‘യാത്രയിലാണു ഞാൻ വായനയിൽ സുഖകരമായി മുഴുകുന്നത്’ ഡോ. പി.സി. തോമസിന്റെ സഞ്ചാരങ്ങൾ

Dr.-PC-Thomas-book
SHARE

സാഹിത്യവും സഞ്ചാരവും

എനിക്കു വേണ്ടത് ഒരു വീടും ആഹ്ളാദമുള്ള ഒരു കുടുംബവും മാത്രമായിരുന്നു. നീ എനിക്ക് അതിലെത്രയോ അധികം തന്നു (എൽസമ്മ അവളുടെ അറുപതാം പിറന്നാളിൽ പറഞ്ഞത്). സഞ്ചാരങ്ങളും വായനയും എന്റെ ഏറ്റവും തീവ്രമായ രസങ്ങളായിരുന്നു. ആവുന്നിടത്തോളം അതിൽ മുഴുകാനും ഞാ‌ൻ ശ്രദ്ധിച്ചിരുന്നു. കുഞ്ഞായിരിക്കുമ്പോൾത്തന്നെ എഴുത്തും വായനയും എന്നെ വശീകരിച്ചിരുന്നു. സ്കൂളിൽ പോകുന്നതിനു മുൻപ് പത്രങ്ങൾ വിശദമായി വായിക്കുന്ന ശീലം കുടുംബത്തിൽ ഉണ്ടായിരുന്നു. സായാഹ്നങ്ങളിൽ എന്റെ ചേട്ടന്മാരും അമ്മാവൻമാരും ഞാൻ പത്രങ്ങൾ കൃത്യതയോടെ വായിച്ചുവോ എന്ന് പരീക്ഷിക്കുമായിരുന്നു. പിന്നീട് കയ്യിൽ കൊണ്ടുനടക്കാവുന്ന ഒരു കുഞ്ഞു റേഡിയോ കിട്ടിയപ്പോൾ ബിബിസി എന്റെ നിത്യമായ സായാഹ്നസഹചാരിയായി മാറി. 

സാഹിത്യത്തോടും ക്ലാസിക്കുകളോടും എനിക്കുള്ള പ്രണയത്തിന്റെ വേരുകൾ പ്രഫ. ഷെപ്പേഡിന്റെ ക്ലാസ്മുറിയിൽനിന്നാണുണ്ടായത്. സായാഹ്നങ്ങളിൽ നിരന്തരമായി ഞാൻ അദ്ദേഹത്തെ സന്ദർശിക്കും. അദ്ദേഹം അൽപം മദ്യം ഒഴിച്ചു കഴിച്ച്, യേറ്റ്സിലും ഷേക്സ്പിയറിലും മുഴുകും. അത്രയും സമ്പന്നതയോടെ ഭാഷ ഉച്ചരിതമാകുന്ന സന്ദർഭങ്ങൾ പിന്നീടു ഞാൻ കേട്ടിട്ടില്ല. ഞാൻ ഈ സംഭാഷണങ്ങളുമായി കൂട്ടുകാരുടെ അടുത്തെത്തും. പക്ഷേ, അവർക്ക് സിനിമയും മറ്റുമായിരുന്നു താൽപര്യം. 

ഔപചാരികമായ പഠനം കൊണ്ടുമാത്രം വിവേകം ഉണ്ടാകില്ലെന്ന് അപ്പോഴേക്കും ഞാൻ മനസ്സിലാക്കിയിരുന്നു. എഴുത്ത്, വായന, സഞ്ചാരം, ഭാഷണം അങ്ങനെ അനേക വഴിയിലൂടെയാണു നമുക്കു വിവേകം ഉണ്ടാകുന്നത്. 

