ADVERTISEMENT

മനോരമ ബുക്സ് എന്റെ തൂലിക സാഹിത്യക്കൂട്ടായ്മയുമായി ചേർന്നു നടന്നത്തിയ ചെറുകഥാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കഥയാണ് സക്കീർ ഹുസൈൻ എളയാട് എഴുതിയ അരമതിലിന്റെ ഉയരം. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ഓട്ടോ ഡ്രൈവറാണ് സക്കീർ ഹുസൈൻ.

 

അരമതിലിന്റെ ഉയരം

 

ഡാഷ് ബോർഡിൽ വെച്ചിരുന്ന മൊബൈൽ ഒന്നു മിന്നി. ഏതെങ്കിലും മെസ്സേജിംഗ് ആപ്പിൽ നിന്നുള്ള  നോട്ടിഫിക്കേഷൻ ആകാം. ഏഴോളം മെസ്സേജിങ്ങ് ആപ്പുകളാണ് ഫോണിലുള്ളത്. എല്ലാത്തിലേയും കോൺടാക്ട് ഏറെക്കുറെ ഒരേ ആളുകൾ.

 

‘‘നിങ്ങൾക്കെന്തിനാ മനുഷ്യാ ഇതെല്ലാം.. ഏതെങ്കിലും ഒന്നോ രണ്ടോ ഒഴിച്ച് ബാക്കിയെല്ലാം കളഞ്ഞൂടെ..?’’

 

മാനവി ചോദിക്കാറുണ്ട് ചിലപ്പോൾ തോന്നാറുമുണ്ട്. എന്നാൽ ഓരോ ആപ്പിലും കുരുങ്ങിക്കിടക്കുന്ന ഒന്നോ രണ്ടോ പേർ.. അവരെ വിട്ടു പോരാൻ മനസ്സനുവദിക്കാറില്ല.

 

മൊബൈൽ എടുത്തു നോക്കണോ.. വേണ്ട.. വീട്ടിൽ എത്താൻ ഇനി ഏറിയാൽ അര മണിക്കൂർ. അവൾ പറയാറുണ്ട്, ഡ്രൈവിങ്ങിനിടയിൽ ദയവ് ചെയ്ത് നിങ്ങൾ മൊബൈലുപയോഗിക്കരുത്. പക്ഷേ എടുക്കാതിരിക്കാൻ അതൊരു കാരണമേയല്ല. ചെറുതായി ഉറക്കം വരുന്നു. എത്രയും പെട്ടെന്ന് കിടക്കയിലേക്ക് വീഴണം.

 

വീണ്ടും ലൈറ്റ് മിന്നി. ആരായിരിക്കും. ജസ്റ്റൊന്ന് നോക്കണോ. റിപ്ളേ കൊടുത്തില്ലേലും.

 

മലയോര ഹൈവേയാണ് വിജനമാണ് റോഡെങ്കിലും ഇടയ്ക്കിടെ ഓരോ വാഹനങ്ങൾ എതിരേ വരുന്നുണ്ട്. ചിലതിനേയെല്ലാം മറികടക്കുകയും ചെയ്യുന്നു. നേരിയൊരു മൂടൽ മഞ്ഞ്.

 

മൊബൈലെടുത്തു സമയം നോക്കി പുലർച്ച രണ്ടു മണി. രണ്ടു മണിക്കൂർ നേരത്തേയെങ്കിലും വീട്ടിൽ എത്താമായിരുന്നു. വെറുതേ മൊബൈൽ തോണ്ടിയിരുന്ന് സമയം കളഞ്ഞു.

 

എല്ലാ ആപ്പുകളുടേയും ഗ്രൂപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ ഓഫാണ് ഇതാരോ പേഴ്സണൽ ആണ്.

പ്രശാന്താണ്, ചർച്ച ഇനിയും തീർന്നില്ലേ. ഏതാണ് മികച്ച മെസ്സേജിങ്ങ് ആപ്പ്. ഇന്നലെ ഗ്രൂപ്പിലെ പ്രധാന ചർച്ച അതായിരുന്നു. ഞാനും പ്രശാന്തും പുതുതായി ഇറങ്ങിയ ഒരു ആപ്പിന് കൂടെയായിരുന്നു. ഞാൻ ഇടയ്ക്ക് വെച്ച് നിർത്തി പോന്നപ്പോൾ പ്രശാന്ത് ഒറ്റക്കായി എതിർ ഭാഗത്തുള്ള ഏതോ ഒരു ചോദ്യത്തിന് അവനു മറുപടിയില്ല. ഞാനൊന്ന് ഗ്രൂപ്പിൽ ചെല്ലണം. പോയി നോക്കാം ഞാനാണ് തുടക്കമിട്ടത് റിപ്ലൈ കൊടുത്തില്ലെങ്കിൽ ഒളിച്ചോട്ടമാകും.

 

ഗ്രൂപ്പ് തുറന്നതും മെസ്സേജുകൾ വരിവരിയായി ഫോണിൽ നിറയാൻ തുടങ്ങി നല്ല അടിയാണ് മെസ്സേജുകൾ ഓരോന്നും നോക്കട്ടെ എല്ലാത്തിനും എന്റെ പക്കൽ മറുപടി ഉണ്ട്.

 

ഉറക്കം തൂങ്ങലിനിടയിൽ മൊബൈലിലേക്ക് കൂടി ശ്രദ്ധ പോയതാകാം കാരണം വണ്ടിയൊന്ന് പാളിയോ.

 

എന്താണിത്. ഒരു മിന്നായം പോലെ എന്തോ ഒന്ന് കാറിനെ ഉരസി കടന്നു പോയോ. എന്താണത്. കാറിനേക്കാൾ വേഗത്തിൽ... അലറിക്കുതിക്കുന്നൊരു കാട്ടു മൃഗമോ.... അതെങ്ങോട്ടാണ് പോയത്..

 

പതിനായിരങ്ങൾ വിലയുള്ള അതിനെക്കാൾ വിലയുള്ള ഉള്ളടക്കങ്ങളുമുളള മൊബൈൽ താഴെ വീഴാതിരിക്കാൻ ഒരു കൈയ്യിൽ മുറുകെപ്പിടിച്ച് മറുകൈ കൊണ്ട് നിയന്ത്രിക്കാൻ ശ്രമിച്ച് കാർ വെട്ടിച്ചതും നിയന്ത്രണം വിട്ട കാർ എവിടെയോ ഇടിച്ച് നിന്നു.

 

തല എവിടെയോ ഇടിച്ചു. രാത്രിയിൽ പോലീസ് ചെക്കിങ്ങ് ഉണ്ടാവില്ലെന്ന ധൈര്യത്തിൽ സീറ്റ് ബെൽറ്റ് ഇടാഞ്ഞത് അബദ്ധമായി.

 

ഒരു തളർച്ച പോലെ. സ്റ്റിയറിംഗിൽ തല ചായ്ച്ച് അൽപ്പ നേരം കിടക്കാം. ഒരുപാട് നേരം മയങ്ങിയോ. തല തടവി നോക്കി ഭാഗ്യം മുറിവൊന്നുമില്ല.

 

ആരാണ് കാറിന്റെ ഡോർ മുട്ടുന്നത്. ടീ ഷർട്ടും ജീൻസും ധരിച്ച ഒരു ചെറുപ്പക്കാരൻ. ഡോർ തുറന്നാൽ അബദ്ധമാകുമോ..?

 

പക്ഷേ.. അവനെ നോക്കിയതും അവൻ പിൻ ഡോർ തുറന്ന് ഉള്ളിൽ കയറി. ഡോർ ലോക്ക്ഡ് അല്ലായിരുന്നോ...!?

 

അവന്റെ ആ നടപടി. അനുവാദം പോലും ചോദിക്കാതെ. രൂക്ഷമായൊരു നോട്ടത്തോടെ അനിഷ്ടം പ്രകടിപ്പിച്ചു.

 

‘‘നിങ്ങൾ എന്നെയൊന്ന് ഹോസ്പിറ്റലിൽ എത്തിക്കാമോ... പ്ളീസ്..’’

 

‘‘ഇറങ്ങണം മിസ്റ്റർ.. ഇത് ടാക്സി അല്ല’’

 

‘‘അറിയാം പക്ഷേ ഇപ്പോൾ നിങ്ങളെന്നെ സഹായിച്ചേ പറ്റൂ’’

 

‘‘നിങ്ങളാരാണെന്ന് അറിയാത്തതിനാൽ തൽക്കാലം നിർവാഹമില്ല. നിങ്ങൾ വണ്ടിയിൽ നിന്നിറങ്ങണം’’

 

‘‘നിങ്ങൾക്കെന്നെ ഇറക്കി വിടാൻ സാധിക്കില്ല.. നിങ്ങളെന്നെ സഹായിച്ചേ പറ്റൂ.’’

 

അവൻ പറഞ്ഞത് ശരിയാണ് അവൻ നല്ല കായബലമുള്ള ഒരാളാണ്.... അവനെ  ഇറക്കി വിടാൻ  മാത്രമുള്ള കായികശേഷി എനിക്കില്ല.. വിജനമായ സ്ഥലവും.. എന്ത് ചെയ്യണമെന്ന ആലോചനയിലാണ്ട് നിൽക്കുമ്പോൾ അവൻ തുടർന്നു.

 

‘‘ദയവായി നിങ്ങളിവിടെ നിന്ന് വണ്ടിയെടുക്കൂ. ഇവിടെ ചോരയുടെ മണമാണ്’’

 

ശരിയാണ് എന്തോ ഒരു  ഗന്ധം.. ചോരയുടെതാണോ.?

 

വരുന്നത് വരട്ടെ ... കാർ സ്റ്റാർട്ട് ചെയ്തു.. ഭാഗ്യം കുഴപ്പമൊന്നുമില്ല ആദ്യ ശ്രമത്തിൽ തന്നെ കാർ സ്റ്റാർട്ടായി.

 

കാർ പിന്നോട്ടെടുത്ത് റോഡിൽ കയറ്റി.. പതുക്കെ മുന്നോട്ടെടുത്ത് ഓടിക്കാൻ തുടങ്ങി.... കാറിന് കുഴപ്പമൊന്നുമില്ലെന്ന് തോന്നുന്നു.

 

ഇവനെ എന്ത് ചെയ്യണം. കുറച്ചു മുന്നോട്ട് പോയാൽ  രാത്രിയിൽ തുറന്നിരിക്കുന്ന ഒരു ചായക്കടയുണ്ട് അവിടെ നിർത്തി ഇറക്കി വിട്ടാലോ.

 

‘‘ഇത് നിങ്ങളുടെ മോൾക്കുള്ളതാണോ...?’’  

 

അച്ചുമോളുടെ ഒരുപാട് ദിവസത്തെ കൊഞ്ചലുകളുടേയും യാചനകളുടേയും കൽപനകളുടേയും ഫലമായി ഇന്നലെ അവൾക്കായി വാങ്ങി പിൻ സീറ്റിൽ വച്ചിരുന്ന വലിയ പാവ  എടുത്ത് കൈയിൽ പിടിച്ചാണ്  അയാളുടെ ചോദ്യം.

 

അതിനൊന്നും മറുപടി കൊടുക്കേണ്ട കാര്യമില്ല.. അൽപ്പ നേരത്തെ നിശ്ശബ്ദതക്ക് ശേഷം അങ്ങോട്ടൊരു ചോദ്യമിട്ടു.

 

‘‘നിങ്ങൾക്ക് കാഴ്ചയിൽ കുഴപ്പമൊന്നുമില്ല. പിന്നെ  എന്തിനാണ് ഈ അസമയത്ത് ഹോസ്പിറ്റലിൽ....?’’

 

അതിനു മറുപടി പറയാതെ അയാൾ തിരിച്ച് ഇങ്ങോട്ടുമൊരു ചോദ്യം വിടുകയാണുണ്ടായത് 

 

‘‘നിങ്ങൾക്ക് എത്ര കുട്ടികളുണ്ട്...?’’

 

അരിശത്തിൽ മിററിലൂടെ അയാളെ നോക്കി.

 

അയാൾ പാവയിൽ കണ്ണും നട്ടിരിക്കുകയാണ്. ഇയാളുടെ മുഖമെന്താ ഇങ്ങനെ. ഒരു മടുപ്പിക്കുന്ന നിർവികാരത. മറുപടി ഉണ്ടാവില്ലെന്ന് ഊഹിച്ചാവണം അയാൾ തുടർന്നു.

 

‘‘എന്റ ഭാര്യ ഗർഭിണിയാണ്. ജില്ലാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. നാളെയാണ് ഡേറ്റ്’’ എന്തോ ഗാഡ ചിന്തയിലാണ്ടാണ് അയാളത് പറയുന്നതെന്ന് തോന്നി..

 

അപ്പോളതാണ് കാര്യം.. മനസ്സിൽ ഒരലിവ് തോന്നി.

 

‘‘നിങ്ങളീ നേരത്ത് ഇവിടെ എങ്ങനെ എത്തി..?’’

 

‘‘അതാണ് ഞാനും ആലോചിക്കുന്നത്’’

 

‘‘നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ..?’’

 

‘‘ഒരു സുഹൃത്തിനൊപ്പം ബാറിൽ ഇരിക്കുന്നത് ഓർമയിലുണ്ട്.. പിന്നീടുള്ള കാര്യങ്ങൾ ഓർമയിൽ വരുന്നില്ല... കുറേ ദൂരെയാണ് എനിക്ക് ജോലി. അവൾ അഡ്മിറ്റായതറിഞ്ഞ് ബസ്സിനോ ട്രെയിനിനോ കാത്ത് നിൽക്കാതെ ബൈക്കുമെടുത്ത് പുറപ്പെട്ടതാണ്

 

മൂന്ന്  കിലോമീറ്ററപ്പുറം ഒരു ബാറുണ്ട്..  അവിടെനിന്നും ഇറങ്ങി വരുന്ന വരവാണ് മദ്യപാനം ഒരു കുറ്റമൊന്നുമല്ല... ഞാനും അതിൽ ഒട്ടും മോശമല്ലല്ലോ.... ഒരിക്കൽ കാർ ബാറിൽ മറന്ന് വെച്ച് ഓട്ടോ പിടിച്ചു വീട്ടിൽ പോയത് ഓർമ്മയിൽ വന്നു.

 

വീട്ടിലേക്ക് പോകുന്ന വഴിക്ക്  ഇടത്തോട്ട് തിരിഞ്ഞ്  ഒരല്പ ദൂരം കാറോടിച്ചാൽ ജില്ലാ ഹോസ്പിറ്റലിൽ എത്താം.... ഇയാളെ അവിടെ ഇറക്കി വിടാം.

 

‘‘നോക്കൂ... നാളേക്ക് ഇനിയുമൊരുപാട് സമയമുണ്ട്.. നിങ്ങളിപ്പോളവിടെ പോയിട്ട് എന്ത് ചെയ്യാനാണ്... മാത്രമല്ല നിങ്ങളെ ഈ അസമയത്ത് സ്ത്രീകളുടെ വാർഡിൽ പ്രവേശിപ്പിക്കുകയുമില്ല... നിങ്ങൾ കൊതുകു കടി കൊണ്ട് പുറത്തിരിക്കേണ്ടി വരും’’

 

‘‘സത്യത്തിൽ ഞാൻ രാവിലെ പോകണം എന്ന് തന്നെയാണ്  കരുതിയിരുന്നത്.... ഞാനെന്റെ വീട്ടിലേക്കുള്ള യാത്രയിലുമായിരുന്നു. പക്ഷേ ഇപ്പോൾ പെട്ടെന്ന് പോകേണ്ടതായി വന്നു.. നാളെ ഞാൻ അവിടെ എത്തുന്നതിന് മുമ്പായി എനിക്കിപ്പോ അവളെയും കുഞ്ഞിനെയും ഒന്നു കാണണമെന്നു തോന്നി’’.

 

ഇയാൾ എന്തൊക്കെയാണീ പറയുന്നത്... ഇയാളെന്നെ പോലെ തന്നെ...  ലഹരിയുടെ ചില വേർഷനുകളിൽ... ഭാര്യയെ കാണണം... കുമ്പസാരിക്കണം... ഇനിയില്ല എന്നാണയിടണം.

 

അയാൾ തുടർന്നു

 

‘‘നാളെ വീട്ടിൽ ഒരു പ്രധാന ചടങ്ങ് നടക്കും. അത് കഴിഞ്ഞാൽ ഒരു പക്ഷേ എനിക്കവളെ കാണാനാവാതെ വരും’’

 

ഒന്ന് നിർത്തി ആലോചനയിലാണ്ട് അയാൾ തുടർന്നു.

 

‘‘ഏതാണ് ആദ്യം നടക്കുക എന്ന് അറിയില്ലല്ലോ’’

 

എന്താണ് ആ ചടങ്ങ് എന്ന് ചോദിക്കാനൊരുങ്ങി പിന്നെ വേണ്ടെന്ന് വെച്ചു അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല..

 

കയ്യിലിരിക്കുന്ന പാവയെ തടവിക്കൊണ്ട് അയാൾ...

‘‘നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ടെത്ര വർഷമായി....?’’

