ADVERTISEMENT

മനോരമ ബുക്സ് എന്റെ തൂലിക സാഹിത്യക്കൂട്ടായ്മയുമായി ചേർന്നു നടന്നത്തിയ ചെറുകഥാ മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ കഥയാണ് സുനു എസ് തങ്കമ്മ എഴുതിയ പുഴമീൻ. ഇടുക്കിയിൽ കർഷകനാണ് സുനു.

 

പുഴമീൻ

 

പമ്പയാറടുക്കുന്നു. അമ്പലത്തീന്നൊള്ള റെക്കോഡ് പാട്ടിലെ ഞങ്ങക്ക് പമ്പയാറ് പരിചയമൊള്ളൂ. അതിന്റൊരു ഉത്സാഹം നടപ്പിലൊണ്ടാരുന്നു.

 

അരക്കിലോമീറ്റർ വീതീൽ കൊച്ച് കൊച്ചോളങ്ങൾ ഇളകി തെന്നി വരുന്ന കാഴ്ച്ച. ഞങ്ങക്ക് കായല് കണ്ടപോലെ പേടി തോന്നി, മഴക്കാലത്ത് മാത്രം വെള്ളം കുത്തി ഒഴുകുന്ന കുറച്ച് കൈത്തോടുകളേ ഞങ്ങടെ മലനാട്ടിലൊള്ളൂ. അതുകൊണ്ടാണ് ഞങ്ങളീ പലവന്മാര്‍ക്കും നീന്തലറീത്തില്ല.

 

ഞായറാഴ്ചയാരുന്നോണ്ട് പണി മെനക്കെടുത്തി ഞങ്ങള് നാട് കാണാനെറങ്ങീതാണ്. രണ്ടാഴ്ചയായിട്ട് താമസിക്കുന്ന വീടിന്‍റെ ചുറ്റുവട്ടം മാത്രേ ഞങ്ങള് കണ്ടിട്ടൊള്ളൂ. പിന്നെ മഴ സംഭരണികള്‍ പണിയാമ്പോകുന്ന വീടുകളും, അങ്ങോട്ടൊള്ള വഴികളും. വെട്ടം വീഴും മുമ്പേ ഇറങ്ങി പോകുന്ന ഞങ്ങള്‍ തിരിച്ച് കേറിവരുമ്പം നേരം ഇരുട്ടും പിന്നെങ്ങനെ നാട് കാണാനാണ് .

 

കാലത്തെ എണീക്കാതെ ഏഴരയായിട്ടും ഞങ്ങളങ്ങനെ ചുരുണ്ട് കൂടി കെടന്നു. ഹൈറേഞ്ചി രാത്രി മുഴുവനുമുള്ള തണുപ്പ് ഇവിടെ വെളുപ്പാങ്കാലത്ത് മാത്രെയൊള്ളൂ. ചുരുണ്ട് കൂടി കെടക്കാന്‍ നല്ലൊരു സുഖമാണ്. എന്നാലും ആറ് മണി കഴിഞ്ഞാല്‍ എനിക്കൊറങ്ങാന്‍ പറ്റത്തില്ല.

 

ഞങ്ങളിവിടെ വന്നിട്ട് ആദ്യത്തെ ഞാറാഴ്ചയാരുന്നു. താമസിക്കുന്ന ചെറിയ വീടിന്‍റെ  മുറ്റത്തിനോട് ചേര്‍ന്നുള്ള വഴിയില്‍ ആരുടെയോ പതിവില്ലാത്ത വര്‍ത്താനം കേട്ടു അയലോക്കത്തൊള്ള ആരേം ഞങ്ങക്ക് പരിചയമില്ല. വേറാരാണ്ടാണെന്ന് തോന്നുന്നു. പലപല രീതിയിലുള്ള വര്‍ത്താനം. കേട്ടിട്ട് കൂട്ടത്തി കൊച്ചിക്കാരുമൊള്ളപോലെ 

 

ഒരാളൊരു നാടൻ പാട്ട് പാടാന്‍ നോക്കുന്നൊണ്ട്. ‘ഈ കൊച്ച് വെളുപ്പാൻ കാലത്തിവമ്മാരിത് എവിടെ പോയടിച്ചു? ഞാന്‍ മിണ്ടാതെ കെടന്നോര്‍ത്തു. ഞങ്ങള് താമസിക്കുന്ന പഴേവീടിന്‍റെ മുന്നില്‍ റോഡിനെതിര്‍വശത്തായി ഒടിഞ്ഞൊരു കോണ്‍ക്രീറ്റ് പോസ്റ്റ് ഇരിപ്പിടമാക്കി ഇട്ടിട്ടൊണ്ട്, അതിനടുത്തൊരു പെട്ടികടേം. ആ പോസ്റ്റിലിരുന്നാണ് വര്‍ത്താനം എന്ന് തോന്നുന്നു.’

 

എണീറ്റ് ചെന്ന് നോക്കിയാ വള്ളിയാകുമോന്നോര്‍ത്ത് ഞങ്ങള് നാലുപേരും മിണ്ടാതങ് കെടന്നു.

 

പാട്ടും കുണാരവടീം ഒന്നൊതുങ്ങിയപ്പോഴേക്കും ഒരുത്തന്‍ ചാടി എഴുന്നേറ്റ് അവമ്മാരെ കളിയാക്കി ഒരു പാമ്പ് പാട്ട് പാടിക്കൊണ്ട് കക്കൂസിലോട്ടോടി.

