ADVERTISEMENT

മനോരമ ബുക്സ് എന്റെ തൂലിക സാഹിത്യക്കൂട്ടായ്മയുമായി ചേർന്നു നടന്നത്തിയ ചെറുകഥാ മത്സരത്തിൽ മൂന്നാം സമ്മാനം നേടിയ കഥയാണ് ജിമ്മി ജോസഫ് എഴുതിയ  അകം. തൃപ്പൂണിത്തുറയിൽ ബിസിനസ് ചെയ്യുകയാണ് ജിമ്മി ജോസഫ്.

 

അകം

 

നഗരാതിർത്തിയിലുള്ള ആ മല നിരകളില, വിണ്ണിലേക്ക് കൈ നീട്ടി നിൽക്കുന്ന ഒരു ശിഖരത്തിൽ ഒറ്റക്ക് നിൽക്കുകയായിരുന്നു സാവിയോ. താഴേക്കു ചാടി സ്വന്തമായി വഴി തെളിച്ച് നദിയായി ഒഴുകുന്ന ജലത്തിന്റെ സ്വാതന്ത്രത്തിന്റെ അട്ടഹാസമോ, പർവ്വതത്തോടു കിന്നരിക്കുന്ന കാറ്റിന്റെ കുറുകലോ സാവിയോ കേട്ടില്ല.

 

മൂടൽ മഞ്ഞ് കൊണ്ട് മുഖം മറച്ച അഗാധതയുടെ സൗന്ദര്യം കാണുകയായിരുന്നു അയാൾ. അനുനിമിഷം താഴേക്ക് മാടിവിളിക്കുന്ന, ആഴങ്ങളുടെ പ്രലോഭിക്കുന്ന വശ്യതയിലേക്ക് അയാൾ പതിയെ കൈകൾ നീട്ടി...

 

തല്ലിയതിനു ശേഷം തലോടുന്നതു പോലെയാണ്, ജഡ്ജ് കുമാര സിംഗെയുടെ നോട്ടം സാവിയോക്ക് അനുഭവപ്പെട്ടത്. കുന്തമുന പോലെ മൂർച്ചയുള്ള നോട്ടം ഹൃദയത്തിലൊരു പോറലേല്പിച്ച് താക്കീത് നൽകുന്നു.. ശേഷം കാണുന്ന കരുണാർദ്രമായ മിഴിഭാവം അതിൽ തലോടുന്നു. 

സാവിയോ തന്റെ മുഷിഞ്ഞ വസ്ത്രത്തിൽ മുഖം തുടച്ച് വെറുപ്പോടെ തലകുനിച്ച് നിന്നു.

‘‘നഷ്ടപരിഹാരവും നൽകാൻ സാധിക്കാത്തതിനാൽ തൊണ്ണൂറു ദിവസം ജയിലിൽ പോകാനുള്ള വകുപ്പുണ്ട്..’’

‘‘പക്ഷെ ഞാൻ നിങ്ങൾക്ക് ഒരു പരിഗണന നല്കുന്നു. എനിക്ക് അയച്ച് കിട്ടിയിരിക്കുന്ന ചാരിറ്റി ചെക്കുകളിൽ ഒന്നുപയോഗിച്ച് നഷ്ടപരിഹാരം ഞാൻ വീട്ടാം. ശിക്ഷയിൽ ഒരിളവും നല്കാം.’’ ഒരു നനുത്ത ചിരി ചുണ്ടിൽ ഒളിപ്പിച്ച് ജഡ്ജ് കുമാര സംഗെ തുടർന്നു.

 

‘‘ജയിലിൽ പോകേണ്ട! പകരം ഡോക്ടർ ബഞ്ചമിന്റെ ക്ലിനിക്കിൽ ഇരുപത്തിയൊന്നു ദിവസം നിർബന്ധ സേവനം ചെയ്യണം. വെറും നാല് മണിക്കൂർ വീതം. സമ്മതമാണെങ്കിൽ സാവിയോയ്ക്ക് പോകാം.’’

