ഉള്ളതു പറഞ്ഞാൽ; ഒരു സന്യാസിയുടെ ഓർമ്മക്കുറിപ്പുകൾ

Book-ohm-swami
SHARE

സ്വപ്രയത്നത്താൽ ശതകോടീശ്വരനായ യുവാവ് തന്റെ യഥാർത്ഥ ജീവിത ലക്‌ഷ്യം തിരിച്ചറിയുകയും ഈശ്വര സാക്ഷാത്കാരത്തിനായി ലൗകിക സുഖങ്ങൾ ത്യജിച്ച് സന്യാസ ജീവിതം തിരഞ്ഞെടുക്കുന്നു. ഇതാണ് ഓം സ്വാമിയുടെ ജീവിതം. മനോരമ ബുക്സ് പുറത്തിറക്കിയ പ്രധാനപ്പെട്ട പരിഭാഷകളിൽ ഒന്ന്. ഇപ്പോൾ ഇരുപതു ശതമാനം വിലക്കുറവിൽ. ‘ഉള്ളതു പറഞ്ഞാൽ’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത് ആർ. എസ്. പ്രവീൺ ആണ്

15 ഡോളറിൽ നിന്ന് 2,50,000 ഡോളറിലേക്ക് 

ആ വർഷം ജൂലൈയിൽ രാജനും എന്റെ അമ്മയും എന്നെ കാണണമെന്ന്‌ തീരുമാനിച്ചു. അവർ എന്നെ കണ്ടിട്ട് രണ്ടു വർഷമായിരുന്നു. അമ്മയെ അവിടുത്തെ സ്ഥലങ്ങൾ കാണിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അതിനു ഒരു കാർ വാങ്ങുന്നതിനെക്കുറിച്ചു ആലോചിച്ചു. ഒരു വാരാന്ത്യത്തിൽ ഞാനും ഡേവിഡും സാബ് ഷോറൂമിൽ എത്തി. ഞങ്ങൾ പതിനഞ്ചു മിനിറ്റോളം അവിടെ നിന്നു. ഞങ്ങളോടു സംസാരിക്കുവാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ. ആ പതിനഞ്ചു മിനിറ്റുകൾ വളരെ നീണ്ടതായിത്തോന്നി. അവസാനം ഒരു ചെറുപ്പക്കാരൻ എത്തി.

‘ഹായ് ഗൈസ്, ആ സെയിൽസ്മാൻ പറഞ്ഞു. ‘എനിക്കെങ്ങനെ നിങ്ങളെ സഹായിക്കാൻ കഴിയും?’

ഒരു ടെസ്റ്റ് ഡ്രൈവിന് കാർ ചോദിച്ചപ്പോൾ വാഹനം ഒന്നും ലഭ്യമല്ല എന്നയാൾ പറഞ്ഞു. 

ഒട്ടും താല്പര്യമില്ലാത്ത അയാളുടെ പെരുമാറ്റത്തിൽ എനിക്ക് അത്ഭുതം തോന്നി. ഒരു കച്ചവടം നടത്തുന്നതിൽ അയാൾക്കു ശുഷ്കാന്തിയില്ലെ? ഞാൻ എന്റെ ബിസിനസ് കാർഡ് അയാൾക്ക് നൽകി. അയാളുടെ ശരീരഭാഷ പെട്ടെന്ന് മാറി. പെട്ടെന്ന് ആവേശത്തോടെ അയാൾ ചോദിച്ചു. ടെസ്റ്റ് ഡ്രൈവിനു  കാറുണ്ടോ എന്ന് ഞാൻ നോക്കട്ടെ?

ഇനിയിപ്പോൾ വേണ്ട. ഞാൻ തുടർന്നു. എന്റെ ഓഫീസിൽ വന്ന് എന്നെ കാണു. ഒരു ഡെമോ കാറും വാങ്ങുന്നതിനുള്ള രേഖകളുമായിട്ട്.

നിങ്ങൾക്ക് സൗകര്യപ്രദമായ സമയം, ഏതായിരിക്കും സർ? അയാളുടെ നോട്ടം ബിസിനസ് കാർഡിൽ നിന്ന് എനിക്കുനേരെയായി. 

തിങ്കളാഴ്ച 11 മണി.

ഞാൻ വരാം.

തിങ്കളാഴ്ച ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോൾ അയാൾ അവിടുത്തെ ഏറ്റവും ജൂനിയർ സെയിൽസ്മാൻ ആണെന്നും ഞങ്ങൾ അവിടെ ചെന്നത് വാങ്ങാൻ ആണെന്നു തോന്നാതിരുന്നതിനാൽ മുതിർന്നയാളുകൾ അയാളെ ഞങ്ങളുടെ അടുത്തേക്ക് അയയ്ക്കുകയായിരുന്നുവെന്നും അയാൾ പറഞ്ഞു. ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. അനുഗ്രഹവർഷത്തിന്റെ അടയാളം ആണതെന്ന്‌ എനിക്ക് തോന്നി. അല്ലെങ്കിൽ രണ്ടു വര്‍ഷം മുൻപ് വെറും രണ്ടു ഡോളർ ബസ്ചാർജുള്ളപ്പോൾ ബസ്സിൽ കയറാൻ മടിച്ച ഞാൻ ഇപ്പോൾ 75000 ഡോളറിന്റെ ഒരു കോൺവെർട്ടബിൾ എങ്ങനെ വാങ്ങും? അനുഗ്രഹം തന്നെ.

ആ ധനം അമ്മയ്ക്കുവേണ്ടി എനിക്ക് ചിലവഴിക്കണമായിരുന്നു. മറ്റ് ആരെയും സ്നേഹിച്ചത് പോലെ ആയിരുന്നില്ല ഞാൻ അമ്മയെ സ്നേഹിച്ചത്. ആസ്‌മ  കൊണ്ടുവലഞ്ഞ എണ്ണിയാലൊടുങ്ങാത്ത രാത്രികളിൽ കൂടെ ഉറക്കമൊഴിഞ്ഞിരുന്നതും എന്തിനും ഏതിനും കൂട്ട് നിന്നതുപോലെ അമ്മ എനിക്ക് വേണ്ടി സഹിച്ച ത്യാഗങ്ങൾക്കു പ്രത്യുപകാരം ചെയ്തുതീർക്കാൻ ഒരിക്കലും കഴിയില്ല. ജ്യോതിഷം, ചെസ്സ്, പുസ്തകങ്ങൾ തുടങ്ങി എന്റെ ഏതിഷ്ടങ്ങളെയും സാധനകളെയും പിന്തുണയ്ക്കുന്നത് അമ്മയുടെ കടമയല്ലല്ലോ. പക്ഷേ അമ്മ എന്നും അത് ചെയ്തു. 

സിഡ്‌നിയിൽ ഏറ്റവുംനല്ല അനുഭവം തന്നെ അമ്മയ്ക്ക് കൊടുക്കണം എന്നെനിക്കുണ്ടായിരുന്നു. ഞാൻ എന്റെ ഫ്ലാറ്റ് നന്നായി അലങ്കരിച്ചു. പുതിയ ഫർണിച്ചറുകളും കിടക്കവിരികളും കുളിക്കുന്നതിനുള്ള സാമഗ്രികളും വാങ്ങി. ഫ്രിഡ്‌ജും അടുക്കളയും ആഹാരസാധങ്ങൾകൊണ്ട്  നിറച്ചു. തിളങ്ങുന്ന പുതിയ പത്രങ്ങളും പാനുകളും അമ്മയ്ക്കുവേണ്ടി വാങ്ങി. അവസാനം എന്റെ പുതിയ കാറിൽ അവരെ കൂട്ടികൊണ്ടുവരാൻ വിമാനത്താവളത്തിലേക്ക് ഡ്രൈവ് ചെയ്തു.

അമ്മയെ കണ്ടയുടനെ ഞാൻ പാദങ്ങൾ തോട്ടുവണങ്ങി. കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ നൽകി. രാജനെയും ഞാൻ ആലിംഗനം ചെയ്തു. അവരെ കണ്ടതിലുള്ള അതിരറ്റ ആഹ്ളാദത്തിൽ ഞാൻ എന്നെത്തന്നെ മറന്നു.

ഒത്തിരി വണ്ണം കുറഞ്ഞു നിനക്ക്. അമ്മ പറഞ്ഞു. ആരോഗ്യം നഷ്ടപ്പെടുത്തിയായിരിക്കും കഠിനമായി ജോലിചെയ്യുന്നത്. 

അമ്മ ഇപ്പോൾത്തന്നെ ആകുലപ്പെടാൻ തുടങ്ങി. ഞാൻ ആശ്ചര്യപ്പെട്ടു.

ഇനിയിപ്പോൾ ഇവിടെയുള്ള മൂന്നുമാസം ഞാൻ നല്ലതുപോലെ ആഹാരം തരും.

അമ്മ പറയു. നമ്മുടെ പുതിയ കാർ ഇഷ്ടപ്പെട്ടോ? ഞാൻ ബട്ടൺ  അമർത്തിയപ്പോൾ കാറിന്റെ മേൽക്കൂര തനിയെ മടങ്ങിയൊതുങ്ങി പുറകിലൊളിച്ചു. ഞാൻ അമ്മയ്ക്കുവേണ്ടി വാങ്ങിയതാണ്. 

കൂടുതൽ തന്നു ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അമ്മ പറഞ്ഞു. ഒപ്പം നീ എന്നും.... എനിക്കെന്താണു വാങ്ങിയത് അമിത്? തമാശപറഞ്ഞു രാജൻ ഇടയ്ക്കു കേറി. ഇവിടെ നമ്മുടെ അമ്മയ്ക്കുള്ളതിനേക്കാൾ പ്രയോജനം ഈ കാർ കൊണ്ട് എനിക്കുണ്ടാകും എന്ന് തോന്നുന്നു.

വളരെ ശാന്തയായി അമ്മ കാറിൽ ഇരുന്നപ്പോൾ രാജൻ വളരെ ഉന്മേഷവാനും സംസാരപ്രിയനുമായി. ഓസ്‌ട്രേലിയയിലെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയെയും വൃത്തിയുള്ള റോഡിനെയും എന്റെ പഠനത്തെയും കമ്പനിയെയും കുറിച്ച് തുടങ്ങി. എനിക്കാലോചിക്കാൻ കഴിയുന്ന എല്ലാറ്റിനെയും പറ്റി  ഞാൻ സംസാരിച്ചുകൊണ്ടിരുന്നു. ഞാൻ പറഞ്ഞ ഓരോ വാചകത്തിനും രാജനു പത്തു ചോദ്യങ്ങൾ വീതമുണ്ടായി.

പിന്നീട്  അന്ന് രാത്രി തന്നെ അമ്മയുടെ മനസ്സിൽ എന്താണെന്നു ഞാൻ ചോദിച്ചു. അമ്മ പറഞ്ഞു. നിന്റെ വിജയങ്ങളെപ്പറ്റി നീ ഫോണിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇവിടെ വന്നിതെല്ലാം എന്റെ കണ്ണുകൊണ്ട് തന്നെ കാണുമ്പോൾ എനിക്ക് ദൈവത്തോട് നന്ദി പറയാൻ ആവശ്യത്തിന് വാക്കുകളില്ല. എനിക്ക് പൂർണ്ണസംതൃപ്തിയായി. 

മറുപടിയായി ഞാൻ എന്റെ ശിരസ്സ് അമ്മയുടെ പാദങ്ങളിൽ വച്ച്. ഇതെല്ലാം അമ്മയുടെതന്നെ അനുഗ്രഹങ്ങൾ കൊണ്ടാണ്. അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

English Summary: Ullathu Paranjaal book written by Om Swami, translated by R.S. Praveen

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MANORAMA BOOKS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA