‘ഈശ്വരാ ഈ ചെറുക്കനെ പുറകിൽ നിന്ന് കുത്തി ചാടിപ്പോകുന്നതിലും ഭേദം ചാകുന്നതാണ്...’

Book-one-indian-girl
SHARE

‘‘ഹൗ ആർ യു ?’’ ബ്രിജേഷ് എന്നെ നോക്കി പുഞ്ചിരിച്ചു. ഞങ്ങൾ അതിരാവിലെ ബീച്ചിൽ നടക്കാനിറങ്ങിയതാണ്. തലേന്ന്‌ രാത്രി ബ്രിജേഷ് എന്നെ മോർണിംഗ് വാക്കിനു ക്ഷണിച്ചപ്പോൾ, ബന്ധുക്കൾ ഒക്കെ എഴുന്നേൽക്കുന്നതിന് മുൻപ് കാണാം എന്ന് സമ്മതിച്ചിരുന്നു.

‘‘ഉറക്കം തെളിഞ്ഞിട്ടില്ല. ഞാൻ കോട്ടുവായിട്ടുകൊണ്ടു പറഞ്ഞു.’’ സമയം ആറര.

‘‘ഐ ആം സോറി. ഇത്ര നേരത്തെ എഴുന്നേൽപ്പിക്കരുതായിരുന്നു.’’

‘‘അത് സാരമില്ല. എല്ലാവരും ഉണർന്നാൽ പിന്നെ ആകെ ബഹളമാകും.’’

പിങ്ക് ലിക്ര ലെഗ്ഗിങ്ങ്സും ഒരു വെള്ള ടോപ്പുമാണ് എന്റെ വേഷം. ബ്രിജേഷ് ചാര നിറത്തിലുള്ള ട്രാക്ക് സ്യുട്ടിലാണ്. രണ്ടു പേർക്കും ചെരുപ്പില്ല. ഇടയ്ക്കു തിരമാലകൾ ഉയർന്നു വീണു ചിതറി കാൽവിരലുകൾക്കി‌ടയിലൂടെ പരന്നൊഴുകും.

’’ഉറക്കം മതിയായില്ലേ?’’ ബ്രിജേഷ് ചോദിച്ചു.

‘‘നാല് മണിക്കൂർ ഉറങ്ങി. അത് മതി.’’ ഞാൻ പറഞ്ഞു. ഉറക്കം പോരായ്ക കാരണം ഈയിടെ നടന്ന ഒരോ കാര്യത്തിനോടും വേഗം പ്രതികരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. രാത്രി മുഴുവൻ ദേബുവിന്റെ മെസ്സേജുകളുടെ പെരുമഴയായിരുന്നു. ഞങ്ങളൊന്നിച്ചുള്ള ആദ്യത്തെ കറക്കം ഓർമ്മിപ്പിക്കാൻ, ഒരു തീരുമാനം എടുക്കാൻ എത്ര നേരം വേണം എന്നന്വേഷിക്കാൻ..

‘‘ഭജൻ പരിപാടി വളരെ നന്നായിരുന്നു. നല്ല ഐഡിയ.’’ ബ്രിജേഷ് പറഞ്ഞു.

‘‘സത്യം പറഞ്ഞാൽ എന്റെ അമ്മയുടെ ബുദ്ധിയാണ്.’’

‘‘ആഘോഷങ്ങൾക്കെല്ലാം അത് ഒരു പരിശുദ്ധി നൽകി.’’

അതെയതെ ഇത്തിരി പരിശുദ്ധിയൊക്കെ വേണം - പ്രത്യേകിച്ചും വധു ഹോട്ടൽ ജിമ്മിൽ പഴയ കാമുകന്റെ കൂടെ പോയിരുന്ന് ഇവിടെ നിന്നും മുങ്ങുന്ന വിഷയം സംസാരിക്കുമ്പോൾ.

‘‘മൈലാഞ്ചിചടങ്ങു ഇന്നല്ലേ?’’ ബ്രിജേഷിന്റെ ചോദ്യം.

‘‘അതെ,’’ ഞാൻ പറഞ്ഞു, ‘‘ബ്രിജേഷിന്‌ ഒന്നും ചെയ്യാനില്ല’’.

‘‘ഓ എനിക്കും എന്തോ പ്ലാൻ ഇട്ടിട്ടുണ്ട്. എന്റെ ദേഹത്ത് മുഴുവൻ മഞ്ഞളരച്ചു തേക്കുമത്രേ.’’

‘‘വരനെ പൊരിക്കുന്നതിനു മുൻപ് ഒന്ന് കുതിർത്തെടുക്കാനാണോ??’’

രണ്ടുപേരും ഉറക്കെ ചിരിച്ചു.

ബ്രിജേഷ് എന്റെ കൈ പിടിച്ചു. ഞാൻ എതിർത്തില്ല. എങ്ങനെ എതിർക്കാനാണ്? ഞങ്ങൾ കല്യാണം കഴിക്കാൻ പോവുകയല്ല? ബ്രിജേഷ് പിടി മുറുക്കി. ആകെക്കൂടെ വിചിത്രമായി തോന്നിയെങ്കിലും ഞാനും ആ കയ്യിൽ പിടിച്ചു. വെറുതെ കൈ വച്ച് കൊടുക്കുന്നതിനു പകരം. തീരുമാനമെടുക്കാനായി ഒരു താങ്ങുവേണമെന്ന് എനിക്ക് ഉള്ളിൽ തോന്നിയിരിക്കാം.

‘‘സന്തോഷമല്ലേ?’’ ബ്രിജേഷ് ചോദിച്ചു.

ഞാൻ ആ മുഖത്തേക്ക് നോക്കി. കുഞ്ഞുങ്ങളുടേത് പോലുള്ള ചിരി. എന്റെ കൈ പിടിച്ചതിലെ ആവേശം തെളിഞ്ഞുകാണാം.

‘‘അതെ, സന്തോഷമാണ് ബ്രിജേഷ്.’’ 

മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി സ്വന്തം മനസ്സിനെകുറിച്ചു കള്ളം പറയുന്നതാണല്ലോ സ്ത്രീകളുടെ ശീലം. എത്ര എളുപ്പത്തിലാണ് ഈ കഴിവ് കൈവരുന്നത്.

‘‘ഞാൻ മെൻലോ പാർക്കിനെ പറ്റി പറഞ്ഞത് ഓർമയില്ലേ? നമുക്ക് അവിടെ ഒരു സ്ഥലം കണ്ടുപിടിക്കാം. അല്ലെങ്കിൽ ഗോൾഡ് മാൻ ഓഫീസിനടുത്തായാലും മതി. അപ്പോൾ നമ്മളിൽ ഒരാൾക്കെങ്കിലും അത്യാവശ്യം വന്നാൽ വീട്ടിലേക്കു എത്താൻ സാധിക്കും.’’

‘‘കേട്ടിട്ട് കൊള്ളാം.’’ ഞാൻ അശ്രദ്ധമായി പറഞ്ഞു. ‘‘ഇനി സ്വന്തം സ്ഥാപനം തുടങ്ങാനുള്ള എന്റെ പ്ലാൻ നടന്നാൽ മെൻലോയിൽ തന്നെ താമസിക്കണം എന്നില്ല. അപ്പോൾ രാധികയുടെ ഓഫീസിനടുത്താകുന്നതാണ് സൗകര്യം. അങ്ങനെ ഒരു എടുത്തുചാട്ടം നടത്തിയാൽ മാത്രം.’’

‘‘അതൊക്കെ നടക്കും.’’

ബ്രിജേഷ് ചെറുതായൊന്നു ചുമൽ വെട്ടിച്ചു. പുലർകാല വെയിൽ ഞങ്ങളുടെ മുഖത്തുവന്നടിച്ചു. കല്യാണത്തിനുമുൻപ് കുറച്ചു ദിവസം ആഹാര നിയന്ത്രണവും വ്യായാമവുമൊക്കെ ചിട്ടയായി നോക്കുന്നുണ്ട് ഞാൻ. ഈ ഇറുകിയ വേഷത്തിൽ തടിച്ചിയായി തോന്നാതിരുന്നാൽ മതിയായിരുന്നു.

‘‘താൻ  ശരിക്കും സുന്ദരിയാണ്.’’ എന്റെ മനസ്സുവായിച്ചിട്ടെന്നപോലെ ബ്രിജേഷ് പറഞ്ഞു.

എന്താണെന്നറിയില്ല ഞാൻ ചിരിച്ചുപോയി. അല്ലെങ്കിലും പ്രശംസകൾ എങ്ങനെ സ്വീകരിക്കണമെന്ന് എനിക്കറിയില്ല. പറഞ്ഞ ആളുടെ മുഖത്ത് നോക്കി ചിരിക്കുന്നത് അത് തട്ടി മാറ്റുന്നതുപോലെ തന്നെയല്ലേ.

‘‘എന്തെ ഞാൻ അബദ്ധം വല്ലതും പറഞ്ഞോ?’’ ബ്രിജേഷ് ചോദിച്ചു.

‘‘ഇല്ല. താങ്ക്  യൂ .’’

‘‘ഞാൻ ഇതുവരെ ഒരു പെൺകുട്ടിയോടും  ഇങ്ങനെ പറഞ്ഞിട്ടില്ല.’’

ഞാൻ ബ്രിജേഷിന്റെ മുഖത്തേക്ക് നോക്കി. ഒരു മിടുക്കൻ സ്കൂൾകുട്ടിയെ പോലുണ്ട്. ലോകത്തിലെ ഏറ്റവും കുഴപ്പം പിടിച്ച കംപ്യൂട്ടറിനെ പോലും മെരുക്കാൻ കഴിവുള്ള ആളാണെങ്കിലും.

‘‘ങാ, അപ്പോൾ എനിക്കിത്തിരി ഗമയൊക്കെയാകാം.’’ ഞാൻ പറഞ്ഞു.

രണ്ടുപേരും നിശബ്ദരായി നടത്തം തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഫോൺ തുറന്നു നോക്കി. ദേബുവിന്റെ മെസ്സേജ് വന്നു കിടപ്പുണ്ട്.

‘‘സുന്ദരിപ്പെണ്ണേ.... ഗുഡ്മോർണിംഗ്.’’

‘‘ആരുടെ മെസ്സേജ് ആണ്?’’ ബ്രിജേഷ് ചോദിച്ചു.

‘‘ഓ ഒന്നുമില്ല. ചേച്ചി ഉണർന്നു.ഞാൻ എവിടെയെന്നു നോക്കുകയാ.’’

‘‘ഓഹോ ’’

‘‘ങാ ഇനി നമുക്ക് മടങ്ങാം.’’

‘‘നമുക്ക് ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് പുറത്തു നിന്നാക്കിയാലോ?  കടപ്പുറത്തെ ഒരു തട്ടുകടയിൽ. നമ്മൾ രണ്ടാളും മാത്രം.’’ ബ്രിജേഷ് പറഞ്ഞു. 

ഫോണിൽ വീണ്ടും ശബ്ദം.

‘‘ഐ ലവ് യു’’ ദേബുവിന്റെ വേറെ ഒരു മെസ്സേജ്.

ഞാൻ ബ്രിജേഷിന്റെ കൈവിടുവിച്ചു. താലികെട്ടാൻ പോകുന്നയാളുടെ കൈ പിടിച്ചു മറ്റേ കൈകൊണ്ട് പഴയകാമുകന്റെ മെസ്സേജ് നോക്കാൻ വയ്യ.

‘‘നമുക്ക് മടങ്ങാം.’’ ഞാൻ പറഞ്ഞു.

‘‘എന്തെങ്കിലും പ്രശ്നമുണ്ടോ?’’

ഞാൻ ഉവ്വ് എന്ന് തലകുലുക്കി. പിന്നെ ബ്രിജേഷ് ഒന്നും പറഞ്ഞില്ല ഞങ്ങൾ ഹോട്ടലിനു നേരെ നടന്നു. കുറച്ചു അകലം പാലിക്കാൻ ഞാൻ ശ്രദ്ധിച്ചു. കൈ പിടിക്കാതിരിക്കാൻ. വരുന്ന മെസ്സേജുകളിലേക്ക് മനസ്സ് ചാടാതിരിക്കാൻ ഞാൻ ഫോണിൽ മുറുകെപ്പിടിച്ചു.

എന്റെ മുറിയുടെ ഭാഗത്തെ ലിഫ്റ്റിനടുത്തെത്തി. ലിഫ്റ്റിൽ കയറുന്നതിനു മുൻപ് ഞാൻ ബ്രിജേഷിന്‌ നേരെ തിരിഞ്ഞു.

‘‘സോറി ബ്രിജേഷ്. നമ്മൾ തമ്മിൽ നന്നായി അടുത്തറിയാൻ വേണ്ടി നടത്തുന്ന ശ്രമങ്ങൾ എനിക്ക് മനസ്സിലാകുന്നുണ്ട്. ഞാനും ശ്രമിക്കുന്നുണ്ട്. പക്ഷെ എന്തോ ഇപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. മനസ്സിൽ പല പല കാര്യങ്ങളാണ്.’’

ബ്രിജേഷ് പുഞ്ചിരിച്ചു . ‘‘കല്യാണം കഴിഞ്ഞാൽ ഇഷ്ടംപോലെ ഉണ്ടല്ലോ സമയം.’’

‘‘യു ആർ  സ്വീറ്റ്.’’ ഞാൻ പറഞ്ഞു.

മുഖത്ത് വിരിഞ്ഞ പുഞ്ചിരി ഒതുക്കാനുള്ള ശ്രമത്തിനിടയിൽ ബ്രിജേഷിന്റെ മുഖം തുടുത്തു. ഈശ്വരാ ഈ ചെറുക്കനെ പുറകിൽ നിന്ന് കുത്തി ചാടിപ്പോകുന്നതിലും ഭേദം ചാകുന്നതാണ്. ഈ ബ്രിജേഷിന് ഒരു ദുഷ്ടൻ വരനായിക്കൂടായിരുന്നോ- സിനിമയിലൊക്കെ കാണുന്നത് പോലെ? പാവം പ്രാവുകളെ വെടിവച്ചു വീഴ്ത്തി രസിക്കുന്ന ഒരു ദുഷ്ടൻ? 

ഞാൻ കൈ വീശി യാത്രപറഞ്ഞു.

‘‘മൈലാഞ്ചിച്ചടങ്ങിനു കാണാം.’’ ബ്രിജേഷ് പറഞ്ഞു 

‘‘ഹേ മിസ്റ്റർ. അവിടെ ആണുങ്ങൾക്ക് പ്രവേശനമില്ല.’’

ബ്രിജേഷ് പുഞ്ചിരിച്ചു. കുറച്ചൊക്കെ നാട്യമായ ഒരു വിടർന്ന പുഞ്ചിരി ഞാനും നൽകി. ഭാഗ്യം അപ്പോഴേക്കും ലിഫ്റ്റിന്റെ വാതിൽ അടഞ്ഞു. ബ്രിജേഷ് കാഴ്ച്ചയിൽ ഇന്ന് മറഞ്ഞപ്പോൾ ഞാൻ ആശ്വാസത്തോടെ നിശ്വസിച്ചു.

ഈശ്വരാ തുണക്കണെ. ലിഫ്റ്റ് ഹോട്ടൽ നിലകൾ കയറാൻ തുടങ്ങിയപ്പോൾ ഞാൻ ഉള്ളിൽ പറഞ്ഞു.

(ചേതൻ ഭഗത് എഴുതിയ ‘വൺ ഇന്ത്യൻ ഗേൾ’ എന്ന നോവലിന്റെ മലയാളം പരിഭാഷയിൽ നിന്ന്... വിവർത്തനം എ.വി. ഹരിശങ്കർ. പ്രസാധാനം മനോരമ ബുക്സ്.)

20% ഓഫറിൽ ഈ പുസ്തകം സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : One Indian Girl novel written by Chethan Bhagath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MANORAMA BOOKS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA