ADVERTISEMENT

ലിവിങ് റൂട്ട് ബ്രിഡ്ജ് 

 

പാലങ്ങൾ ശ്വസിക്കുമോ? ശ്വസിക്കും. പൂക്കും. തളിർക്കും. മരപ്പലകകൾ കൊണ്ടു പാലമുണ്ടാക്കുന്നതു നാം കണ്ടിട്ടുണ്ട്. എന്നാൽ മരത്തിന്റെ വേരുകൊണ്ടു പാലമുണ്ടാക്കിയാലോ? അതൊരു പുതുമയല്ലേ? ജീവനുള്ള പാലങ്ങൾ! ചിറാപുഞ്ചിയിലെ ഹോം സ്റ്റേയിൽ മഴപെയ്യുമെന്നു കരുതി കാത്തിരുന്ന ഒരു സായാഹ്നത്തിലാണ് ജാവേദേട്ടൻ ലിവിങ് റൂട്ട് ബ്രിഡ്ജുകളെപ്പറ്റി പറയുന്നത്. വേരുപാലങ്ങൾ എന്നൊരു തർജമയും. വേരുകൊണ്ടു പാലം! കേട്ടാൽപ്പിന്നെ പോകാതിരിക്കുവതെങ്ങനെ?  

 

വാടകയ്ക്കൊരു വടി!  

 

ഡി ക്ലൗഡ് ഹോംസ്റ്റേയിലെ പയ്യനാണ് പാലങ്ങൾക്കടുത്തുള്ള ഹോംസ്റ്റേയുടെ നമ്പർ തന്നത്. ചിറാപുഞ്ചിയിൽനിന്ന് ഏകദേശം മുക്കാൽ മണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്. കാർ ഒരു ഗ്രാമത്തിന്റെ തുടക്കത്തിൽ പാർക്ക് ചെയ്തു. ഇനി നടക്കണം. മലയിറങ്ങണം. കയറണം. വെള്ളച്ചാട്ടങ്ങൾ കടക്കണം. തൂക്കുപാലങ്ങളിലൂടെ ആടി അക്കരെ ചെല്ലണം. നോംഗ്രിയാ ടിർന എന്ന ഉൾവനഗ്രാമത്തിലാണ് വേരുപാലങ്ങളുള്ളത്. ഞങ്ങൾ നടക്കാനാരംഭിച്ചപ്പോൾ ഒരു ഖാസിപ്പെൺകൊടി മുളവടികളുമായി സമീപിച്ചു. 

കുത്തിനടക്കാൻ വാടകയ്ക്കു തരുന്നതാണ് ആ വടികൾ. ‘ഓ, അത്ര വയസ്സായിട്ടില്ല. വടിയൊന്നും വേണ്ട’ നാലുപേർ ഒരേ സ്വരത്തിൽ പറഞ്ഞു. ആ പെൺകുട്ടി ഒരു മന്ദഹാസത്തോടെ തന്റെ ചെറുകടയ്ക്കുള്ളിലേക്കു തിരിഞ്ഞു നടന്നു.  

indian-safari

 

ആദ്യം ആൾവാസമുള്ളിടങ്ങളിലൂടെ ആയിരുന്നു നടത്തം. കോൺക്രീറ്റ് കാലുകളിൽ ഉയർത്തിക്കെട്ടിയ ഒറ്റത്തട്ടുള്ള വീടുകൾ. പല വീടുകളുടെ മുറ്റത്തും അമ്മൂമ്മമാർ സോഫ്റ്റ് ഡ്രിങ്കുകൾ വിൽക്കാൻ വച്ചിട്ടുണ്ട്.   

 

മലയിറങ്ങി മലമുകളിലേക്ക്  

 

indian-safari-2

ഖാസി വിഭാഗക്കാർ താമസിക്കുന്ന ഗ്രാമങ്ങളാണിത്. ഇവിടുന്ന് ഏതാണ്ട് മൂവായിരത്തിലധികം പടികൾ കാട്ടിലൂടെ ഇറങ്ങിയും കയറിയും മൂന്നു തൂക്കുപാലത്തിലൂടെ സാഹസികയാത്ര നടത്തിയും മൂന്നു മണിക്കൂർകൊണ്ട് എത്തുന്ന സ്ഥലമാണ് നോംഗ്രിയാ.   

 

വീടുകൾ കഴിഞ്ഞപ്പോൾ കുത്തനെയുള്ള കോൺക്രീറ്റ് പടവുകൾ പകരം വന്നു. ആദ്യമൊക്കെ രസകരമായിരുന്നു. നല്ല കുളിരു പകരുന്ന ചെറുകാട്. വന്യമൃഗങ്ങളൊന്നുമില്ല. ഫോണിന് റേഞ്ചില്ല. ഞങ്ങൾ സംസാരിച്ചു നടക്കാൻ തുടങ്ങി. ആദ്യത്തെ നൂറോ നൂറ്റമ്പതോ പടവുകൾ ആരോ എണ്ണുന്നുണ്ടായിരുന്നു. ഏതാണ്ട് അഞ്ഞൂറു പടവിനോടടുത്തപ്പോൾ ആദ്യത്തെ വിക്കറ്റ് വീണു. ‘ഡാ, ഇനിയെനിക്കു നടക്കാൻ വയ്യ’ ഒന്നിരുന്നിട്ടു പോകാം. കുത്തനെയുള്ള ഇറക്കത്തിൽ കാലുകൾ വിറയ്ക്കുന്നുണ്ട്. സംഘം ഇരുന്നു. അന്നേരം എല്ലാവരുടെയും കണ്ണുകൾ കാട്ടിലേക്കുനീണ്ടു. വല്ല വടിയും കിട്ടുമോ എന്നായിരുന്നു നോട്ടത്തിന്റെ അർഥം. ആ പെൺകുട്ടിയുടെ ചിരിയുടെ പൊരുൾ അപ്പോഴാണു പിടികിട്ടിയത്. ഇരുന്നിടത്തുനിന്ന് ഗ്രാമത്തിന്റെ വിദൂരക്കാഴ്ച കിട്ടുന്നുണ്ട്. എങ്ങും പച്ചപ്പ്. മേഘം മറച്ച മലമുകളിൽനിന്നൊരു വെള്ളദുപ്പട്ട വീഴുന്നതുപോലെ വെള്ളച്ചാട്ടം. അതിനടിയിൽ രണ്ടുമൂന്നു കുത്തുകളിട്ടതുപോലെയുണ്ട് ഗ്രാമം. അവിടേക്കു നടന്നെത്തണം!  

 

നടക്കുമോടേയ്? നടക്കും. നടക്കണം. കാരണം ലോകത്തിലെ അത്യപൂർവ കാഴ്ചയാണു നമ്മെ കാത്തിരിക്കുന്നത്. വിശ്രമശേഷം വീണ്ടും അടുത്ത മലയിലേക്ക്. അങ്ങനെ മലയിറങ്ങി മലകയറി ആ നടപ്പാതയിലെ പടവുകൾ അങ്ങനെ കിടക്കുന്നു. ഒരു ശലഭം ചങ്ങാതിമാരുടെ കാലുകളിലൊന്നിൽ ചുംബിക്കുന്നുണ്ട്. കാലിലെ ഉപ്പുരസം നുകരുകയാണോ കക്ഷി? അതോ എണീക്കാനുള്ള പ്രചോദനം നൽകുകയാണോ? എന്തായാലും ഞങ്ങൾ നടപ്പു തുടർന്നു. അത്തവണ പടവുകൾ എണ്ണാനാരും കൂട്ടാക്കിയില്ല. ഒരേയൊരു ലക്ഷ്യം വേരുപാലം.  

 

ആരാണാ കാട്ടിൽ താമസിക്കുന്നവർ?         

 

ഖാസിവിഭാഗക്കാർ തന്നെയാണ് നിവാസികൾ. അസാമിലെയും മേഘാലയയിലെയും ആദിമക്കാർ. ഉൾക്കാട്ടിൽ താമസിക്കുന്ന ഖാസികൾ എന്തിനാണ് വേരുപടർത്തി പാലമുണ്ടാക്കുന്നത്? ലോകത്തെ ഏറ്റവും നനവേറിയ സ്ഥലങ്ങളിലൊന്നാണ് സോഹ്റ എന്നറിയാമല്ലോ. അവിടെ മഴയും വെള്ളവുമില്ലാത്ത സമയം കുറവായിരിക്കും. കുത്തിയൊഴുകുന്ന ചെറുനദികൾ വൻകിടങ്ങുകളാണ് സൃഷ്ടിക്കുന്നത്. ഈ നദികൾ മറികടക്കാൻ ഖാസികൾ കണ്ടെത്തിയ വിദ്യയാണ് വേരുപാലങ്ങൾ. ഇവയ്ക്കു മുൻപേ തൂക്കുപാലങ്ങൾ കടക്കണം.   

 

ഞങ്ങൾ ആദ്യത്തെ തൂക്കുപാലം കടക്കാനൊരുങ്ങി. ആടിയുലയുന്ന കമ്പിപ്പാലത്തിനടിയിലൂടെ അലറിപ്പതഞ്ഞൊഴുകുന്നൊരു കാട്ടരുവി. താഴേക്കുനോക്കിയാൽ നടക്കാനുള്ള ധൈര്യം പോകും. കയ്യിലാണെങ്കിൽ ക്യാമറയുമുണ്ട്. ഒരു കണക്കിലാണ് അക്കരെയെത്തിയത്. ഇതേ അവസ്ഥയാണോ വേരുപാലത്തിന്?  

 

കഥയിങ്ങനെ പറഞ്ഞും കേട്ടും നടന്നു മുന്നേറുന്നതിനിടയിൽ ഞങ്ങളെയൊരു ചേട്ടൻ മറികടന്നു പോയി. തലയിൽകൊളുത്തിയിട്ട ചാക്കിൽ നിറയെ അരിയാണ്. അമ്പതു കിലോയുണ്ടാകും. ഇപ്പോഴും അവശ്യസാധനങ്ങൾ പോലും തലച്ചുമടായി കൊണ്ടുവരേണ്ട അവസ്ഥയാണ് ഗ്രാമത്തിലുള്ളവർക്ക്. പിന്നെയെങ്ങനെ പാലം നിർമിക്കാനുള്ള കല്ലും മണ്ണും സിമന്റും കൊണ്ടുവരും? അല്ല അങ്ങനെ കൊണ്ടുവരുന്നതിന്റെ ആവശ്യമെന്താ? ചിറാപുഞ്ചി കുലുങ്ങിയാലും വേരുപാലത്തിനു കുലുക്കമുണ്ടാകില്ല. അത്ര ബലവത്താണ് ജീവസ്സുറ്റ ആ പാലങ്ങൾ. ആ ചേട്ടന്റെ സിക്സ്പാക്ക് ബോഡിപോലെത്തന്നെ കരുത്തുണ്ടായിരിക്കും പാലത്തിനും, തീർച്ച.  

 

ഗ്രാമത്തിലെത്തുമ്പോൾ നമുക്ക് അതിന്റെ ബലമറിയാം. ഏതാണ്ടു മുഴുവൻ പടവുകളും നടന്നു ചെല്ലുന്നതു തന്നെ വേരുപാലത്തിലേക്കാണ്. ഒരു കുടിലിന്റെ മുറ്റത്തേക്കാണ് ആ പാലം നമ്മെ നയിക്കുക. അരുവിയൊരെണ്ണം രമിച്ചുമദിച്ചു പായുന്നുണ്ടതിന്നടിയിലൂടെ.  

 

എങ്ങനെയാണീ പാലങ്ങളുണ്ടാക്കുന്നത്? 

 

പാലം കൊണ്ടു ജീവിക്കുന്നവരെപ്പറ്റി ധാരാളം കേട്ടിട്ടുണ്ടായിരിക്കുമല്ലോ. എന്നാൽ ജീവിതം കൊണ്ടു പാലം കെട്ടിയവരെപ്പറ്റിയോ? ഖാസികൾ മുപ്പതോ മുപ്പത്തഞ്ചോ വർഷം പ്രയത്നിച്ചാണ് ഒരു വേരുപാലമുണ്ടാക്കുന്നത്. അരുവിക്കരയിലെ ആൽ ഇനത്തിലെ മരങ്ങളുടെ  വേരുകൾ ശ്രദ്ധാപൂർവം അക്കരയ്ക്കു പടർത്തി പടർത്തിയാണ് പാലമുണ്ടാക്കുക. ആദ്യം താങ്ങുകൾ നൽകും. പിന്നെപ്പിന്നെ മരംതന്നെ തന്റെ വേരുകളാൽ പാലത്തിനു ബലമേകും. എന്തൊരു ഉറപ്പാണതിന്! 

പാലത്തിന്റെ ‘ഫ്ലോർ’ കല്ലും പലകയും മറ്റും വച്ച് നിറച്ചിട്ടുണ്ട്. ഞങ്ങൾ മൂന്നുപേരും പാലത്തിൽവച്ചു ചാടിനോക്കി. കുലുങ്ങുന്നില്ല ആ വേരുപാലം. 

ചാട്ടം കണ്ടിട്ടാണോ ആവോ കുടിലിനു മുന്നിലിരുന്ന കുട്ടികൾ ഓടിയൊളിച്ചു. പ്രത്യേക രീതിയിലാണ് ഖാസിസ്ത്രീകൾ ചേല ചുറ്റുന്നത്. ശരീരം മുഴുവൻ പൊതിയുന്ന തരത്തിലൊരു ഒറ്റവസ്ത്രം. പിന്നിൽ കുട്ടിയെ ചേർത്തു കെട്ടാൻ മറ്റൊരു ചേല. നമ്മുടെ സെറീൻ ഹോം സ്റ്റേ മുകളിലുണ്ട്. ഇവിടെയൊന്നു താമസിക്കാനാണല്ലോ ഇത്രയും സാഹസപ്പെട്ടു വന്നത്.  

 

ഇരുനില വേരുപാലം 

    

ഇരുനിലയുള്ള (ഡബിൾ ഡക്കർ) വേരുപാലത്തിനടുത്താണ് സെറിൻ ഹോം സ്റ്റേ. വീട്ടുകാരനായ ബൈറോണും ഭാര്യ വയലറ്റും ഞങ്ങളെ സ്വീകരിച്ചു. റൂം കാണിച്ചുതന്നു. കൊച്ചുമുറികൾ. മിക്കതിലും രണ്ടു െബഡുകളുണ്ട്. ഒരുറൂമിന്റെ വാതിൽ തുറന്നാൽ മറ്റൊന്നിൽ തട്ടും എന്ന മട്ടിൽ ഒരു ഡോർമിറ്ററി ശൈലിയാണ് ഉൾവശത്തിന്. ഈർപ്പത്തിന്റെ വല്ലാത്തൊരു ഗന്ധം റൂമിലുണ്ട്. ഇന്ത്യൻരീതിയിലുള്ള പൊതുശുചിമുറിയാണുള്ളത്. ഇത്രേം നടന്നു ചെല്ലുന്നവർക്കതൊരു സ്വർഗം തന്നെയാണ്. റൂമിന്റെ അവസ്ഥയൊന്നും നോക്കിയില്ല. നാട്ടിലെ ഓർമയിൽ തോർത്ത് എടുത്ത് ഡബിൾഡക്കർ പാലത്തിനടുത്തേക്ക് ഓടി. അരീക്കോടുനിന്നും മിടുക്കൻമാർ ഞങ്ങൾക്കു മുൻപേ പുഴയിൽ നീരാടാനിറങ്ങിയിട്ടുണ്ട്. ഈ വെള്ളമാണു നാം മുൻപ് വെള്ളദുപ്പട്ടപോലെ കണ്ടത്.  ഒരു കുഞ്ഞു വെള്ളച്ചാട്ടം കഴിഞ്ഞ് കുളം പോലെയാകുന്നു ആ അരുവി. നമ്മുടെ പശ്ചിമഘട്ടത്തിലെ അതേ അരുവിക്കാഴ്ച. പരന്നൊഴുകുന്ന ജലവിതാനത്തിനു മുകളിൽ രണ്ടു തട്ടുള്ള േവരുപാലം. എന്തൊരു കാഴ്ചയാണത്! പ്രകൃതിയുമായി താദാത്മ്യം പാലിക്കുന്ന നിർമാണരീതിയുടെ അദ്ഭുതം വാക്കുകളിലൊതുങ്ങുകയില്ല. ചുരുങ്ങിയത് അരനൂറ്റാണ്ടെങ്കിലുമെടുക്കും ഇത്തരമൊരു നിർമിതി പൂർത്തിയാവാൻ. വേരുകൾ വളഞ്ഞുപുളഞ്ഞ് നദി താണ്ടുന്നതു കാണാൻ പറ്റുകയെന്നതുതന്നെ ഭാഗ്യം. നടപ്പാതയിൽ വിടവുള്ളിടത്ത് പലകകളും കല്ലുകളും വച്ച് അടച്ചിട്ടുണ്ട്. ഡബിൾ ഡക്കറിന്റെ മുകളിൽ മൂന്നാമതൊരു തട്ടുകൂടി നിർമാണത്തിലുണ്ട്. ആ രണ്ടു തട്ടിലും നമുക്കു നടക്കാം. ചാടാം. ആടാം.  

 

സെറീൻ ഹോം സ്റ്റേയിലേക്ക് 

 

കുളി കഴിഞ്ഞ് ഹോംസ്റ്റേയിൽ എത്തുമ്പോൾ ബൈറോൺ അടുക്കളയിലാണ്. ഇളയ കുട്ടിയെ തുണിയിൽ പൊതിഞ്ഞുപുറത്തുകെട്ടി വച്ചിട്ടാണ് പാചകം! അഞ്ചു കുട്ടികളുണ്ട് ആ ദമ്പതികൾക്ക്. ഖാസിവർഗക്കാരുടെ ആരോഗ്യം നമ്മെ അസൂയപ്പെടുത്തും. ഇങ്ങനെ ശാന്തസുന്ദരമായ ലോകത്ത്, എന്നും ഇത്രയും പടവുകൾ ഇറങ്ങിക്കയറിക്കഴിയുന്ന അവർക്ക് ആരോഗ്യമില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ? 

‘‘ ഈ ഫ്രിഡ്ജ് നോക്കൂ... ഇതു ഞാനും എന്റെ അമ്മായിയപ്പനും കൂടി ചുമന്ന് എത്തിച്ചതാണ്’’ ബൈറോണിന് അൻപതു വയസ്സായിക്കാണും. അപ്പോൾ അമ്മായിയപ്പനോ? ഇത്രേം പടവുകൾ നടന്നിട്ടുതന്നെ ഞങ്ങൾ തളർന്നു ബൈറോണേട്ടാ എന്നു മനസ്സിലോർത്തു. ഒൻപതുമണിക്കു മുൻപേ രാത്രിഭക്ഷണം കഴിക്കണമെന്നത് അലിഖിത നിയമമാണ്. അതിഥികൾ വേറെ, ആതിഥേയർ വേറെ എന്ന മട്ടൊന്നുമില്ല. ബൈറോണും കുടുംബവുമൊത്ത് അത്താഴം. മുൻകൂട്ടി പറയുന്നതിനനുസരിച്ച് വിഭവങ്ങൾ കൂടും. അതിനനുസരിച്ച് ചാർജും. 

 

ഭക്ഷണശേഷം കാരംസ് ബോർഡിൽ ഒരു കൈ നോക്കി. ഫോണിനു റേഞ്ച് ഇല്ലാത്ത  തിനാൽ കാരംസ് ഒക്കെത്തന്നെയാണ് സമയം കൊല്ലികൾ. ബൈറോൺ തന്റെ ഭാഷയിലെ ചില വാക്കുകൾ പറഞ്ഞുതന്നു. പാ– അച്ഛൻ. മേയ്– അമ്മ. ജിൻകിൻ– പാലം. ഡബിൾ ഡക്കർ– ജിൻകിംഗ് അരാമലാ... കടിച്ചാൽ പൊട്ടാതായപ്പോൾ ബൈറോണിനോടു ബൈ പറഞ്ഞു ഞങ്ങൾ കൊതുകുവലയ്ക്കുള്ളിലേക്കു നൂണ്ടു കയറി. ചെറുകൊതുകുകൾ കിന്നാരം മൂളിയെത്തുന്നുണ്ട്. അതുകാര്യമാക്കിയില്ല. കാട്ടിലാണെങ്കിലും നാൽപ്പത്തഞ്ചുകുടുംബങ്ങളിലായി ഇരുനൂറിലധികം പേർ ഈ ഉൾവനഗ്രാമത്തിലുണ്ടത്രേ. അവരെല്ലാം സന്തോഷവതി–വാൻമാരാണെന്നതറിയുമ്പോൾ നിങ്ങൾക്കും തോന്നും  സന്തോഷം. പ്രാതൽ കഴിച്ച് ഇരുനിലപ്പാലത്തെ പിന്നിലാക്കി തിരികെ നടന്നു. ഏറ്റവും നീളം കൂടിയ വേരുപാലം വഴിയിലുണ്ട്. ‘മഴ പെയ്യുമെന്നാ തോന്നണേ’ എന്നാരോ ആത്മഗതം ചെയ്തു. പക്ഷേ, പെയ്തില്ല. പകരം മൂടൽമഞ്ഞ് പുണരുന്നുണ്ടായിരുന്നു ആ മലനിരകളെയും വേരുപാലങ്ങളെയും. 

 

(പ്രവീൺ എളായി എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഇന്ത്യൻ സഫാരി എന്ന പുസ്തകത്തിൽ നിന്ന്. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള യാത്രകള്‍ കോർത്തിണക്കിയ പുസ്തകം.)

 

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

English Summary: Indian Safari book by Praveen Elayi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com