പ്രളയത്തിൽ കേരളത്തിന്റെ കൈ പിടിച്ച തീരസൈനികർക്ക് സല്യൂട്ട്

salute-1
SHARE

രക്ഷാദൗത്യത്തിൽ സോഷ്യൽ മീഡിയയും  


സ്റ്റെഫിൻ ടോമിനെയും സുഹൃത്തുക്കളെയും തുമ്പ പള്ളിമുറ്റത്തുവച്ചു ഞാൻ കണ്ടുമുട്ടിയപ്പോൾ അവർ അന്നത്തെ ജോലി കഴിഞ്ഞു മടങ്ങുന്ന തിരക്കിലായിരുന്നു. പുറത്തു മഴ ചാറിനിന്നു. പള്ളിമുറ്റത്തു വലിച്ചുകെട്ടിയ ടെന്റിൽ ഇരുന്നാണു ഞങ്ങൾ സംസാരിച്ചത്. സ്റ്റെഫിൻ മത്സ്യബന്ധന സമുദായാംഗമാണെങ്കിലും അടുത്തുള്ള ഫാക്ടറിയിൽ ചുമടിറക്കലാണു ജോലി. അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടെത്തുക തന്നെയാണു സ്റ്റെഫിന്റെയും കൂട്ടരുടെയും ഏറ്റവും വലിയ വെല്ലുവിളി. അങ്ങനെയിരിക്കെയാണ് ചെങ്ങന്നൂരിലെ പ്രളയദുരന്തത്തിന്റെ വാർത്തയും ദൃശ്യങ്ങളും ടിവിയിൽ കാണുന്നത്. വൈകാതെ തന്നെ അവർ ചെങ്ങന്നൂരിലേക്കു പുറപ്പെട്ടു.  

സ്റ്റെഫിന്റെ സുഹൃത്ത് റോയ് റോസ് ജോസഫ് ഫെയ്സ് ബുക്കിൽ ലൈവ് നൽകുകയാണ് ആദ്യം ചെയ്തത്. തിരുവനന്തപുരത്തുള്ള തങ്ങളുടെ പക്കൽ ഒരു ബോട്ട് ഉണ്ടെന്നും രക്ഷാപ്രവർത്തനങ്ങളിൽ പങ്കു ചേരാൻ താൽപര്യമുണ്ടെന്നും ലൈവിൽ അറിയിച്ചു. ഉടൻ അവരെ തേടി ഒരു ഫോൺ വിളി എത്തി. തിരുവനന്തപുരം എയർപോർട്ടിൽ ആരെയോ ഡ്രോപ്പ് ചെയ്യാൻ വന്നയാളുടെടേതായിരുന്നു അത്. അയാളുടെ ഗൾഫിലുള്ള സുഹൃത്തിന്റെ അച്ഛനും അമ്മയും ചെങ്ങന്നൂരിൽ ഉണ്ടെന്നും അവർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും അയാൾ പറഞ്ഞു. എങ്ങനെയെങ്കിലും അവരെ രക്ഷിക്കണമെന്നായിരുന്നു അഭ്യർഥന. അതു കേട്ട ഉടൻ ബോട്ട് ട്രക്കിൽ കയറ്റി സ്റ്റെഫിനും സംഘവും പുറപ്പെട്ടു. വിളിച്ചയാളെ വഴിയിൽ കൂടെക്കൂട്ടി ചെങ്ങന്നൂരെത്തി. സുഹൃത്തുക്കളായ ബിനു ജെറോം, വിജോ വർഗീസ്, ബിജോ വർഗീസ്, സിബി, ജാക്സൺ തുടങ്ങിയവരും ഒപ്പം ചേർന്നു. പതിനേഴുകാരൻ വിജോ ഒരു എടുത്തുചാട്ടക്കാരനായിരുന്നു. ഏതു കുത്തൊഴുക്കിലും ഒരു പുഞ്ചിരിയോടെ എടുത്തുചാടാൻ മടിയില്ലാത്തവൻ. രക്ഷാപ്രവർത്തനങ്ങൾക്കിടെ ഒരു വീട്ടിലെത്തിയപ്പോൾ വാതിൽ ചളിയിൽ പൂഴ്ന്നു തുറക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. വിജോയാണു വെള്ളത്തിനടിയിൽ മുങ്ങാംകുഴിയിട്ട് കൈകൊണ്ടു ചെളി വാരിമാറ്റി വാതിൽ തുറക്കാവുന്ന വിധത്തിലാക്കിയത്. ഒരു മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ വാതിൽ തള്ളിത്തുറന്നു വൃദ്ധ ദമ്പതികളെ രക്ഷപ്പെടുത്താനായി. രണ്ടു ദിവസത്തിനുള്ളിൽ അവർ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയതു മുന്നൂറോളം പേരെ.  
രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ ജോണി ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്ത് രണ്ടുദിവസത്തിനകം ലഭിച്ചത് 15 ലക്ഷം കാഴ്ചക്കാരും 48,000 ഷെയറും 10,000 കമന്റും.

