ADVERTISEMENT

മംഗലാപുരം സെൻട്രൽ സ്റ്റേഷനിലെ ഷണ്ടിങ് യാർഡിലേക്കു ഗുഡ്സ് ട്രെയിൻ ഓടിച്ചുനിർത്തി പുറത്തിറങ്ങി എസ്തപ്പാൻ ചിറ്റപ്പൻ അസിസ്റ്റന്റ് ഡ്രൈവറോടു പറഞ്ഞു:

‘ഇനി ഞാൻ ട്രെയിനോടിക്കുന്നില്ല.’

അസിസ്റ്റന്റ് ഡ്രൈവർ മുത്തുനായകത്തിന് ഒരെത്തും പിടിയും കിട്ടിയില്ല. എസ്തപ്പാൻ ചിറ്റപ്പന്റെ മനസിലെന്താണെന്ന്. കരിയും ചെളിയും മുഖത്തുനിന്ന് അമർത്തിത്തുടച്ച ശേഷം ചിറ്റപ്പൻ ഒന്നുകൂടിപ്പറഞ്ഞു:

 

‘ഞാൻ നാളെ മുതൽ കൈനോട്ടക്കാരനാകാൻ പോകുന്നു.’

അതിനു എസ്തപ്പാൻ ചേട്ടനു കൈനോട്ടം അറിയാമായിരുന്നോ? വണ്ടിയോടിക്കാൻ തുടങ്ങിയതു നേരത്തേ അത് അറിഞ്ഞുകൊണ്ടായിരുന്നില്ലല്ലോ. എന്നാൽ എന്റെ കൈ നോക്ക് ആദ്യം. ഏറെക്കാലം കൈനോക്കിയെന്നു തോന്നിപ്പിക്കുന്നതുപോലെ ഗൗരവത്തിൽ മുത്തു നായകത്തിന്റെ കൈത്തലത്തിലേക്കു നോക്കിയപാടെ ചിറ്റപ്പൻ പറഞ്ഞു:

 

‘മുത്തു വൈകാതെ പാസഞ്ചറിലേക്കു മാറും. പിന്നെ വെച്ചടിവെച്ചടി കയറ്റമായിരിക്കും. വീടു പുതുക്കിപ്പണിയും. മക്കളെ നല്ല നിലയിൽ പഠിപ്പിക്കും. ബാക്കിയെല്ലാം പിന്നെ.’

 

അതിനു പിറ്റേന്നുമുതലാണു മുത്തുനായകത്തെ കാണാതായത്. പുലർച്ചയ്ക്കുള്ള എഗ്മൂർ ഗുഡ്സിൽ ജോലിക്കു കയറേണ്ടതായിരുന്നു. വെളിച്ചം വീഴും മുമ്പേ ടിഫിനുമായി വീട്ടിൽ നിന്നിറങ്ങിയിരുന്നു. സ്റ്റേഷൻ മാസ്റ്റർ വീട്ടിലേക്ക് ആളെ വിട്ടതിൽപ്പിന്നെയാണ് മുത്തു നായകം ഡ്യൂട്ടിക്കെത്തിയിട്ടില്ലെന്നു കോളനിക്കാർ അറിയുന്നത്. മുത്തുനായകം അപ്രത്യക്ഷനായെന്നു പരാതി കൊടുക്കാൻ പൊലീസ് സ്റ്റേഷനിൽ ചെന്നവർക്കും ആൾത്തിരക്കു കാരണം ഏറെ വൈകിയാണ് മടങ്ങിപ്പോരാനായത്. എന്തുകൊണ്ടോ പൊലീസ് സ്റ്റേഷനിൽ പതിവില്ലാത്ത വണ്ണം ആൾത്തിരക്കായിരുന്നു.

 

ജോലി തുടരുന്നില്ലെന്നു പ്രഖ്യാപിച്ചതിനാൽ എസ്തപ്പാൻ ചിറ്റപ്പന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വടക്കോട്ടുള്ള വെസ്റ്റ് കോസ്റ്റ് പോയിക്കഴിഞ്ഞപ്പോഴേ ഉണർന്നെങ്കിലും നേരം പരപരാ വെളുത്തതിനു ശേഷമുള്ള ഷൊർണൂർ ലിങ്ക് പോകുന്നതുവരെ മച്ചിൽ നോക്കിക്കിടക്കുകയായിരുന്നു. താനും കുട്ടികളും പട്ടിണിയായിപ്പോവുമല്ലോ എന്നു പതം പറഞ്ഞു റാഹേലാന്റി മൂക്കു പിഴിഞ്ഞു. വണ്ടിയോടിച്ചു മതിയായിട്ടാണു റാഹേലേ എന്നു പറഞ്ഞിട്ടും പറഞ്ഞതിനെ കൂടുതൽ പരത്തിപ്പറയാൻ ചിറ്റപ്പന് ആവുന്നുണ്ടായിരുന്നില്ല. ആർക്കെങ്കിലും വണ്ടിയോടിച്ചു മതിയാവുമോ എന്ന ആലോചന റാഹേലിന്റെ കരച്ചിലിനെ വല്ലാതെ കണ്ണീരൊഴിച്ചു കുതിർത്തിരുന്നു. ഉച്ചയ്ക്കു മുമ്പേ എസ്തപ്പാൻ ചിറ്റപ്പൻ തീർത്തുപറഞ്ഞു:

 

‘ഇനി വണ്ടിയോട്ടമില്ല. ഒരേ പാളത്തിലൂടെത്തന്നെ ഓടിയോടി മടുത്തു.’

മുത്തുനായകത്തിനെ കാണാതായതിന്റെ വെപ്രാളം ചിറ്റപ്പനെ തേടിവരാൻപിന്നേയും മണിക്കൂറുകളെടുത്തു. മുത്തുനായകത്തിന്റെ ഒന്നാം ഭാര്യ അമലു ചിറ്റപ്പനെ കുറെനേരം ക്രോസ് വിസ്താരം നടത്തിയിരുന്നു. തമിഴ് നാട്ടുകാരി പെരിയഴകിയുടെ വീട്ടിലേക്കല്ല മുത്തുനായകം പോയത് എന്നു തെളിയിച്ചെടുക്കാനായിരുന്നു അത്.

‘നീ നിന്റെ ഇടത്തേക്കൈയിങ്ങു നീട്ട്, നോക്കട്ടെ,’ ചിറ്റപ്പൻ പറഞ്ഞു.

 

അതിൽ നിറയെ കരിയും അഴുക്കും പറ്റിപ്പിടിച്ചിരുന്നു. വിരലുകളുടെ മിനുസം തേഞ്ഞുപോയിരുന്നു. ആവുന്നത്ര കൈ ചേലയിൽ തുടച്ചിട്ട് അമലു കൈ നീട്ടി. അതിൽ നോക്കി ചിറ്റപ്പൻ പറഞ്ഞു:

‘നിന്റെ കൈയിൽ നിന്ന് രേഖയത്രയും മാഞ്ഞുപോയിരിക്കുന്നു.’

അമലു നോക്കുമ്പോൾ ശരിയാണ്. ഒറ്റ രേഖ പോലുമില്ല. തന്റെ കൈ രേഖകളും കൊണ്ടാണ് മുത്തുനായകം പുറപ്പെട്ടുപോയതെന്നു മരിക്കുന്നതുവരെ അമലു സങ്കടപ്പെട്ടു. അതിന്റെ കരച്ചിലും പിഴിച്ചിലും ഏറെയാണ് റാഹേലിനു സഹിക്കേണ്ടിവന്നത്. പോകപ്പോകെ തന്റെ കൈയിലെ രേഖകളും ഓരോന്നായി മാഞ്ഞുപോകുകയാണെന്നു റാഹേലിനും തോന്നിത്തുടങ്ങി. റോസിയാന്റി മക്കളെയടക്കം റാഹേലിനെ ഏറ്റെടുത്തതോടെയാണ് ഓരോ രേഖകൾ വീണ്ടും വളർന്നുതുടങ്ങിയത്. അപ്പോഴേക്കും എസ്തപ്പൻ ചിറ്റപ്പനും പുറപ്പെട്ടുപോയിരുന്നു.

 

ആളുകൾ മാത്രമല്ല സ്ഥലങ്ങളും റോഡുകളും കവലകളും ഓരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. സ്ഥലങ്ങളുടെ സ്ഥാനത്ത് മറ്റു ചില സ്ഥലങ്ങൾ കണ്ട് അമ്പരന്നുപോകാത്തവരുണ്ടായിരുന്നില്ല. പുതിയ ഇടങ്ങളിൽക്കൂടി റോഡുകൾ നഗരങ്ങളെ അന്വേഷിച്ചുപോയി. എന്നാലതു ഉദ്ദേശിക്കപ്പെട്ട നഗരത്തിലെത്താതെ അറിയാത്ത മറ്റിടങ്ങളിൽ ഇറക്കിവിടപ്പെട്ടു. ചില വഴികൾ ആരെയുമെവിടെയുമെത്തിക്കാതെ പുറപ്പെട്ട സ്ഥലങ്ങളിൽത്തന്നെ മടങ്ങിയെത്തി.

 

താമരശ്ശേരി ചുരമിറങ്ങിവരികയായിരുന്ന ഡ്രൈവർ ചന്ദ്രപ്പൻ തൊട്ടുമുന്നിലെ ബസ് പോലെ തോന്നിപ്പിക്കുന്ന വാഹനത്തിൽ നിന്നു സൈഡ് കിട്ടാൻ വേണ്ടി നീട്ടി ഹോൺ മുഴക്കിക്കൊണ്ടിരുന്നു. രണ്ടു ഹെയർപ്പിൻ വളവുകൾ കഴിഞ്ഞപ്പോഴേക്കും കോട വന്നു കണ്ണുമൂടിക്കഴിഞ്ഞിരുന്നു. എന്നാൽ മുന്നിൽ പോകുന്ന വാഹനം കുറച്ചു ദൂരത്തെത്തി ഓടിക്കാൻ അല്പം ഗ്യാപ് കിട്ടട്ടെ എന്നു വിചാരിച്ചു ചന്ദ്രപ്പൻലോറി വേഗം കുറച്ചു. എന്നിട്ടും അടിവാരത്തെത്താൻ അധികം സമയമെടുത്തില്ല എന്നതു ചന്ദ്രപ്പനെ വല്ലാതെ അത്ഭൂതപ്പെടുത്തി. അടിവാരത്തു വിൽപ്പന നികുതി ചെക്ക് പോസ്റ്റിൽ സാധാരണ പരിശോധന ഒന്നുമുണ്ടാകാത്തതാണ്. അന്നു പക്ഷേ ചന്ദ്രപ്പന്റെ വണ്ടി തടഞ്ഞു. ബുക്കും പേപ്പറും ചരക്കു രേഖകളുമായി ചെക്ക് പോസ്റ്റിൽ ഓടിക്കയറിയ ചന്ദ്രപ്പൻ നേരേ കയറിച്ചെന്നതു വിലങ്ങുകളിലേക്കാണ്.

 

‘ആരു പറഞ്ഞിട്ടാടാ?’ എന്ന ചോദ്യം ചന്ദ്രപ്പൻ പ്രതീക്ഷിച്ചതായിരുന്നില്ല. രേഖകളിൽ കൃത്യമായി എഴുതിയിട്ടുണ്ട് മാണ്ഡ്യയിൽ നിന്നു കൊയിലാണ്ടിയിലേക്കുള്ള ഉണ്ടക്കൊപ്രയാണെന്ന്. പരിശോധനയിൽ ലോറിയിൽ നിന്നു കണ്ടെടുക്കപ്പെട്ടതു രണ്ടു കഴിഞ്ഞു ബാക്കി ഏഴു ഹെയർപിൻ വളവുകളാണെന്നതു ചന്ദ്രപ്പനു കോടതിയിലും നിഷേധിക്കാനായില്ല. കൊയിലാണ്ടി കോടതിയിലേക്കു ചന്ദ്രപ്പനെയും കയറ്റിപ്പുറപ്പെട്ട വാഹനം ഗൂഢല്ലൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുക്കപ്പെടുകയായിരുന്നു. അടിയന്തരാവസ്ഥയെത്തുടർന്നു സെൻസർഷിപ്പ് ഏർപ്പെടുത്തിയതിനാൽ അത്തരമൊരു വാർത്ത ആരും വായിച്ചുമില്ല.

 

(വി. ജയദേവ് എഴുതി മനോരമ ബുക്സ് പുറത്തിറക്കിയ മായാബന്ധർ എന്ന പുസ്തകത്തിൽ നിന്ന്...)

 

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

English Summary: Maayaabhandhar book written by V. Jayadev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com