അറിവിന്റെ അത്ഭുതലോകം തുറക്കുന്ന ‘ഇടയാളം’

SHARE

ഭാഷാദിനമായ നവംബർ ഒന്നിന് മനോരമ ബുക്സ് പ്രകാശനം ചെയ്യുന്ന മൂന്നു പുസ്തകങ്ങളിലൊന്നാണ് വൈക്കം മധു എഴുതുന്ന ‘അടയാളങ്ങളുടെ അത്ഭുതലോകം - ഇടയാളം.’ അനൂപ് രാമൃക്ഷ്ണൻ സമാഹരിക്കുന്ന ‘എംടി- അനുഭവങ്ങളുടെ പുസ്തകം’, പി പ്രകാശ് എഴുതുന്ന പദശുദ്ധികോശം എന്നിവയാണ് മറ്റു രണ്ടു പുസ്തകങ്ങൾ. 

ഇടയാളത്തിൽ നിന്നുള്ള കുറിപ്പുകളിൽ ചിലത് വായനക്കാർക്കായി...

സന്ന്യാസീമഠങ്ങളിൽ പിറന്ന ‘ഇട’യാളം

ഇട എന്ന ശൂന്യസ്ഥലം അക്ഷരങ്ങൾക്കിടയിലൂടെ, വാക്കുകൾക്കിടയിലൂടെ, പരന്നൊഴുകാൻ തുടങ്ങിയപ്പോൾ, കർത്താവേ, പുതിയൊരു പ്രകാശം. വാക്കുകൾ ജീവൻവച്ച് ഉണരുന്നു... അവയോരോന്നും സംസാരിക്കുന്നു... വിശ്വസിക്കാനാവുന്നില്ല. വായന ഇപ്പോൾ എത്ര എളുപ്പം. സുഗമം! അർഥവ്യക്തത നേടിയ വാക്കുകൾ വാക്യങ്ങളായി പുസ്തകങ്ങളിൽ നിറഞ്ഞുകവിയുന്നു.

അക്ഷരങ്ങളുടെ ആകാശപ്പരപ്പിൽ വെള്ളിനക്ഷത്രങ്ങൾ ചിതറിയതുപോലെ! സ്പേസ്, ഇട! അഥവാ ‘ഇട’യാളം!

idayalam-1200

ഇട(സ്പേസ്)യുടെ ആകസ്മികമായ കണ്ടെത്തൽ, രചനകളുടെ ചരിത്രത്തിൽ വിപ്ലവമാകുകയായിരുന്നു. അതോടെ, സന്ന്യാസീമഠങ്ങളിലെ എഴുത്തുപുരകളിൽ, ഉത്സവാഹ്ലാദത്തിന്റെ പുലരികൾ പിറന്നു. ഗ്രന്ഥങ്ങളുടെ പകർപ്പെഴുതിയെടുക്കൽ, അപ്പോൾ കുറേക്കൂടി എളുപ്പം!

ഗുട്ടൻബർഗിനു മുമ്പേ കൊറിയയിൽ അച്ചടി

പെറുക്കിവയ്ക്കാവുന്ന ലോഹാക്ഷരങ്ങൾ ഉപയോഗിച്ച് ലോകത്തിൽ ആദ്യമായി പുസ്തകം അച്ചടിക്കുന്നത് ഏഷ്യയിലാണ്. ബുദ്ധമത ഗുരുക്കന്മാരുടെ ചിന്തകളിൽ രൂപംകൊണ്ട, സെൻ വിജ്ഞാനത്തെ ആധാരമാക്കി ബുദ്ധമതപഠന വിദ്യാർഥികൾക്കായി ബേഗൻ എന്ന ബുദ്ധസന്ന്യാസി 1298–1374 കാലത്തു രചിച്ച്, ഹ്യൂങ്ദിയോക്(Heungdeok) ക്ഷേത്രത്തിൽ1377–ൽ അച്ചടിച്ച ജിക്ജി (Jikji) എന്ന സചിത്ര ഗ്രന്ഥമാണ് ഇത്. സെൻ ബുദ്ധമതശാസനം സംബന്ധിച്ച് മഹാന്മാരായ പുരോഹിതരുടെ രചനകളുടെ സമാഹാരം എന്നതിന്റെ ചുരുക്കെഴുത്തു രൂപമാണ് ജിക്ജി എന്ന പദം.

