‘യേശുദാസിന്റെ കഴിവിൽ ഒരു പോറൽപോലും ഏറ്റിട്ടില്ല എന്നു കാണിക്കാൻ മനഃപൂർവം ചെയ്ത ആ ഗാനം’

yesudas-1
യേശുദാസ്
SHARE

പറന്നു പറന്ന് രവീന്ദ്രൻ ഈണങ്ങൾ 

പതിറ്റാണ്ടുകൾ മുൻപാണ്. സംഗീതസംവിധായകൻ കണ്ണൂർ രാജനും അസിസ്റ്റന്റ് രാജേന്ദ്ര ബാബുവും (പിൽക്കാലത്ത് ഇന്ത്യാ ടുഡേയിൽ ജേണലിസ്റ്റ്) കോടമ്പാക്കത്തെ ആർക്കോട്ട് റോഡിലൂടെ നടന്നുപോവുകയായിരുന്നു. പെട്ടെന്ന് ഒരു വെള്ള കാർ അവരുടെ അടുത്തുവന്നു നി‍ർത്തി. ‘രണ്ടാളും കയറിക്കേ’ എന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ യേശുദാസ്! അവർ കയറി. ദാസ് ചോദിച്ചു. ‘ബാബുവിന് രവി താമസിക്കുന്ന വീട് അറിയുമോ?’ 

‘അറിയാം, ചൂളൈമേട്ടിലാണ്.’ 

ദാസ് ഡ്രൈവർ തങ്കപ്പനോടു പറഞ്ഞു. ‘ബാബു പറയുന്നിടത്തേക്ക് വണ്ടി വിട്.’ 

ബാബു ചെല്ലുമ്പോൾ ഒരു ലുങ്കിയുടുത്ത് രവി മുറിയിൽ ഇരിക്കുന്നു. ‘ദാസേട്ടൻ വിളിക്കുന്നു’ എന്നു പറഞ്ഞപ്പോൾ ഒരു ഷർട്ടെടുത്തിട്ട് ഓടി കാറിനടുത്തു വന്നു. 

‘കയറ്’ എന്നു പറഞ്ഞ് ദാസ് രവിയെ കാറിനകത്തേക്കു ക്ഷണിച്ചു. 

ഏതാണ്ട് 20 മിനിറ്റ് നീണ്ട സംസാരം. രവി മടങ്ങി. തിരികെ കാറിൽ പോകുമ്പോൾ ബാബുവിനോടും കണ്ണൂർ രാജനോടും ദാസ് പറഞ്ഞു. ‘അവൻ പാട്ടുകാരനാവാൻ വന്നതാ, എന്തോ രക്ഷപ്പെടാൻ കഴിഞ്ഞില്ല. അവനെ ഞാൻ മ്യൂസിക് ഡയറക്ടർ ആക്കാൻ പോവുകയാ. ശശികുമാർ സാറിന്റെ ‘ചൂള’ എന്ന പടം ഞാനവനു പിടിച്ചുകൊടുത്തു. അതുപോലെ അവന്റെ പേരും മാറ്റാൻ പോവുകയാ. അവന്റെ അച്ഛൻ ഇട്ട പേര് ‘രവീന്ദ്രൻ’ എന്നാണ്. അവൻ ‘കുളത്തൂപ്പുഴ രവി’ എന്നാണ് അറിയപ്പെടാൻ ആഗ്രഹിക്കുന്നത്. രവി എന്നു പറഞ്ഞാൽ സൂര്യൻ എന്നാണർഥം. കുളത്തിലും പുഴയിലും കിടന്നാൽ സൂര്യനു പ്രകാശിക്കാൻ കഴിയില്ല. അതുകൊണ്ട് അവന്റെ അച്ഛൻ ഇട്ട പേരാണു നല്ലതെന്ന് അവനോടു ഞാൻ പറഞ്ഞു.’ 

yesudas-2

നവരത്നാ മൂവിമേക്കേഴ്സിന്റെ ചിത്രമായിരുന്നു ചൂള. രവീന്ദ്രന്റെ പേര് നിർമാതാവിനെയും സംവിധായകനെയും പറഞ്ഞു സമ്മതിപ്പിച്ചതു യേശുദാസ് തന്നെയാണ്. ഗാനരചന – സത്യൻ അന്തിക്കാട്. 

കേൾക്കാത്ത ശബ്ദം 

അതുവരെ കേൾക്കാത്ത ഒരു യേശുദാസിനെയാണ് രവീന്ദ്രൻ തന്റെ ആദ്യ ഗാനമായ ‘താരകേ മിഴിയിതളിൽ കണ്ണീരുമായി...’ എന്ന ഗാനത്തിൽ ആസ്വാദകർക്കു മുന്നിൽ അവതരിപ്പിച്ചത്. ദേവരാജനിലും ദക്ഷിണാമൂർത്തിയിലും കെ. രാഘവനിലും സലിൽ ചൗധരിയിലുമൊന്നും കേട്ടിട്ടില്ലാത്ത യേശുദാസിന്റെ ആലാപനസിദ്ധിയുടെ അനന്യമായ ഒരു തലം. 

ഒരുപക്ഷേ, രവീന്ദ്രൻ, ജോൺസൺ എന്നീ സംഗീതസംവിധായകർ ഇല്ലായിരുന്നെങ്കിൽ യേശുദാസ് മലയാളത്തിൽ ഇത്ര ദീർഘനാൾ ചലച്ചിത്രസംഗീതത്തിന്റെ ഭാഗമായി നിലനിൽക്കാൻ ഇഷ്ടപ്പെടുമായിരുന്നോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന് ഒരു വെല്ലുവിളിയും ഇല്ലാത്ത ഈണങ്ങൾ പാടിപ്പാടി മടുക്കുമ്പോഴൊക്കെ തന്നിലെ ഗായകനു പ്രചോദനമായി ജോൺസണും വെല്ലുവിളിയായി രവീന്ദ്രനും ഈണങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. യേശുദാസിനെ രവീന്ദ്രൻ ഊറ്റിയെടുത്തു എന്നുപോലും വിമർശനമുണ്ടായി. ‘ഞാൻ ഉണ്ടാക്കിയ ഈണം കണ്ടോ?’ എന്നു വെല്ലുവിളിക്കും മട്ടിലുള്ള കംപോസിഷനും ‘ഞാൻ അതു പാടിയതു കണ്ടോ?’ എന്ന മട്ടിലുള്ള ആലാപനവുമായി രവീന്ദ്രനും യേശുദാസും മത്സരിച്ചപ്പോൾ മലയാളികൾക്ക് ഒരുപാടൊരുപാടു നിത്യഹരിത ഗാനങ്ങൾ ലഭിച്ചു. കുടജാദ്രിയും പ്രമദവനവും ദീനദയാലോയും മൂവന്തി താഴ്‌വരയും മേടമാസപ്പുലരിയും മഞ്ഞക്കിളിയുടെ മൂളിപ്പാട്ടും ദേവസഭാതലവും ഹരിമുരളീരവവും... അങ്ങനെയങ്ങനെ വിസ്മയിപ്പിക്കുന്ന ഈണവും ആലാപനവുമായി ആ കൂട്ടിന്റെ ഇന്ദ്രജാലം തീർത്ത വിസ്മയഗാനങ്ങൾ. 

‘രവി എനിക്ക് സ്വാതന്ത്ര്യം തന്നു’ 

യേശുദാസ് പറയുന്നു: രവി എന്റെ ശബ്ദം നന്നായി നിരീക്ഷിച്ച് അതിനു പറ്റുന്ന നല്ല പാട്ടുകൾ ഉണ്ടാക്കി. എനിക്കു നല്ല സ്വാതന്ത്ര്യം തന്നു. ‘ഇതാണു ഞാൻ ഉണ്ടാക്കിയിരിക്കുന്ന ട്യൂൺ. ഇനി ദാസേട്ടന്റെ സ്വാതന്ത്ര്യം’ എന്നു പറയും. പാടാൻ നല്ല സ്വാതന്ത്ര്യം കിട്ടി എന്നു കരുതി ഞാൻ ഒരിക്കലും അവനുണ്ടാക്കിയ ഫ്രെയിം മറികടന്നിട്ടില്ല. 

ithihaasa-gaayakan-yesudasinte-sangeetham-jeevitham

യേശുദാസിനെ പരമാവധി ചിട്ടയിൽ പാടിച്ച സംഗീതസംവിധായകനാണ് ദേവരാജൻ. ചലച്ചിത്രഗാനാലാപനത്തിൽ ദാസിന് ഏറ്റവും കൂടുതൽ പാഠങ്ങൾ പകർന്നുകൊടുത്തിട്ടുള്ള ഗുരുവാണ് അദ്ദേഹം. ചിട്ടപ്പെടുത്തിയ ഈണത്തിൽനിന്നു പാട്ടുകാരുടെ വകയായ ഒരു ചെറിയ വ്യതിചലനംപോലും അംഗീകരിക്കാത്ത കാർക്കശ്യം ദേവരാജൻ ശൈലിയുടെ പ്രത്യേകത ആയിരുന്നു. യേശുദാസിനെക്കൊണ്ട് ഒരുപാടു നല്ല പാട്ടുകൾ പാടിച്ച എം.കെ. അർജുനൻ, ജോൺസൺ തുടങ്ങിയവരും ദേവരാജൻശൈലിയോടു മമതയുള്ളവരായിരുന്നു. ദക്ഷിണാമൂർത്തി, ബാബുരാജ് എന്നിവർ യേശുദാസിന് ഒരുപാട് ആലാപന സ്വാതന്ത്ര്യം നൽകി. നന്നായി സംഗീതം പഠിച്ചിട്ടുള്ള ദാസിന്റെ അറിവിനെ അംഗീകരിക്കുന്ന, 

അതിനോടു മമത പുലർത്തുന്ന സംഗീത സമീപനമായിരുന്നു അവരുടേത്. രവീന്ദ്രൻ ഇതിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു. ബുദ്ധിയിൽ യേശുദാസ് സ്വായത്തമാക്കിയിട്ടുള്ള സംഗീതത്തിനുമപ്പുറം, ദാസിന്റെ ഹൃദയത്തിലെ സംഗീതം പുറത്തുകൊണ്ടുവരുന്നതിലും ഓരോ പാട്ടിലും ദാസിലെ ഗായകനു വെല്ലുവിളി ഉയർത്തുന്നതിലുമായിരുന്നു രവീന്ദ്രന്റെ ശ്രദ്ധ. അതുകൊണ്ടുതന്നെ രവീന്ദ്രൻഗാനങ്ങൾ യേശുദാസിന്റെ പതിനായിരക്കണക്കായ ഗാനങ്ങളിൽ ഒരു പ്രത്യേക സ്കൂളായി നിലനിൽക്കുന്നു. 

കുശലം പറഞ്ഞ് പാട്ടിലേക്ക് 

ദാസിന്റെ ഉള്ളിലെ സംഗീതം പുറത്തുകൊണ്ടുവരാൻ രവീന്ദ്രനു ചില രീതികൾ ഉണ്ടായിരുന്നു. സ്റ്റുഡിയോയിൽ എത്തിയാൽ ആദ്യമേയൊന്നും പാട്ടിനെപ്പറ്റി രവീന്ദ്രൻ സംസാരിക്കുകയേയില്ല. ദാസിന്റെ യുഎസിലെ വീട്ടിലെ വിശേഷങ്ങളും മറ്റുമാണു ചർച്ച ചെയ്യുക. പിന്നെ സുഹൃത്തുക്കളുടെ വിശേഷമായി. കുശലാന്വേഷണവും തമാശകളും നേരമ്പോക്കുകളുമായി ദാസിനെ പരമാവധി നല്ല മൂഡിലാക്കും.  ചുമതലാബോധങ്ങളുടെ കെട്ടുപാടിൽനിന്നു ദാസ് പരമാവധി വിമുക്തമായി അയഞ്ഞിരിക്കുന്ന നിമിഷം രവീന്ദ്രൻ പെട്ടെന്നു പാട്ടിലേക്കു കടക്കും. ‘ഇതാണ് എന്റെ ഈണം. ഇനി ദാസിന്റെ ഇഷ്ടത്തിനു പാടിക്കോ’ എന്നു പറഞ്ഞു പാടാൻ വിടും. ഈ സമീപനത്തിലൂടെത്തന്നെ ആ 

പാട്ട് ദാസിന്റെ ആവിഷ്കാരമികവിനു മുന്നിലെ വെല്ലുവിളിയായി മാറും. ആ പ്രചോദനത്തിന്റെ പൂർത്തീകരണമാണു രവീന്ദ്രൻ ഈണങ്ങളിൽ 

സംഭവിക്കുന്നത്. ദാസ് പറയുന്നതുപോലെ ‘രവീന്ദ്രൻ ഒരുക്കിയ ഫ്രെയിമിനു പുറത്തു ചാടാതെ’ ഈണവുമായി ദാസ് നടത്തുന്ന ഒരു പറക്കൽ. 

ഹരിമുരളീരവം മനഃപൂർവം ചെയ്തത് 

mohanlal

‘ആറാം തമ്പുരാൻ’ സിനിമയിൽ രവീന്ദ്രന്റെ സംഗീതത്തിൽ യേശുദാസ് പാടിയ ‘ഹരിമുരളീരവം....’ ഗായകർക്കെല്ലാം വെല്ലുവിളിയും ആസ്വാദകർക്കെല്ലാം അവാച്യമായ അനുഭൂതിയുമാണ്. ‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ പ്രമദവനവും ആറാം തമ്പുരാനിലെ ഹരിമുരളീരവവും രവീന്ദ്രൻ– യേശുദാസ് കൂട്ടുകെട്ടിലെ ഏറ്റവും വ്യത്യസ്തതയുള്ള ഗാനങ്ങളായി പരിഗണിക്കുന്നവരുണ്ട്. വിവിധ സ്ഥായികളിലെ, പ്രത്യേകിച്ചു താരസ്ഥായിയിലെ ആലാപന മികവാണ് ഈ രണ്ടു ഗാനത്തെയും വേറിട്ടു നിർത്തുന്നത്. ഇതിൽ ഹരിമുരളീരവം എന്ന ഗാനം മനഃപൂർവം ചെയ്തതാണ് എന്നു രവീന്ദ്രൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ: ‘ഒരു കാലത്തു ദാസേട്ടനെ പുകഴ്ത്തി നടന്നിരുന്ന ആളുകൾ പെട്ടെന്ന് അദ്ദേഹത്തെ വിമർശിക്കുന്നതു ഞാൻ കേട്ടു, ദാസേട്ടനു ശബ്ദം പൊങ്ങുന്നില്ല, ശ്വാസം നിൽക്കുന്നില്ല തുടങ്ങിയ ദുഷിപ്പുകളാണ് ഇവർ പറഞ്ഞു പരത്തിയത്. ഇവരോട് എനിക്കു മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല, പക്ഷേ, ജോലിയിലൂടെ അതു കാണിച്ചു കൊടുക്കണം എന്നാഗ്രഹിച്ചു. ദാസേട്ടന് ഒന്നും സംഭവിച്ചിട്ടില്ല, അദ്ദേഹത്തിന്റെ കഴിവിൽ ഒരു പോറൽപോലും ഏറ്റിട്ടില്ല എന്നു കാണിച്ചുകൊടുക്കാൻ മനഃപൂർവം ചെയ്തതാണു 12 മിനിറ്റ് വരുന്ന ആ പാട്ടും അതിലെ 24 ബാർ നീണ്ടു നിൽക്കുന്ന ആലാപനവും. ഞാൻ തന്നെയാണ് അതു ട്രാക്ക് പാടിയത്. ആ പാട്ട് ഇറങ്ങിയതോടെ വിമർശകരുടെ നാവടഞ്ഞു.’ 

ഹരിമുരളീരവത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. യേശുദാസ് വളരെ ദേഷ്യത്തിലിരിക്കുന്ന കാലത്താണ് ഈ പാട്ടിന്റെ റിക്കോർഡിങ് നടക്കുന്നത്. സംഗീതവുമായി വലിയ ബന്ധമൊന്നുമില്ലാത്ത ഒരു പ്രമുഖ വ്യക്തി ദാസിനെ വിമർശിച്ചു സംസാരിച്ചു. അത് അദ്ദേഹത്തിന്റെ ചെവിയിൽ എത്തി. മറ്റൊരു സംഗതിയിലും അദ്ദേഹത്തിന്റെ മനസ്സ് കാലുഷ്യത്തിലായിരുന്നു. ആ സമയത്താണ് ഇതിന്റെ റിക്കോർഡിങ് വന്നത്. ഒരുപക്ഷേ, അതിന്റെയൊക്കെ ഒരു ചെറിയ വാശികൂടി ഇതു പാടുമ്പോൾ ദാസിന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം. 

രവീന്ദ്രനും യേശുദാസുമായി ഈ പാട്ടിന്റെ ചർച്ച നടന്നതു രവീന്ദ്രന്റെ വീട്ടിൽ വച്ചാണ്. ഒരു ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ ചെന്നൈയിലെ രവീന്ദ്രന്റെ വീട്ടിൽ ദാസ് കയറിവന്നു. ‘അടുത്തുള്ള സ്റ്റുഡിയോയിൽ റിക്കോർഡിങ്ങിനു വന്നതാണ്. അവിടെ മെഷീൻ കേടായി. കുറച്ചു സമയം കിട്ടി. അപ്പോൾ നിന്നെ ഒന്നു കണ്ടേക്കാം എന്നു കരുതി.’ ഹരിമുരളീരവം പാട്ട് ട്രാക്ക് പാടി വച്ചിരിക്കുന്ന സമയമായിരുന്നു അത്. കിട്ടിയ അവസരം രവീന്ദ്രൻ ഫലപ്രദമായി ഉപയോഗിച്ചു. പാട്ടിന്റെ സന്ദർഭവും പ്രത്യേകതയുമൊക്കെ സമയമെടുത്തുതന്നെ വിവരിച്ചു പഠിപ്പിച്ചു കൊടുത്തു. ഗൃഹാന്തരീക്ഷത്തിലെ ആ ചർച്ച പാട്ടിനു ഗുണം ചെയ്തെന്നു രവീന്ദ്രൻ പറഞ്ഞിട്ടുണ്ട്. 

യേശുദാസ് തന്നെ കേൾപ്പിക്കാനായി വളരെ കുറച്ചു പാട്ടുകളുടെ ടേപ്പുകളേ റിക്കോർഡിങ്ങിനുശേഷം സ്റ്റുഡിയോയിൽനിന്നു കൊണ്ടുവന്നിട്ടുള്ളൂ എന്നു ഭാര്യ പ്രഭ ഓർമിക്കുന്നു. അത്ര ഇഷ്ടപ്പെട്ടെങ്കിൽ മാത്രമേ അന്നുതന്നെ കേൾപ്പിക്കൂ. അങ്ങനെ കൊണ്ടുവന്നു കേൾപ്പിച്ചിട്ടുള്ള വിരലിലെണ്ണാവുന്ന ഗാനങ്ങളിൽ രണ്ടെണ്ണം രവീന്ദ്രൻ സംഗീതം ചെയ്തതാണ്. ഒന്ന്. ഏഴ് സ്വരങ്ങളും, രണ്ട്. ഹരിമുരളീരവം. 

(മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘ഇതിഹാസ ഗായകൻ-  യേശുദാസിന്റെ സംഗീതവും ജീവിതവും’ എന്ന പുസ്തകത്തിൽ നിന്ന്)

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Ithihaasa Gaayakan: Yesudasinte Sangeetham, Jeevitham book by Shajan C. Mathew

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MANORAMA BOOKS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA