Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവപ്പടയാളം

Love

മുളചീന്തിയെടുത്തതുപോലൊരു തേങ്ങൽ... നിശബ്ദത... പിന്നേയും മുളച്ചീന്തുകളുണ്ടായി. 

ഒാർമ്മകൾ എന്നിലേക്കവളെ വലിച്ചടുപ്പിക്കുന്നതങ്ങനെയാണ്. ആകുലതകളുടേയും നഷ്ടങ്ങളുടേയും മുഖമുള്ളവൾ. എങ്കിലും നിഗൂഢമായ ഒരുപാടൊരുപാട് ചിരിയുടെ നിഴലുകൾ അവളിലെവിടെയൊക്കെയോ കാണാം.

ബാൽക്കണിയുടെ വരാന്തയിലേക്ക് വീണുകിടക്കുന്ന നിലാവിനെ മദ്യത്തിനൊപ്പം സമം ചേർക്കുമ്പോൾ, മുരൾച്ചയോടെ വെളിച്ചം കാണിച്ചുണർന്ന മൊബൈലിലെ അക്ഷരങ്ങളിലേക്ക് കണ്ണുകൾ മുടന്തി, 'ഏട്ടാ, ന്ന്വൊന്ന് വിളിക്ക്വോ?'

വെന്തുറഞ്ഞ രാത്രിയിലേക്ക് ശൈത്യമുള്ള കാറ്റ് കുന്നിറങ്ങിവരുന്നുണ്ടായിരുന്നു. അപരിചിതത്വത്തിന്റെ ആൾപ്പാർപ്പുകൾക്കിടയിൽനിന്ന് തമിഴ് പാട്ടിന്റെ ശീലുകൾ കുറഞ്ഞ ഒച്ചയിൽ കേൾക്കുന്നുണ്ട്. ഗ്ലാസിലെ അവശേഷിക്കുന്ന ചുവപ്പുരസത്തെ ഞാൻ വായിലേക്ക് കമഴ്ത്തി.

ചിന്തകളുടെ രഥം വലിച്ചുകൊണ്ടൊരു നാലാൾക്കുതിര പാഞ്ഞുതുടങ്ങിയിരുന്നെപ്പോഴോ...

നോവിന്റെ മുഖമുള്ളവൾ; തിളച്ച പകലിൽ ചുവന്നുപോയവൾ. തീർത്തും അപ്രസക്തമായ അവളുടെ പേര്... അതെന്തുമാകട്ടെ. ചിതറിത്തെറിച്ചുവീഴുന്ന മൗനങ്ങളുടെ രാജകുമാരിയാണ് അവളെന്ന്, ഞാനവളോടുതന്നെ ഇടയ്ക്കിടെ പറയാറുണ്ട്...

അതിശൈത്യമുള്ള കാറ്റുകൾ പിന്നേയും കുന്നിറങ്ങികൊണ്ടിരിക്കുമ്പോൾ വിരലുകൾ മൊബൈൽ ഡിസ്പ്ലേയിലൂടെ അവളിലേക്ക് വിറച്ചു...

"ന്റേട്ടാ..." ചില്ലുടഞ്ഞു വീണതുപോലെ... ചെവിയെ പൊള്ളിയ്ക്കുന്നതായിരുന്നു അവളുടെ ശബ്ദം. അവൾ പെയ്യുകയായിരുന്നു. മുറിഞ്ഞ ഹൃദയത്തെ വാക്കുകളിലൂടെയല്ലാതെ എന്നിലേക്ക് ടെലിപതി ചെയ്യുന്നതുപോലെ, തോരാതെ പെയ്യുകയായിരുന്നവൾ.

അസ്വാസ്ഥ്യത്തിന്റെ കടവാവലുകൾ എനിക്കുള്ളിൽ ചിറകടിയ്ക്കാൻ തുടങ്ങിയപ്പോൾ ഞാനൊച്ചയെടുത്തു; "എടീ കഴുവേർടമോളെ, നിന്റാരു ചത്തേന്റെ പുലകുള്യടിയന്തിരത്തിലേക്കാ ഇൗ നെലോളിക്കല്..??"

"ഞാൻ... ങ്... നിക്ക്..." വാക്കുകൾ നെഞ്ചിൽ കുരുങ്ങിയതുപോലെ അവൾ വിക്കി. അതോ, കരച്ചിലിന്റെ ചീളുകളിൽ തട്ടി ആ വാക്കുകളൊക്കെയും മുറിഞ്ഞുപോയതോ? "ങ്ആ... പറയ്. ന്തേപ്പൊണ്ടായേ??" ലഹരിയുടെ ചുവയുള്ള എന്റെ വാക്കുകളിലെ അക്ഷരങ്ങളെ വടിവുള്ളതാക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

"...ന്നൂല്യ" കരച്ചിലടക്കാൻ അവൾ ശ്വാസമൊന്നുള്ളിലേക്കെടുത്തു. കണ്ണുകൾ അമർത്തിത്തുടച്ചിട്ടുണ്ടാകണം. എന്നിട്ടും പിന്നേയും ആർത്തലച്ചുപെയ്തു അവൾ... ആ കരച്ചിലിന്റെ ആളലുകൾ കെടുത്തിവയ്ക്കാൻ എനിക്ക് കഴിയില്ലെന്ന് തോന്നിയതുകൊണ്ട് ഞാൻ മൊബൈൽ ചെവിയിൽനിന്നെടുത്തു. 

അസ്വസ്ഥതയുടെ കയത്തിലേക്ക് വലിച്ചെറിയപ്പെട്ട ഞാൻ മദ്യകുപ്പിയെടുത്ത് ഗ്ലാസ്സിലേക്ക് കുറച്ചൊഴിച്ചു; ഒരു സിഗരറ്റടുത്ത് തീപടർത്തി, ആഞ്ഞൊരു പുകയെടുത്ത് തെരുവിലേക്ക് നോക്കി. വിളക്കുകാലിന് ചുവട്ടിലായി ചുരുണ്ടുകിടക്കുന്ന ഭിക്ഷകോലങ്ങൾ, കൂടെയൊരു പട്ടിയും. തികച്ചും ക്ലീഷേയായ കാഴ്ച. 

മദ്യത്തിന്റെ ചുവടുറപ്പിച്ചുനടന്ന എന്റെ ചിന്തകൾ അവളുടേതായി. പോയകാലത്തിന്റെ ഒാർമ്മകളിലെവിടെയാണ് അവൾ ആദ്യം വന്നുപോയത്? അറിയില്ല. കാലങ്ങൾക്കിപ്പുറം ജീവിതത്തിന്റെ അടിയൊഴുക്കിൽ തുടരെത്തുടരെ ആഴത്തിൽ മുറിപ്പെട്ടവളായാണ് പിന്നീട് എനിക്ക് മുൻപിലെത്തിയത്.

നിഴലുകളുടെ വെയിലുണക്കങ്ങളിലെപ്പോഴോക്കെയോ ചിതറിവീണ വാക്കുകളെ ഞാൻ ഒരുമിച്ചു ചേർത്തപ്പോഴാണറിഞ്ഞത് വേദനയുടെ വീടുതന്നെയാണ് അവളെന്ന്. 

വാക്കുകളുടെ പകുതിയോളം നിശബ്ദതയ്ക്കപ്പുറം ഒരിക്കൾ അവൾ പറയുകയുണ്ടായി; 

അയാളെ അവൾ പ്രണയിച്ചതിനെക്കുറിച്ച്... ആ തണലിലേക്ക് ജീവിതത്തെ ഒതുക്കിപ്പിടിച്ചപ്പോൾ അച്ഛനുമമ്മയുമടക്കം പലരേയും നഷ്ടപ്പെട്ടതിനെക്കുറിച്ച്... മകനുണ്ടായപ്പോൾപ്പോലും അവരൊന്നും തിരിച്ചുവരാതിരുന്നതിനെക്കുറിച്ച്... പിന്നീട് അയാൾ ഒരു പെൺകുട്ടിയേയും കൂട്ടി അവിടേയ്ക്ക് വരുമ്പോൾ ഉള്ളുപിളർന്ന് വിറങ്ങലിച്ചുനിന്നതിനെക്കുറിച്ച്... ഒരു ഒപ്പിൽത്തുടങ്ങിയ സ്വപ്നം അതുപോലൊരു ഒപ്പിൽ അവസാനിച്ചതിനെക്കുറിച്ച്... ആരും തുണയില്ലാതിരുന്ന രാത്രികളിൽ വാടക വീടിന്റെ തുരുമ്പെടുത്ത ജനവാതിലുകളുടെയപ്പുറത്തെ പുരുഷനിശ്വാസങ്ങളെ ഭയന്ന് മകനേയും കെട്ടിപ്പിടിച്ച് കരഞ്ഞതിനെക്കുറിച്ച്...

സ്വന്തം കാലിൽനിന്നുതുടങ്ങിയപ്പോൾ വേദനയുടെ തുരുത്തുകളിൽ മൗനത്തിലേക്ക് ഇറങ്ങിപ്പോകുമെങ്കിലും അവൾക്ക് ജീവിതത്തോട് അത്രമേൽ വാശിയുള്ളതുപോലെ, ഇവൻ മാത്രം മതിയെനിക്കെന്ന് ജീവിതം മുന്നോട്ട് തുഴഞ്ഞവൾ...

എന്നിട്ടും... 

ദൈവത്തിന്റെ കണ്ണിൽ കരട് വീണ നിമിഷത്തിലാകണം, അവളുടെ കാലുകൾ കൂടി അവൾക്കില്ലാതായത്. കൈത്താങ്ങായി മറ്റാരില്ലെങ്കിലും... ചക്രകസേരയിലായിട്ടും അവൾ ജീവിതം മുന്നോട്ട് ഉരുട്ടുന്നുണ്ട്; ഒരു പകുതികൊണ്ട് അയാൾക്കുവേണ്ടി കരഞ്ഞുകൊണ്ടും മറുപകുതി കൊണ്ട് മകനുവേണ്ടി നെഞ്ചിൽ തീ പടർത്തിയും. 

എങ്കിലും... 

കാത്തിരിപ്പിന്റെ നെറുകയിൽ ഒരു ചുവപ്പടയാളം സൂക്ഷിക്കുന്നുണ്ടവൾ; തിളച്ച പകലിൽ ചുവന്നുപോയതിന്റെ... നോവിന്റെ, പ്രണയത്തിന്റെ, ഒക്കെയായി.

Malayalam Short StoriesMalayalam literature interviews,Malayalam Poems