 

അറിയാതെ അതിന് മറുപടി കൊടുത്തു

 

‘‘പത്ത് വർഷം’’

 

പത്താമത് ആനിവേഴ്സറിക്ക് സോഷ്യൽ മീഡിയയിൽ  പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് ലഭിച്ചത് നൂറു കണക്കിന്  റിയാക്ടുകളും കമന്റുകളുമായിരുന്നു. ഭൂരിഭാഗവും ആരാണെന്ന് പോലുമറിയാത്ത  അപരിചിതർ.

 

‘‘നിങ്ങൾക്ക് പത്ത് വർഷം ഭർത്താവായിരിക്കാൻ അവസരം ലഭിച്ചു.. ’’

പാവയെ തഴുകി കൊണ്ട് അയാൾ തുടർന്നു. 

‘‘നിങ്ങൾ നല്ലൊരു അച്ചനുമായിരുന്നിരിക്കണം’’ എനിക്ക് വെറും ഒന്നര വർഷമേ ലഭിച്ചുള്ളൂ‘‘

 

അയാൾ പറഞ്ഞത് മുഴുവനും മനസ്സിലായില്ലെങ്കിലും അയാളുടെ കല്ല്യാണം കഴിഞ്ഞിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ എന്ന് മനസ്സിലായി.

 

കാർ ജില്ലാ ഹോസ്പിറ്റലിന് മുൻപിലെത്തി അയാൾ ഇറങ്ങുവാനായി ഞാൻ അക്ഷമയോടെ കാത്തു നിന്നു. അയാൾ ഇറങ്ങിയില്ലാ എന്ന് മാത്രമല്ല യാചനയുടെ രൂപത്തിൽ ഒരഭ്യർത്ഥന നടത്തി

‘‘നിങ്ങൾ ദയവായി എന്റെ  കൂടെ ഒന്ന് വരാമോ... എനിക്കെന്തോ ഒരു ഭയം പോലെ’’

 

ഏതാനും സെക്കൻഡ് എന്ത് ചെയ്യണം എന്ന ആലോചനക്ക് ശേഷം അയാളുടെ കൂടെ ചെല്ലാൻ തന്നെ തീരുമാനിച്ചു. പാവം എന്തൊക്കെയോ പ്രശ്നങ്ങൾ അയാളെ അലട്ടുന്നുണ്ട്.

 

കാർ പാർക്കിംഗ് ഏരിയയിലേക്ക് മാറ്റി നിർത്തി... പുറത്തിറങ്ങിയ ഞങ്ങൾ ഹോസ്പിറ്റൽ കോംപ്ളക്സ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി 

 

സമയത്തെക്കുറിച്ച് ഒരു ധാരണയുമില്ല. നേരം പുലരാൻ ഇനി അധികമില്ല എന്ന് തോന്നുന്നു.

ഹോസ്പിറ്റൽ പരിസരം വിജനമാണ്.. പകൽ സമയം ഇവിടങ്ങളിൽ എന്തിനൊക്കെയോ വേണ്ടി തലങ്ങും വിലങ്ങും സഞ്ചാരം നടത്തിയവർ നാളേക്കുള്ള സഞ്ചാര ഊർജ്ജസംഭരണത്തിനായി വിശ്രമത്തിലാണ്. ഹോസ്പിറ്റൽ കോമ്പൗണ്ടിൽ വളരെ അത്യാവശ്യ ലൈറ്റുകൾ മാത്രമേ പ്രകാശിക്കുന്നുളളൂ. പഴകി നരച്ച് പെയിന്റിളകിയതും ദ്രവിച്ചതുമായ കെട്ടിടങ്ങൾക്കിടയിൽ ആധുനികവത്കരിച്ച ഒന്നു രണ്ട് പുത്തൻ കെട്ടിടങ്ങളും.. സമൂഹത്തിന്റെയൊരു പരിച്ഛേദം പോലെ.

 

അവിടെയുമിവിടേയുമായി ഓരോ മഞ്ഞവെളിച്ചം. അതിനു ചുറ്റും വട്ടമിട്ട് പറക്കുന്ന അസംഖ്യം പ്രാണികൾ. എല്ലാം കൂടി ഏതോ ഒരു ഇംഗ്ലീഷ് പ്രേത സിനിമയിലെ അന്തരീക്ഷം. ഒരു സെക്ക്യൂരിറ്റിക്കാരൻ  ഇളകിപ്പറിഞ്ഞൊരു  ഇരുമ്പ് കസേരയിലിരുന്ന് ഉറക്കം തൂങ്ങുന്നു... ഉറക്കം അസ്ഥിക്ക് പിടിച്ചതിനാലാകാം അയാൾ ഞങ്ങളെ കണ്ടിട്ടില്ല.

 

നടവഴിയുടെ ഒരു വശത്തായി സ്ഥാപിച്ച നിറം മങ്ങിയ ബിൽഡിങ്ങ് മാപ്പിന് സമീപത്ത് അയാൾ നിന്നു. അതിലേക്ക് കണ്ണും നട്ട് അയാൾ പിറുപിറുത്തു.

 

‘‘പ്രസവവാർഡും  മോർച്ചറിയും അടുത്തടുത്ത കെട്ടിടങ്ങളാണല്ലോ... എഞ്ചിനീയർക്ക് ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ട്’’

 

ഓർമ്മയുടെ അങ്ങേയറ്റത്ത് ഈ ആശുപത്രിയുണ്ട്... അതിനും എത്രയോ വർഷങ്ങൾക്കു മുൻപ് ഇതിവിടെയുണ്ട്.  കുട്ടിക്കാലത്ത് ഇവിടെയുണ്ടായിരുന്ന ഒന്നോ രണ്ടോ  കെട്ടിടത്തിൽ നിന്നും ഒരുപാട്  ദൂരെയായി ഓടിട്ടൊരു മേൽക്കൂര കുറ്റിക്കാടുകൾക്ക് മീതേയായി തല പൊക്കി നിൽക്കുന്നത് കാണാമായിരുന്നു. അന്നാരോ പറഞ്ഞ് തന്നതാണ് അത് മരിച്ചവരുടെ വീടാണെന്ന്.. ദുർമരണം സംഭവിച്ചവരുടെ.

