ADVERTISEMENT

അഞ്ചു തലമുറകളായി മലയാളികളുടെ പൊതുവികാരങ്ങളിലൊന്നാണ് എം.ടി. വായനയില്‍ ഹൃദയത്തിലേക്കാഴുന്ന ഏകാഗ്രരചനകളിലൂടെ വള്ളുവനാടന്‍ ഭൂമികയെ പ്രതിഷ്ഠിച്ച ജ്ഞാനപീഠ ജേതാവ്. കഥയിലും നോവലിലും അന്യാദൃശമായ വാക്കുകളിലും വാചകങ്ങളിലുമായി നിവര്‍ത്തിച്ച മായികസ്പര്‍ശം തിരക്കഥയിലും പിന്നീട് സിനിമാസംവിധാനത്തിലേക്കും അതേ ധ്വന്യാത്മകതയോടെയാണ് എം.ടിക്ക്. അനുവര്‍ത്തിക്കാനായത്. തിരക്കഥാകാരന്മാര്‍ക്ക് സിനിമയില്‍ വിലയുണ്ടാക്കിക്കൊടുക്കുക മാത്രമായിരുന്നില്ല,സാഹിത്യത്തോട് ചാര്‍ച്ച പുലര്‍ത്തിയപ്പോഴും അതിന്റെ ദൃശ്യാത്മകതയുടെ സാധ്യത തുറന്നുകാട്ടുന്നതായിരുന്നു എം.ടി.യുടെ സിനിമകള്‍. എഴുത്തുകാരനിലെ ഈ വിഷ്വലൈസറാണ് ആ എഴുത്തുകളെ അങ്ങേയറ്റം ഭാവാത്മകവും അതിലേറെ ലിറിക്കലുമാക്കിത്തീര്‍ത്തതെന്നു പറഞ്ഞാല്‍ തെറ്റില്ല. 

 

അദ്ദേഹത്തിന്റെ ഏതു കഥയും നോവലും വായനക്കാരന്റെ മനസിന്റെ തിരശീലയില്‍ അവരുടെ സ്വന്തം സിനിമയായി പ്രദര്‍ശിപ്പിക്കപ്പെടുകയാണ്. അതുകൊണ്ടാണ് അവര്‍ ആ കഥാപ്രപഞ്ചത്തില്‍ സ്വയം മറന്ന് ആമഗ്നരാവുന്നത്. അതുകൊണ്ടാണ് എം.ടി.എന്ന ഇനീഷ്യലില്‍ തന്നെ എം.ടി. വാസുദേവന്‍ നായര്‍ എന്ന മഹാ സാഹിത്യകാരന്‍ അനുവാചകന്റെ അടുത്ത ബന്ധുവായി വാഴുന്നതും. 

MT

 

അരനൂറ്റാണ്ടിലേറെ നീളുന്ന എം.ടി.യുടെ സര്‍ഗ പ്രപഞ്ചത്തിന്റെ ആകെത്തുക ചിമിഴിലെന്നോണം പകര്‍ന്നവതരിപ്പിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഒരപൂര്‍വ പുസ്തകമാണ് പ്രമുഖ ഡിസൈനറും മാധ്യമപ്രവര്‍ത്തകനുമായ അനൂപ് രാമകൃഷ്ണന്‍ ഏകോപിപ്പിച്ച് രൂപകല്‍പന നിര്‍വഹിച്ച് മലയാള മനോരമ ബുക്‌സ് പുറത്തിറക്കിയ ‘എം.ടി.അനുഭവങ്ങളുടെ പുസ്തകം.’ കേവലമൊരു പുസ്തകമല്ല ഇത്. മലയാളത്തിലെ ആദ്യത്തെ മള്‍ട്ടീമീഡിയ പുസ്തകം എന്ന വിശേഷണത്തിന് സര്‍വഥാ യോഗ്യമായൊരു ഗ്രന്ഥമാണത്. എം.ടിയുടെ രചനാപ്രപഞ്ചത്തെയാകെ സ്വരൂപിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാള മനോരമ തന്നെ പുറത്തിറക്കിയ ‘എം.ടിയുടെ ലോകങ്ങള്‍’ ഡിവിഡി/സിഡി ശേഖരത്തിന്റെ സംക്ഷിപ്ത ലിഖിതരൂപാന്തരം എന്നു വേണമെങ്കില്‍ ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം. 

 

പുതുമകളുടെ പുസ്തകം

 

പുതുമകളുടെ പുസ്തകം എന്നല്ലാതെ ഈ അക്ഷരാഞ്ജലിയെ വിശിഷിപ്പിക്കാനാവില്ല. എം.ടി.യെ പോലെ പ്രശസ്തിയുടെ കുടജാദ്രിയില്‍ വാഴുന്നൊരാളെപ്പറ്റിയുള്ള പുസ്തകത്തിന് അദ്ദേഹത്തിന്റേതല്ലാത്തൊരു മുഖചിത്രം ചാര്‍ത്തിയതില്‍ തുടങ്ങുന്നു പുതുമകളുടെ, മാറിനടക്കലുകളുടെ സൗന്ദര്യലഹരി. കടവ് എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ വരഞ്ഞ ഒരു രേഖാചിത്രമാണ് മുഖചിത്രം. അതില്‍ എം.ടി. എന്ന അക്ഷരങ്ങള്‍ക്കാണ് പ്രാധാന്യമുള്ളത്, സാഹിത്യത്തിലെന്നപോലെ!

 

മൂന്ന് വിഭാഗങ്ങളായാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം ക്രമീകിരിച്ചിരിക്കുന്നത്. വായനയ്‌ക്കൊപ്പം കാഴ്ചയേയും കേള്‍വിയേയും ആവഹിക്കുന്ന മള്‍ട്ടീമീഡിയ സാങ്കേതികത സ്വാംശീകരിച്ച പുസ്തകം നല്‍കുന്ന അനുഭൂതി അനന്യമാണ്.

എം.ടി.യുമായി പ്രമുഖരുടെ അഭിമുഖങ്ങളില്‍ നിന്നുള്ള ഭാഗങ്ങളാണ് അതിലാദ്യത്തേത്. സാഹിത്യം സിനിമ, ബന്ധങ്ങള്‍, ബന്ധുക്കള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി എം.ടി എന്ന എഴുത്തുകാരനെ, ചലച്ചിത്രകാരനെ, മനുഷ്യനെ അടുത്തറിഞ്ഞ 271 പേരുടെ അനുഭവസാക്ഷ്യങ്ങളാണ് ഈ ഭാഗത്തുള്‍പ്പെടുത്തിയിട്ടുള്ളത്. ഡോ സുകുമാര്‍ അഴീക്കോട്, ഒഎന്‍വി കോവിലന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മെഹ്ബൂബ് കൂടല്ലൂര്‍ വരെയുള്ളവരുടെ എം.ടി.അനുഭവങ്ങള്‍ എം.ടി.യുടെ സര്‍ഗ/ വ്യക്തി പ്രപഞ്ചത്തെപ്പറ്റി പുതിയ വെളിവുകളും ഉള്‍ക്കാഴ്ചകളും നല്‍കുന്നു.എഴുത്തുകാരുടെ സ്വന്തം ശബ്ദത്തില്‍ അനുഭവവിവരണം കേള്‍ക്കാനുള്ള ക്യൂ ആര്‍ കോഡ് സംവിധാനമാണ് സവിശേഷത.

 

സംഭാഷണങ്ങള്‍ എന്ന രണ്ടാമത്തെ വിഭാഗത്തില്‍ എം.ടി. അവതരിപ്പിച്ച് അദ്ദേഹത്തിന്റെ എത്രയോ കഥാപാത്രങ്ങളെ തിരയിടത്തില്‍ അനശ്വരമാക്കിയ നടന്‍ മമ്മൂട്ടി, എം.ടി.യുടെ എത്രയോ കഥാ/നോവല്‍ സന്ദര്‍ഭങ്ങള്‍ക്ക് രേഖാചിത്രണം നിര്‍വഹിച്ച് അനുഗ്രഹീതനായ ചിത്രമെഴുത്തു നമ്പൂതിരി, എം.ടി.യുടെ ഇളയ മകളും നര്‍ത്തികയുമായ അശ്വതി ശ്രീകാന്ത് എന്നിവര്‍ അദ്ദേഹവുമായി നടത്തിയ സംഭാഷണങ്ങളുടെ അക്ഷരരൂപമാണ്. പതിവ് അഭിമുഖങ്ങളില്‍ നിന്നു വിഭിന്നമായി അനൗപചാരികത്വത്തിന്റെ ഊഷ്മളത അനുഭവവേദ്യമാകുന്നവ എന്നതാണ് ഈ മൂന്ന് സംഭാഷണങ്ങളുടെയും പ്രത്യേകത. ആ അനൗപചാരികത്വത്തില്‍ മനസു തുറന്നു സംവേദിക്കുന്ന സ്വതവേ അന്തര്‍മുഖനായ എം.ടി.യെ കാണാം, കേള്‍ക്കാം. ഓരോന്നിനോടുമൊപ്പം ബന്ധപ്പെട്ട ചിത്രങ്ങളുമുണ്ട്. പുറമേ പ്രസ്തുത അഭിമുഖങ്ങളുടെ വീഡിയോ കാണാനുള്ള ക്യൂ ആര്‍ കോഡ് ലിങ്കുകളും.

 

എം.ടി.യെ കുറിച്ചുള്ള അഞ്ചു ഹ്രസ്വചിത്രങ്ങളുടെ തിരക്കഥയാണ് മൂന്നാം വിഭാഗത്തിലുള്ളത്. ഒരു കടവിന്റെ കഥ,നിര്‍മ്മാല്യം-വിശക്കാത്ത ദൈവത്തിന്, അപ്പുണ്ണിയുടെ യാത്രകള്‍, വാനപ്രസ്ഥവഴികളില്‍, എങ്ങാനുമുണ്ടോ കണ്ടു? തുടങ്ങിയ ഈ ലഘുചിത്രങ്ങള്‍ യഥാക്രമം കടവ് സിനിമ, നിര്‍മ്മാല്യം സിനിമ, നാലുകെട്ട് നോവല്‍, വാനപ്രസ്ഥത്തിന്റെ രചനയ്ക്കു പശ്ചാത്തലമായ കുടജാദ്രിയിലേക്കുള്ള സഹയാത്ര, പരിണയം എന്ന സിനിമയുടെ ചരിത്രവഴികളിലേക്കുള്ള പിന്‍സഞ്ചാരം എന്നിങ്ങനെയുള്ള വിഷയങ്ങളാണ് അനാവരണം ചെയ്യുന്നത്. കമല്‍ഹാസന്‍ മുതല്‍ അജിതവരെയുള്ളവരുടെ പങ്കാളിത്തവും ഗൗരവതരമായ ഗവേഷണനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ തിരക്കഥയും ഈ ഹ്രസ്വചിത്രങ്ങളെ ആധികാരികവും ആസ്വാദ്യവുമാക്കിത്തീര്‍ക്കുന്നു.സചിത്രമായി തിരക്കഥ വായിക്കുന്നതിനോടൊപ്പം ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ആ ഹ്രസ്വചിത്രം തത്സമയം മൊബൈലിലോ ടാബിലോ കംപ്യൂട്ടറിലോ കാണുകയുമാവാം.

 

എഴുത്തുകാരുടെയെല്ലാം രേഖാചിത്രങ്ങള്‍ സഹിതമുള്ള രൂപകല്‍പനയിലും ഉള്ളടക്കനിര്‍വഹണത്തിലും അങ്ങനെ പുസ്തകം ഇതുവരെ കാണാത്തൊരു മാതൃകയാണവതരിപ്പിക്കുന്നത്. എം.ടി.എന്ന അക്ഷരപുണ്യത്തെ സ്‌നേഹിക്കുന്ന ഏതൊരു മലയാളിക്കുമെന്നോണം, മലയാളം വായിക്കാനറിയാത്ത മലയാളത്തെ സ്‌നേഹിക്കുന്നവര്‍ക്കും ഒരുപോലെ വാങ്ങി ആസ്വദിക്കാനും സൂക്ഷിച്ചുവയ്ക്കാനും പറ്റിയ പുസ്തകം എന്ന സവിശേഷതകൂടി എം.ടി.അനുഭവങ്ങളുടെ പുസ്തകത്തിനുണ്ട്.

 

എം.ടി അനുഭവങ്ങളുടെ പുസ്തകം

എഡിറ്റിങ്, രൂപകല്‍പന അനൂപ് രാമകൃഷ്ണന്‍

പ്രസാധകര്‍ മനോരമ ബുക്‌സ്

പേജ് 530, വില 780

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

English Summary: MT Anubhavangalude Pusthakam book by Anoop Ramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com