കറുത്ത കോമയിൽ, ചുവന്ന വിപ്ലവം!

1917ലെ റഷ്യൻ വിപ്ലവത്തിനു കാഞ്ചിവലിച്ച തൊഴിലാളി പണിമുടക്കുകൾ, റഷ്യയിലാകമാനം കത്തിപ്പടരാൻ തീപ്പൊരിയിട്ടുകൊടുത്തത്, മോസ്കോയിലെ അച്ചടിശാലാ–തൊഴിലാളികൾ ആരംഭിച്ച കോമാ സമരമായിരുന്നു എന്ന യാഥാർഥ്യം അധികമാർക്കും അറിയില്ല. മോസ്കോയിൽ ദിമിത്രിയേവിച്ച് സൈറ്റിൻ (ഉച്ചാരണം: സൈറ്റിൻ–Sytin) എന്നയാൾ നടത്തിയിരുന്ന പ്രചാരപ്രസിദ്ധമായ അച്ചടിശാലയിലെ തൊഴിലാളികളായിരുന്നു, റഷ്യയെ ആകമാനം പ്രക്ഷുബ്ധമാക്കിയ പണിമുടക്കിനു തിരികൊളുത്തിയത്. സൈറ്റിൻ എന്ന പ്രസാധകൻ അക്കാലം റഷ്യയിൽ, അക്ഷരജ്ഞാനമുള്ള ആർക്കും അറിയാവുന്ന പേരായിരുന്നു. അദ്ദേഹം മോസ്കോയിൽ ചെറിയതോതിൽ തുടങ്ങിയ അച്ചടിശാലയിൽനിന്ന്, സാധാരണക്കാർക്കു താങ്ങാവുന്ന നിസ്സാര വിലയ്ക്കായിരുന്നു പുസ്തകങ്ങൾ അച്ചടിച്ചിറക്കിയിരുന്നത് എന്നതുതന്നെ ഇതിനു പ്രധാന കാരണം. സൈറ്റിന്റെ പുസ്തകങ്ങൾ രണ്ടുകയ്യും നീട്ടി സാധാരണ റഷ്യക്കാർ ആവേശത്തോടെ സ്വീകരിച്ചു.

3books-img

ആകാശം തുറക്കാൻ കോമ, കോമാളിയാക്കാനും

ആകാശം തുറക്കാൻ ഒരു താക്കോൽ കിട്ടുമോ? വേണ്ട, ഒരു കോമയെങ്കിലും? അതു മതി. കോമ, അനുഗ്രഹംപോലെ, ശാപവുമാണ്. അനുഗ്രഹിക്കുന്നവനെ, നിഗ്രഹിക്കുന്നവന്റെ കയ്യിൽ കിട്ടിയാലുള്ള കഥ പറയണോ. നമ്മുടെ സർക്കാർ ഉദ്യോഗസ്ഥരുടെ കയ്യിൽ അതൊന്നു കിട്ടട്ടെ. അപ്പോഴറിയാം കളി. അവരുടെ കളികൊണ്ട്, നമ്മുടെ കേന്ദ്രസർക്കാരിന്, അവരുടെ നയംതന്നെ പൊളിച്ചെഴുതേണ്ടിവന്നത് അടുത്തകാലത്താണ്. നാണംകെട്ടുപോയി സർക്കാർ. ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾക്ക്, പരിഹസിക്കാൻ ഇന്ത്യ ഒരു ചിരിപ്പാട്ടവുമായി.

കുത്തോടു കുത്ത്: തിരിഞ്ഞു നോക്കുമ്പോൾ

അവിഭക്ത ഇന്ത്യയിലെ, ലഹോറിൽനിന്ന് 1931 മാർച്ച് 25–ന് The Tribune പത്രം ഇറങ്ങുന്നത്, ഇന്ത്യയെ ദുഃഖത്തിലാഴ്ത്തിയ, ധീരദേശാഭിമാനികളായ ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയ വാർത്തയുമായിട്ടാണ്. ഈ പത്രം മാസ്റ്റ് ഹെഡിങ് മാത്രമല്ല, ഓരോ വാർത്താശീർഷകവും, ലീഡ് സ്റ്റോറി ഉൾപ്പെടെ, വിരാമചിഹ്നം ചേർത്താണ് എഴുതിയിരുന്നത്.

ഗാന്ധിജി ബോംബെയിൽനിന്നു പ്രസിദ്ധീകരിച്ച Young India–യിലും(19–5–1919) ഇതേ പാരമ്പര്യം നിലനിർത്തി. എന്നാൽ അതിനുമുൻ‌പ്, അദ്ദേഹം സൗത്ത് ആഫ്രിക്കയിൽ കഴിഞ്ഞകാലത്തു പ്രസിദ്ധീകരിച്ചിരുന്ന Indian Opinion–ന്റെ (മാർച്ച് 2, 1912)മാസ്റ്റ്ഹെഡ്, ലോഗോ ആയിരുന്നതുകൊണ്ട് വിരാമ ചിഹ്നത്തിനു പ്രസക്തി ഇല്ലെന്നും കരുതാം. തന്നെയുമല്ല, മുഖ്യവാർത്തയുടെയോ മറ്റു വാർത്തകളുടെയോ ശീർഷകത്തിൽപോലും വിരാമചിഹ്നം ഉണ്ടായിരുന്നില്ല, എന്നത് അക്കാലത്തെ പത്രങ്ങളുടെ സ്റ്റൈലിൽ വിപ്ലവമായിരുന്നു.

ചിന്ന –ചിഹ്ന–യുദ്ധം: രാജ്യം രണ്ടായി

ചെക്–ഭാഷയിൽ, രാജ്യത്തിന്റെ പേരിൽ, ചെക്കി(Czech) നുശേഷം ഹൈഫൻ ഉണ്ടാവില്ല; സ്ലൊവാക്കി(Slovak)ൽ അത് ഉണ്ടാവുകയും ചെയ്യും. ഈ തീരുമാനമായി, ഒരു മാസം കഴിഞ്ഞേയുള്ളൂ, 1990 ഏപ്രിൽ 20–ന്, പാർലമെന്റ് വീണ്ടുമൊരു പേരുമാറ്റം നടത്തി — Czech and Slovak Federative Republic. എന്നാൽ അവിടംകൊണ്ടും തർക്കം ഒടുങ്ങിയില്ല. ഹൈഫൻ(–) വേണമെന്ന് ഒരു കൂട്ടർ വാദിച്ചപ്പോൾ, അല്ല, ഡാഷാ(—)ണു വേണ്ടതെന്നായി മറുപക്ഷം. സ്ലൊവാക്കുകാർ ഹൈഫനു കൽപ്പിക്കുന്ന അർഥമല്ല, ആ ചിഹ്നത്തിന് ചെക്കുകാരുടെ ഭാഷയിൽ. ഡാഷിന്റെ കാര്യത്തിലും യോജിപ്പില്ല. എന്തിനേറെ, രണ്ടുവർഷം തുടർന്ന തർക്കം തീരാൻ, രാജ്യം രണ്ടായി പിളരുന്നതുവരെ കാത്തിരിക്കേണ്ടിവന്നു; രാജ്യം രണ്ടായി വിഭജിക്കാൻ 1992–ൽ ഇരുദേശത്തെയും രാഷ്ട്രീയക്കാർ നിശ്ചയമെടുക്കും വരെ. അഥവാ ഇവരുടെയിടയിലെ ഹൈഫന് ബൈ പറയുംവരെ.

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

English Summary: Aayalangalude Athbhutha Lokam Idayalam book from Manorama Books

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MANORAMA BOOKS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA