ADVERTISEMENT

നാം മനുഷ്യർക്ക് യാതൊരുവിധ ഓർമയുമില്ല എന്ന് കരുതുക. കൂടിയാൽ രണ്ടോ മൂന്നോ ദിവസം മാത്രമുള്ള ഓർമ എന്നും കരുതിക്കോളൂ. എന്താവും മനുഷ്യകുലത്തിന്റെ ചരിത്രം, ഭാവി, വർത്തമാനം? തീർച്ചയായും ഇങ്ങനെയൊരു മനുഷ്യരോ, സാംസ്‌കാരിക ലോകമോ ശാസ്ത്രലോകമോ വ്യവസായലോകമോ ആയിരിക്കില്ല അത്. അതിന്റെ നിലനിൽപിനെക്കുറിച്ചുള്ള ആലോചന തന്നെ നമ്മുടെ ഭാവനയെ വെല്ലുവിളിക്കും. സ്വന്തം ജൈവശരീരത്തിലെഴുതിയ, ഇനിയും വായിച്ചു തീർന്നിട്ടില്ലാത്ത ജനിതക ചരിത്രം മാത്രമാണ് സ്വന്തമെന്നു പറയാൻ മനുഷ്യ സമൂഹത്തിനുള്ളതെന്നറിയാം. 

 

വാമൊഴിയായും വരമൊഴിയായും എഴുതപ്പെട്ട ഓർമകളുടെ അടയാളങ്ങൾക്കു മനുഷ്യർ സ്വന്തം അസ്‌തിത്വത്തെക്കാൾ വില കൽപിക്കുന്നു. അതിനാൽത്തന്നെയാവും നാം പ്രായമായവരെ ഉപേക്ഷിക്കാൻ മറ്റു വഴിയൊന്നുമില്ലാതെ വരുമ്പോൾ വെന്റിലേറ്ററുപയോഗിച്ചും രക്ഷിച്ചെടുക്കാൻ ഉപബോധം ശ്രമിക്കുന്നത്. കാർഷിക സംസ്‌കാരം, കുടുംബവ്യവസ്ഥ എന്നിവയിലൂടെ ഉരുവം കൊണ്ട ഇന്നത്തെ സാംസ്കാരിക മനുഷ്യൻ ഓർമകളെ പ്രധാന ചാലകശക്തിയാക്കി സഞ്ചരിക്കുന്നു. അതിനെ സംരക്ഷിക്കാൻ വേണ്ടി വന്നാൽ യുദ്ധം തന്നെ ചെയ്‌തു രക്തസാക്ഷിത്വം കൈവരിക്കാം. 

 

ഓർമകളുടെ സാമൂഹികരൂപമെന്നു നാം കരുതുന്ന ചരിത്രങ്ങൾ ഇരുതലമൂർച്ചയുള്ള വാളാണ്. ലോകത്തിലെ കലാപകലുഷിതാന്തരീക്ഷം വിട്ടു മാറാത്ത രാഷ്ട്രങ്ങളുടെ എണ്ണം നാം എടുത്തു നോക്കിയാൽ ഇതറിയാം. ചരിത്രം നന്മയുടെ ചാലകശക്തിയായി വർത്തിക്കുന്നതും നാം കാണുന്നു. 

 

ഓർമ മൃതിഭയത്തിൽ നിന്നുള്ള കാവലുമാണ്, മനുഷ്യനെ സംബന്ധിച്ചിടത്തോളം. താൻ ജനിക്കുന്നതിനു മുൻപേ ഉണ്ടായിരുന്നു, എന്റെ പൂർവ ജനിതകാംശങ്ങൾ, താൻ മരിച്ചാലും തന്റെ മരിക്കാത്ത ജനിതകാംശങ്ങൾ ഈ ഭൂമിയിൽ ജീവിക്കും. ഈ കണ്ടെത്തൽ, മൃത്യുഭയത്തെ, ചെറുതായൊന്നുമല്ല മനുഷ്യകുലത്തെ ആശ്വസിപ്പിക്കുന്നത്. ആയതിനാൽ തലമുറകൾ ഒട്ടേറെ സുഖകരമായി ജീവിക്കാൻ മനുഷ്യബോധം ആഗ്രഹിക്കുന്നു. വരാൻ പോകുന്ന തലമുറയിലെ ഒരാളെയും കാണാനുള്ള അവസരം പോലും സിദ്ധിക്കാത്ത മനുഷ്യ ആർത്തിയുടെ കഥ ഇങ്ങനെ നീളുന്നു. 

 

K.A. Francis
കെ. എ. ഫ്രാൻസിസ്

ചിലപ്പോൾ തോന്നും ഓർമകൾക്ക് തനിയെ, അതെ, തനതായിത്തന്നെ ഒരു അസ്‌തിത്വമുണ്ടെന്ന്. അത് നന്മതിന്മകളുടെ സാമൂഹികരാഷ്ട്രീയവ്യക്തിത്വ ചരിത്ര രചനയിലുമാണ്. 

 

manorama-books-sould-gadi-k-a-francis

ചരിത്രത്തിലെ നിരന്തര കാഴ്‌ചയുമായി ചേർത്തുവായിച്ചാൽ നമുക്കിത് മനസ്സിലാവും. 

 

‘സോൾഗഡി’ എന്ന ഈ പുസ്‌തകം ഓർമകളിലൂടെ മുന്നേറുന്ന വ്യക്തിയുടെയും കുടുംബത്തിന്റെയും ദേശത്തിന്റെയും കാലത്തിന്റെയും ചരിത്രമാണ്. മുഴുനീള കളർഫുൾ ജീവിതമാണ് അപ്പാപ്പന്റെ ജീവിതം. ഇന്ന് നമ്മുടെ സിനിമകളിലെല്ലാം കളർഫുൾ ആവുകയും ജീവിതം പറ്റെ ബ്ലാക്ക് ആൻഡ് വൈറ്റുമായിത്തീർന്നിരിക്കുന്നു. ഇക്കാര്യം പലപാട് ഓർമിപ്പിക്കും ഈ പുസ്‌തകം. സ്വപ്‌നം കണ്ടതുപോലെ ഏറെക്കുറെ ജീവിച്ചു തീർത്ത മനുഷ്യരെ ഈ പുസ്‌തകത്തിൽ നാം കണ്ടുമുട്ടുന്നു. വർണശബളമായ ആ  ജീവിതം അത്രമേൽ പ്രയോഗികവാദിയും ജീർണ റിയലിസ്‌റ്റിക്കും ആയിപ്പോയ നമ്മുടെ ജീവിതത്തെ വളരെ കാൽപനികമായി വെല്ലുവിളിക്കുന്നതു കാണാം. 

 

author-shihabudeen-poithumkadavu
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

ഈ ഓർമ്മപ്പുസ്തകം ഗ്രന്ഥകർത്താവിന്റെ ‘ഐഡിയൽ ഹീറോ’ യായ അപ്പാപ്പൻ എന്നു വിളിക്കുന്ന മുത്തച്ഛന്റെ കഥയാണ്. നല്ല ഭക്ഷണവും നല്ല മദ്യവും നിറഞ്ഞ ഒരു ഏകാംഗ ഉത്സവമാണ് അദ്ദേഹം. ഈ എക്‌സ് പൈനാങ്കുകാരൻ ജീവിത പ്രത്യാശയുടെ സവിശേഷമായ പഴയകാല തൃശൂർ നസ്രാണി ഐക്കനാണ്. 

 

അപ്പാപ്പൻ ഒരു സാദാ കുടിയനോ വെറും തീറ്റക്കാരനോ അല്ല. കുടിക്കും തീറ്റയ്ക്കും തന്റേതായ സൗന്ദര്യ ശാസ്ത്ര സങ്കൽപം പ്രബലമായി സൂക്ഷിക്കുന്ന ഒരാളാണ്. തീറ്റയോടുള്ള ആഭിമുഖ്യം ജീവിത പ്രത്യാശയുടെ പ്രധാന ലക്ഷണമാണ്. മദ്യപാനം ശാസ്ത്രീയമായി നടത്താൻ പൊതുവേ മലയാളിക്കറിയില്ല. മദ്യ നിർമാണവും ഭക്ഷണ പാചകവും വലിയ ശാസ്ത്രമായിട്ടെടുത്ത ഒരു അപ്പൂപ്പനെ ഇവിടെ നാം കണ്ടുമുട്ടുന്നു. തല്ലിനു തല്ല്, വഴക്കിനു വഴക്ക് എങ്കിലും മാപ്പിന് യഥേഷ്‌ടം മാപ്പും അപ്പാപ്പന്റെ ഒരു രീതിയാണ്. തങ്ങളിൽ ഒരാളെ നടുറോഡിലിട്ട് പട്ടാപ്പകൽ കുത്തിക്കൊന്ന പൈലിയെ വകവരുത്താനുള്ള ശ്രമത്തിനിടയിൽ കാരാത്ര കുടുംബത്തിലെ ‘ആണുങ്ങളി’ൽ നിന്ന് രക്ഷപ്പെടുത്തിയ അപ്പാപ്പൻ സാധാരണ വ്യക്തിയല്ല. ‘പൊറിഞ്ചു, എനിക്കബദ്ധം പറ്റിയതാടാ, നീയെന്റെ കാല് വിട്ടില്ലെങ്കിൽ അവരെന്നെ കൊല്ലും’ എന്ന ദീനരോദനത്തിനു മുന്നിൽ മനസ്സലിഞ്ഞ ഒരാൾ വെറും സാധാരണക്കാരനല്ലതന്നെ!

 

കാരാത്ര കുടുംബത്തിലെ സാമ്പത്തികവ്യവസ്ഥ, സ്ത്രീപുരുഷ ബന്ധം, സാമൂഹിക പ്രതിബദ്ധത, സവിശേഷ സ്ത്രീലോകങ്ങൾ, സ്നേഹപ്രകടനശൈലി, ആത്മീയ വ്യവഹാരങ്ങൾ, നാട്ടുവഴക്കങ്ങൾ, ദാമ്പത്യജീവിതം, നാടകം, ചിത്രകല തുടങ്ങിയ രൂപങ്ങൾ, അടുക്കള, പാചകം, മദ്യസേവ തുടങ്ങിയവയെല്ലാം വളരെ സജീവമായി ഈ  കൃതിയിൽ അണിനിരക്കുന്നു. കരച്ചിലിനെക്കാൾ ചിരിയാണ് അവിടത്തെ ഒച്ച, ദുഃഖങ്ങളൊക്കെ വെറും നിഴലായി നിൽക്കാനേ കാരാത്രക്കാർ സമ്മതിക്കൂ എന്നു തോന്നും.

 

വ്യക്തിയുടെ ഓർമകളാണെങ്കിൽ പോലും അതിന് ഒറ്റയ്ക്കു നിൽക്കാനാവില്ല. അനേക അപൂർവം ചരിത്രശകലങ്ങളും ശൽക്കങ്ങളും അവയെ പൊതിഞ്ഞിരിക്കും. ഇത്തരം ഒട്ടേറെ സന്ദർഭങ്ങൾ പുസ്‌തകത്തെ ധന്യമാക്കുന്നു. 

 

ഒരു ദേശത്തിന്റെ ചരിത്രത്തിൽ കൂടിയാണ് നമ്മൾ സഞ്ചരിക്കുക. ഒരു ജനതയുടെ മനോഭാവങ്ങൾ, മാനവികബോധം, ഇഷ്‌ടം, അനിഷ്‌ടം ഒക്കെ വരാം. വിസ്‌മൃതിയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന വാക്കുകൾ കാണാം (പൂരക്കായ, അപ്പൻ പെങ്ങൾ), വസ്‌തുക്കൾ കാണാം. കോഴിക്കോട് പഠിക്കാൻ പോയ കാലത്തെ കോഴിക്കോടൻ ട്രെയിൻയാത്ര എന്നെപ്പോലുള്ള ‘അറുപതുകളി’ലെ സന്താനങ്ങൾക്ക് ഏറെ കൗതുകകരമായിരുന്നു. ഞെട്ടിക്കും വിധം ഒരനുഭവം. നമ്മുടെ റെയിൽവേ എത്രമേൽ മാറിയിരിക്കുന്നു എന്ന അത്ഭുതകരമായ അറിവാണത്. 

 

വടക്കേ മലബാറുകാരെ സംബന്ധിച്ചിടത്തോളം യൂണിവേഴ്‌സൽ ആർട്സ് എന്ന സ്ഥാപനം വളരെ പ്രധാനപ്പെട്ടതാണ്. അന്ന് എന്റെ ജന്മനാടായ കണ്ണൂരിൽ നിന്ന് എത്രയോ കുട്ടികൾ ആ പ്രശസ്‌തമായ സ്ഥാപനത്തിൽ പഠിക്കാൻ വന്നിരുന്നു എന്നതും ഓർമയിലെത്തി.

 

കോഴിക്കോട്ടെത്തിയിട്ടും അപ്പാപ്പൻ പ്രഭാവം എഴുത്തുകാരനെ വിട്ടൊഴിയുന്നില്ല. നിർണായക മുഹൂർത്തത്തിലൊക്കെ ഈ അപ്പാപ്പൻ തന്റെ പേരക്കുട്ടിക്ക് വേണ്ടി ഇടപെടുന്നതും അവിസ്‌മരണീയ മുഹൂർത്തം തന്നെ. 

 

കെ. എ. ഫ്രാൻസിസ് പത്രപ്രവർത്തകനായിരുന്നില്ലെങ്കിൽ ഒരു മുഴുനീള സർഗാത്മക സാഹിത്യകാരനാവേണ്ട ആളായിരുന്നു എന്ന് ഈ പുസ്‌തകം സാക്ഷി പറയും. ചിത്രകാരൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, പത്രാധിപർ, ഗ്രന്ഥകർത്താവ്, സംഘാടകൻ തുടങ്ങി കൈവച്ച മേഖലകളിലൊക്കെ തനതു മുദ്ര പതിപ്പിച്ച കെ. എ. ഫ്രാൻസിസ് അപ്പാപ്പനെ കേന്ദ്രകഥാപാത്രമാക്കി എഴുതിയേക്കാവുന്ന ഹൃദയഹാരിയായ ഒരു നോവലിന്റെ ആദ്യ രൂപമായിട്ട് ഈ സോൾഗഡി പുസ്‌തകത്തെ കാണാനാണ് വ്യക്തിപരമായി ഇതെഴുതുന്ന ആളിന് ഇഷ്‌ടം. സാറാ ജോസഫിന്റെ ‘ആലാഹയുടെ പെൺമക്കളു’ടെ ഒരു പിന്തുടർച്ചയോ ചേർത്തെഴുത്തോ ആയിത്തീരും ഈ നോവൽ. കുടുംബപുരാണം സരസമായും ആഴത്തിലും എഴുതിയ ഷാലോം അലൈഹിം (Sholem Aleichem) എന്ന തൂലികാ നാമത്തിലെഴുതിയ യിദ്ദീഷ് എഴുത്തുകാരന്റെ എഴുത്തുരീതി അതിന് കൈവരും എന്നും ഒരു സ്വപ്‌നം കണ്ടു എന്നതാണ് സത്യം. 

 

ഓർമകൾ അവസാനിക്കാതിരിക്കട്ടെ, ജീവിതത്തിന്റെ (സാരാംശങ്ങളും.)

 

(കെ.എ. ഫ്രാൻസിസിന്റെ സോൾഗഡി എന്ന പുസ്തകത്തിന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ അവതാരിക)

 

English Summary: Sole Gadi book written by K.A. Francis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com