എനിക്ക് തന്റെ ഔദാര്യം വേണ്ട എന്ന് അലറണമെന്നുണ്ടായിരുന്നു സാവിയോയ്ക്ക്. ഇരുണ്ട, ഇടുങ്ങിയ മുറികളോടുള്ള തന്റെ ഭയത്തെ പല്ലിറുമി കൊണ്ട്, അയാൾ കോടതി മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു....

നഗരത്തിന്റെ മൂലയിലുള്ള സിറ്റി പാർക്കിനു മുൻപിൽ ഇപ്പോഴും നശിച്ചു പോവാത്ത പഴയ ബഞ്ചുകളിലൊന്നിൽ സാവിയോ ഇരുന്നു. സാവിയോയുടെ താവളമാണവിടം. സിറ്റി പാർക്ക് എന്ന പഴയ തുരുമ്പിച്ച ബോർഡ് മാത്രമേയുള്ളൂ. ഇടിഞ്ഞു കിടക്കുന്ന മതിൽ കെട്ടിനകത്ത് കുറച്ച് പൈൻ മരങ്ങൾ മാത്രം. പാർക്കിന്റെ ഒരു ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള വലിയ വെയ്സ്റ്റ് ബിന്നിലേക്ക്, വാഹനങ്ങളിൽ നിന്ന് വലിച്ചെറിയുന്നതിനിടയിൽ തെറിച്ച് വീണ് കിടക്കുന്ന മാലിന്യമാണ് അവിടെയെല്ലാം ., തെരുവിൽ കഴിയുന്നവരുടെ സങ്കേതമാണ് ആ പാർക്ക് . വിശപ്പിനുള്ളതും വിൽക്കാനുള്ളതും ആ മാലിന്യ കൂമ്പാരത്തിൽ നിന്ന് ഒപ്പിക്കുന്നവരുണ്ട്.

 

സാവിയോയ്ക്ക് വേറേ വഴിയുണ്ടായിരുന്നില്ല. കുമാരസംഗെ നല്ലവനും കാർക്കശ്യകാരനുമാണെന്ന് പറഞ്ഞു കേട്ടറിയാം. ഒന്നുകിൽ ജയിലിൽ പോവുക. അല്ലെങ്കിൽ ഈ നഗരത്തിൽ നിന്ന് ദൂരേക്ക് ... സാവിയോ പിറ്റേന്ന് ക്ലിനിക്കിൽ പോകാൻ തീരുമാനിച്ചു... .

 

ഒരു ഗവൺമെന്റ് മെന്റൽ ഹെൽത്ത് സെന്റർ , അവിടെ സേവനമനുഷ്ഠിക്കുന്ന ഒരു ഡോക്ടറുടെ പേരിൽ അറിയപ്പെടണമെങ്കിൽ അയാൾ പ്രഗല്ഭനായിരിക്കണം. പക്ഷേ സാവിയോ അതേ പറ്റിയൊന്നും ചിന്തിച്ചില്ല...

മനസ്സില്ലാമനസ്സോടെ പിറ്റേന്ന് അയാൾ ക്ലിനിക്കിലെത്തി..

 

ഡോക്ടർ ബെഞ്ചമിൻ ചെടികൾ നനച്ചു കൊണ്ട് നില്ക്കുകയായിരുനന്നു. സാവായോയെ അയാൾ പേരെടുത്ത് അഭിവാദ്യം ചെയ്തു. ഇയാൾക്ക് എങ്ങിനെ തന്റെ പേരറിയാം എന്നത്ഭുതപ്പെട്ടുകൊണ്ട് സാവിയോ ഡോക്ടറുടെ അടുത്തേക്ക് നടന്നു. കുമാരസംഗെയുടെ കണ്ണുകൾ പോലെ തന്നെ, കുന്തമുനയുടെ മൂർച്ചക്കു പകരം ലോഹത്തിന്റെ തണുപ്പുള്ള ആജ്ഞാശക്തി സ്ഫുരിക്കുന്ന നോട്ടം. ശേഷം സ്ഥായിയായ കരുണാ ഭാവം .

‘‘ചെടികൾ നനക്കാൻ എന്നെ സഹായിക്കാമോ?’’

ഡോക്ടർ എന്ത് ജോലി പറഞ്ഞാലും നിഷേധത്തോടെ പെരുമാറാൻ തീരുമാനിച്ച് വന്ന സാവിയോ ഹൃദ്യമായ ആ ചോദ്യത്തിനു മുൻപിൽ ഒന്നു പതറി. മനസ്സ് പ്രതിരോധിച്ചിട്ടും കൈകൾ അനുസരിച്ചില്ല...

 

സാവിയോ ഡോക്ടറുടെ അരുകിൽ നിന്ന് ചെടികൾ നനക്കാൻ തുടങ്ങി. ഡോക്ടർ ബഞ്ചമിൻ ചില ചെടികളെ കുറിച്ചും, ആ കോമ്പൗണ്ടിന്റെ വിസ്തൃതിയെ കുറിച്ചും, ആ കെട്ടിടങ്ങളെയും രോഗികളെയും കുറിച്ചെല്ലാം സംസാരിച്ചു കൊണ്ട് കുറച്ച് നേരം അയാൾക്കരികിൽ നിന്നു. പിന്നെ അയാളുടെ തോളിൽ തട്ടിയിട്ട് റൗണ്ട്സിനു സമയമായി ഉടനെ വരാം എന്നു പറഞ്ഞ് നടന്നു തുടങ്ങി.

പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം തിരിഞ്ഞ് നിന്ന് ചോദിച്ചു. ‘‘അന്ന് കോഫി ഷോപ്പിൽ എന്താണ് സംഭവിച്ചത് ? എന്തിനാണ് ആ ചില്ലു ഭിത്തി എറിഞ്ഞുടച്ചത്?.’’

സാവിയോ പെട്ടെന്ന് തിരിഞ്ഞ് ഡോക്ടറെ നോക്കി. അതാലോചിച്ചപ്പോൾ അറിയാതെ പല്ലുകൾ ഞെരിഞ്ഞു..

 

ആ കോഫി ഷോപ്പിലെ പുതിയ ബോർഡ് കണ്ടാണ് അന്നാദ്യമായി സാവിയോ അതിനുള്ളിലേക്ക് കയറുന്നത്. ‘‘നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ ഒരു കോഫി റിസർവ്വ് ചെയ്യാം. കയ്യിൽ പണമില്ലാതെ കോഫി കുടിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ലഭിക്കുന്നതായിരിക്കും.’’ ‘‘റിസർവ്ഡ് കോഫി ലഭ്യമാണോ എന്ന് നിങ്ങൾക്ക് അന്വേഷിക്കാവുന്നതാണ്’’

 

ആദ്യ ദിവസം തന്നെ സാവിയോയ്ക്ക് കോഫി ലഭിച്ചു. സാവിയോ, കൈ നീട്ടാതെ കിട്ടിയ ആ കോഫിയുടെ ചൂട് നിരത്തിന് അഭിമുഖമായുള്ള ഒരു ടേബിളിൽ ഇരുന്ന് സാവധാനം ആസ്വദിച്ചു. പിന്നിട് എല്ലാ ദിവസവും സാവിയോയ്ക്ക് അത് ലഭിച്ചു പോന്നു. അതൊരു അവകാശമായി. ആ സമയം തന്റെ സ്ഥിരം സീറ്റിൽ ആരെങ്കിലും ഉണ്ടെങ്കിൽ പോലും സാവിയോ അസ്വസ്ഥനാകും. പഴയ ആളുകൾക്ക് സാവിയോയെ അറിയാം. ഈയിടെ വന്ന ഒരു പയ്യനും സാവിയോയും അത്ര രസത്തിലല്ല. അവൻ പല തവണ പുറത്ത് പോയി കുടിക്കാൻ പറയുന്നതും, തന്റെ കുപ്പായത്തിലേക്ക് അവജ്ഞയോടെ നോക്കി മൂക്കുപൊത്തുന്നതും കേട്ടില്ലന്നും കണ്ടില്ലന്നും നടിച്ചു.. സാവിയോയുടെ പ്രൗഢിയുടെ അപൂർവ്വ നിമിഷങ്ങൾ അസ്വസ്ഥമായി.

അന്നു രാവിലെ അവന്റെ മുഖത്തെ പരിഹാസ ചിരി കണ്ടപ്പോളേ എന്തോ കുഴപ്പമുണ്ടെന്ന് സാവിയോയ്ക്ക് മനസ്സിലായി.

 

‘‘ഇന്ന് കോഫി റിസർവ് ഇല്ല. പൊയ്ക്കോ’’ തന്നെ വാതിലിൽ കണ്ടപ്പോളേ അവൻ വിളിച്ചു പറഞ്ഞു.. കൗണ്ടറിൽ ഇരിക്കുന്നയാൾ വിശദീകരിക്കാൻ തുടങ്ങിയപ്പോൾ അവൻ തടഞ്ഞു കൊണ്ട് ഇറങ്ങിപ്പോകാൻ വീണ്ടും പറഞ്ഞു. ദേഷമടക്കാൻ ആയില്ല. കൗണ്ടറിൽ അപ്പോൾ നിറച്ചു വെച്ച ഒരു കോഫി കപ്പ് എടുക്കാൻ തുനിഞ്ഞപ്പോൾ അവൻ തടുത്തു. കോഫി മറിഞ്ഞ് കൗണ്ടറിൽ വീണു. അവന്റെ മുഖമടിച്ച് ഒരടി കൊടുത്തു. അവൻ അത് തടുത്ത് സാവിയോന്റെ കഴുത്തിനു കുത്തിപ്പിടിച്ച് പുറത്തേക്ക് നടന്നു. പോകുന്ന പോക്കിൽ വെള്ളം നിറച്ച് വെച്ച സ്ഥടിക ജാറെടുത്ത് ചില്ല ഭിത്തിയിലേക്കെറിഞ്ഞു. അത് പൊട്ടി തകർന്നു. അവൻ തന്നെയാണ് പോലീസിനെ വിളിച്ചത്. . . . .

‘‘അവർ കഴുത്തിനു പിടിച്ച് വെളിയിൽ തള്ളിയപ്പോൾ ദേഷ്യത്തിൽ ചെയ്തതാണ്.’’ സാവിയോ അങ്ങിനെയാണ് ഡോക്ടറോട് പറഞ്ഞത്.

‘‘വലിയ ദേഷ്യക്കാരനാണല്ലോ’’ തിരിഞ്ഞ് നടക്കുന്നതിനിടയിൽ ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു.

ചെടികൾ നനക്കുന്നതിനിടയിൽ അയാൾ ഉത്സാഹം വീണ്ടെടുത്തു..

 

അത് വിശാലമായ ഒരു കോമ്പൗണ്ടായിരുന്നു. കെട്ടിടങ്ങളുടെ പിൻവശത്ത് നല്ലൊരു പച്ചക്കറി തോട്ടവും ഫലവൃക്ഷങ്ങളുമുണ്ട്. സാവിയോ ഏകദേശം നനച്ച് തീരാറായപ്പോളാണ് ഡോക്ടർ തിരിച്ച് വന്നത്.

അയാൾ അപ്പോൾ ഒരു വലിയ മരത്തിന്റെ വേരിന് വെള്ളം നല്കുകയായിരുന്നു. ആ മരത്തിന്റെ തണൽ അയാളെ വെയിലിൽ നിന്ന് തടുത്തു.

‘‘ഹാ ഉഷാറാണല്ലോ?’’ ഒരേ തണലിലേക്ക് വന്നുകൊണ്ട് ഡോക്ടർ പറഞ്ഞു. ഡോക്ടർ അയാൾക്ക് കഴിക്കാൻ കുറച്ച് പഴങ്ങൾ കൊണ്ടുവന്നിരുന്നു.

‘‘ഇനി ഞാൻ നനക്കാം ഇത് കഴിക്ക്’’ ഡോക്ടർ പഴങ്ങൾ അയാൾക്ക് കൊടുത്തിട്ട് ഹോസു മേടിച്ച് നനക്കാൻ തുടങ്ങി.

 

സാവിയോ കഴിച്ച് കഴിഞ്ഞ് ഹോസ് മേടിക്കാൻ തുനിഞ്ഞപ്പോൾ ഡോക്ടർ പതിയെ ചോദിച്ചു.

‘‘എന്നെങ്കിലും ആ വ്യക്തിയെ കണ്ടിട്ടുണ്ടോ ? ആ കോഫി റിസർവ് ചെയ്തിരുന്നയാളെ?’’

സാവിയോ പകച്ച് പോയി. ആദ്യമായാണ് അങ്ങിനെ ഒരു കാര്യം ചിന്തിക്കുന്നത്. തന്റെ അവകാശമായിട്ടാണയാൾ ആ ഒരു കപ്പ് കോഫി കണ്ടിരുന്നത്. അത് എവിടുന്നാണ് കിട്ടുന്നത് എന്നോ ആരണത് നല്ക്കുന്നത് എന്നോ അയാൾ ചിന്തിച്ചിട്ടേ ഇല്ല.. ഒരു പക്ഷേ അയാൾക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ? അതുകൊണ്ടാണോ അന്ന് അയാൾക്ക് റിസർവ് ചെയ്യാൻ പറ്റാതെ പോയത്. . .

ആ ചോദ്യം വളരെ വിദൂരതയിൽ നിന്നാണ് സാവിയോ കേട്ടത്. . . . . .

 

അയാൾ അപ്പോൾ ഒരു സ്കൂൾ അങ്കണത്തിൽ ആയിരുന്നു. യൂണിഫോം അണിഞ്ഞ്, അമ്മയെ കാണാഞ്ഞ് വിഷമിച്ച് കാത്ത് നിൽക്കുന്ന കുഞ്ഞു സാവിയോ ... അകലെ നിന്ന് അമ്മ വരുന്നത് കണ്ട് മുഖം വീർപ്പിച്ച് തിരിഞ്ഞ് നിന്നു. അമ്മ കൈ നീട്ടി മുഖത്ത് തലോടിയപ്പോൾ ആ കയ്യിൽ ഒരു കടി കൊടുത്തു സാവിയോ. അമ്മയുടെ കൈ മുറിഞ്ഞു.

 

വേദനയും നിസ്സഹായതയും സ്നേഹവും നിറഞ്ഞ മുഖം ചേർത്ത് വെച്ച് അമ്മ ചോദിച്ചു. ‘‘അമ്മയെ കാണാതായപ്പോൾ അമ്മയ്ക്ക് എന്തെങ്കിലും പറ്റി കാണുമോ എന്ന് സാവിയോ ഓർത്തോ’’ അമ്മയുടെ മിഴികൾ നിറഞ്ഞിരുന്നു. ശബ്ദം ഇടറിയിരുന്നു. അപ്പോഴാണ് കണ്ടത്, അമ്മയുടെ തലയിൽ വലിയൊരു ബാൻഡേജ്.

അച്ചൻ വീണ്ടും തല്ലിയതായിരിക്കും. സാവിയോ ഒന്നും ചോദിച്ചില്ല. അമ്മയുടെ മുഖത്തോടു മുഖം ചേർത്ത് എങ്ങി കരഞ്ഞു...

 

സാവിയോയുടെ മിഴികൾ നിറഞ്ഞ് തുടങ്ങിയപ്പോൾ ഡോക്ടർ ബെഞ്ചമിൻ ഹോസ് അയാളുടെ തലയിലേക്ക് നീട്ടി.

‘‘ഇനിയൊരു കുളിയാവാം..’’ കുസൃതി ചിരിയോടെ അയാൾ പറഞ്ഞു.

 

കുറെയേറേ നാളുകളായി നിരത്തിലെ പൊടി കൊണ്ട് കുളിച്ചിരുന്ന അയാളുടെ ദേഹം വെള്ളം വീണപ്പോൾ പൊള്ളി. പിന്നെ നനഞ്ഞു...

 

അവിടെ ഒരു ബാത്റൂമുണ്ട് അവിടെ പോയി ദേഹം വൃത്തിയാക്കി കൊള്ളൂ. ഡോക്ടറുടെ ശബ്ദം അകന്നു പോയി. ഷവറിനു കീഴേ എത്ര സമയം നിന്നു വെന്നറിയില്ല. ഡോറിൽ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് സാവിയോ കണ്ണ് തുറന്നത്. ടവ്വലും ഉടുപ്പുകളും. അയാൾ തല തോർത്തി. പുതിയ ഉടുപ്പുകൾ ധരിച്ചു..

ഇറങ്ങാൻ നേരം ഡോക്ടർ ഒരു പൊതി കൊണ്ടു കൊടുത്തു. വൈകിട്ട് വിശക്കുമ്പോൾ കഴിക്കാൻ .. ഡോക്ടർ ചിരിച്ചു.

‘‘അയാൾക്ക് എന്തെങ്കിലും ?’’ സാവിയോ ചോദിച്ചപ്പോൾ ശബ്ദമിടറി..

‘‘ഹ ഹ ഇന്നത്തെ വരവ് വെറുതെ ആയില്ല, ഹേയ് അത് ആ വെയ്റ്റർ പയ്യന്റെ നുണയാവും, നമുക്ക് അന്വേഷിക്കാം.’’

 

സാവിയോ പാർക്കിലെത്തിയപ്പോൾ പുതിയ കുപ്പായങ്ങൾ കണ്ട് ചിലർ കളിയാക്കി. മാഗി തള്ള ബഞ്ചിലിരിപ്പുണ്ട്. അയാൾ ആ ബഞ്ച് തുടച്ച് അതിലിരുന്നു. പതിയെ ഭക്ഷണ പൊതി തുറന്നു ..

നിരത്തിലെ നിയമം ഭക്ഷണം പങ്കിടേണ്ട എന്നാണ്. എത്ര നല്ല ഭക്ഷണം കിട്ടിയാലും കിട്ടുന്നയാൾ ഒറ്റക്ക് കഴിക്കും.

 

ഒന്നും കിട്ടാത്തവരും നോക്കിയിരിക്കും അല്ലെങ്കിൽ എഴുന്നേറ്റ് പോകും.. അയാൾ പതിയെ ആ പൊതി അവരുടെ നേരേ നീക്കിവച്ചു.. അവർ വിശ്വാസം വരാതെ അയാളെ നോക്കി. പിന്നെ ആർത്തിയോടെ കഴിക്കാൻ തുടങ്ങി. അയാൾ അത് കണ്ട് കുറച്ചുനേരം ഇരുന്നു. പിന്നെ അയാളുടെ ‘സ്വന്തം’ ബഞ്ചിലേക്ക് പോയി.

 

അന്നാദ്യമായി ആ മാലിന്യകൂമ്പാരത്തിൽ നിന്നുള്ള നാറ്റം അയാളെ അലോസരപ്പെടുത്തി.

സാവിയോ എത്ര തുടച്ചിട്ടും അയാളുടെ ബഞ്ച് വൃത്തിയായതുമില്ല.. പിറ്റേന്ന് സാവിയോ അതിരാവിലെ എഴുന്നേറ്റ് ആ പാർക്ക് വൃത്തിയാക്കാൻ തുടങ്ങി.. പൈൻ മരങ്ങൾക്കിടയിലും ബഞ്ചുകളുടെ വശങ്ങളിലും ചിതറി കിടന്ന മാലിന്യമെല്ലാം വാരി അയാൾ വേസ്റ്റ് ബിന്നിലിട്ടു.. നേരത്തേ തന്നെ ക്ലിനിക്കിലേക്ക് പുറപ്പെട്ടു.

 

അന്ന് ഡോക്ടറുടെ കയ്യിൽ നിന്ന് കുറച്ച് ചെടികൾ വാങ്ങിയാണ് സാവിയോ തിരിച്ചെത്തിയത്. മാലിന്യം വൃത്തിയാക്കിയ സ്ഥലങ്ങളിലെല്ലാം അയാൾ അത് നട്ട് വെള്ളമൊഴിച്ചു. ... പിന്നീടുള്ള ദിവസങ്ങളിൽ അയാൾ അവിടെ മാലിന്യങ്ങൾ വലിച്ചെറിയാൻ സമ്മതിച്ചില്ല. വാഹനങ്ങൾ നിർത്തുമ്പോളേ അയാൾ ഓടി ചെന്ന് അത് വാങ്ങിക്കും......

 

അയാൾ നട്ട ചെടികൾ വേരുറയ്ക്കാൻ തുടങ്ങി...:

 

ഒരു ദിവസം രാവിലെ സാവിയോ എഴുന്നേറ്റ ഉടനെ ഒരാൾ ഉറക്കാത്ത കാലടികളുമായി വന്നു. മേടിക്കാൻ ചെന്ന സാവിയോയെ അയാൾ കണ്ടില്ല. വേസ്റ്റ് കവർ സാവിയോന്റെ ശരീരത്തിൽ വീണു ചിതറി. കലി കയറി ചോദിക്കാൻ ചെന്ന സാവിയോയെ അയാൾ ചവുട്ടി . മറിഞ്ഞു വീണ സാവിയോയുടെ കൈ കല്ലിലിടിച്ച് മുറിഞ്ഞു. അയാളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. അയാളുടെ തലയിൽ അടിക്കുവാനായ് സാവിയോ ആ കല്ല് വലിച്ചെടുത്തു. കയ്യിൽ നിന്ന് ഒഴുകി ഇറങ്ങുന്ന ചോര ....സാവിയോ തലകുടഞ്ഞു...

 

ചിതറി തെറിക്കുന്ന ചോര ..... അമ്മയുടെ തലയിൽ നിന്നാണ്...... സാവിയോ പകച്ചു പോയി. എന്തോ പറഞ്ഞ ദേഷ്യത്തിന് അച്ഛൻ അമ്മയുടെ തല പിടിച്ച് ഭിത്തിയിൽ ഇടിച്ചതാണ്. താഴെ വെളുത്ത തറയിൽ പടരുന്ന ചോരപോലെ സാവിയോന്റെ കണ്ണുകളിലും ഇരുട്ട് പടർന്ന് . ആശുപത്രിയിൽ വച്ച് അമ്മ മരിച്ചതാണ് അറിയുന്നത്. മൃതദേഹം ആരും ഏറ്റെടുത്തില്ല. സാവിയോ വീട്ടിലേക്ക് പോന്നു. തറയിലെ ചോര വൃത്തിയാക്കാൻ തുടങ്ങി... ദിവസങ്ങൾ വൃത്തിയാക്കിയിട്ടും സാവിയോയ്ക്ക് മതിയായില്ല. ചോരക്കറ മായുന്നില്ല. സാവിയോ തറ തുടച്ചുകൊണ്ടേയിരുന്നു...

 

പിന്നീടെന്നോ തെരുവിലേക്കിറങ്ങി നടന്നു.......

 

അമ്മയെ തലക്കടിച്ച അച്ഛന്റെ മുഖം തന്നെയാണ് തന്നെ ചവിട്ടി വീഴ്ത്തിയപ്പോൾ ആ അപരിചിതനും, തന്നെ കഴുത്തിൽ പിടിച്ചു തള്ളിയ വെയ്റ്റർക്കും, അയാളെ തലക്കടിക്കാൻ കല്ലുകൾ എടുത്തപ്പോൾ തനിക്കും എന്ന് സാവിയോയ്ക്ക് തോന്നി...

ക്രോധമുള്ള ഒരേ മുഖങ്ങൾ ......

 

സാവിയോന്റെ കയ്യിൽ നിന്നും കല്ല് താഴേക്ക് ഊർന്നു ... അയാൾ കരഞ്ഞു കൊണ്ട് ചിരിച്ചു... നടന്നു പോകുന്ന അപരിചിതനോട് അയാൾക്ക് ദയ തോന്നി... പെട്ടെന്ന് അയാൾക്ക് ജഡ്ജ് കുമാര സംഗയുടെയും ഡോക്ടർ ബഞ്ചമിന്റേയും കണ്ണുകൾ ഓർമ്മ വന്നു....

 

സാവിയോ ഇപ്പോൾ ആ പാർക്കിന്റെ കാവൽക്കാരനാണെന്ന് പറയാം. ഡോക്ടർ അയാളോട് ആ ക്ലിനിക്കിൽ നിക്കാമെന്ന് പറഞ്ഞതാണ്. പക്ഷേ അയാൾ സമ്മതിക്കാത്തതു കൊണ്ട്, സുഹൃത്തായ മേയററോട് പറഞ്ഞ് അത് ഒരു ജോലിയാക്കി കൊടുത്തു. പാർക്കിലെ വേസ്റ്റ് ബിൻ ഇപ്പോൾ നിറഞ്ഞ് കവിയാറില്ല... രാവിലെ വേസ്റ്റ് കൊണ്ടുപോകാൻ വണ്ടി വരും. അത് കയറ്റി വിട്ട് കഴിഞ്ഞ് അയാൾ നഗരം വൃത്തിക്കാൻ തുടങ്ങി.

 

അയാളുടെ ഒപ്പം ആ പാർക്കിൽ ഉണ്ടായിരുന്നവരിൽ മിക്കവരും ഇപ്പോൾ നഗരം വൃത്തിയാക്കുന്നു. ആർക്കും കൈ നീട്ടണ്ട. വൈകിട്ട് കിടക്കാൻ ക്ലിനിക്കിന്റെ കോമ്പൗണ്ടിൽ ഒഴിഞ്ഞ ഒരു കെട്ടിടം ശരിയാക്കിയെടുത്തു.

 

സാവിയോ പിന്നെയും ഒരുപാട് ചെടികൾ നട്ടു.... ഇന്ന് ആ പാർക്ക് മനോഹരമായ ഒരു പൂന്തോട്ടമാണ്.

 

ചില രാത്രികളിൽ സാവിയോ ആ പഴയ ബഞ്ചിൽ വന്ന് കിടക്കാറുണ്ട്. അങ്ങനെയുള്ള ഒരു രാത്രിയിലാണ് അയാൾ ആ മല നിരകൾ ശ്രദ്ധിച്ചത്...

 

അയാൾക്ക് ഒരു യാത്ര പോകാൻ തോന്നി...

 

നിലാവ് പരന്നപ്പോൾ മൂടൽ മഞ്ഞ് മാറി, സാവിയോ താഴ്​വാരം വ്യക്തമായ് കണ്ടു. ദൂരെ ‘തന്റെ’ നഗരം അയാൾ കണ്ടു.

 

അയാൾ താഴെ നിന്ന് നോട്ടം മാറ്റി. ആകാശത്തിലേക്ക് നോക്കി.... ആ പർവ്വത ശിഖരത്തിൽ നക്ഷത്രങ്ങളെ നോക്കി കൊണ്ട് അയാൾ കിടന്നു... തന്നെ നോക്കി പുഞ്ചിരിക്കുന്ന നക്ഷത്രങ്ങൾ ... അയാൾ കണ്ണുകൾ അടച്ചു. കുറച്ച് നാളുകളായി മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു ചെറു തണുപ്പ് ആനന്ദമായ് ആത്മാവിനെ വലയം ചെയ്യുന്നത് അയാൾ അറിഞ്ഞു....

 

മാലഖമാരെ കാണുമ്പോൾ കുഞ്ഞുങ്ങളുടെ ചുണ്ടിൽ വിരിയുന്ന നേർത്ത മന്ദഹാസം സാവിയോന്റെ ചുണ്ടിൽ വിടർന്നു... അപ്പോൾ പാർക്കിൽ അയാൾ നട്ട ഒരു നിശാഗന്ധിയിൽ ഒരു പൂവ് പതിയെ വിടർന്ന് മാനം നോക്കി ചിരിച്ചു ....

 

English Summary: Akam, Malayalam short story written by Jimmy Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com