 

പിന്നീട് കൂട്ടിച്ചേർക്കലുകളും പൊളിച്ചു പണിയലുകളും നിരന്തരം നടന്നപ്പോൾ ജനിക്കുന്നവരുടേയം  മരിക്കുന്നവരുടേയും വീടുകൾക്കിടയിലെ അകലം ഇല്ലാതായി. മനുഷ്യരുടെ ജനനവും മരണവും പോലെ.

 

അൽപ്പം മുമ്പിലായി പേവാർഡ് എന്നെഴുതിയ കെട്ടിടത്തിന് മുകളിലെ ഒരു റൂമിലെ തുറന്നിട്ട ജനലിലൂടെ അത് വരെ പുറത്തേക്ക് പ്രവഹിച്ചിരുന്ന മങ്ങിയ വെളിച്ചം  പെട്ടെന്ന് കൂടുതൽ തെളിച്ചത്തോടെ പുറത്തേക്ക് ചാടി. ഉടൻ തന്നെ ആ റൂമിൽ നിന്ന് ഒരു കൂട്ട കരച്ചിലുമുയർന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരാൾ ധൃതി പിടിച്ച് പേവാർഡ് കെട്ടിടത്തിൽ നിന്ന് പുറത്തേക്കിറങ്ങി വന്ന് കരച്ചിലുയർന്ന ആ റൂമിലേക്ക് തല ഉയർത്തിയും ചെരിച്ചും നോക്കി. പിന്നെ  കൂടെ കൂടെ അവിടേക്ക് തിരിഞ്ഞ് നോക്കി അതിവേഗം നടന്ന് ഇരുട്ടിൽ മറഞ്ഞു.

 

‘‘മരിച്ചവരുടെ ലോകത്ത് ഒരു ജനനം കൂടി നടന്നിരിക്കുന്നു’’

ചെറുപ്പക്കാരൻ പറഞ്ഞു..

 

ഇവന്റെ ലഹരി ഇനിയും അടങ്ങിയിട്ടില്ലേ... വല്ല കൂടിയ സാധനവുമായിരിക്കും.. മനസ്സിലോർത്തു.

 

അൽപ്പം മുമ്പിലായി

‘ഗർഭിണികളുടെ വാർഡ്’

‘പ്രസവാനന്തര വാർഡ്’

 എന്നിങ്ങനെയെഴുതിയൊരു ബോർഡ് ദിശ സൂചിപ്പിക്കുന്ന ആരോയോട് കൂടിയത് മുന്നിൽ തെളിഞ്ഞു  കണ്ടു.. തൊട്ടടുത്ത് മോർച്ചറി എന്നെഴുതി ആരോ  ആകാശത്തേക്ക് ചൂണ്ടുന്ന വിധത്തിൽ വേറോരു ബോർഡും....  തൊട്ടു പിറകിലായി മങ്ങിയൊരു വെളിച്ചത്തിൽ ദുർമരണം സംഭവിച്ചവരുടെ ഇടത്താവളവും... മോർച്ചറി.

 

വഴി നേരെ അവസാനിക്കുന്നിടത്ത് മോർച്ചറിയും ഇടത്തേക്ക് തിരിഞ്ഞാൽ ഗർഭിണികളുടെ വാർഡുമാണ് ആ കെട്ടിടത്തിൽ തന്നെയാണ് മോർച്ചറിയുടെ അരമതിലിനോട് ചേർന്ന് പ്രസവാനന്തര വാർഡ്.

 

ചെറുപ്പക്കാരൻ മോർച്ചറിയുടെ മുമ്പിലെത്തിയപ്പോൾ അൽപ്പ നേരം എന്തോ ആലോചിച്ച് മോർച്ചറിയിലേക്ക് കണ്ണും നട്ട് നിന്നു. പ്രസവവാർഡും മോർച്ചറിയും വേർതിരിക്കുന്ന ഉയരം കുറഞ്ഞ അരമതിലിലേക്കായി പിന്നെ നോട്ടം.. എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു.

 

‘‘ ഗുരുതരമായൊരു പിഴവാണിവിടെ സംഭവിച്ചിരിക്കുന്നത് ഈ മതിലിന് ഉയരം ഇത്രയൊന്നും പോരായിരുന്നു.... ഇവിടെ ജനനം മരണം കണ്ട് ഭയക്കും... മരണം ജനനം കണ്ട് നെടുവീർപ്പിടും’’

 

അപ്പറഞ്ഞതിൽ അൽപം കാര്യമില്ലാതില്ല... പ്രസവാനന്തര വാർഡിൽ നിന്ന് നോക്കിയാൽ മോർച്ചറി കെട്ടിടം കാണാം... ആ കാഴ്ച ഒഴിവാക്കപ്പെടേണ്ടതാണ്.  ഈ വിവരം ഒരു ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്താലോ.. പക്ഷേ മൊബൈലെവിടെ... കാറിൽ നിന്നെടുക്കാൻ മറന്നോ. അത്ഭുതം ആദ്യമായി ഞാൻ മൊബൈലെടുക്കാൻ മറന്നിരിക്കുന്നു.. ഗർഭിണികളുടെ വാർഡ് നിൽക്കുന്ന ഭാഗത്തേക്ക് നടക്കുമ്പോളും അയാൾ അസ്വസ്ഥതയോടെ അരമതിലിലേക്കും മോർച്ചറിയിലേക്കും തിരിഞ്ഞു നോക്കുന്നുണ്ട്.

 

ഗർഭിണികളുടെ വാർഡിന് മുന്നിലെ നിറം മങ്ങിയൊരു ലൈറ്റിന് താഴെയുള്ള ഒരു ബഞ്ചിലിരുന്ന് ഒരു സെക്ക്യൂരിറ്റിക്കാരൻ ഒരു വീക്കിലി വായിച്ചിരിക്കുന്നുണ്ട് അസമയത്ത് ഞങ്ങളെ അവിടെ കണ്ടാൽ ചോദ്യങ്ങളുണ്ടാവുമെന്നും ഞങ്ങളെ തടയുമെന്നും പ്രതീക്ഷിച്ചതാണ്.. എന്നാൽ ഒന്നുമുണ്ടായില്ല... അയാൾ ഞങ്ങളെ കണ്ട ഭാവം പോലുമില്ലാതെ വായനയിൽ മുഴുകിയിരുന്നു..

ഞാനിപ്പോ വരാമെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് ചെറുപ്പക്കാരൻ വാർഡിനുള്ളിൽ കയറി.

 

തീർത്തും അപരിചിതനായ ഒരാളെ ഞാനെന്തിന് പിന്തുടരുകയും അനുസരിക്കുകയും ചെയ്യുന്നു എന്ന് അത്ഭുതപ്പെട്ട് ഞാൻ അവിടെയുണ്ടായിരുന്ന ഒരു പഴഞ്ചൻ കസേരയിൽ ഇരുന്നു. 

 

മൊബൈലെടുക്കാൻ മറന്നതിൽ ആശ്ചര്യവും നിരാശയും.

 

അൽപ്പ സമയം കഴിഞ്ഞപ്പോൾ യുവാവ് പുറത്തിറങ്ങി വന്നു.. അപ്പോളവൻ ഒരേ സമയം മ്ളാനവദനും സന്തോഷവാനുമായി കാണപ്പെട്ടു. തിരികെ നടക്കുമ്പോൾ യുവാവ് സംസാരം തുടങ്ങി.

 

‘‘ പെൺകുട്ടിയാണ്... സുന്ദരി...’’

 

നാളെയാണ് ഡേറ്റ് എന്നല്ലേ പറഞ്ഞത്.

‘‘പ്രസവിച്ചോ’’

 

‘‘പ്രസവിച്ചിട്ടില്ല ഭാര്യ തളർന്ന് ഉറങ്ങുകയാണ് പാവം.. ഉറങ്ങട്ടെ. ഇനിയങ്ങോട്ട് കുറച്ചു കാലം അവൾക്കുറക്കം കുറവായിരിക്കും’’

 

യുവാവ് തന്നെ തുടർന്നു 

 

‘‘ഗർഭ പാത്രത്തിൽ നിന്ന് പുറത്തേക്കുള്ള വഴി തപ്പി തെരയുമ്പോഴാണ് അവളവളുടെ അച്ഛനെ കണ്ടത്.  എന്നെ തിരിച്ചറിഞ്ഞ അവൾ മനോഹരമായൊന്ന് പുഞ്ചിരിച്ചു. അപ്പോളെനിക്ക്... നിങ്ങൾ വാങ്ങിയ ആ വലിയ പാവയെ ഓർമ്മ വന്നു.. ആരായിരിക്കും അവൾക്കിനി..’’ ഒന്നു നിർത്തിയ ശേഷം ശബ്ദം താഴ്ത്തി അയാൾ തുടർന്നു 

 

‘‘നിങ്ങളുടെ മകളെ കുറിച്ചും ഞാനപ്പോളോർത്തു.’’

 

കൂടിയ സാധനം തന്നെ സംശയമില്ല..

 

തിരിച്ചുള്ള നടത്തം മോർച്ചറിയുടെ മുമ്പിലെത്തിയപ്പോൾ അയാൾ നിർത്തി.. വീണ്ടും അയാളുടെ നോട്ടം അരമതിലിലിന്റെ ഉയരത്തിലേക്കായി.

 

ഇയാളെന്തിനാണ് ഇക്കാര്യത്തിൽ ഇത്രയും വ്യാകുലപ്പെടുന്നത്..

 

അയാളുടെ ഭാര്യയും കുഞ്ഞും  നാളെ  മോർച്ചറിയോട് ചേർന്ന് കിടക്കുന്നതും അങ്ങോട്ട് നോക്കി ഭയപ്പെടുന്നതും അയാളെ അസ്വസ്ഥനാക്കുന്നുണ്ടാകാം... പക്ഷേ നിലവിൽ അതിനകത്ത് മൃതദേഹങ്ങളുള്ള ലക്ഷണമില്ലല്ലോ.... പിന്നെന്തിനാണിയാൾ.

 

ഹോസ്പിറ്റൽ കോംപ്ളക്സിന്റെ പ്രധാന ബിൽഡിംഗ് നിൽക്കുന്ന ഭാഗത്ത് നിന്ന് ആളുകളുടെ ചില ബഹളങ്ങൾ കേൾക്കുന്നു. വാഹനങ്ങളും ആംബുലൻസുകളും പോവുകയോ വരികയോ ഒക്കെ ചെയ്യുന്ന ശബ്ദം... പരിസരം കൂടുതൽ പ്രകാശമയമായോ.

 

പെട്ടെന്നയാളെന്റെ കൈത്തണ്ടയിൽ കേറിപ്പിടിച്ചു 

 

‘‘ഇപ്പോൾ തിരിച്ചു പോകണോ.. നമുക്കിവിടെ കാത്തിരിക്കുകയല്ലേ നല്ലത്’’

 

നിന്റെ ഭാര്യയുടെ പ്രസവത്തിന് ഞാനെന്തിന് കാത്തിരിക്കണം, ഇത്രയും നേരം നിനക്ക് കൂട്ട് വന്നത് തന്നെ മഹാകാര്യം. എന്നൊക്കെ പറയാനാഞ്ഞപ്പോഴേക്കും അവനെന്നെ ബലമായി പിടിച്ചു വലിച്ച് മോർച്ചറിയുടെ വാതിൽ തള്ളി തുറന്ന് അകത്ത് കയറ്റി വാതിലടച്ചു.

 

സ്തബ്ധനായി നിന്നു പോയ എന്റെ കൈയിലെ പിടിവിട്ട് അവൻ മോർച്ചറിക്കുൾവശം എന്തോ തെരയുന്ന പോലെ കണ്ണുകൾ കൊണ്ട് പരതാൻ തുടങ്ങി.

 

ഒരു മോർച്ചറിയുടെ  ഉൾവശം ഞാൻ  ആദ്യമായി കാണുകയാണ്.

 

മൃതദേഹം കിടത്താനുള്ള മൂന്ന് തിണ്ടുകളാണ് അവിടെയുള്ളത്. അത് വെളുത്ത ടൈൽസ് കൊണ്ട് പൊതിഞ്ഞിരിക്കുന്നു. അതിലൊന്നിന്റെ ചില ഭാഗങ്ങളിൽ ഉണങ്ങിയ രക്തക്കറ പറ്റി പിടിച്ച നിലയിൽ.

 

ഭിത്തിയോട് ചേർന്ന് ശീതീകരണ സംവിധാനമുള്ള ഏതാനും  അറകൾ... തറയിൽ പല സ്ഥലത്തായി ഉണങ്ങിയ രക്തക്കറയോട് കൂടിയ പഞ്ഞിക്കഷ്ണങ്ങൾ ചിതറി കിടക്കുന്നു.

 

പെട്ടെന്ന് ആ യുവാവ് താഴെ വീണു കിടക്കുന്നതിൽ നിന്ന് അല്പം പഞ്ഞിയെടുത്ത് രക്തക്കറയുള്ള തിണ്ട് അമർത്തി തുടച്ച് വൃത്തിയാക്കാൻ തുടങ്ങി.

 

ആ പ്രവൃത്തി അമ്പരപ്പോടെ നോക്കി നിൽക്കുമ്പോൾ മോർച്ചറിക്ക് പുറത്തു നിന്ന് ഒരു ശബ്ദം.

 

‘‘എനിക്ക് അകത്തേക്ക് വരാമോ..?’’

 

യുവാവ് മറുപടി കൊടുത്തു.

 

‘‘തീർച്ചയായും’’

 

മെലിഞ്ഞ ശരീരമുള്ളൊരാൾ വാതിൽ തുറന്ന് അകത്ത് കയറി.

 

യുവാവ് അയാളെ ഒന്ന് നോക്കിയതിന് ശേഷം വൃത്തിയാക്കൽ തുടർന്നു. അതിനിടയിൽ മെലിഞ്ഞ ആളോട് ചോദിച്ചു.

 

നിങ്ങളുടെ ബന്ധുക്കളാണല്ലേ ആ കരഞ്ഞ് ബഹളം വെക്കുന്നത് .... ?

 

‘‘അതെ.... എല്ലാവരും മരണം പ്രതീക്ഷിച്ചിരുന്നതാണ്... അതിലേറെ ആഗ്രഹിച്ചതും... പക്ഷെ ഇങ്ങനെ കരയുമെന്ന് പ്രതീക്ഷിച്ചതല്ല.. അത് കേൾക്കാൻ താത്പര്യമില്ലാത്തത് കൊണ്ട് ഇറങ്ങിപ്പോന്നതാണ്.’’

 

യുവാവിന്റെ ചുണ്ടിലൊരു ചിരി വിടർന്നു...

 

‘‘അതങ്ങനെയാണ്’’

 

പെട്ടെന്നവന്റെ ചിരി മായുകയും ചെയ്തു. പ്രസവവാർഡിന് നേരെ മുഖം തിരിച്ച് എന്തോ ആലോചിച്ചു നിന്നു.

 

നിശ്ശബ്ദത ഭേദിച്ചത് മെലിഞ്ഞയാളാണ്.

 

‘‘ഞാനൊരു കൂട്ടില്ലാതെ കറങ്ങി നടക്കുകയായിരുന്നു.. അപ്പഴാണ് ഇവിടെ ചില ചലനങ്ങൾ ശ്രദ്ധയിൽപ്പെട്ടത് ... പരിചിതരാകേണ്ടവരായ ആരോ ആണെന്നു തോന്നി... അതാണ്’’

 

അയാൾ മുഴുമിപ്പിക്കുന്നതിന് മുമ്പ് യുവാവ് ഇടപ്പെട്ടു....

 

‘‘നിങ്ങളുടെ ഊഹം ശരിയാണ്. പക്ഷേ ഇവിടം ദുർമരണം സംഭവിച്ചവർക്ക് സംവരണം ചെയ്ത ഇടമാണ്.’’

 

‘‘അല്ലാത്ത കേസുകളും ഇപ്പോൾ പരിഗണിക്കാറുണ്ട്...’’ മെലിഞ്ഞയാൾ ശീതീകരണ അറകൾ നോക്കി ചിരിച്ചു..

 

മുകളിൽ നിന്നുള്ള ബഹളം കൂടിക്കൂടി വരുന്നു എന്താണത്.

യുവാവിന്റെ വൃത്തിയാക്കലിന്റെ വേഗതയും കൂടി....

മെലിഞ്ഞ ആൾ യുവാവിനടുത്തേക്ക് നീങ്ങി നിന്ന് യുവാവിനെ സഹായിക്കാനെന്ന വണ്ണം മറ്റു രണ്ടു തിണ്ടുകളിലും പറ്റിപ്പിടിച്ച പൊടി കൈകൊണ്ട് തട്ടി കളയാൻ തുടങ്ങി.

മോർച്ചറിയുടെ ഉൾവശം ക്ലീനാക്കുന്നതിൽ ജീവനക്കാർ കാണിക്കുന്ന അലംഭാവം ആയി പിന്നെ അവരുടെ സംസാര വിഷയം.

അതിനിടയിൽ  അവരെന്തോ സ്വകാര്യം പറയുകയും മെലിഞ്ഞ ആൾ എന്നെ കൗതുക പൂർവ്വം വീക്ഷിക്കുകയും ചെയ്യുന്നു.

 

എന്റെ കാലുകൾക്കെന്താണ് ഇറങ്ങിയോടാനുള്ള ബലം കിട്ടാത്തത് എന്നാലോചനയിലാണ്ട് നിൽക്കുമ്പോൾ.... യുവാവ് എന്റെ കണ്ണുകളിൽ നോക്കുന്നു.

 

‘‘നിങ്ങൾ ജീവിതത്തിലും ഇങ്ങനെയാണോ...?’’

 

കൂടുതൽ അമ്പരപ്പോടെ യുവാവിനെ തുറിച്ചു നോക്കുമ്പോൾ അവൻ തുടർന്നു.

 

‘‘യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാനാവാതെയോ... അല്ലെങ്കിൽ മനസ്സിലാക്കാൻ സാധിക്കാത്തതോ ആയ അവസ്ഥ.’’

 

‘‘നിങ്ങൾ ട്യൂബ് ലൈറ്റാണോ മനുഷ്യാ ... കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ എന്തൊരു വൈമനസ്യം.. ’’ മാനവിയുടെ ഇടയ്ക്കിടെയുള്ള ചോദ്യവും യുവാവിന്റെ ചോദ്യത്തിനൊപ്പം മനസ്സിൽ മുഴങ്ങി.

 

പുറത്തു വീണ്ടും കാൽ പെരുമാറ്റം. രണ്ടു പേർ അകത്ത് കയറി.. അതിലൊന്ന് നേരത്തേ കണ്ടൊരു സെക്ക്യൂരിറ്റിയാണ്.... കൂടെ നരച്ചൊരു കോട്ടിട്ട ആളും.

 

അവർ കാണാതിരിക്കാൻ ഞാൻ തുറന്ന വാതിൽ പൊളിക്കിടയിൽ ഒളിച്ചു... വിടവിലൂടെ നോക്കി

 

കോട്ടിട്ടയാൾ കയ്യിലുള്ള ചൂലു കൊണ്ട്  അവിടം അടിച്ചു വൃത്തിയാക്കാൻ തുടങ്ങി.  ഞാൻ വാതിൽ പൊളിയുടെ മറവിലായതിനാൽ എന്നെ കണ്ടിട്ടുണ്ടാവില്ല... എന്നാൽ മറ്റു രണ്ടു പേരേയും ഇവർ ഗൗനിക്കാത്തതെന്ത്....!?

 

‘‘ബൈക്കും കാറുമാണ്... രണ്ടു ബോഡിയുണ്ട്’’ തറ വൃത്തിയാക്കുന്നതിനിടയിൽ കോട്ടിട്ടയാൾ സംസാരം തുടങ്ങി.

 

‘‘അപകട കാരണം എപ്പോഴത്തേയും പോലെത്തന്നെ. ഒരുത്തൻ മദ്യത്തിൽ കുളിച്ചിട്ടുണ്ട്. മറ്റേയാൾ ചത്തിട്ടും മൊബൈൽ കൈയ്യിന്ന് വിട്ടിട്ടില്ല’’

 

‘‘മറ്റുള്ളോരെ ഒറക്കം കളയാൻ ഓരോരുത്തന്മാര്’’  സെക്ക്യൂരിറ്റിക്കാരൻ സ്വിച്ച് ബോർഡിലെ രണ്ടു  സ്വിച്ചുകൾ ഓണാക്കി  നിരനിരയായ ശീതീകരണ അറകളിലെ രണ്ടെണ്ണത്തിന് പുറത്തെ സൂചനാ ലൈറ്റ് തെളിഞ്ഞു.

 

പുറത്ത് രണ്ട് ആംബുലൻസ് വന്ന് നിർത്തി. വെള്ളത്തുണി കൊണ്ട് മൂടിയ രണ്ടു മൃതദേഹങ്ങൾ ചിലർ താങ്ങിയെടുത്ത് കൊണ്ട് വന്ന് ടൈൽസ് വിരിച്ച തിണ്ടുകളിൽ വെച്ചു.

 

അതിലൊരാളുടെ കൈ വെള്ളത്തുണിയുടെ മറ നീക്കി പുറത്തേക്ക് നീണ്ടു വന്നു.. എന്റെ മൊബൈൽ പോലെയുള്ള ഒരു മൊബൈൽ ആ കൈയ്യിൽ മുറുകെ പിടിച്ചിരിക്കുന്നു. അതിൽ നിന്ന് നോട്ടിഫിക്കേഷൻ ലൈറ്റ് മിന്നിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് അയാളുടെ കൈയ്യിലെ മോതിരം ശ്രദ്ധിച്ചത്. മാനവി എനിക്കായി സമ്മാനിച്ച വിവാഹ മോതിരം...!

 

വാതിൽ പൊളിയുടെ മറവിൽ നിന്നും  പുറത്തു വന്ന് ഞാൻ ദൈന്യതയോടെ ചെറുപ്പക്കാരനെ നോക്കുമ്പോൾ അവനെന്നെ കണ്ണുകൾ കൊണ്ട്  ആശ്വസിപ്പിച്ചു..

ശേഷം മുഖം തിരിച്ച്..  മോർച്ചറിയുടെ തുറന്നുവെച്ച വാതിലിലൂടെ ദൃശ്യമായ അരമതിലിന്റെ ഒരു കോണിലേക്ക് നോക്കി.  പതുക്കെ കണ്ണുകൾ അടച്ചു .... മരിച്ചവരുടെ മുഖത്തെ സ്ഥായിയായ ഭാവം മാറി ഓരോ തുള്ളി കണ്ണീർ അവന്റെ അടഞ്ഞ കൺ കുഴികൾക്കിടയിൽ തടഞ്ഞു നിന്നു..

 

ജനനവും മരണവും വേർതിരിക്കുന്ന മതിലിന്റെ ഉയരത്തിൽ ഞാനുമപ്പോൾ അസ്വസ്ഥനായി.

 

Content Summary: Aramathilinte Uyaram, Malayalam short story written by Zakir Hussain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com