ADVERTISEMENT

പുതിയതായി എത്തുന്ന ഒരാൾക്ക് ജെഎൻയുവിലെ വഴികൾ കണ്ടുപിടിക്കുക ശ്രമകരമാണ്. ഒരു ചുറ്റുവഴിയിൽ പെട്ടതുപോലെ. ഭക്ഷണം കഴിക്കുന്ന മെസ്സിൽ നിന്നും മടങ്ങവേ ഝലത്തിലേക്കുള്ള വഴി കണ്ടുപിടിക്കാനാകാതെ അലഞ്ഞു തിരിഞ്ഞു ഞാൻ തെല്ലു പരിഭ്രമിച്ചു. വഴിതെറ്റിയാലും വേണ്ടില്ല എന്ന് തോന്നിപ്പോയി.

 

അവിടെ കണ്ട ഒരു കാഴ്ച എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. രാത്രി മണി രണ്ട് . എന്നിട്ടും പെൺകുട്ടികൾ ക്യാമ്പസ്സിലെ വഴികളിലൂടെ യഥേഷ്ടം ഒറ്റയ്ക്ക് സഞ്ചരിക്കുന്നു. ഇടയ്ക്കിടെ കുന്നുകൾ, മരക്കൂട്ടങ്ങൾ, ഉപവനങ്ങൾ... അത്തരമൊരു ചുറ്റുപാടിൽ അവരെങ്ങനെ സുരക്ഷിതരാകും? ഞാനാലോചിച്ചു.

 

രാത്രി, വല്ലപാടും ഞാൻ ഉറക്കത്തിലാണ്ടു. പക്ഷേ പെട്ടെന്ന് തന്നെ ഉറക്കം വിഘ്‌നപ്പെട്ടു. ഹോസ്റ്റലിന്റെ തൊട്ടുമുകളിലൂടെ ഒരു വിമാനം. അതിന്റെ ശബ്ദം എന്നെ ഉറക്കത്തിൽനിന്നും ഉണർത്തികളഞ്ഞു.

INDIA-POLITICS-RALLY
Photo Credit : AFP/Money Sharama

 

ഈ ബഹളങ്ങൾക്കിടയിൽ എങ്ങനെ ഉറക്കം കിട്ടും? ഞാൻ ആതിഥേയനായ കുട്ടിയോട് തിരക്കി. നീ ഇന്റർവ്യൂവിനു നന്നായി തയാറെടുക്കൂ. അപ്പോൾ നിനക്കതിന്റെ ഉത്തരം കിട്ടും എന്നായി അവൻ.

 

വൈവയുടെ ദിവസം. ഞാൻ നന്നായി തയാറെടുത്തിരുന്നു. അവിടെ എത്തിയ കുട്ടികളുടെ വേഷവും മട്ടുമൊക്കെ വിചിത്രമായിത്തോന്നി. ഒരു ഇന്റർവ്യൂവിനു വരുന്ന ഭാവമേയില്ല. അവിടെ കണ്ട കുട്ടികളെ നോക്കിയിരിക്കെ രണ്ടുതരം അപേക്ഷകരുണ്ടെന്ന് എനിക്കുതോന്നി.

Book-kanayyakumar

 

എന്നെപോലുള്ളവർ കൂട്ടുകാരോട് കടം വാങ്ങിയ ഷൂസും ബെൽറ്റും ധരിച്ചു ആവുന്നത്ര ഒരുങ്ങി എത്തിയിരിക്കുന്നു. മറ്റേ കൂട്ടർ കാലിൽ ഷൂസ് ആണോ ചെരിപ്പാണോ അണിഞ്ഞിരുന്നത് ഷേവ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നിങ്ങനെയുള്ള ബാഹ്യ പ്രതിഛായകളെ കുറിച്ച് ചിന്തിക്കുന്നേയില്ല.

 

ചാഞ്ചല്യത്തോടെയാണ് ഞാൻ അഭിമുഖം നടക്കുന്ന മുറിയിലേക്കു കടന്നു ചെന്നത്. പക്ഷേ അധ്യാപകരുടെ സമീപനം എന്റെ മനസ്സിലേക്കു ലാഘവത്വം പകർന്നു. ഇംഗ്ലീഷിലാണോ ഹിന്ദിയിലാണോ ഞാൻ സംസാരിക്കാൻ ഇഷ്ടപ്പെടുന്നത് എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഹിന്ദി ഞാൻ പറഞ്ഞു. പിന്നീടുള്ള ചോദ്യങ്ങളൊക്കെയും എന്റെ മാതൃഭാഷയിലായിരുന്നു. റിസൾട്ട് വന്നപ്പോൾ ഞാൻ അങ്ങേയറ്റം ആഹ്‌ളാദഭരിതനായി. എംഫില്ലിനു ഞാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഉടനെ തന്നെ നെഹ്റുവിഹാറിലെ വാസസ്ഥലം ഉപേക്ഷിച്ചു ഞാൻ ജെഎൻയുവിലേക്ക് താമസം മാറ്റി. കയ്യിൽ ഒരേയൊരു ബാഗുമാത്രം. സത്ലജ് ഹോസ്റ്റലിലായിരുന്നു എനിക്ക് അനുവദിച്ചു കിട്ടിയ മുറി. ഝലത്തിനു തൊട്ടടുത്ത്. ശരിക്കും ഗ്രാമത്തിന്റെ സന്തതിയായ ഞാൻ ഹ്രസ്വമായ ഒരു കാലയളവ് മാത്രമാണ് നഗരത്തിൽ താമസിച്ചത്. ഇപ്പോഴിതാ ജെഎൻയുവിൽ എത്തിച്ചേർന്നിരിക്കുന്നു. എല്ലാ വിധത്തിലും എന്റെ മുന്നിൽ പുതിയ വാതിൽ തുറന്നു കിട്ടുകയാണ്.

 

എല്ലാം പുതുമയാർന്നതും ഉന്മേഷം നിറഞ്ഞതുമായി അനുഭവപ്പെട്ടു. ഉദാഹരണത്തിന്, അവിടെ സീനിയർ ജൂനിയർ വ്യത്യാസമേയില്ല. ജെഎൻയുവിലെ ഏറ്റവും സീനിയർ ഹോസ്റ്റലായി കരുതപ്പെടുന്ന ഇടമാണ് ബ്രഹ്മപുത്ര. അവസാന വർഷ പിഎച്ച്ഡി വിദ്യാർഥികൾക്ക് മാത്രമാണിവിടെ താമസിക്കാൻ അനുമതി കിട്ടുക. പക്ഷേ ഇവിടെ എത്തുമ്പോൾ എല്ലാവരും എന്നെ തുല്യതയോടെ തന്നെ പരിഗണിച്ചു. പുതുമുഖമാണെന്ന് ഒരിക്കൽപോലും എനിക്ക് അനുഭവപ്പെട്ടതേയില്ല.

 

ഒരിക്കൽ ഒരു ചർച്ചയ്ക്കിടയിൽ അമിതാവേശത്താൽ മതിമറന്ന് ഞാൻ വീറോടെ വാദിക്കുകയാണ്. ഒരു പ്രത്യേകഘട്ടത്തിൽ എന്റെ സംസാരം അതിരുകടക്കുന്നു എന്ന് എനിക്കുതന്നെ തോന്നിത്തുടങ്ങി. പെട്ടെന്ന് അടുത്തിരുന്ന സീനിയറോട് എന്റെ ആശങ്ക വെളിപ്പെടുത്തി. ഞാൻ കണ്ടമാനം സംസാരിച്ചുവെന്നും അതാരെയെങ്കിലും വ്രണപ്പെടുത്തിയെങ്കിൽ മാപ്പുതരണമെന്നും ഞാൻ അയാളോട് പറഞ്ഞു. ക്ഷമ ചോദിച്ചു നീയെന്നെ വിഷമിപ്പിക്കരുത് എന്നായിരുന്നു പ്രതികരണം. ബിഹാറിലെ ജന്മിത്ത വ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ വരുന്ന ഒരാളും ഇത്തരമൊരു മറുപടി പ്രതീക്ഷിക്കുകയില്ല.

 

ക്യാമ്പസ് ജീവിതം പല വിധത്തിലും എന്നിൽ അമ്പരപ്പുളവാക്കി. തികച്ചും സ്വതന്ത്രമായ അന്തരീക്ഷം. രാവേറെച്ചെല്ലും വരെ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു നടക്കുന്നു. ബിഹാറിൽ ഇരുകൂട്ടർക്കും സ്വകാര്യമായി കുറച്ചുസമയം പങ്കിടാൻ ഇടം കണ്ടെത്തുക പ്രയാസകരമായിരുന്നു. അത്തരത്തിലുള്ള ഇടപെടലുകൾ ശിക്ഷാർഹവുമായിരുന്നു. ഇവിടെ ആ വിധത്തിൽ യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. 

 

ക്യാമ്പസ്സിലെ സ്ത്രീകൾ വളരെ ആത്മവിശ്വാസമുള്ളവരാണ്. കൂടാതെ സ്വന്തം അവകാശങ്ങളെ കുറിച്ച് അവർക്കു വ്യക്തമായ ബോധവുമുണ്ട്. മുദ്രാവാക്യങ്ങൾ മുഴക്കുക, പുതിയകുട്ടികളെ പ്രവേശന നടപടികളിൽ സഹായിക്കുക, തങ്ങളുടെ രാഷ്ട്രീയ സംഘടനയിലേക്ക് കുട്ടികളെ ചേർക്കുക, തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും സ്ത്രീകൾക്ക് തുല്യസ്ഥാനമുണ്ട് ക്ലാസ് മുറികളിൽ. പ്രതിഷേധ മാർച്ചുകളിൽ ധാബകളിൽ എവിടെയും ആൺകുട്ടികളുടെ അതെ അളവിൽ പെൺകുട്ടികളുമുണ്ടാകും. 

 

പലപ്പോഴും അവരാണ് എണ്ണത്തിൽ കൂടുതൽ. എന്റെ ക്ലാസ്സിലെ ഏക ആൺകുട്ടി  ഞാനായിരുന്നു. ബാക്കി ഒൻപതും പെൺകുട്ടികൾ. ക്ലാസ്സ്മുറിക്കുള്ളിൽ സ്ഥിരം ക്ലാസ്സ്മുറികളുടെ അന്തരീക്ഷമേ അനുഭവപ്പെട്ടില്ല. വൃത്താകൃതിയിലുള്ള മേശ ഒരു കോൺഫറൻസ് ഹാളിന്റെ പ്രതീതി ജനിപ്പിച്ചു.

 

ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച കനയ്യ കുമാറിന്റെ ജീവിത സമരകഥയായ ‘ബിഹാർ മുതൽ തിഹാർ വരെ’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയിൽ നിന്ന് എടുത്തത്. വിവർത്തനം റോസ് മേരി. പ്രസാധനം മനോരമ ബുക്സ്.

 

ഇപ്പോൾ 20 ശതമാനം വിലക്കിഴിവിൽ ഈ പുസ്തകം സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

English Summary: Bihar Muthal Thihar Vare, book by Kanhaiya Kumar Translated by Rosemary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com