഖിലെ വിവിധ ദേശങ്ങളിലേക്കും അവിടെനിന്ന് സിറിയയിലൂടെ സഞ്ചരിച്ച് തിരിച്ച് മീനാക്ഷിപുരത്തെത്തി ചേർന്ന വല്ലാത്തൊരു യാത്ര... മുഹമ്മദ് റഫീഖിനും അഷ്കറിനുമൊപ്പം ‘ദാഇശ്’ എന്ന നോവലിലൂടെ നടത്തിയ യാത്ര അവസാനിക്കുമ്പോൾ റഫീഖും അവന്റെ കാമുകി ജന്നയും മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ... ഷക്കീലിന്റെ പ്രചോദനത്താൽ കുടുംബത്തെയും കാമുകിയെയുമെല്ലാം ഉപേക്ഷിച്ചു നടത്തിയ യാത്രയുടെ ഒടുക്കം അവസാനിക്കാത്ത പ്രണയത്തിന്റെ ഒറ്റത്തുരുത്തുപോലെ ജന്ന മാത്രമേ റഫീഖിനെ കാത്തിരിക്കുന്നുള്ളൂ. 

 

ഈ യാത്രയ്ക്കിടയിൽ എന്തെല്ലാം കാഴ്ച്ചകൾ..., ഭീകരത ആരാധനയായി കാണുന്ന ഭീരുക്കൾ, പ്രേതനഗരങ്ങളായി മാറിയ ചരിത്രഭൂമികൾ, സ്ത്രീയെ വിൽപ്പനച്ചരക്കാക്കുന്ന അടിമച്ചന്തകൾ, സൗന്ദര്യം ഉണ്ടായതിന്റെ പേരിൽ സ്വയം ശപിക്കുന്ന യുവതികൾ, യുദ്ധക്കോപ്പുകൾ കളിപ്പാട്ടങ്ങളാക്കി ഓടിക്കളിക്കുന്ന കുട്ടികൾ... 

 

സ്വർഗത്തിലേക്ക് നേരത്തേ എത്താൻ ഒരുങ്ങി പുറപ്പെടുന്ന ചാവേറുകൾ, ഹാഷ്ടാഗുകളെ പോലും ഭീകരവാദം വളർത്താൻ ഉപയോഗിക്കുന്ന ബുദ്ധിശൂന്യർ.... അങ്ങനെ എത്രയെത്ര കാഴ്ചകളാണ് ശംസുദ്ദീൻ മുബാറക്കിന്റെ ദാഇശ് കാണിച്ചുതന്നത്. 

 

വർഷങ്ങളോളം ലൈംഗിക അടിമകളായി ജീവിക്കേണ്ടി വന്ന യുവതികൾ, മക്കൾ എവിടെയാണെന്ന് പോലും അറിയാത്ത മാതാപിതാക്കൾ, മാതാപിതാക്കൾ ആരാണെന്ന് പോലും അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ, എല്ലാം ഉപേക്ഷിച്ചു പാലായനം ചെയ്യേണ്ടി വന്ന മനുഷ്യക്കൂട്ടങ്ങൾ... 

ഇവർക്കൊക്കെ ഇടയിലൂടെയായിരുന്നു കേരളത്തിൽനിന്ന് ഐഎസിലേക്ക് പുറപ്പെട്ട് അവരുടെ മീഡിയവിങ്ങിൽ പ്രവർത്തിക്കേണ്ടി വന്ന റഫീഖിന്റെ കൂടെ, മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘ദാഇശി’ലൂടെയുള്ള യാത്ര. 

നോവൽ വായിച്ചു കഴിഞ്ഞപ്പോൾ ഇതുവരെ വാർത്തകളിൽ മാത്രം കേട്ടിരുന്ന ദാഇശ് വിരാജിക്കുന്ന ദേശങ്ങളിലൂടെ പോയിവന്ന പ്രതീതിയാണ് അനുഭവപ്പെടുന്നത്... 

 

സിറിയയും മൊസൂളും അലപ്പോയും റഖയും ബാഗ്ദാദും, ഇദ്‌ലീബും, അതാരിബുമൊക്കെ നേരിൽ കണ്ടതുപോലെ... യുദ്ധഭൂമികളിലെ ദുരന്തക്കാഴ്ചകൾ ഇപ്പോഴും മനസ്സിൽ ഇറങ്ങിപ്പോകാതെ എന്നോട് എന്തൊക്കെയോ ചോദ്യങ്ങൾ ചോദിക്കുന്നു. മുഹമ്മദ് റഫീഖ് അനുഭവിച്ച ജീവിതാവസ്ഥകളുടെ നൊമ്പരക്കാഴ്ചകൾ ഹൃദയത്തെ ഇപ്പോഴും പൊള്ളിക്കുന്നു. 

 

തീവ്രവാദത്തിന്റെ അയുക്തികത, ഭീകരരുടെ ക്രൂരത, മലയാളികളുടെ ഐഎസിലേക്കുള്ള യാത്ര എന്നിവ മാത്രമല്ല, ദാഇശ് പറയുന്നത്. എല്ലാതരത്തിലുള്ള ഭരണകൂട ഭീകരതയെയും ഫാഷിസത്തെയും തുറന്നുകാണിക്കുന്നുണ്ട് ദാഇശ്. മതത്തിന്റെ പേരിലുള്ള കപടവും അദൃശ്യവുമായ ഈ സാമ്രാജ്യം എന്തുതരം സന്ദേശമാണ് ലോകത്തിനു നൽകുന്നതെന്നും ഈ നോവൽ നമ്മെ ഓർമിപ്പിക്കുന്നു. മാനവികതയുടെ സ്നേഹത്തിലേക്ക് ‘ദാഇശ്’ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. 

 

ശംസുദ്ദീൻ മുബാറക്ക് എഴുതിയ നോവൽ ‘ദാഇശ്’ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

 

English Summary: Daesh novel written by Shamshudheen Mubarak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com