ചരടിൽ നൃത്തം ചെയ്യുന്ന ധനകാര്യമേധാവിയും ഉദ്യോഗാർഥികളും; ഗളിവർ കണ്ട കാഴ്ചകൾ!

gullivers-travels
Photocredit : muskocabas / Shutterstock
SHARE

ലില്ലിപ്പുട്ടിലേക്കുള്ള കടൽ യാത്ര 

രാജാവിനോടും പ്രഭുക്കന്മാരോടും പ്രജകളോടുമുള്ള എന്റെ മാന്യമായ പെരുമാറ്റം കണ്ടു പ്രീതിപ്പെട്ടു എന്നെ വേഗം സ്വാതന്ത്രനാക്കും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. ഇതുമനസ്സിൽ കണ്ടു കൂടുതൽ മര്യാദയോടെയും മാന്യതയുടെയും ഞാൻ പെരുമാറാൻ ശ്രമിച്ചു. എന്തായാലും പതിയെ പതിയെ ഞാൻ ഒരപകടകാരിയാണെന്ന തെറ്റിദ്ധാരണ ജനങ്ങൾക്കില്ലാതായി. ചിലപ്പോൾ ഞാൻ മലർന്നുകിടക്കുമ്പോൾ ഇത്തിരിക്കുഞ്ഞന്മാരായ അഞ്ചാറു പേരൊക്കെ എന്റെ കയ്യിൽ കയറി നിന്ന് നൃത്തം ചെയ്യും. ആൺകുട്ടികളും പെൺകുട്ടികളും എന്റെ മുടിച്ചുരുളിനുള്ളിൽ ഒളിച്ചു കളിക്കും. അവരുടെ ഭാഷയും കുറെയൊക്കെ എനിക്ക് മനസ്സിലായിവരുന്നുണ്ടായിരുന്നു.

ഒരു ദിവസം രാജാവ് ഒരു തീരുമാനമെടുത്തു, ആ രാജ്യത്തെ കലാരൂപങ്ങളൊക്കെ എന്റെ മുന്നിൽ പ്രദർശിപ്പിക്കണമെന്ന്. കലാമികവിൽ ഞാൻ കണ്ട മറ്റേതു രാജ്യത്തെക്കാളും മിടുക്കരാണിവർ. ചരടിന്മേൽ കയറിനിന്നുകൊണ്ടുള്ള ഇവരുടെ സവിശേഷതരം നൃത്തം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. തറയിൽ നിന്ന് ഒരടി ഉയരത്തിൽ കെട്ടിയ രണ്ടടി നീളമുള്ള ഒരു നേർത്ത ചരടിൽ കയറിനിന്നുകൊണ്ടാണ് അവരുടെ നൃത്താഭ്യാസം. വായനക്കാർക്കുവേണ്ടി ആ നൃത്തം ഞാൻ ഒന്ന് വിശദീകരിക്കാം.

രാജകൊട്ടാരത്തിലെ ഉന്നത ഉദ്യോഗാർഥികളും രാജപ്രീതി സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരുമാണ് ഇത്തരം പ്രകടനങ്ങൾ കാഴ്ച വയ്ക്കുക. മിക്കവാറും അവരുടെ കുട്ടിക്കാലം മുതൽക്കു തന്നെ കലാപരിശീലനം നേടുന്നവരാണ്. എല്ലാവരും ഉയർന്ന കുടുംബത്തിൽ പിറന്നവരോ ഉയർന്ന യോഗ്യതകൾ ഉള്ളവരോ ആകണമെന്ന് നിർബന്ധമില്ല. ഉയർന്ന ഉദ്യോഗത്തിലിരിക്കുന്ന ആരെങ്കിലും മരിച്ചു പോവുകയോ എന്തെങ്കിലും കാരണവശാൽ അവരെ പുറത്താക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന ഒഴിവിലേക്ക് മറ്റു പലരും അപേക്ഷ നൽകുന്നു. അവർക്ക് ആ ഉദ്യോഗം ലഭിക്കണമെങ്കിൽ രാജാവിന് മുൻപിൽ ഈ നൃത്താഭ്യാസം കാണിക്കണമത്രേ. ഏറ്റവും കൂടുതൽ ഉയരത്തിൽ കെട്ടിയ ചരടിൽ നിന്നു  താഴെ വീഴാതെ നൃത്തം ചെയ്തു രാജാവിനെ പ്രീതിപ്പെടുത്തുന്നവനാണ് ഉദ്യോഗം നൽകുക. 

gulliverude-yathrakal

പലപ്പോഴും മുഖ്യമന്ത്രിമാരോടുപോലും ഇങ്ങനെ അഭ്യാസങ്ങൾ കാണിക്കാൻ രാജാവ് ആവശ്യപ്പെടാറുണ്ടത്രെ. അവർക്ക് ഇത്തരം സാഹസികതയ്ക്കുള്ള കഴിവുനഷ്ടപ്പെട്ടോ എന്നറിയാൻ വേണ്ടിയുള്ള പരീക്ഷണമാണ്. ധനകാര്യമേധാവിക്കു വേണ്ടി കെട്ടിയ ചരട് മറ്റു പ്രഭുക്കന്മാരുടേതിനേക്കാൾ അര ഇഞ്ചു ഉയരത്തിലായിരുന്നു. എന്നിട്ടും അയാൾ അതിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് ഞാൻ അതിശയത്തോടെ കണ്ടുനിന്നിട്ടുണ്ട്. ഇംഗ്ലണ്ടിൽ പൊതികെട്ടുന്ന ചരടിന്റെയത്രപോലും കട്ടിയില്ലാതെ ചരടിലാണ് ഈ ഞാണിന്മേൽകളി.

ഇത്തരം അഭ്യാസപ്രകടനങ്ങൾ ചിലപ്പോഴെങ്കിലും അപകടത്തിൽ കലാശിച്ചിട്ടുണ്ടത്രേ. രണ്ടുമൂന്നുപേർ  അഭ്യാസം കാണിക്കുന്നതിനിടയിൽ വീണു  കാലൊടിഞ്ഞതിനു ഞാനും ദൃക്‌സാക്ഷി ആയിട്ടുണ്ട്. എന്നാൽ അപകടം കൂടുതലും സംഭവിക്കുന്നത് മന്ത്രിമാരോട് അഭ്യാസം കാണിക്കാൻ ആവശ്യപ്പെടുമ്പോഴാണ്. സഹപ്രവർത്തകരെക്കാൾ മിടുക്കന്മാരെന്നു തെളിയിക്കാനുള്ള പരിശ്രമത്തിനിടയിൽ പലർക്കും വീണു പരിക്കേൽക്കുന്നത് പതിവാണ്. ഞാൻ വരുന്നതിന് ഒന്ന് രണ്ടു വർഷം മുൻപാണ് ധനകാര്യമന്ത്രിവീണു കാലൊടിഞ്ഞത്. താഴെ വിരിച്ചിരുന്ന തലയണകൾക്കുമേലെയാണ് വീണതെങ്കിലും കാര്യമായിത്തന്നെ പരിക്കുപറ്റി പാവത്തിന്. ചില പ്രത്യേക സന്ദർഭങ്ങളിൽ രാജാവിന്റെയും രാജ്ഞിയുടെയും പ്രധാനമന്ത്രിയുടെയും മാത്രം മുന്നിൽ അവതരിപ്പിക്കുന്ന അഭ്യാസങ്ങളും ഉണ്ട്. നീലയും പച്ചയും ചുവപ്പും നിറങ്ങളിലുള്ള മൂന്നു മിനുമിനുത്ത പട്ടുതുണികൾ രാജാവ് മേശപ്പുറത്തു വെക്കും. ഏകദേശം ആറിഞ്ച് നീളം കാണും. ഓരോന്നിനും രാജാവിന്റെ പ്രീതി നേടുന്നവന് ആ പട്ടു സമ്മാനിക്കും. 

രാജസദസ്സിനോട് ചേർന്നാണ് അഭ്യാസങ്ങൾ അരങ്ങേറുക. ആദ്യം പറഞ്ഞ അഭ്യാസങ്ങളേക്കാൾ സാഹസികമായ പ്രകടങ്ങളായിരിക്കും ഇവ. ഇതുപോലെയുള്ള അപകടകരമായ അഭ്യാസങ്ങൾ മുൻപ് ഒരിടത്തും ഞാൻ കണ്ടിട്ടില്ല. രാജാവിന്റെ രണ്ടുകയ്യിലും ഓരോ വടി  ഉണ്ടായിരിക്കും. രണ്ടും ആകാശത്തേക്കു ഉയർത്തിപ്പിടിക്കും. ചിലപ്പോഴൊക്കെ അദ്ദേഹം ആ വടി  മെല്ലെ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നതും കാണാം. അല്ലെങ്കിൽ അതിന്റെ ഒരറ്റം പ്രധാനമന്ത്രിയേകൊണ്ട് പിടിപ്പിക്കും. അഭ്യാസം കാണിക്കാനുള്ളവർക്ക് മുന്നോട്ട് വന്നു വടിയുടെ മുകളിലൂടെ ചാടിക്കളിക്കുകയോ, ഊർന്നിറങ്ങുകയോ എന്തും ചെയ്യാം. വടിയുടെ ചലനം. അനുസരിച്ചു ഓരോരുത്തർക്കും ഇഷ്ടമുള്ളത് ചെയ്യാം. ഒന്നാം സ്ഥാനക്കാരനു നീലപ്പട്ടുതുണിയും രണ്ടാംസ്ഥാനക്കാരനു ചുവന്ന പട്ടുതുണിയും. വിജയികൾക്ക് ആ പട്ടു തുണി അവരുടെ അരയ്ക്കു ചുറ്റാം. കൊട്ടാരത്തിലെ മറ്റു പ്രഭുക്കന്മാരൊക്കെ ഇങ്ങനെ പട്ടു ചുറ്റിയാണ് വരിക.

ജോനഥൻ സ്വിഫ്റ്റിന്റെ ‘ഗളിവറുടെ യാത്രകൾ’ എന്ന പുസ്തകത്തിൽ നിന്ന്  

വിവർത്തനം : റിയ ജോയ് 

പ്രസാധനം : മനോരമ ബുക്സ്

ഇപ്പോൾ 20 ശതമാനം ഓഫറിൽ ഈ പുസ്തകം സ്വന്തമാക്കാം. പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

English Summary: Gulivarude Yathrakal book by Jonadhan Swift, Translation- Riya Joy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.