ADVERTISEMENT

ഭാഷാദിനത്തിൽ മനോരമ ബുക്സ് പ്രകാശനം ചെയ്യുന്ന മൂന്നു പുസ്തകങ്ങളിലൊന്നാണ് 'എംടി അനുഭവങ്ങളുടെ പുസ്തകം'. പി പ്രകാശ് എഴുതുന്ന പദശുദ്ധികോശം, വൈക്കം മധു, എഴുതുന്ന ഭാഷയിലെ അടയാളങ്ങളുടെ അത്ഭുതലോകത്തെക്കുറിച്ചു വിവരിക്കുന്ന ഇടയാളം എന്നിവയാണ് മറ്റു രണ്ടു പുസ്തകങ്ങൾ.  എംടിയോടൊപ്പം സിനിമയും സാഹിത്യവും പിന്നിട്ട വഴികൾ,  ഇരുനൂറിലധികം പ്രമുഖരുടെ അഭിമുഖങ്ങൾ, അഞ്ചു ഡോക്യുമെന്ററികൾ, ഇവയുടെയെല്ലാം ക്യുആർ കോഡ് വിഡിയോകൾ എന്നിവ ഉൾപ്പെട്ടതാണ് എംടി അനുഭവങ്ങളുടെ പുസ്തകം. പുസ്തകത്തിൽനിന്ന്, പ്രമുഖരുടെ എംടി അനുഭവങ്ങളിലൂടെ:   

തുരുമ്പുപോലുള്ള മനുഷ്യരുടെ കഥ - മമ്മൂട്ടി

manorama-books-mammootty

എംടിക്ക് ശക്തമായ ഭാഷയുണ്ട്. ചില പ്രയോഗങ്ങൾ നമ്മളാരും ആലോചിക്കുകപോലുമില്ല. ‘എനിക്കു പിറക്കാതെ പോയ മകൻ’ എന്ന പ്രയോഗം അത്തരത്തിൽ ശക്തിയുള്ളതാണ്. പിറക്കാതെ പോയ മകനോ എന്നു നാം അതിശയിക്കും. ‘ആയിരമുള്ളവൻ ധനികൻ, ലക്ഷമുള്ളവൻ പ്രഭു, കോടിയുള്ളവൻ കോടീശ്വരൻ’ എന്ന പ്രയോഗം എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ‘വിൽക്കാനുണ്ട്, സ്വപ്നങ്ങൾ’ എന്ന സിനിമയിലായിരുന്നു ആ ഡയലോഗ്. അങ്ങനെ മറ്റാരാണ് ചിന്തിച്ചിട്ടുണ്ടാകുക?

കഥാപാത്രങ്ങളുടെ ആത്മാവിലേക്കുള്ള വാതിലുകൾ - മോഹൻലാൽ

manorama-books-mohanlal

 ഇതിഹാസത്തിലെ ഭീമനല്ല, എംടി സാറിന്റെ ഭീമൻ. ഗുരുമുഖത്തും ആയുധക്കളരിയിലും പാഞ്ചാലിയുടെ മുന്നിലും രണ്ടാമനാകേണ്ടി വരുന്ന ആളാണ് എംടിയുടെ ഭീമൻ. അദ്ദേഹത്തിന്റെ മാസ്റ്റർപീസ് എന്നു വിശേഷിപ്പിക്കാവുന്നതാണ് ‘രണ്ടാമൂഴം.’ രണ്ടാമൂഴത്തിലെ ഭീമനായി എനിക്ക് അഭിനയിക്കാൻ കഴിഞ്ഞു എന്നതു ജീവിതത്തിലെ ഏറ്റവും വലിയ ഗുരുത്വമായി ഞാൻ കാണുന്നു. മലയാള മനോരമയ്ക്കുവേണ്ടി രാജീവ്കുമാറിന്റെ സംവിധാനത്തിലാണ് കഥയാട്ടം പരിപാടിയിലൂടെ ഭീമനെ അവതരിപ്പിച്ചത്. എന്റെ സ്വകാര്യ അഹങ്കാരമായി ഞാൻ അതിനെ സൂക്ഷിക്കുന്നു. രണ്ടാമൂഴത്തിലെ ഭീമൻ അവസാനരംഗത്ത് പറയുന്നുണ്ട് ‘കഥകൾ ഒരിക്കലും അവസാനിക്കുന്നില്ല’ എന്ന്. സൂതരേ, നിങ്ങൾ പറയാറുള്ളതുപോലെ യാത്രാമംഗളം. നിങ്ങൾക്കും എനിക്കും. എംടി സാറിന്റെ  കഥാപാത്രങ്ങൾ ഇനിയും എന്നെത്തേടി  വരുമെന്ന് ഞാൻ വിശ്വസിക്കുന്നു. പിറക്കാനിരിക്കുന്ന ആ കഥാപാത്രങ്ങളെ ഞാൻ ആവേശത്തോടെ സ്വാഗതം ചെയ്യുന്നു.

ശൈലിക്കു പിന്നിലെ കഥ - കെപിഎസിലളിത

manorama-books-kpac-lalitha

 മഹാഭാരതത്തിലെ ഒന്നര പേജ് മാത്രമുള്ള ഒരു കഥയാണ് വൈശാലിയുടേതെന്ന് ഓർക്കണം. അങ്ങനെ പ്രൊഡ്യൂസർ വന്നു. ഇതിലെ പാട്ടുകളെല്ലാം റെക്കോർഡ് ചെയ്തതിനുശേഷം സംവിധായകനെ മാറ്റണം എന്നൊരു തർക്കം വന്നു. പക്ഷേ, അവിടെയും വാസുവേട്ടനാണ് പിടിച്ചു നിന്നത്. ഇതെഴുതാൻ ആദ്യം എന്റെ കയ്യിൽ പെയ്ന്റിങ്സോടുകൂടി കൊണ്ടുവന്നു തന്നത് ഭരതനാണ്. ഭരതനെ മാറ്റിക്കഴിഞ്ഞാൽ പിന്നെ ഇതിനകത്ത് ഞാനില്ല. ഈ സ്ക്രിപ്റ്റും തരില്ല എന്നു ഭയങ്കര തന്റേടത്തോടുകൂടി നിന്നു.

എംടിയുടേതായ ചലച്ചിത്ര സംസ്കാരം - ഹരിഹരൻ

manorama-books-t-hariharan

എംടിയും ഞാനുംകൂടി ഒന്നിക്കുമ്പോൾ അതിനൊരു പ്രത്യേകതയുണ്ട്. ഞങ്ങൾ ജനിച്ചു വളർന്ന അന്തരീക്ഷവുമായുള്ള സാമ്യമാകാം അതിനു കാരണം. സിനിമയുടെ ഓരോ  ഘട്ടത്തിലും എംടി കൂടെയുണ്ടാകും. പരസ്പരം ആശയവിനിമയം നടത്താം. തിരക്കഥ എഴുതി പോയിക്കളയുന്ന ആളായിരുന്നില്ല എംടി.

എഴുത്തുകാരൻ മാത്രമല്ല എംടി - അടൂർ ഗോപാലകൃഷ്ണൻ

manorama-books-adoor-goplalakrishnan

എംടിയുടെ ഏറ്റവും നല്ല സിനിമയിൽപോലും ഞാൻ കാണുന്നത് എംടി എന്നു പറയുന്ന വളരെ ഉന്നതനായ എഴുത്തുകാരനെയാണ്. അദ്ദേഹത്തിന്റെ മറ്റു കൃതികളോടൊപ്പം തന്നെ വായനക്കാർ ഇഷ്ടപ്പെട്ടതാണ് അദ്ദേഹത്തിന്റെ തിരക്കഥകളും. അതുകൊണ്ടാകണം, മലയാളത്തിൽ ഏറ്റവുമധികം തിരക്കഥകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത് എംടിയുടേതാണ്.

ഒരു വടക്കൻ വീരഗാഥയിലെ ചന്തു - കെ.ജി.ജോർജ്  

manorama-books-kg-george

ഞാൻ കണ്ടുമുട്ടിയവരിൽ അഗാധമായ പാണ്ഡിത്യമുള്ള വ്യക്തിയായിട്ടാണ് എംടിയെ തോന്നിയിട്ടുള്ളത്. പുരാണങ്ങളിലാണെങ്കിലും പടിഞ്ഞാറൻ സാഹിത്യത്തിലാണെങ്കിലും ഇന്ത്യൻ സാഹിത്യത്തിലാണെങ്കിലും എംടിയുടെ അറിവ് അപാരമാണ്. ഒരു പ്രസ്ഥാനത്തിലും ഉൾപ്പെടാതെ നിൽക്കുന്ന വ്യത്യസ്തനാണ് അദ്ദേഹം. എംടി, എംടിയുടെ ലോകത്താണ്. ആ ലോകം ഒരു ക്രിയേറ്ററുടെ ലോകമാണ്. ഏതു കഥയായാലും നോവലായാലും അദ്ദേഹം തന്റേതായ ലോകം പുനഃസൃഷ്ടിക്കുകയാണ്. അതാണ് വ്യക്തിത്വം എന്നു പറയുന്നത്.

മനസ്സിന്റെ ആരും കാണാത്തഅറകൾ കാണിച്ച് വിസ്മയിപ്പിച്ച എഴുത്തുകാരൻ - സുകുമാർ അഴീക്കോട്

manorama-books-sukumar-azhikode

മറ്റുള്ളവർ പോകാത്ത മനസ്സിന്റെ  ചില പ്രത്യേക കോണിലേക്ക് അദ്ദേഹം പോകും. നമുക്കു പരിചയമുണ്ടെന്നു തോന്നിയതുകൊണ്ട് നമ്മൾ പ്രവേശിക്കും. പ്രവേശിച്ചു കഴിഞ്ഞാൽ പരിചയമില്ലാത്ത അറകൾ അദ്ദേഹം തുറന്നു കാണിക്കും. എംടിയുടെ കലയുടെ ചുരുക്കം അതാണ്. പരിചയം തോന്നിപ്പിക്കും. അങ്ങനെ വായനക്കാരനെ ശങ്ക തോന്നാതെ അതിലങ്ങു പ്രവേശിപ്പിക്കും. പിന്നെ പരിചയമില്ലാത്ത രത്നങ്ങളുടെ അറകൾ അദ്ദേഹം തുറന്നു കാണിക്കും.

ഒരു തുള്ളി മഞ്ഞുപോലെ - ഒഎൻവി

manorama-books-onv-kurup

എംടി ഗദ്യത്തിൽ എഴുതുന്നുവെന്നേയുള്ളൂ. അവ കാവ്യാത്മകമായ സൃഷ്ടികളാണ്. നോവലുകളായാലും ചെറുകഥകളായാലും എനിക്കേറ്റവും ഇഷ്ടപ്പെട്ട കൃതി തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ആദ്യം എന്റെ വോട്ട് പോകുന്നത് ‘മഞ്ഞ്’ എന്നു പറയുന്ന നൈനിറ്റാളിന്റെ പശ്ചാത്തലത്തിലുള്ള ആ നോവലിലേക്കാണ്. കേരളീയമായ ജീവിതത്തെയും ഗ്രാമീണ അന്തരീക്ഷത്തെയും മനോഹരമായി തന്റെ കൃതികളിൽ സൃഷ്ടിച്ച ആളാണ് എംടി എന്നിരിക്കിലും ‘മഞ്ഞ്’ എനിക്കേറെ പ്രിയപ്പെട്ടതാണ്. ഒരുതുള്ളി മഞ്ഞുപോലൊരു കവിതയാണത്. ജീവിതത്തിന്റെ ഒരു മൗലിക സത്യം –കാത്തിരിപ്പ് എന്ന സത്യം ആവിഷ്കരിക്കുന്ന കൃതിയാണത്.

വായിക്കാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് വായനയെ കൊണ്ടുപോയ എഴുത്തുകാരൻ - സാറാ ജോസഫ്

manorama-books-sara-joseph

വള്ളുവനാടൻ ജീവിതത്തിലെ ജാതിമതവിഭാഗങ്ങൾ ഒന്നിച്ചു കഴിയുമ്പോൾ ഉണ്ടാകേണ്ട ഐക്യത്തെപ്പറ്റി പറയുന്നത്  എംടിയുടെ ഒരുപാടു കഥകളിൽ കാണാൻ കഴിയും. അതു മുന്നോട്ടുവച്ച സംസ്കാരത്തിൽ പുലരുകയും അത്തരത്തിലുള്ള ഒരു ജനതയായിത്തീരണമെന്ന് ആഗ്രഹിക്കുകയും ചെയ്തവരാണു നമ്മൾ നവോത്ഥാന മൂല്യങ്ങളുടെ തുടർച്ചയാണ് എംടി തന്റെ കൃതികളിലൂടെ കൊണ്ടുവന്നത്.  അതിൽ വിശേഷിച്ച് ഹിന്ദു–മുസ്‌ലിം ഐക്യം എന്നു പറയുന്ന സംഗതി ആവർത്തിച്ചു നമ്മൾ കാണുന്നുണ്ട്.

കവിത്വമുള്ള കഥകൾ - സേതു

manorama-books-sethu

 കവിത എഴുതാത്ത കവിയാണ് അദ്ദേഹം. ‘മഞ്ഞി’ലും ‘കാല’ത്തിന്റെ ചില ഭാഗങ്ങളിലും പല കഥകളിലുമൊക്കെ ഇത്ര വശ്യമായ കാവ്യഗദ്യം ഉപയോഗിച്ചിട്ടുള്ളത് ആസ്വദിക്കാനാവും. അങ്ങനെയുള്ള എഴുത്തുകാർ വളരെ കുറവാണ്. ഒരു തലമുറയെ ആകെ സ്വാധീനിക്കുക, രൂപപ്പെടുത്താൻ സഹായിക്കുക, ഒരു പ്രേരകശക്തിയായി വർത്തിക്കുക എന്നൊക്കെ പറയുന്നത് വളരെ വലിയ കാര്യമാണ്. പത്തുമുപ്പതു കൊല്ലത്തെ മലയാള കഥാസാഹിത്യം മുഴുവൻ അദ്ദേഹത്തിന്റെ കൈകളിൽക്കൂടിയാണ് കടന്നുപോന്നിട്ടുള്ളത്.

ഏകാന്തതയെ തന്ന എംടി - എം. മുകുന്ദൻ

manorama-books-m-mukundan

‘പാതിരാവും പകൽവെളിച്ചവും’ എന്ന നോവൽ വായിച്ചിട്ട് ആ കാലത്ത് ഒരു ഉന്മാദംപോലെ എനിക്കു തോന്നിയിരുന്നു. ഏകാന്തതയെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയത് എംടിയുടെ കൃതികൾ വായിച്ചിട്ടാണ്. ഒരുപക്ഷേ, എംടിയുടെ നോവലുകളും കഥകളും വായിച്ചില്ലായിരുന്നുവെങ്കിൽ ഏകാന്തതയെ ഞാൻ ഇഷ്ടപ്പെടില്ലായിരുന്നു. എംടിയുടെ ഒരു കഥ വായിച്ചിട്ട് ആദ്യം എനിക്കു തോന്നിയത് ഒരു പുഴയുടെ ഓരത്തുകൂടെ മിണ്ടാതെ നടക്കണമെന്നാണ്. എംടി എഴുതുന്നതുപോലെ എഴുതുക എന്നായിരുന്നു മനസ്സിൽ അക്കാലത്തുണ്ടായിരുന്ന മാതൃക. കാരണം, അതിൽ പുതിയൊരു ഭാഷയും ഭാവുകത്വവും ഉണ്ട്. പിന്നെ എംടി ൈകകാര്യം ചെയ്യുന്ന പ്രമേയങ്ങളും. തീർച്ചയായും എംടി തന്നെയായിരുന്നു എന്റെ ആദ്യ കാലത്തെ മാതൃക.

മനുഷ്യജന്മമെന്ന ദാർശനിക സമസ്യയ്ക്ക് ഉത്തരം തേടുന്ന കഥാകാരൻ - എം.കെ. സാനു

manorama-boks-mk-sanu

എല്ലാം നേടിയിട്ടും ഒന്നും ഇല്ല എന്നു ബോധ്യമായി ജീവിതത്തിന്റെയും കാലത്തിന്റെയും വിജനമായ മരുഭൂമിയിൽ മടങ്ങിയെത്തുന്ന ഒരു ചിത്രമുണ്ട്, എംടി കൃതികളിൽ. സമ്പത്തും പ്രതാപവും പദവിയും പ്രശസ്തിയുമൊക്കെ നേടിയിട്ടും നിരർഥകമായ ഒരവസ്ഥ. എല്ലാം കഴിയുമ്പോഴും ജന്മം, മനുഷ്യജന്മം തന്നെയാണ് സമസ്യ.

മാനവികതയുടെ പ്രതീകം - സക്കറിയ

manorama-books-paul-zacharia

ഞാനൊക്കെ എഴുതുന്ന കഥകളിൽ പലതിലും ആകപ്പാടെ പ്രശ്നം പിടിച്ച കഥകളൊക്കെ ഉണ്ടായിരുന്നു. എതിർപ്പൊന്നും പറയാതെ എംടി അതെല്ലാം പ്രസിദ്ധീകരിച്ചു. തിരിഞ്ഞു നോക്കുമ്പോൾ അദ്ഭുതമാണ്. 1963 സെപ്റ്റംബറിലോ ഒക്ടോബറിലോ ഞാനെഴുതിയ എന്റെ ആദ്യത്തെ കഥ ‘ഉണ്ണി എന്ന കുട്ടി’ പ്രസിദ്ധീകരിക്കുന്നത് മലയാളഭാഷയെ പ്രതിനിധീകരിച്ചാണ്. ഇരുപതു ഭാഷകളിലുള്ള കഥകളിൽ മലയാള കഥ ഇതായിരുന്നു. ആയിരക്കണക്കിനു വരുന്ന കഥകളിൽനിന്ന് ഒരു അജ്ഞാതനായ പയ്യന്റെ (ചെറുപ്പക്കാരൻപോലുമായിട്ടില്ല) കഥ തിരിച്ചറിയുകയും എന്തെങ്കിലും സ്പാർക്ക് കണ്ടെത്തി ദൂരക്കാഴ്ചയോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വലിയ മനോവൈഭവമാണ്. 

പുസ്തകം ബുക്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Ente Malayalam : Bhashaikku 3 Pusthakangal Pre- Publication Offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com