salute-2

രക്ഷാപ്രവർത്തനങ്ങളുടെ മുഴുവൻ വിഡിയോയും സംഘത്തിലെ ഓരോരുത്തരായി മാറിമാറി ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്തുകൊണ്ടിരുന്നു. ജോണി ഫെയ്സ്ബുക്കിൽ മൊബൈൽ നമ്പർ കൂടി നൽകിയതിനെത്തുടർന്നു സഹായാഭ്യർഥനകളുമായി ഒട്ടേറെപേരാണ് അവരെ വിളിച്ചത്. ഇത് കൂടുതൽ പേരെ രക്ഷപ്പെടുത്താനും കാരണമായി.  
സമൂഹമാധ്യമങ്ങൾ രക്ഷാപ്രവർത്തനത്തിനു സഹായകമായതിന്റെ മറ്റൊരു ഉദാഹരണം പറയാനുണ്ട് സിൽവദാസന്. ഓഗസ്റ്റ് 20ന് രക്ഷാപ്രവർത്തനങ്ങളുടെ ലൈവ് ജോണി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വൈകാതെ യുഎസിൽനിന്ന് ലീന സൂസൻ മാത്യു എന്ന സ്ത്രീയുടെ ഫോൺ വന്നു. അവർ ആ വിഡിയോ കണ്ടു പറഞ്ഞു, ഞങ്ങൾ കടന്നുപോകുന്ന വഴിയുടെ തൊട്ടടുത്ത് ഒരു വീട്ടിൽ അവരുടെ അച്ഛനും അമ്മയും വെള്ളം കാരണം പുറത്തിറങ്ങാൻ കഴിയാതെ ഒറ്റപ്പെട്ടുകിടക്കുകയാണ്. അവരെ രക്ഷപ്പെടുത്തണം. ഞങ്ങൾ ഉടൻ തന്നെ ബോട്ട് അവിടേക്കു തിരിച്ചു. ജോണിക്കും സംഘത്തിനും നന്ദി പറഞ്ഞ് ലീന ഫെയ്സ്ബുക്കിൽ മറ്റൊരു കുറിപ്പ് പോസ്റ്റ് ചെയ്തു.  