 

പത്ത് മണി ആയപ്പോഴേക്കും തൂറലും പല്ല്തേരും കാപ്പികുടീം കഴിഞ്ഞ് ഞങ്ങള് നാലും പമ്പയാറ് കാണാന്‍ പോയി.

 

നല്ല ആറ്റുമീന്‍ കിട്ടുവാരിക്കുമെന്ന് തങ്ങളി തങ്ങളി പറഞ്ഞോണ്ട്. വേറാരും പറഞ്ഞതല്ല ഞങ്ങടൊരു നിഗമനമാരുന്നു. ഞങ്ങടെ നാട്ടി നല്ല മീന്‍ കിട്ടത്തില്ല. മൂന്നും നാലും ദിവസം പഴക്കമുള്ള ഐസിട്ട് മരപ്പിച്ച സാധനമേ ഒള്ളൂ

 

ആറ്റ് തീരത്തെത്തും മുമ്പേ  പാട്ടും കൂണാരവടീം കേട്ടു. കാലത്തെ കേട്ട അതേ കാളരാഗം. സംഗതി കുറച്ചൂടെ പാമ്പായ മട്ടൊണ്ട്, ‘‘പോണോ ?’’ രണ്ടവമ്മാര് പുറകോട്ട് വലിഞ്ഞ് നിന്ന് ചോദിച്ചു.

 

‘‘വാടാ ഇങ്ങോട്ട് നമ്മടെ തോളേകേറിയാ പിടിച്ച് ആറ്റിലേക്കൊറ്റ തള്ള് അത്രേയൊള്ളൂ ആരാണേലും ’’

 

റയിച്ചേട്ടന്‍ പറഞ്ഞു. ഞങ്ങളെല്ലാം വെള്ളമടിക്കുവേലും ഇങ്ങനെ അലമ്പാക്കി മനുഷനെ ബുദ്ധിമുട്ടിക്കത്തില്ല.

 

സംശയിച്ച് സംശയിച്ചാണ് ഞങ്ങള്‍ ആറ്റു വക്കത്തെത്തിയത്. മൂന്നാല് പാമ്പുകളൊണ്ട് ഞങ്ങളെക്കാളും പ്രായമുള്ള ചേട്ടമ്മാരാണ് ജീന്‍സും ഷര്‍ട്ടുമെല്ലാം ഊരിക്കളഞ്ഞ് ഒരാള്‍ ഷഡ്ഡിപ്പുറത്തിരിക്കുന്നു.നല്ല കറത്ത് മെലിഞ്ഞ് സിക്സ് പാക്ക് ബോഡിയൊള്ള ഒരാൾ. അടിച്ച് കോൺ തെറ്റി തല കുമ്പിട്ടാണിരിപ്പ്. ബാക്കി മൂന്ന് പേരും, കുത്തിയിരുന്ന് അടിയാണ്, ഒരു ചീന്ത് വാഴയെലയില്‍ തൊട്ട് നക്കാനൊള്ള അച്ചാറും മിച്ചറും 

 

ഞങ്ങടെ തലവെട്ടം കണ്ടതെ രണ്ട് പേരും ചേര്‍ന്ന് ഒരു നാടന്‍പാട്ട് ഒച്ചത്തിലങ്ങ് പാടി ആരാണ്ടേ കേപ്പിക്കാൻ വേണ്ടി

 

‘‘ചേട്ടമ്മാരെ കൂടുന്നോ?’’ പാട്ട് നിർത്തി ഒരാൾ കുപ്പിപ്പുറത്ത് താളം പിടിച്ചോണ്ട് ഞങ്ങളോട് ചോദിച്ചു. നര കേറിയ മുടിയും കുറിയുമുള്ള ഒരു മനുഷ്യൻ. ‘‘അയ്യോ വേണ്ടായേന്ന്’’ മനസിപ്പറഞ്ഞോണ്ട് ഞങ്ങള് വേണ്ടെന്ന് തലയാട്ടി.

 

‘‘ചേട്ടാ ഇവിടെങ്ങാനും നല്ല ആറ്റുമീന്‍ കിട്ടുവോ ?’’

 

ഞാന്‍ വിളിച്ച് ചോദിച്ചു. കുപ്പിക്കാരന്‍ താളമടി നിര്‍ത്തി, വേച്ചു തുള്ളി എഴുന്നേറ്റു, എന്‍റെ ചോദ്യം കേട്ട് പാട്ടങ് നിന്നുപോയി കൂട്ടത്തിലുള്ളോരും ഞങ്ങളെ നോക്കുന്നു

 

കുപ്പീടാള് ഊര്‍ന്ന് പോയ പാന്‍റൊന്ന് കേറ്റിയിട്ടോണ്ട് ഞങ്ങടെ അടുത്തോട്ട് വന്നു. എന്തേലും അബദ്ധമാണോ ചോദിച്ചേന്നോര്‍ത്തോണ്ട് ആരുമൊന്നും മിണ്ടാതെ നിന്നു.

‘‘അല്ലചേട്ടാ ഈ പൊഴമീന്‍ കിട്ടുമോ’’ ന്ന് ഞാന്‍ പിന്നേം ചോതിച്ചു

 

‘‘എന്താണ് മനസിലായില്ല..?’’

 

കുപ്പിക്കാരന്‍ അത്ര സുഖിക്കാത്ത മട്ടി ചോദിക്കുന്നു. ഞങ്ങള് തങ്ങളിതങ്ങളി നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

 

‘‘ഒന്നുവില്ല ചേട്ടാ ചുമ്മാ ചോദിച്ചെന്നേയൊള്ളൂ.’’

 

ഞങ്ങളവിടുന്ന് നീങ്ങാന്‍ തൊടങ്ങിക്കോണ്ട് പറഞ്ഞു.

 

‘‘പുഴമീനല്ലെ വേണ്ടത്..?’’

 

കുപ്പിക്കാരന്‍ വിളിച്ചു ചോദിച്ചു. നടക്കാന്‍ തൊടങ്ങിയ ഞങ്ങള് പിന്നേമവിടെ നിന്നു.

 

‘‘അതേചേട്ടാ കിട്ടുവോ?’’

 

കുപ്പിക്കാരന്‍ കൂട്ടത്തിലൊള്ളോരെ നോക്കി, അവരും നോക്കി. കൊഴ കൊഴാന്നെന്നാണ്ട് പൊറു പൊറുത്തു 

 

‘‘എന്‍റെ പൊന്ന് സൂഹുര്‍ത്തുക്കളേ ഞങ്ങളീ നാട്ടുകാരല്ല, നമ്മടെ നാട്ടിലാരുന്നേ നല്ലസല് പൊഴമീന്‍ സംഘടിപ്പിക്കാരുന്നു.’’

 

ഓക്കെ ചേട്ടാന്ന് പറഞ്ഞ് ഞങ്ങള് പിന്നേം നടക്കാന്‍ തുടങ്ങി. ഷഡ്ഡിക്കാരനാണെന്ന് തോന്നുന്നു. പുറകില്‍ തൊണ്ട പൊട്ടുന്നപോലെ വാള് വെക്കുന്ന ഒച്ചകേട്ടു.

 

‘‘ഹ ചേട്ടമ്മാരേ നിങ്ങളങ്ങനങ്ങ് പോകാതെ. വാന്നെ നമ്മക്ക് പരിഹാരം ഒണ്ടാക്കാം. ഈ ഡേവിസൊണ്ടല്ലോ നല്ല ഒന്നാന്തരം മീന്‍പിടുത്തക്കാരനാ ചെല്ലാനം കടലിച്ചാടി  വെറും കയ്യോടെ മീന്‍ പിടിക്കുന്ന ടീമാ, നിങ്ങള് വാന്നേ മീന്‍ സംഘടിപ്പിക്കാം കള്ളും പുറത്ത് പറയണതാന്ന് വിചാരിക്കണ്ട ട്ടൊ ’’

 

കുപ്പിക്കാരന്‍ പറഞ്ഞത് കേട്ട് ഞങ്ങള് വേണോ വേണ്ടയോ എന്നൊന്ന് ശങ്കിച്ച് നിന്നു. ‘‘ ഇത് വള്ളിയാടാ വാ പോകാം’’ കൂട്ടത്തിലൊള്ള രണ്ടവമ്മാര് എടഞ്ഞ് നിക്കുന്നു.

 

ഞങ്ങക്ക് ചെന്നിട്ടും വല്ല്യ പണിയൊന്നുമില്ല. ചുമ്മാ ഫോണേതോണ്ടിക്കോണ്ടിരിക്കും. അല്ലെങ്കി ചീട്ട് കളിക്കും, വൈകിട്ട് ആറ്റ് മീന്‍ കൂട്ടിയൊള്ള ചോറൂണോര്‍ത്തപ്പം ഞാനും റെയിച്ചേട്ടനും എടഞ്ഞ് നിന്ന രണ്ട് പേരേം വലിച്ച് തെറ്റിച്ചോണ്ട് വെള്ളമടി ടീംസിന്‍റെ അടുത്തോട്ട് തന്നെ ചെന്നു.

 

‘‘അങ്ങനെ വഴിക്ക് വാ മക്കളേ’’ എന്ന് പറഞ്ഞോണ്ട് കുപ്പിക്കാരന്‍ കുത്തിയിരുന്ന് ഒച്ചത്തിലൊരു ഭഗ്തിഗാനമങ്ങ് പാടി

 

‘‘പാദ ബലം താ എൻട്രാ ലവരോ പാദത്തെ തന്തിടുവാർ.... ദേഹബലം താ  എൻട്രാൽ അവരോ ദേഹത്തെ തന്തിടുവാർ നല്ല  പാതയെ കാട്രിടുവാർ.. സാമിയെ അയ്യപ്പോ അയ്യപ്പോ സാമിയെ.. നല്ല പാതയെ കാട്രിടുവാർ.. സാമിയെ..’’

 

ഷഢിയിട്ട പുള്ളിക്കാരന്‍ പാട്ടിനേക്കാളുമുച്ചത്തി വാള് വെച്ചു.

 

അവിടുന്ന് കുറച്ച് മാറി പെണ്ണുങ്ങടെ കുളിക്കടവാരുന്നു. ഞങ്ങടെ നാട്ടി കാണാന്‍ പറ്റുവേല, ഫുള്ള് വാഷിംഗ് മെഷീനും കുളിമുറിമാണ്. പെണ്ണ്ങ്ങള്‍ പഴേ പടത്തിലൊക്കെ കാണുന്നപോലെ അടിപ്പാവാട നെഞ്ചിലേക്ക് പൊക്കി കുത്തി നിന്ന് കുളിക്കുന്നു. നാണക്കേടൊന്നും വിചാരിക്കാതെ നനഞ്ഞ പാവാട മുട്ടിന് മേളുവരെ പൊക്കി കാലൊരച്ച് കഴുകി. പൊറമേ കാണുന്ന പോലെ പെണ്ണുങ്ങൾ അത്ര ചെറിയ ആൾക്കാരൊന്നുമല്ലല്ലോ എന്ന് തോന്നി നല്ലടിപൊളി കൊച്ചുങ്ങളുമൊണ്ട് നനഞ്ഞ കോലത്തില്‍ കുത്തിയിരുന്ന് അലക്കുന്നു ചെലത്ങ്ങളെ കണ്ടാ സിനിമാ നടികള് മാറി നിക്കും.

 

ഞങ്ങളെല്ലാരും അങ്ങോട്ട് നോക്കി നിന്നുപോയി, റജിച്ചേട്ടനും.

 

‘‘ അപ്പോ നിങ്ങക്ക് മീന്‍ വേണമല്ലേ..?’’

 

കുപ്പിക്കാരന്‍ പിന്നേം ചോദിച്ചു. ‘‘അതേ ചേട്ടാ കിട്ടിയാ കൊള്ളാം’’ ഞാന്‍ പറഞ്ഞു.

 

‘‘ഡാ പ്രതീപെ പറഞ്ഞ കേട്ടല്ലോ നമ്മടെ സ്വന്തം ടീമ്കളാണ്, മ്മടെ ചങ്ക് ബ്രോസ് ഇവര്‍ക്ക് മീന്‍ വേണം നല്ലസല് പൊഴമീന്‍’’

 

പ്രതീപെന്ന് പറഞ്ഞ പുള്ളിക്കാരന്‍ ഞങ്ങളെ തലപൊക്കി നോക്കി, കണ്ണൊക്കെ ചൊമന്ന് ഉപ്പന്‍റെ പോലാണ് നല്ല കറത്ത് തടിച്ച് ഒരാൾ

 

‘‘ഓകെ എത്ര വരെ എസ്പക്ട് ചെയ്യും നിങ്ങള്...?’’

 

ഞങ്ങക്ക് നേരാം വണ്ണം തിരിഞ്ഞില്ല, ഞാന്‍ റജിച്ചേട്ടനെ നോക്കി.

 

‘‘എത്രകിലോയാണ് നിങ്ങള് പ്രതീക്ഷിക്കുന്നേ ?’’ കുപ്പിക്കാരന്‍ ചോദിച്ചു. അവരത് വല്യ എടപാടാക്കിയ പോലാണ് ചോദ്യം.

 

‘‘കിലോക്ക് എത്ര രൂപയാകും ചേട്ടാ ?’’ റജിച്ചേട്ടനാണ് ചോദിച്ചത്.

 

‘‘പൊന്നു ബ്രോ എച്ചിക്കണക്ക് പറയല്ലേ. നിങ്ങള് മാര്‍ക്കറ്റിലേക്ക് വിട്ടോ അവിടാവുമ്പോ പറയണ വിലക്ക് കൊട്ത്ത് വാങ്ങാല്ലോ’’

 

മൂന്നാമന്‍ പറഞ്ഞു. അവന്‍റെ വര്‍ത്തമാനം കേട്ടിട്ട് കൊച്ചിക്കാരനാണെന് തോന്നി, കലിപ്പ് വര്‍ത്തമാനം. ‘‘വിടറാ ജോയിച്ചാ മ്മടെ ചേട്ടമ്മാരാടാ...’’ കുപ്പിക്കാരന്‍ അവനെ തണുപ്പിക്കാന്‍ നോക്കി.

 

‘‘നിങ്ങള് പറയ് ചേട്ടമ്മാരെ നിങ്ങക്ക് എത്രകിലോ സാധനം വേണം?’’ കുപ്പിക്കാരൻ ചോദിച്ചു 

 

രണ്ടോ മൂന്നോ കിലോന്ന് പറഞ്ഞാ കൊച്ചിക്കാരന്‍ പിന്നേം കലിക്കും. റയിച്ചേട്ടന്‍ എന്നെ വിളിച്ച് മാറ്റി നിര്‍ത്തി പറഞ്ഞു: ഒരു പത്ത് കിലോ പറഞ്ഞോടാ, ഒണങ്ങി വെക്കാം സെറ്റപ്പാ പകുതി ഷയറ് ഞാന്‍ തരാം ബാക്കി നീ മൂന്നും കൂടെ ഇടണം.

 

റെയി ചേട്ടനാരുന്നു ഞങ്ങടെ മെയിൻ മേസ്തിരി പുള്ളിയാതൊരു പ്രസ്റ്റീജ് പ്രശ്നമായിട്ടെടുത്തെന്ന് തോന്നുന്നു 

 

‘‘ഞങ്ങക്കൊരു പത്ത് കിലോ വേണം.‘‘

ഞാനവരോട് ഒച്ചേത്തന്നെ വിളിച്ച് പറഞ്ഞു.