എത്രയോ കൊല്ലങ്ങളായി എഴുത്തും വായനയും എന്റെ ദിനചര്യയുടെ ഭാഗമാണ്. എന്റെ ഉറക്കമുറിയുടെ അരികിലുള്ള മേശയിൽ പല സ്വഭാവത്തിലുള്ള നാലോ അഞ്ചോ പുസ്തകം ഉണ്ടാകും. ഇടവിട്ട് ഞാനിതൊക്കെ വായിക്കുകയും ചെയ്യും. നോവലുകളും ജീവചരിത്രങ്ങളും ഉപന്യാസങ്ങളും ഗവേഷണപ്രബന്ധങ്ങളും ആ കൂട്ടത്തിലുണ്ടാകും. സ്കൂളിലെത്തിയാൽ കുട്ടികളോട് ഞാൻ പറയുന്ന ആദ്യത്തെ കാര്യം ഒഴിവു കിട്ടുന്ന ഓരോ നിമിഷവും വായനയ്ക്കായി മാറ്റിവയ്ക്കണം എന്നാണ്. കാര്യങ്ങൾ മനസ്സിലാക്കാൻ ഞാൻ ചെയ്യുന്ന നടത്തങ്ങൾക്കിടയിൽ ലൈബ്രറിയിലും എത്തും. രണ്ടു പേജുകൾക്കിടയിൽ വിടർന്നുവരുന്ന ലോകത്തിൽ സ്വയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കുട്ടികളെ കാണുമ്പോൾ എന്റെ ഹൃദയം ആഹ്ലാദംകൊണ്ട് നിറയും. 

യാത്രയിലാണു ഞാൻ വായനയിൽ സുഖകരമായി മുഴുകുന്നത്. എന്റെ കയ്യിലുള്ള പോക്കറ്റ് ഡയറിയിൽ കുറിപ്പുകൾ എഴുതും. ഭാവിയിൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ രേഖപ്പെടുത്തി വയ്ക്കും. ഞാൻ കാണുന്ന രസകരമായ പുരാവസ്തുക്കൾ, വാസ്തുശിൽപങ്ങൾ, ചരിത്രത്തിന്റെ കുഞ്ഞറിവുകൾ അതെല്ലാം നോട്ടുപുസ്തകത്തിൽ പകർത്തി വയ്ക്കും. ഇന്ന് ലോകത്തിന്റെ ഏതു മൂലയിലേക്കു യാത്ര ചെയ്യുവാനും നമുക്ക് കുറച്ചു മണിക്കൂറുകൾ മതി. പക്ഷേ, ഈ സൗകര്യങ്ങൾ ഉണ്ടായിരുന്നതിനു മുൻപ് നാം എല്ലായിടവും നടന്നു പോയിരുന്നു. എന്റെ അമ്മാവൻമാർ ഒരു ഗ്രാമത്തിൽനിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് അനേകം കൃഷിസ്ഥലങ്ങൾ കുറുകെ കടന്ന് പലവട്ടം നടന്നുപോകുന്നതിൽ ഒരു പ്രയാസവും കണ്ടിരുന്നില്ല. ആത്മവിചാരത്തിന്റെ അനുഗ്രഹം നമുക്കു നൽകുന്ന സന്ദർഭമാണ് നടപ്പുകൾ. മനസ്സിലുള്ള വിഷാദങ്ങളെ ഇഴപിരിച്ചെടുക്കാനും ഉള്ളിലും മുകളിലുമുള്ള അപാരമായ ദൈവവിശേഷത്തോടു ബന്ധിക്കാനും വിചാരശീലത്തിലേർപ്പെടാനും നടത്തം ഉപകരിക്കുന്നു. ശാന്തതയോടെ നടക്കാനുള്ള ശേഷി സമകാലിക ലോകത്തിനു നഷ്ടപ്പെട്ടിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. ഇന്ന് നടത്തം ലക്ഷ്യമിടുന്നത് മനസ്സിനെയല്ല. ശരീരത്തിന്റെ കാലറികൾ നഷ്ടമാകുന്നതിലാണ്. എന്നെ സംബന്ധിച്ചിടത്തോളം പ്രയാസങ്ങളെല്ലാം അഴിച്ചുകളയാനും ശാന്തനാകാനുമുള്ള ഉപാധിയാണ് നടപ്പ്. സമയം നിശ്ചയിച്ച് തിടുക്കപ്പെട്ടുള്ളതല്ല എന്റെ നടത്തം. തഞ്ചത്തിൽ, ശാന്തതയിലേക്കുള്ളതാണ് എന്റെ നടപ്പുശീലം. 

സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്നതിന്റെ ഏറ്റവും ദീപ്തമായ ഓർമ ബിജാപുരിൽ വച്ചുള്ളതാണ്. സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കുമുള്ള യാത്രയിൽ കാറ്റ് എന്റെ മുഖത്ത് മെല്ലെ തഴുകി പോകുന്നത് ഞാനാസ്വദിച്ചു. ആ ഇരുചക്രവാഹനം ഒരു കാറിനും തരാനാകാത്ത സ്വാതന്ത്ര്യബോധമാണ് എനിക്കു തന്നത്. ഞങ്ങൾ ഗുഡ്ഷെപ്പേഡ് സ്കൂൾ തുടങ്ങിയപ്പോൾ ഒരു സ്റ്റാൻഡേർഡ് ഹെറാൾഡ് കാർ വാങ്ങി. 6666 ആയിരുന്നു നമ്പർ പ്ലേറ്റിലെ എഴുത്ത്. പക്ഷേ, പിന്നീട് വാങ്ങിയ അംബാസഡർ കാറിലാണ് ഞാനേറ്റവും കൂടുതൽ യാത്ര ചെയ്തത്. സിംഗപ്പൂരിൽനിന്നു വാങ്ങിയ മ്യൂസിക് പ്ലെയർ ഞാനതിൽ സ്ഥാപിച്ചു. നീണ്ട യാത്രകളിൽ അതിലെ സംഗീതം ഒരു കൂട്ടായി. കാറിന്റെ ഉള്ള് അലങ്കരിക്കുന്നതോടൊപ്പം യാത്രയ്ക്കു രസം പകരാനുള്ള എന്തെങ്കിലുംകൂടി ഞാനതിൽ കരുതി. 

സ്കൂളും റോട്ടറിയും റൗണ്ട് ടേബിളും പിന്നീട് തുടങ്ങിയ വ്യവസായ സംരംഭങ്ങളുമെല്ലാം ദിവസങ്ങളോളം എന്നെ യാത്രയിൽ തളച്ചിരുന്നു. യാത്ര അനുഭവവും അറിവും ആയിരിക്കെത്തന്നെ രസകരമായിരിക്കാനും ഞാൻ ശ്രദ്ധിച്ചു. റാംജി മിക്കവാറും നിത്യമായ സഹയാത്രികനായിരുന്നു. ആഹാരശീലങ്ങളിൽ ചില നിർബന്ധങ്ങൾ ഉള്ളതുകൊണ്ട് ഞങ്ങളുടെ സഞ്ചാരങ്ങൾ പിക്നിക്കുകൾപോലെയാകാൻ എൽസമ്മ ശ്രദ്ധിച്ചിരുന്നു. ആദ്യകാലങ്ങളിൽ മറ്റൊരു സഹയാത്രികനായിരുന്നത് എന്റെ അടുത്ത സുഹൃത്തും സ്കൂളിന്റെ ഭരണ സമിതിയംഗവുമായ സുന്ദർ ആയിരുന്നു. 

ആന്റിക് സ്റ്റോറുകളിൽ കയറിയിറങ്ങാനുള്ള എന്റെ താൽപര്യത്തിൽ റാംജി എപ്പോഴും വിസ്മയിച്ചിരുന്നു. ഓരോ യാത്രയും എന്തെങ്കിലും കുഞ്ഞുകൗതുകങ്ങൾ വീട്ടിൽ കൊണ്ടുവരാനുള്ള അവസരം ആയിരുന്നു. ബോംബെ എയർപോർട്ടിൽ എന്നെ തടഞ്ഞുനിർത്തിയ സംഭവം റാംജി ഇടയ്ക്കിടെ എന്നെ ഓർമിപ്പിക്കും. നെരിപ്പോടിനു വേണ്ടുന്ന ചില്ലറ പിത്തള ഉപകരണങ്ങൾ ഞാൻ വാങ്ങിയത് വിമാനത്തിൽ കൊണ്ടുവരാൻ അനുവദിച്ചില്ല. പിന്നീടത് കാർഗോയിൽ അയയ്ക്കേണ്ടി വന്നു. നാട്ടുഗ്രാമത്തിലെ വഴിവാണിഭക്കടയിൽനിന്നു വാങ്ങാവുന്ന കൗതുകങ്ങൾ അവിടെനിന്നു വാങ്ങിയ എന്റെ ബുദ്ധിവിവേകത്തെ ഏതോ സഹയാത്രികൻ പരിഹസിച്ചതായും റാംജി പറഞ്ഞു. 

തോന്നിയതെന്തും വാങ്ങുന്ന ശീലം എനിക്കുണ്ടായിരുന്നു. നിങ്ങൾ കാണുന്നു, നിങ്ങൾ ഇഷ്ടപ്പെടുന്നു, നിങ്ങൾ വാങ്ങുന്നു. എൽസമ്മ ജൂലിയസ് സീസറെ ഓർത്ത് എന്നെ കളിയാക്കും. വിശിഷ്ടമായ എഴുത്തുപേനകൾ മുതൽ വിലകൂടിയ മദ്യക്കുപ്പികൾ വരെ ഞാൻ വാങ്ങിക്കൂട്ടും. 

മധ്യപൂർവദേശത്തുനിന്നുമായിരുന്നു ആദ്യകാലത്ത് ഞങ്ങളുടെ വിദ്യാർഥികൾ അധികവും വന്നിരുന്നത്. രക്ഷകർത്താക്കളെ കാണാ‌ൻ വേണ്ടി എപ്പോഴും സാധ്യമായ ഇടങ്ങളിലേക്കെല്ലാം എൽസമ്മയും ഞാനും യാത്ര ചെയ്തിരുന്നു. നേരിട്ടുള്ള ആ കാണലുകൾ മാതാപിതാക്കന്മാരെ വളരെ സമാധാനിപ്പിച്ചു. ഞങ്ങളെ കാണുന്നതും സംസാരിക്കുന്നതും സ്കൂളിലെ സൗകര്യങ്ങൾ മനസ്സിലാക്കുന്നതും വലിയ പ്രയോജനമാണു ചെയ്തത്. പല ഇന്റർനാഷനൽ സ്കൂളുകളും സന്ദർശിച്ച് അവിടുത്തെ സൗകര്യങ്ങൾ മനസ്സിലാക്കാനും ഈ സഞ്ചാരങ്ങൾ ഉപകരിച്ചു. കേംബ്രിജ് സ്കൂൾ പ്രോഗ്രാമുകളെപ്പറ്റി ഞാൻ മനസ്സിലാക്കിയതും ഈ യാത്രകളിലാണ്. ഇന്റർനാഷനൽ സിലബസ് ഉയർന്ന ഗ്രേഡുകളിൽ കൊണ്ടുവരുന്നതിനെപ്പറ്റി ഞാൻ അന്നേ ശ്രദ്ധാലുവായിരുന്നു. എന്റെ പല സുഹൃത്തുക്കൾക്കും ഈ സന്ദർശനങ്ങൾ ഉപകാരപ്പെട്ടു. പലയിടങ്ങളിൽ ഇത്തരം സ്കൂളുകൾ തുടങ്ങുന്നതിനുള്ള ആലോചന അവർക്കുണ്ടായിരുന്നു. അവർ എന്റെ സഹായവും നിർദേശങ്ങളും ചോദിച്ചുകൊണ്ടിരുന്നു. എൽസമ്മയ്ക്ക് ഈ സഞ്ചാരങ്ങൾ പുതിയ പാചക പരീക്ഷണങ്ങൾക്കുള്ള ഉൾക്കാഴ്ചകൾ കൂടിയായിരുന്നു. ഒരുപാടു പേർക്കു ഭക്ഷണം പാകം ചെയ്തു നൽകാൻ വേണ്ടുന്ന സൗകര്യങ്ങൾ എന്തൊക്കെയായിരിക്കണമെന്ന് അവൾ ഈ യാത്രകളിൽ മനസ്സിലാക്കി. ഇടയ്ക്കിടെയുള്ള ഈ യാത്രകൾ ഞങ്ങൾക്ക് അനേകം സൗഹൃദങ്ങളും പ്രദാനം ചെയ്തു.  

ചരിത്രത്തിലെ കുപ്രസിദ്ധമായ ചില നിമിഷങ്ങൾക്കു സാക്ഷ്യം വഹിക്കാനും ഈ സഞ്ചാരങ്ങൾ ഉപകരിച്ചു. 1980 ലെ ഇറാൻ ഇറാഖ് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഞങ്ങൾ കുവൈറ്റ് അധിനിവേശ സ്ഥലത്തായിരുന്നു. ആദ്യത്തെ സംഭവത്തിൽ ഞങ്ങൾ സുരക്ഷിതരായിരുന്നെങ്കിലും 1990 ൽ വെടിയൊച്ചകളുടെ ശബ്ദം ഞങ്ങളെ അലട്ടിക്കൊണ്ടിരുന്നു. പൊതുവേ ശാന്തമായ മുഖഭാവമുള്ള അന്നാട്ടുകാർ ഒരു രാത്രികൊണ്ടു വിഷണ്ണരായി മാറുന്നതിനും ഞങ്ങൾ സാക്ഷ്യം വഹിച്ചു. സുരക്ഷിതത്വത്തെപ്പറ്റി മനുഷ്യർക്കുള്ള വിശ്വാസം എത്ര ചഞ്ചലമാണെന്നു ഞാൻ കണ്ടു. നാളയെപ്പറ്റിയുള്ള നമ്മുടെ തീർച്ചകളെ ക്ഷണനേരംകൊണ്ടു തുടച്ചുമാറ്റാൻ ഒരു ചെറിയ ഭീഷണിക്കുപോലും കഴിയും എന്നും അറിഞ്ഞു. 

എന്നാൽ ഞങ്ങളുടെ സഞ്ചാര സാഹസികതകൾ തുടങ്ങുന്നത് 1981 ൽ ആണ്, ഒര‌വധിക്കാലത്ത്. യൂറോപ്പ് സന്ദർശിച്ചപ്പോൾ യൂ റെയിലിലൂടെയുള്ള (1981ലാണ് ഫ്രാൻസിൽ ഔദ്യോഗികമായി യൂറോ റെയിൽ എന്ന പ്രയോഗം നിലവിൽ വന്നത്) യാത്രയും യൂറോപ്പിന്റെ തുറസ്സ് ഞങ്ങൾക്കു മുന്നിൽ അനാവൃതമാകുന്നതും കണ്ടപ്പോൾ. ഫ്രാൻസിലെ ലൂർദിലേക്കുള്ള തീർഥയാത്രയും ഞങ്ങൾ അത്തവണ നടത്തി. (1858ൽ ബർണാഡെറ്റ് സോബ്രിയാസിന്റെ മുന്നിൽ വി. മറിയം പലവട്ടം പ്രത്യക്ഷപ്പെട്ടെന്നു വിശ്വസിക്കുന്ന സ്ഥലമാണ് ലൂർദ്). ഒരുപാടു ദിവ്യാത്ഭുതങ്ങൾ നടന്ന ആ സ്ഥലം റോമ കത്തോലിക്കുകളുടെ പ്രധാനപ്പെട്ട തീർഥാടനകേന്ദ്രം കൂടിയാണ്. ലൂർദിലെ  ഗുഹാകവാടത്തിൽ നിൽക്കുമ്പോൾ ഉണ്ടായ അനുഭവം അഭൗമമായിരുന്നു. പിന്നെയും പിന്നെയും അവിടേക്കു മടങ്ങിപ്പോകാനും പ്രാർഥനയിൽ മുഴുകാനും ദൈവഹിതത്തിൽ നഷ്ടപ്പെടാനും ഞങ്ങൾക്കു തോന്നി. ജീവിതകാലത്ത് മൂന്നു വട്ടമെങ്കിലും ലൂർദ് സന്ദർശിക്കുമെന്നു ഞാനും എൽസമ്മയും സത്യം ചെയ്തു. വിശുദ്ധ ഫാത്തിമയെ സന്ദർശിക്കാൻ പോർച്ചുഗലിലേക്കു യാത്ര ചെയ്തു. യൂറോപ്പിനുള്ളിലും പുറത്തുമുള്ള അനേകം ദേവാലയ സന്ദർശനങ്ങൾ അവിസ്മരണീയങ്ങളായ അനുഭവങ്ങളായിരുന്നു. എന്നാൽ വത്തിക്കാൻ പ്രസരിപ്പിച്ച സമാധാനവും ദിവ്യതയും പ്രതീക്ഷിച്ചതിലും എത്രയോ മുകളിലായിരുന്നു. ദേവാലയങ്ങളിലെ മണിമുഴക്കങ്ങളും സംഗീതോപകരണങ്ങളുടെ സാന്ദ്രലയവും ഹ്രസ്വമായ രണ്ടു ദിവസങ്ങൾക്കിടയിൽപോലും ഞങ്ങളെ ദൈവസന്നിധിയിലേക്കെത്തിച്ചു. 

കുട്ടികൾ മുതിർന്നപ്പോൾ അവധിക്കാലങ്ങളിൽ അവരെയും യാത്രകളിൽ ഒപ്പം കൂട്ടി. അത്തരം ഒരു യാത്രയിലാണ് ഞങ്ങൾ കേംബ്രിജ് സന്ദർശിച്ചതും. ഗുഡ്ഷെപ്പേഡിൽ ഞങ്ങൾ തുടങ്ങാനിരുന്ന കേംബ്രിജ് പ്രോഗ്രാമിന്റെ ആദ്യ പ്രവർത്തനങ്ങൾക്കു വേണ്ടിയായിരുന്നു ആ സന്ദർശനം. സ്കൂളിനെ ഏതെല്ലാം വിതാനങ്ങളിൽ വിടർത്തിയെടുക്കാമെന്ന് ആ സന്ദർശനത്തിൽ ബോധ്യമായി. കുട്ടികളൊപ്പമുണ്ടായിരുന്നതുകൊണ്ട് ജോലി മാത്രമായിരുന്നില്ല. പിന്നീട് പല യാത്രകൾ–ആൻഡമാൻസ്, മൗറിഷ്യസ്, ജർമനി എന്നിങ്ങനെ. 

റോട്ടറി ഇന്റർനാഷനലിനുവേണ്ടിയും അനേക യാത്രകൾ വേണ്ടിവന്നു. സുഹൃത്തുക്കളുമൊത്തുള്ള സംഘയാത്രകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ജപ്പാനിലേക്കുള്ള യാത്ര അത്തരത്തിലൊന്നാണ്. പോകുംവഴി കുറച്ചുദിവസം ഞങ്ങൾ ബാങ്കോക്കിൽ തങ്ങി. അവിടെ വച്ച് ഹോട്ടൽ‌മുറിയിലെ കതകിന്റെ ഇടയിൽപെട്ട് എന്റെ വിരലിനു മുറിവുണ്ടായി. അതിനു തുന്നൽ വേണ്ടിവന്നു. ജപ്പാനിൽ ചെന്നാണ് അത് നീക്കം ചെയ്തത്.  

ജപ്പാനിൽ എല്ലാം സുന്ദരമായി തോന്നി. ആളുകൾ, സംസ്കാരം, പ്രകൃതിഭംഗി, അവിടുത്തെ ഭക്ഷണരീതികളും. ഒസാക്കയിൽ‌നിന്നു ടോക്കിയോയിലേക്കു പോകാൻ ബുള്ളറ്റ് ട്രെയിൻ കയറുമ്പോൾ ഞങ്ങൾ കുട്ടികളെപ്പോലെ ആഹ്ലാദിച്ചത് ഓർക്കുന്നു. ഒരുദിവസം മുറിവിന്റെ തുന്നലഴിക്കാനായി എൽസമ്മയും ഞാനും കൂട്ടത്തിൽനിന്നു വിട്ടുപോന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു വാക്കുപോലും ജാപ്പനീസ് അറിയില്ല. ആംഗ്യഭാഷയിലാണ് ടാക്സി ഡ്രൈവറോടു ഞങ്ങൾ കാര്യം പറഞ്ഞത്. അയാൾ തലകുലുക്കി സമ്മതിച്ച് എന്നെ ഒരു വലിയ കെട്ടിടത്തിലേക്കു കൊണ്ടുപോയി. എന്റെ കോട്ടിലെ റോട്ടറി പിൻ കണ്ട ഡോക്ടർ പറഞ്ഞു: അപ്പോൾ നമ്മൾ സുഹൃത്തുക്കളാണ്. ഞാനും റൊട്ടേറിയനാണ്, കൺസൾട്ടേ‌ഷൻ ഫീസ് വാങ്ങാ‌ൻ അദ്ദേഹം കൂട്ടാക്കിയില്ല. 

ജപ്പാനിലെ സംസ്കൃതിയുടെ കംബളം തുന്നിയിരിക്കുന്നത് സത്യസന്ധതയുടെയും വിശ്വാസത്തിന്റെയും നൂലുകൾകൊണ്ടാണ്. ജപ്പാനിലായിരിക്കെ സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് ഒരു ഉച്ചഭക്ഷണത്തിനു ടാക്സിയിൽ പോയി. വളരെ ചെറിയ തുകയേ ഡ്രൈവർ ടാക്സിക്കൂലിയായി വാങ്ങിയുള്ളൂ. തിരികെ പോകുമ്പോൾ ഒരുപാടു വട്ടം ചുറ്റിയാണു ഹോട്ടലിൽ എത്തിയത്. അങ്ങോട്ടു പോയപ്പോൾ ഇതിന്റെ പകുതി ചാർജേ വേണ്ടിവന്നുള്ളൂ എന്നു ഞാൻ ഡ്രൈവറോടു പറഞ്ഞു. അയാൾ സ്ഥലത്തിന്റെ മാപ്പെടുത്ത് കുറെ നേരം വഴിനോക്കി മനസ്സിലാക്കി, പലവട്ടം ഞങ്ങളോടു ക്ഷമ ചോദിച്ചു. 

നെയ്റോബിലേക്കുള്ള യാത്രയിൽ ഹോട്ടൽ മുറിയിലെത്തിയപ്പോൾ ഞങ്ങളുടെ സ്യൂട്ട്കേസുകൾ കുത്തി തുറന്നിരിക്കുന്നതായി കണ്ടു. ഞാനൊരു പുതിയ സ്യൂട്ട്കേയ്സ് വാങ്ങാൻ റിസപ്ഷനിൽ എത്തിയപ്പോൾ റിസപ്ഷനിസ്റ്റ് മുന്നറിയിപ്പു തന്നു. സ്യൂട്ടും വാച്ചും മുറിയിൽ വച്ചിട്ടു പോകുന്നതാണ് നന്ന്. ആൾക്കൂട്ടത്തിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും സ്യൂട്ടിട്ട് നടന്നാൽ. കൊള്ളയും പിടിച്ചുപറിയും നെയ്റോബിയിൽ നിത്യസംഭവങ്ങളാണ്. ഒരിക്കൽ സൂറിച്ചിൽ എയർപോർട്ടിൽ‌നിന്നു പുറത്തേക്കു വരുമ്പോൾ ഞങ്ങളുടെ പാസ്പോർട്ടും ടിക്കറ്റും പണവും കൊള്ളയടിക്കപ്പെട്ടു. പാസ്പോർട്ടും ടിക്കറ്റും പൊലീസ് തിരികെ കൊണ്ടുതന്നെങ്കിലും പണമെല്ലാം നഷ്ടമായി.  

ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ വച്ച് എൽസമ്മയുടെ ഹാൻഡ്ബാഗ് മോഷ്ടിക്കപ്പെട്ടു. ഇങ്ങനെ ചില സംഭവങ്ങളുണ്ടെങ്കിലും മനോഹരമായ അനേകം ഓർമകൾ ഈ സഞ്ചാരങ്ങൾ ഞങ്ങൾക്കു തന്നു. 

റോട്ടറിയിൽ ഡിസ്ട്രിക്ട് ഗവർണർ സ്ഥാനത്തേക്കു നോമിനേറ്റ് ചെയ്യപ്പെട്ടപ്പോഴായിരുന്നു ഞങ്ങളുടെ ആദ്യത്തെ അമേരിക്കൻ യാത്ര. ടെന്നസിയിലുള്ള നാഷ്‌വല്ലിൽ നടക്കുന്ന റോട്ടറി ഇന്റർനാഷനൽ കൺവൻഷനിൽ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. ആ രാജ്യം മുഴുവൻ ചുറ്റിക്കാണാൻ ഈ അവസരം ഞങ്ങൾ ഉപയോഗിച്ചു. അടയാളപ്പെടുത്തിയ എല്ലാ സ്ഥലങ്ങളിലും എത്തിപ്പെടാൻ വേണ്ടി ഇരുപത്തിയാറു വിമാനയാത്രകൾ വേണ്ടിവന്നു. മാർക്ക് മെലോണിയെപ്പോലെ ഉള്ള സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് പിന്നീടും പലവട്ടം അമേരിക്കൻ യാത്രകൾ വേണ്ടിവന്നു. 

റോട്ടറി ഇന്റർനാഷനൽ പ്രസിഡന്റിന്റെ പ്രതിനിധി എന്ന നിലയിൽ ഇന്ത്യയ്ക്കകത്തും പുറത്തും ഒരുപാടു യാത്രകൾ വേണ്ടിവന്നു. കൊറിയയിൽനിന്നുള്ള ഡി.കെ. ലീയെ ഞാൻ പരിചയപ്പെടുന്നത് അത്തരമൊരു യാത്രയിലാണ്. കുറച്ചുദിവസംകൊണ്ടു ഞങ്ങൾ സഹോദരന്മാരെപ്പോലെ അടുപ്പമുള്ളവരായി. കുറേ വർഷങ്ങൾക്കു ശേഷം ലീയുടെയും സുന്ദരിയായ ഭാര്യ യുങ്ങിന്റെയും ആതിഥ്യം സ്വീകരിച്ച് ഞങ്ങൾ കൊറിയ സന്ദർശിച്ചു. പോകുന്നിടത്തെല്ലാം സ്കൂളുകളും സർവകലാശാലകളും ദേവാലയങ്ങളും സന്ദർശിച്ചതിന്റെ വിശദമായ കുറിപ്പുകൾ ഞാൻ സൂക്ഷിച്ചിരുന്നു. ഹാരോ പബ്ലിക് സ്കൂളിൽ ഹാൾ ഓഫ് ഓണർ ചുറ്റിക്കാണാൻ അവസരം കിട്ടി. 

സ്റ്റാൻഫഡ് സർവകലാശാലയും ഹാർവാഡും സന്ദർശിച്ചതിന്റെ അനുഭവം സ്വപ്നസാക്ഷാത്കാരം പോലെയായിരുന്നു. വിശാലമായ ഭൂമിയിലാണു വിദ്യയുടെ ഈ ദേവാലയങ്ങൾ പണിതുയർത്തിയത്. ധൈഷണികതയുടെ ഊർജം ആ ക്യാംപസുകളുടെ പരിസരങ്ങളിൽ ഉണ്ടായിരുന്നു. 

വിദേശയാത്രകൾ കൂടാതെ ഒരുപാടു റോഡ് യാത്രകളും വിമാനയാത്രകളും വേണ്ടിവന്നു, ഇന്ത്യക്കുള്ളിൽ തന്നെ. ഡിസ്ട്രിക്ട് ഗവർണർ ആയതിനുശേഷമാണ് ഇത്. എപ്പോഴും ഞാൻ യാത്രയിൽ അധികം വസ്ത്രങ്ങൾ കയ്യിൽ കരുതും. 1984 ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ ഞാൻ കോയമ്പത്തൂരിലെ ഒരു ഹോട്ടലിലായിരുന്നു. പുറത്തെ കലാപം ശമിക്കുന്നതുവരെ മൂന്നുദിവസം ഞാനവിടെ കുടുങ്ങിപ്പോയി. മറ്റൊരിക്കൽ ടെക്സസിലേക്കുള്ള ഒരു വിമാനയാത്രയിൽ വസ്ത്രങ്ങൾ നിറച്ച എന്റെ സ്യൂട്ട്കേസ് നഷ്ടപ്പെട്ടു. ഇത്തരം അനുഭവങ്ങൾ‌കൊണ്ടാണ് ഞാൻ ഒരു ദിവസത്തേക്കുള്ള യാത്രയിൽപോലും അധിക വസ്ത്രങ്ങൾ കരുതുന്നത്.  

കഴിഞ്ഞ കുറെ കൊല്ലങ്ങളായി എന്റെ സഞ്ചാരങ്ങൾ കുറഞ്ഞു. പ്രജുവിന്റെയും എലൈസയുടെയും നിർബന്ധത്തിൽ ഞങ്ങൾ കാലിഫോർണിയയിലെ ഡിസ്നി ലാൻഡ് സന്ദർശിച്ചു. എന്റെ ഹൃദയത്തിലെ ഏറ്റവും നിറവുള്ളൊരോർമയാണ് ആ യാത്ര. കൊച്ചുമക്കളുടെ മുഖത്ത് ആഹ്ലാദം വിടരുന്നത് കാണുന്നതിനേക്കാൾ ആനന്ദം മറ്റെന്താണ്? 

(മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഡോ. പി.സി. തോമസിന്റെ ‘ജീവിതം എന്ന എളിയ സംരംഭം’ എന്ന പുസ്തകത്തിൽ നിന്ന്.)

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Jeevitham Enna Eliya Samrambham book by Dr. PC Thomas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MANORAMA BOOKS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA