Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളൻ

Thief

നന്നായി വിശക്കുന്നുണ്ടായിരുന്നു . കള്ളന്റെ ശ്രദ്ധ ആദ്യം ചെന്നത് അടുക്കളയിലേക്കാണ്. ടൈൽസിട്ടു മനോഹരമായി സജീകരിച്ചിരിക്കുന്ന ആധുനിക അടുക്കള! പാത്രങ്ങളുടെയെല്ലാം അടപ്പു തുറന്നു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ബെഡ്റൂമിലേക്ക് കയറിയപ്പോൾ ആദ്യമൊന്ന് ഞെട്ടി! കട്ടിലിൽ വീട്ടുകാരന്റെയും വീട്ടുകാരിയുടെയും അസ്ഥാനത്തുള്ള ഗാഢമായ ഉറക്കം എന്തോ ഒരു പന്തികേടുപോലെ. ഉറക്കത്തിൽ സ്ഥാനം തെറ്റിപ്പോയ വീട്ടുകാരിയുടെ വസ്ത്രം അയാൾ നേരെയാക്കി.  പിന്നെ മേശവലിപ്പും അലമാരയും മറ്റു സ്ഥലങ്ങളും  പരിശോധിച്ചു.

" ഛേ ! തനിക്കു കയറാൻ തോന്നിയ സമയം " അയാൾ സ്വയം പ്രാകി. അടുത്ത മുറിയിൽ സ്കൂൾ യൂണിഫോമിൽ ടൈ പോലും അഴിക്കാതെ ആശയറ്റ അശരണരെ പോലെ

തളർന്നുറങ്ങുന്ന ഒരാൺകുട്ടിയും പെൺകുട്ടിയും. ചുരുണ്ടുകൂടി കിടക്കുന്ന അവരെ കണ്ടപ്പോൾ അവർക്കു നന്നായി തണുക്കുന്നതുപോലെ തോന്നി. ദയ തോന്നിയ അയാൾ അടുത്ത് കണ്ട ബെഡ്ഷീറ്റ്  എടുത്ത് അവരെ പുതപ്പിച്ചു . മേശമേൽ കുട്ടികളുടെ സമ്പാദ്യപ്പെട്ടി പോലെ ഒരെണ്ണം ഉണ്ടായിരുന്നു. അതും കാലി. പിന്നെ ഏക പ്രതീക്ഷ ബാങ്കിൽ നിന്നും വന്ന ആ പൊട്ടിച്ച കവറിലായിരുന്നു. തുറന്നു നോക്കിയപ്പോൾ അതൊരു ജപ്തി നോട്ടീസായിരുന്നു. അറിയാതെ കള്ളൻ സ്വന്തം പോക്കറ്റിൽ കയ്യിട്ടു. അത്ഭുതം! അടുത്തിടെയിറങ്ങിയ  ഗാന്ധിയുടെ മുഖം മുദ്രണം ചെയ്ത രണ്ടായിരം രൂപയുടെ ഒരു പിടക്കുന്ന നോട്ട് !

മറ്റൊന്നും ആലോചിക്കാതെ അത് കുട്ടികളുടെ സമ്പാദ്യ പെട്ടിയിൽ വെച്ച് മിടിക്കുന്ന ഹൃദയത്തോടെ കള്ളൻ ഇരുട്ടിന്റെ  നിഗൂഢതയിലേക്കു  മറഞ്ഞു.

Read More Articles on Malayalam Literature & Books to Read in Malayalam