 

 കൊച്ചിക്കാരന്‍ ചാടി എഴുന്നേറ്റു. വല്യ പോസിത്തന്നെ, വണ്ണം കൊറഞ്ഞ  എലുമ്പനൊരുത്തന്‍, അവന് വല്യ പൂസും ഒള്ളതായി തോന്നുന്നില്ല. പ്രതീപെന്ന് പറഞ്ഞ പുള്ളിക്കാരനും വെഷമിച്ച് എഴുന്നേറ്റു. പുള്ളിക്കാരന്‍ സെറ്റപ്പ് പൂസാരുന്നു.കാലിനൊക്കെ നല്ല ആട്ടം ഷഡിക്കാരനാണേൽ തല കുമ്പിട്ട് ഇരിപ്പാണ്.

 വായിക്കൂടെ ഈള ഒഴുകുന്നുണ്ട്.

 

‘‘ പത്തിൽ ക്കൂടിയാലോ..?

 

 പ്രതീപെന്ന് പറഞ്ഞ പുള്ളി ചോതിച്ചു.

 

‘‘വേണ്ട ചേട്ടാ പത്ത് മതി‘‘

 

‘‘ത്രാസ് കൊണ്ട് ചാടാന്‍ പറ്റില്ലെയേട്ടാ, അല്ലെങ്കി നിങ്ങള് ചാടി പിടിക്ക്...‘‘ കൊച്ചിക്കാരൻ പറഞ്ഞു 

 

 അവൻ തലകുമ്പിട്ടിരിക്കുന്ന ഷഡിക്കാരന്‍റെ അടുത്തോട്ട് ചെന്നു 

‘‘ ഡേവിസേ എണീറ്റേടാ..‘‘

 നോവുന്നപോലെ അവന്റെ തലക്ക് തോണ്ടി  ‘‘ഡാ...... എണീക്കാന്‍.‘‘

എലുമ്പൻ ഷഢിക്കാരന്‍റെ തല പിടിച്ച് നേരെ നിര്‍ത്താന്‍ നോക്കി. അവന് വെളിവില്ല കൈ പൊക്കി മറ്റവനെ മാന്താന്‍ നോക്കുന്നു.

 

 തടിയന്‍ പ്രതീപും കൂടിച്ചെന്ന് ഷഢിക്കാരനെ നിലത്തൂന്ന് വലിച്ച് പൊക്കി.

 

‘‘ ഡാ  ഡേവിസേ..നമ്മടെ ചേട്ടമ്മാര്‍ക്ക് മീന്‍ വേണമെന്ന്, നല്ലസല് പൊഴമീന്‍ നീ നോക്കിയാ നടക്കും. ഒന്ന് സഹായിക്കടാ മുത്തേ... ‘‘

 

കുപ്പിക്കാരന്‍ ഞങ്ങടടുത്തൂന്ന് മാറാതെ ഒച്ചെ വിളിച്ച് പറഞ്ഞു. ഷഡിക്കാരനെ രണ്ട് പേരൂടെ തോളി കൈയിട്ട് ആറ്റ് വക്കത്തോട്ട് വലിച്ചോണ്ട് പോയി, അവന്‍റെ തലയപ്പോഴും ഒടിഞ്ഞ് തൂങ്ങിയപോലെ കിടപ്പാണ് ഇവമ്മാരിതെന്നാ കാണിക്കാന്‍ പോകുവാന്നൊരു അങ്കലാപ്പുണ്ടായി.

 

‘‘ നിങ്ങളുദ്ദേശിക്കുന്ന ടീമല്ലിവന്‍ ആര് മോനാന്നറിയുമോ ചെല്ലാനം കടലി നീന്തി വളന്നോനാ‘‘ കുപ്പിക്കാരന്‍ കൈയിലിരുന്ന കുപ്പീന്ന് ഒരു കവിള് കുടിച്ചോണ്ട് പറഞ്ഞു.

 

‘‘ നിങ്ങളിത് എന്നാ പണിയാ ചേട്ടാ ഒപ്പിക്കുന്നെ ?’’

 

റെജിച്ചേട്ടന്‍ പേടിച്ച് ചോദിച്ചു.

 

 ‘‘ഞങ്ങളീ എടപാടിനില്ല കേട്ടോ. ‘‘

 

ജോസ് കുട്ടീം അനുമോനും വെരണ്ട് നില്‍ക്കുന്നു.

 

‘‘ എന്ത് എടപാടിനില്ലെന്നാ?’’

കുപ്പിക്കാരന്‍ കനപ്പിച്ച് ചോദിച്ചു.

 

പറഞ്ഞ് തീരുന്നേന് മുന്നേ ഷഢിക്കാരനെ രണ്ട് പേരും ചേര്‍ന്ന് ആറ്റിലേക്ക് തള്ളി. ഞങ്ങള് തലേ കൈവെച്ച് പോയി. അവന്‍ ശേഷിയില്ലാതെ കൈയും കാലുമടിച്ച് വെള്ളത്തി മുങ്ങി പൊങ്ങുന്നു.

 

‘‘എന്‍റെ പൊന്ന് ചേട്ടാ ഞങ്ങക്ക് മീനും വേണ്ട മിനുങ്ങും വേണ്ട..’’

 

 റജിച്ചേട്ടന്‍ കരച്ചില് പോലെ പറഞ്ഞു.

‘‘വേണ്ടങ്കി പിന്നെ എന്തിനാടാ ഊളെ ആ പാവം ചെക്കനെ ആറ്റിച്ചാടിച്ചത്.?’’ 

 

അയാടെ ചോദ്യം കേട്ട് ഞങ്ങള് ഞെട്ടിപ്പോയി. ‘‘ഡാ പ്രതീപെ ജോയിസെ ഇവമ്മാര്‍ക്ക് മീന്‍ വേണ്ടന്ന്’’

 

എലുമ്പനത് കേട്ട് ഞങ്ങടടുത്തേക്ക് വേഗം നടന്നു വന്നു. ‘‘എന്തടാ മൈരേ...’’ അവന്‍ ഞങ്ങളെത്തന്നെ കുറച്ച് നേരം തുറിച്ച് നോക്കി നിന്നു. പിന്നെ പോയി പൊട്ടിച്ച് വെച്ച കുപ്പീല്‍ ബാക്കിയുണ്ടായിരുന്നതെടുത്തങ്ങടിച്ചു.

 

ഞങ്ങക്കവിടെ നിക്കണോ ഓടണോ എന്നറിയാമ്മേല. ആറ്റിവീണവന്‍റെ പൊടിപോലും കാണനില്ല. ഒരു കൊമള പോലുമില്ല, ഓളം തല്ലുന്ന വെള്ളം മാത്രം.

 

കണ്ണ് ചിമ്മമാതെ ഞങ്ങള് നാലും അക്കരക്ക് നോക്കി നിന്നു. നീന്തിക്കേറുന്നോര്‍ക്കെടേല്‍ മുങ്ങിപ്പോയ ഷഡ്ഡിക്കാരൻ ചെന്ന് കേറുന്നൊണ്ടോന്ന്. അവിടപ്പഴും ചാട്ടോം മലക്കം മറിച്ചിലും നടക്കുന്നൊണ്ട് ചിരീം മേളാങ്കോം.. ഷഢിക്കാരും തോര്‍ത്തുടുത്തോരും, ഒന്നുമിടാത്തോരും.

 

അരമണിക്കൂറോളം ഞങ്ങളതേ നിപ്പ് നിന്നു. കൊറച്ച് കുശുമ്പും കുന്നായ്മേം ഒണ്ടേലും ഞങ്ങടെ നാട് തന്നാരുന്നു ഭേദമെന്ന് ഞാനോര്‍ത്തു.

 

എലുമ്പനെറങ്ങി ഞങ്ങളെ മൈന്‍ഡ് ചെയ്യാതെ ആറ്ററമ്പി പോയി നിന്ന് വെള്ളപ്പരപ്പിലേക്ക് നോക്കി. അവന് കൊറച്ച് ടെന്‍ഷനായപോലൊണ്ട് രണ്ട് കൈയ്യും തലക്കള്ളി പിടിക്കുന്ന കണ്ടു.

 

‘‘ഡേവിസേ.. ഡാ.. വാടാ മതീടാ... ’’ അവന്‍ ഒച്ചേ വിളിച്ച് കൂവി. കണ്ടിട്ട് അതൊരു ഷോ ആയി തോന്നിയില്ല. പറയാനൊക്കുകേല ഇന്നത്തെ കാലത്ത് ജീവിതമേതാ അഭിനയമേതാന്ന്.

 

കുളിക്കടവീന്ന് ചില പെണ്ണുങ്ങള്‍ അവന്റെ വിളികേട്ട് തലപൊക്കി നോക്കുന്ന കണ്ടു ‘എന്‍റീശോയേ.... അവന്‍ മീനും പിടിച്ചോണ്ട് പൊങ്ങിവരണേന്ന് ഞാന്‍ ഉള്ളുരുകി വിളിച്ച് പോയി. പട്ട്മല പള്ളീ നൂറ്റൊന്ന് മെഴുകുതിരി കത്തിച്ചേക്കാവേ.. തമ്പുരാനെ..

 

കുപ്പിക്കാരനും പ്രദീപെന്ന് പറഞ്ഞ ആളും കൂടി മിച്ചമൊള്ള കുപ്പീം, വേസ്റ്റ് കവറുമെല്ലാം ബാഗില്‍ കുത്തി നിറച്ച് പോകാന്‍ തിടുക്കം കൂട്ടി. ‘‘ഡാ ജോയീസേ’’ കുപ്പിക്കാരന്‍ ഒച്ചയടക്കി വിളിച്ചു.

 

അവനവിടെ നിന്ന് ഓളപ്പരപ്പി ഒന്നൂടെ കണ്ണോടിച്ചിട്ട് വേഗത്തിലോടി പോന്നു. ഞങ്ങള് തൊണ്ടെ വെള്ളം പറ്റി നാക്കെറങ്ങി പോയപോലെ നിപ്പാണ് തിരിഞ്ഞ് നടക്കുന്നേന്‍റെടേല്‍ കുപ്പിക്കാരന്‍ പൂസുവിട്ടപോലെ അടക്കത്തി വിളിച്ച് പറഞ്ഞു. ‘‘നിങ്ങള് പേടിക്കണ്ട അവന്‍ വന്നോളും’’ അത് പറഞ്ഞവര് വേഗത്തിലങ്ങ് നടന്നു പോയി.

 

ഞങ്ങള് തങ്ങളി തങ്ങളി നോക്കി, ജോസുകുട്ടീം, അനുമോനും പേടിച്ച് പിടിവിട്ട് നില്‍പ്പാണ്. റജിച്ചേട്ടനുമതേ. ഷഡ്ഡിക്കാരന്‍റെ ചെരുപ്പും തുണീം കരക്ക് തന്നെ കെടപ്പൊണ്ട്. അത് കണ്ടപ്പം ഞങ്ങടെ പേടി എരട്ടിച്ചു.

 

അവര് പോയെന്നൊറപ്പായതും ഞങ്ങള് നാല് പേരും ശ്വാസം വിടാതെ ഒറ്റ ഓട്ടമോടി, കല്ലും കുഴീമൊന്നും നോക്കിയില്ല. എതിരെ രണ്ടു മൂന്നു പേര് വരുന്ന കണ്ടതും റെയിച്ചേട്ടന്‍ മുന്നേ ഓടിയ അനുമോന്‍റെ ഷര്‍ട്ടേ പിടിച്ച് വലിച്ച് നിര്‍ത്തി. കാര്യം പിടികിട്ടീതും ഞങ്ങള് കഴിവതും സാധാരണപോലാകാന്‍ നോക്കി. വന്നവര് വർത്താനം പറഞ്ഞങ് പോയി.

 

വിയര്‍ത്ത് കുളിച്ചാണ് വീട്ടിച്ചെന്ന് കേറീത്. കതകടച്ചതും ജോസുകുട്ടീം അനുമോനും കലിച്ചലറി . ‘‘അപ്പഴേ പറഞ്ഞതല്ലേ നിങ്ങക്കല്ലാരുന്നോ കഴപ്പ്, കൊലക്കുറ്റത്തിന് തൂങ്ങണ്ടി വരും നോക്കിക്കോ..’’

 

റയിച്ചേട്ടന്‍ മിണ്ടാതെ നിന്ന്കേട്ടു. ഒച്ചകൂടുന്നത് കണ്ടപ്പം മാത്രം പേടിച്ച് പറഞ്ഞു: എടാ ഒന്ന് പതുക്കെ, ആരേലും കേക്കും.

 

‘‘കേക്കട്ടെ’’ എന്ന് പറഞ്ഞ് അനുമോന്‍ പോയി ബാത്ത് റൂമിക്കേറി വാതില് ‘ടപ്പേന്ന്’ വലിച്ചടച്ചു.

 

ആരുമൊന്നും മിണ്ടിയില്ല ഫോണേ തോണ്ടിക്കൊണ്ടിരുന്നു. നാല് മണിയായപ്പം അനുമോനും ജോസ്കുട്ടീം എഴുന്നേറ്റ് കൈലിമുണ്ട് മാറി ജീൻസ് വലിച്ച് കേറ്റിയിട്ടു.

 

‘‘ഞങ്ങള് പോവ്വാ നമ്മക്കീ രക്തത്തി പങ്കില്ലേയ്...’’

 

റയിച്ചേട്ടന്‍ ഒന്നും മിണ്ടിയില്ല. ബാഗുമെടുത്തവര്‍ പോകുവാണെന്നൊറപ്പായപ്പം മാത്രം പറഞ്ഞു

 

‘‘എടാ പറ്റീത് പറ്റി നമ്മളൊന്നും ചെയ്തതല്ലല്ലോ..’’

 

‘‘നമ്മളല്ല, ഞങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് പറ‘‘

 

അനുമോന്‍ പിന്നേം ഒച്ചയെടുത്തു. ‘‘എടാ സമ്മതിച്ചു  ഞങ്ങള് തന്നാ തെറ്റുകാര് പറ്റിപ്പോയി പക്ഷേ നിങ്ങളിപ്പം പോയാ, പോലീസ് വീട്ടി തപ്പി വരും. ’’

 

അനുമോന്‍റെ തലക്ക് കൂടത്തിനടിച്ച പോലാരുന്നു ആ പറച്ചില്‍, അവന്‍ ബാഗ് താഴെയിട്ട് തറേക്കുത്തിയിരുന്ന് കരഞ്ഞു. മോളിലോട്ട് നോക്കി  ദൈവത്തിനെ വിളിച്ചു.

 

‘‘എന്‍റെ പൊന്ന് കര്‍ത്താവേ എന്നോടെന്നേത്തിനാ ഈ പരീക്ഷണം.’’

 

അവന്‍റെ പെങ്ങള് പ്രസവത്തിനായിട്ട് വീട്ടി വന്ന് നിക്കുന്ന സമയമാരുന്നത്. അപ്പനില്ലാത്ത വീടാണ് അവനാരുന്നു കുടുംബനാഥൻ 

 

‘‘എല്ലാമറിഞ്ഞോണ്ട് നിങ്ങള് തന്നെ എന്നേത്തിനാ റയിച്ചേട്ടാ നമ്മളെ കൊണ്ടെ കുഴീചാടിച്ചെ..’’

 

അവന്‍ റയിച്ചേട്ടനോട് കരഞ്ഞോണ്ട് ചോതിച്ചു. റയിച്ചേട്ടന് മിണ്ടാട്ടം മുട്ടിപ്പോയി. ജോസ്കുട്ടീം നിന്ന് കരഞ്ഞു. എന്‍റെ കണ്ണും അറിയാതെ നിറഞ്ഞ് പോയി.

 

അന്നേ ദിവസം ആരുമൊന്നും കഴിച്ചില്ല. രാത്രിയായപ്പം റയിച്ചേട്ടന്‍ എല്ലാര്‍ക്കുമൊരോ കട്ടന്‍ ചായ ഇട്ടോണ്ടെ തന്നു. അവര് രണ്ട് പേരും അത് തൊട്ടേയില്ല. മരണ വീട് പോലെ മിണ്ടാതിരുന്നു.

 

‘‘എടാ ഇങനെ അടച്ച് പൂട്ടിയിരുന്നാ ആള്‍ക്കാര് സംശയിക്കും.’’ റയിച്ചേട്ടന്‍ പറഞ്ഞിട്ടും ആരും അനങ്ങിയില്ല. ഒന്നും മിണ്ടീമില്ല. ഞാന്‍ മൊബൈലെടുത്ത് ഹൈ വോളിയത്തി എഫ്.എം ഓണാക്കി വെച്ചു.

 

പാതിരാത്രി കഴിഞ്ഞിട്ടും ഒരാളും ഒറങ്ങിയെന്ന് തോന്നിയില്ല. ഓരോ ഒച്ചേം അനക്കോം കേക്കുമ്പോഴും പേടിച്ച് ചെവിയോര്‍ക്കും.

 

നേരം വെള്ക്കാറായപ്പഴാണന്ന് തോന്നുന്നു ഞാനൊന്ന് മയങ്ങി. എത്ര മറക്കാൻ നോക്കീട്ടും ആറിന്‍റെ ഓളപ്പരപ്പങ്ങനെ കാറ്റടിച്ച് മനസിലേക്ക് വരുന്നു.

പാതി മയക്കത്തി ഞാനൊരു സ്വപ്നം കണ്ടു. രണ്ടോ മൂന്നോ സെക്കന്‍റ്. ഏതോ ഒരു തോട്ട് വക്കാരുന്നു സ്ഥലം. കവട്ട കുത്തിയ ഒരു മരത്തിന്‍റെടക്ക് ഒരു ശവം തങ്ങി നിക്കുന്നു. ചെളിപിടിച്ച പ്ലാസ്റ്റിക് കൂടോ തുണിയോ പൊതിഞ്ഞ പോലൊരുന്നത്. തലവരെ. ഞാന്‍ ഞെട്ടി എഴുന്നേറ്റു. കിടന്ന കിടപ്പീന്ന് കുത്തി ഇരുന്ന് പോയി. മുറീലിരുട്ടാണ് എല്ലാരും നല്ല ഒറക്കം പിടിച്ചിരിക്കുന്നു.

 

ആറ് മണി ആയപ്പം റയിച്ചേട്ടന്‍ എല്ലാരേം കൊട്ടി എഴുന്നേപ്പിച്ചു.

 

 ‘‘എണീക്കടാ പോകാം.’’

 

‘‘ഞങ്ങളിന്നില്ല നിങ്ങള് പോകുന്നേ പൊക്കോ’’ എന്ന് പറഞ്ഞ് ജോസുകുട്ടീം അനുമോനും ചുരുണ്ടു കൂടി അങ്ങനെ തന്നെ കെടന്നു. ‘‘ഡാ... നമ്മളിവിടിങ്ങനെ അടച്ചിരുന്നാ പണികിട്ടും. എണീക്ക് പോകാം...’’

 

‘‘മുടിയാൻ’’ എന്ന് പ്രാകിക്കൊണ്ട് അവന്മാരും എഴുന്നേറ്റ് വന്നു.

 

ഇത്രേമൊക്കെ വിവരോം ബോധോം ഒള്ള റയിച്ചേട്ടന് ആ മറ്റവമ്മാരടെ ഉള്ളിലിരിപ്പ് അറിയാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് പോയി.

 

കതക് തൊറന്നെറങ്ങിയപ്പം മുറ്റോം പരിസരോമെല്ലാം വെട്ടം വീണിരുന്നു. ഒരൊച്ചേം അനക്കോവില്ല അടുത്തെങ്ങും.

 

അന്ന് വരെ കണ്ട ഐശ്വര്യത്തിന്‍റെ ചുറ്റുപാടല്ല ആ വീടിന് ചുറ്റുമൊള്ളതെന്ന് തോന്നി, വല്ലാത്തൊരു മ്ലാനത. എന്നാണ്ട് സംഭവിക്കാൻ പോകുന്നപോലെ

 

‘‘എന്നതേലുമൊക്കെ മിണ്ടീം പറഞ്ഞും പോടാ അല്ലേ കാണുന്നോരോർക്കും..’’ റെയി ചേട്ടൻ എന്നോട് അടക്കത്തി പറഞ്ഞു 

 

ആരുമൊന്നും മിണ്ടിയില്ല. ഞങ്ങള് പണിയുന്ന വീട്ടിലേക്ക് നടന്നു ഒരു കരിയില അനക്കം പോലും പേടിച്ച് ചെവിയോർത്ത്..

 

Content Summary: Puzhameen, Malayalam short story written by Sunu S Thankamma

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com