salute-3

‘ദൈവത്തിനു സ്തുതി, എന്റെ അപ്പച്ചനും അമ്മച്ചിയും ഇന്നും ജീവനോടെയിരിക്കുന്നതിൽ. പ്രളയത്തിൽ അവരെ രക്ഷപ്പെടുത്തിയ ജോണിക്കും അദ്ദേഹത്തിന്റെ പടയാളികൾക്കും ഹൃദയം നിറഞ്ഞ നന്ദി. കഴിഞ്ഞ ദിവസമാണ് ജോണിയും സംഘവും എംഎൽഎ സജി ചെറിയാനൊപ്പം മേടപ്പാടിയിലും പാണ്ടനാട്ടിലും നടത്തുന്ന രക്ഷാപ്രവർത്തനങ്ങളുടെ വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതു ശ്രദ്ധയിൽ പെട്ടത്. ദിവസങ്ങളായി എന്റെ അപ്പച്ചനും അമ്മച്ചിയും ഭക്ഷണം കഴിച്ചിട്ട്. സുഖമില്ലാത്തതിനാൽ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. അവരെ തിരികെ തന്നതിനും എല്ലാവരുടെയും പ്രാർഥനകൾ കേട്ടതിനും യേശുവിനു  നന്ദി.’ അടുത്ത തവണ നാട്ടിലെത്തുമ്പോൾ നേരിട്ടു വന്നുകാണുമെന്നും ലീന പറഞ്ഞിട്ടുണ്ടെന്നു പറയുന്നു, ജോണി.  
രക്ഷാപ്രവർത്തനങ്ങൾ വിജയകരമാക്കുന്നതിൽ സോഷ്യൽ മീഡിയ ഏറെ സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഫോൺ നെറ്റ്‍വർക്കുകൾ തകരാറിലായതിനെത്തുടർന്ന് ആശയവിനിമയം ബുദ്ധിമുട്ടായപ്പോൾ ഒറ്റപ്പെട്ടുപോയവരെ കണ്ടെത്താനും രക്ഷിക്കാനും സഹായിച്ചത് ഫെയ്സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്ത വിഡിയോകളും സന്ദേശങ്ങളുമാണ്. പ്രളയത്തിൽ ഒറ്റപ്പെട്ട ബന്ധുക്കളെയും സുഹൃത്തുക്കളെയും രക്ഷപ്പെടുത്തുന്നതിനു വേണ്ടി ലോകമെങ്ങുമുള്ള മലയാളികൾ അത്തരം പോസ്റ്റുകൾ വ്യാപകമായി ഷെയർ ചെയ്തു. കേരള ഫ്ലഡ്, കേരള ഫ്ലഡ് റിലീഫ് തുടങ്ങിയ ഹാഷ് ടാഗുകൾ ഇന്റർനെറ്റിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടു.  

വാട്സാപ് പോലുള്ള മെസേജിങ് ആപ്പുകൾ രക്ഷാപ്രവർത്തനത്തിന്റെ വാർത്തകളും അടിയന്തര സഹായത്തിനുള്ള ഫോൺ നമ്പരുകളും മുൻകരുതലുകളെടുക്കേണ്ടതുമായി ബന്ധപ്പെട്ട വിവരങ്ങളും കൈമാറി. ഒറ്റപ്പെട്ടുപോയവരെക്കുറിച്ചുള്ള വിവരങ്ങളും അവരിലേക്ക് എത്തിപ്പെടാനുള്ള വഴികളും സൂചനകളും പങ്കുവച്ചതും നവമാധ്യമങ്ങളായിരുന്നു. ഇത് രക്ഷാദൗത്യം ഏറ്റെടുത്തവർക്കും വലിയ സഹായമായി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി അധികാരികളും ഈ സംവിധാനങ്ങൾ ഏറെ പ്രയോജനപ്പെടുത്തിയിരുന്നു. രക്ഷാപ്രവർത്തനം ആവശ്യമായ ആളുകളോട് അവർ കുടുങ്ങിക്കിടക്കുന്ന സ്ഥലം വാട്സാപ് വഴി അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. ദുരിതബാധിതരെ കണ്ടെത്തുന്നതിനു ഗൂഗിൾ മാപ്പിന്റെ സഹായം തേടിയ സർക്കാർ ആവശ്യമുള്ള ഇടങ്ങളിലേക്ക് രക്ഷാസേനയെ അയച്ചു. keralarescue.in എന്ന വെബ്സൈറ്റ് വഴി സഹായം വേണ്ടവരെയും നൽകാൻ ആഗ്രഹിക്കുന്നവരെയും ഏകോപിപ്പിച്ചു. പ്രളയവുമായി ബന്ധപ്പെട്ട എന്തു സഹായം തേടുന്നതിനും വാഗ്ദാനം ചെയ്യുന്നതിനും ആയിരക്കണക്കിനാളുകളാണ് ഈ പൊതുവിലാസം പ്രയോജനപ്പെടുത്തിയത്.  

salute-4

ജില്ലാ കലക്ടർമാർ രക്ഷാപ്രവർത്തനങ്ങളുടെ ലൈവ് വിഡിയോയും പ്രളയത്തിന്റെ തൽസ്ഥിതിയും പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സോഷ്യൽ മീഡിയ സജീവമായി നിലകൊണ്ടു. സർക്കാർ മാത്രമല്ല, സാധാരണക്കാരായ ജനങ്ങളും പ്രളയദുരിതം മറികടക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സഹായം തേടി. ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനും ഗതാഗത സൗകര്യങ്ങൾക്കും ഷെൽറ്ററിനും എവിടെ സമീപിക്കണമെന്നതു സംബന്ധിച്ച വിവരങ്ങൾ ഒരു സംഘം ഫ്രീലാൻസേഴ്സ് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയാറാക്കിയിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസിന്റെയും ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെയും നേതൃത്വത്തിൽ സർക്കാർ ഇവർക്കു വേണ്ട സഹായങ്ങൾ ചെയ്തു. മുഖ്യമന്ത്രിയുടെ ഉപദേശക സംഘത്തിലെ ഐടി കാര്യ വിദഗ്ധൻ അരുൺ ബാലചന്ദ്രൻ ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുകകൂടി ചെയ്തതോടെ കേരളത്തെ രക്ഷിക്കാനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം സർവസജ്ജമായിക്കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും കേരളത്തിനു പുറത്ത് ബെംഗളൂരുവിലും ചെന്നൈയിലും കോൾ സെന്ററുകൾ തുറന്നു. ഭൂമിക ട്രസ്റ്റ്, അമൃത ഇൻസ്റ്റിറ്റ്യൂട്ട്, ഇൻഫോസിസ്, ഫൈക്കോൺ, സിസ്ഫോർ തുടങ്ങിയ പല സ്ഥാപനങ്ങളും സർക്കാരിനൊപ്പം ചേർന്നു. അഞ്ചു ദിവസത്തിനുള്ളിൽ മുപ്പതിനായിരത്തിലേറെ ഫോൺ കോളുകൾക്കാണ് കോൾസെന്ററുകൾ മറുപടി കൊടുത്തത്.  
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും സാമ്പത്തികവും മാനുഷികവുമായ സഹായം നേടിയെടുക്കുന്നതിനും സമൂഹമാധ്യമങ്ങൾ വലിയ പങ്കുവഹിച്ചു. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സെലിബ്രിറ്റികളും കേരളത്തിനു വേണ്ട ധനസമാഹരണ യജ്ഞത്തിൽ പങ്കാളികളായി.  

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു വേണ്ട അവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതും പണം പോലെ തന്നെ പ്രധാനമായിരുന്നു. സാധനസാമഗ്രികളുടെ ശേഖരണ വിതരണ പ്രക്രിയയിലും സമൂഹമാധ്യമങ്ങൾ വലിയ പങ്കുവഹിച്ചു. ദുരിതാശ്വാസ ക്യാംപിൽ എത്തിയ പലരും ഏറെ ദിവസങ്ങളായി ഒന്നും കഴിക്കാത്തവരായിരുന്നു. എന്നാൽ അത്രയും പേർക്കു വേണ്ട ഭക്ഷണവും മരുന്നും പ്രാദേശികതലത്തിൽ സ്വരുക്കൂട്ടാൻ ബുദ്ധിമുട്ടായിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്കെത്തിയവർക്കും ഭക്ഷണമോ വെള്ളമോ മരുന്നോ ലഭിച്ചിരുന്നില്ല. അതുകൊണ്ട് തങ്ങളുടെ ഗ്രാമങ്ങളിൽ ഉള്ളവരോട് സാധനങ്ങൾ സമാഹരിച്ച് എത്തിക്കാൻ ആവശ്യപ്പെട്ടതായി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത സ്റ്റെഫിൻ പറഞ്ഞു.  

ദുരിതാശ്വാസ ക്യാംപിലേക്കു വേണ്ട സാധനങ്ങൾ പ്രളയത്തിന്റെ ആദ്യദിനം മുതൽ തന്നെ തിരുവനന്തപുരത്തുകാർ സമാഹരിക്കാൻ തുടങ്ങിയിരുന്നു. പിറ്റേന്നു രാവിലെ ഒന്നരലക്ഷം രൂപയുടെ സാധനങ്ങളുമായി അവിടെനിന്ന് ചെങ്ങന്നൂർക്കുള്ള ആദ്യ ട്രക്ക് പുറപ്പെട്ടു. എന്നാൽ ക്യാംപ് വരെ ട്രക്കുകൾക്ക് എത്തിപ്പെടാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് കിലോമീറ്ററുകളോളം ചരക്കുകൾ തലയിൽ ചുമന്നുകൊണ്ടാണ് അവർ ക്യാംപുകളിലെത്തിയത്. പല തവണ ഈ നടത്തം അവർക്ക് ആവർത്തിക്കേണ്ടി വന്നു. ട്രക്കിലെത്തിയ പത്തു സുഹൃത്തുക്കൾ ചേർന്ന് പല തവണയായി സാധനങ്ങൾ തലച്ചുമടായി ക്യാംപിലെത്തിക്കുകയായിരുന്നെന്നും സ്റ്റെഫിൻ ഓർമിക്കുന്നു.  

നാട്ടിൽനിന്നെത്തിയ സുഹൃത്തുക്കളെ കണ്ടപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തോന്നിയെന്ന് സ്റ്റെഫിൻ. ‘ഞങ്ങളും പ്രളയത്തിൽ പെട്ട് ഒറ്റപ്പെട്ടവരെ പോലെ തോന്നിയിരുന്നു. ചുറ്റിലും കണ്ട സങ്കടക്കാഴ്ചകൾ മനസ്സാകെ തളർത്തിയിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ ശരീരവും ക്ഷീണിച്ചു. നാട്ടിൽനിന്ന് കൂട്ടുകാർ വന്നപ്പോഴാണ് സമാധാനമായത്. അവർ കൊണ്ടുവന്ന ആഹാരവും വസ്ത്രവും കണ്ടപ്പോൾ ക്യാംപിലെ മറ്റ്  അന്തേവാസികളുടെ മുഖത്തു തെളി‍ഞ്ഞ സന്തോഷം കാണണമായിരുന്നു. അവർ അതിനു വേണ്ടി കാത്തിരിക്കുന്നതുപോലെ തോന്നി. രണ്ടു ദിവസം കഴിഞ്ഞ് എല്ലാം ഒന്നു ശാന്തമായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സ്റ്റെഫിനും കൂട്ടുകാരും തിരികെ തിരുവനന്തപുരത്തേക്കു വണ്ടി കയറിയത്

പ്രളയത്തിൽ അകപ്പെട്ടവർക്കായി സ്വന്തം ജീവൻ ത്യജിക്കാൻ തയാറായ മത്സ്യത്തൊഴിലാളികളുടെ ജീവിതസാക്ഷ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം.
വിവർത്തനം : ജി പ്രമോദ്, രമ്യ ബിനോയ്, റിയ ജോയ്
പ്രസാധനം : മനോരമ ബുക്സ്

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MANORAMA BOOKS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA