Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ഫെയ്സ്ബുക് പ്രണയ കഥ... 

x-default

ഫെയ്സ്ബുക് അക്കൗണ്ട് തുടങ്ങിയ കാലം.. ചാറ്റിങ്ങിന്റെ ബാലപാഠം പഠിച്ചു തുടങ്ങിയ കാലത്ത് അറിയുന്നവർക്കും അറിയാത്തവർക്കും ഒക്കെ റിക്വസ്റ്റ് അയച്ചിരുന്നു... അങ്ങിനെ ഏതോ രീതിയിൽ അവളുമായി തുടങ്ങിയ സൗഹൃദം.... ഹായ്ബൈയിൽ തുടങ്ങി ഇപ്പോൾ ഒരു നേരം പോലും അവളുടെ മെസേജ് കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയെത്തി. 3 വർഷം കഴിഞ്ഞു... പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫോൺ നമ്പർ മാത്രം ഇതു വരെ തന്നിട്ടില്ല. ഒരു തവണ പോലും നേരിട്ട് കണ്ടിട്ടില്ല. എന്തിന്.. ഒരു ഫോട്ടോ ചോദിച്ചപ്പോൾ വുമൺസ് കോളജിലെ ഗ്രൂപ് ഫോട്ടോ അയച്ച് തന്നു കണ്ടു പിടിച്ചോളാൻ പറഞ്ഞു... എന്റെ എല്ലാ കാര്യങ്ങളും ഞാൻ പറയാറുണ്ടായിരുന്നു.. എന്റെ പ്രൊഫൈൽ ഫോട്ടൊയും ഫോൺ നമ്പറും കൊടുത്തു. വാട്സാപ്പിലെങ്കിലും എന്നെങ്കിലും വന്നാലൊ എന്ന പ്രതീക്ഷയിൽ... പക്ഷേ ഒരിക്കലും വന്നില്ല. അവളുടെ വിശേഷങ്ങൾ പറയുമ്പോൾ ആളുകളും സ്ഥല പേരുകളും ഒന്നും വ്യക്തമാക്കിയില്ല. ആരാ.. എവിടെയാ എന്നൊന്നും... അവളുടെ വീട്ടിൽ വിളിക്കുന്ന പേരാണ് എഫ്ബി അക്കൗണ്ടിൽ.. അങ്ങനെ തന്നെ വിളിച്ചാൽ മതി എന്നായിരുന്നു അവളുടെ കണ്ടീഷൻ.. എന്നാലും നല്ല സുഹൃത്തായി എന്റെ എല്ലാ കാര്യങ്ങൾക്കും കൂട്ടു നിന്നിരുന്നു... ഇണങ്ങാനും പിണങ്ങാനും സൊള്ളാനും ഒക്കെ... വളരെ വൈകി ഉറങ്ങിയ രാത്രികൾ.. ദൈവം വിധിച്ച ഒരു ദിവസം നമ്മൾ കാണും എന്നു മാത്രം അവൾ എപ്പോളും പറയും.. ജോലി കിട്ടി വിദേശത്തേക്കു ഞാൻ പറന്നപ്പോളും മരുഭൂമിയിലെ ഏകാന്തതയിൽ അവളുടെ ഓരോ മെസേജും എനിക്കാശ്വാസമേകി...!!! രണ്ടു പേരുടെ വീട്ടിലും വിവാഹ ആലോചനകൾ മുറുകി... അവസാനം ഞാനതു പറഞ്ഞു... ഞാൻ വീട്ടിൽ വന്നു പ്രൊപോസ് ചെയ്യട്ടെ..!! അവൾ പറഞ്ഞു. കാണാത്ത ഒരാളെ എന്തിനാ ഇഷ്ടപ്പെടുന്നെ...?? ഇയാൾക്ക് എന്നേക്കാൾ നല്ല കുട്ടിയെ കിട്ടും... അന്നു ഞാൻ കല്ല്യാണത്തിനു കാണാൻ വരും എന്ന്... നിരാശയുടെ നാളുകൾ കടന്നു പോയി... അവസാനം വീട്ടുകാരുടെ ഇഷ്ടത്തിനു എനിക്കു വഴങ്ങേണ്ടി വന്നു... ആരെയേലും കണ്ടോളു ഞാൻ മുഹൂർത്തിനു എത്താം എന്നു പറഞ്ഞു വീട്ടുകാരോട്.. അമ്മയോട് കുട്ടിയുടെ ഫോട്ടോയും ഫോൺ നമ്പറും ഒന്നും എനിക്കു വേണ്ടാ എന്നു പറഞ്ഞു.. അമ്മ പറഞ്ഞു നിനക്കു വേണ്ടേൽ വേണ്ട... അവർക്കും കുട്ടിക്കും നിന്റെ ഫോട്ടോ ഇഷ്ടായി.. അങ്ങനെ ഉറപ്പിച്ചതാ എന്ന്... അപ്പോളും അവളുടെ ആശംസകളും മെസേജുകളും വന്നു കൊണ്ടേയിരുന്നു. എല്ലാ ഗൾഫുകാരേയും പോലെ ഒരു മുപ്പതു ദിവസവും ഉണ്ട് ഒരു കൊല്ലത്തേക്കുള്ള കാര്യങ്ങളും ചെയ്യാൻ ഉണ്ട്. വിവാഹതലേന്നാണ് നാട്ടിലേക്ക് ടിക്കറ്റ്. അറിഞ്ഞു കൊണ്ട് ബുക്ക് ചെയ്തതാണ്. രാവിലെ നാട്ടിലെത്തി... ആകെപ്പാടെ ഒരു കല്ല്യാണബഹളം... ആരേയും ഒന്നു നോക്കാൻ പോലും തോന്നുന്നില്ല. എന്റെ മനസ് തകർന്നു. അവളെ കുറിച്ചുള്ള ഓർമ്മകൾ മാത്രം. ഒരിക്കൽ പോലും കാണാൻ കഴിയാത്ത നിരാശയും. അന്നു രാത്രി അവസാനമായി ഞാൻ ചാററ് ചെയ്തു ചോദിച്ചു. എന്നെ ഒരിക്കലെങ്കിലും ഇഷ്ടപ്പെട്ടിരുന്നോ..?? അവൾ പറഞ്ഞു... നാളെ വിവാഹ സ്വപ്നങ്ങളുമായി വരുന്ന മറ്റൊരു പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കരുത്... ഇതാണ് വിധി.. അവൾ മാത്രമാണ് നിങ്ങളെ അർഹിക്കുന്നത് എന്ന്.... അവളെ ഒരിക്കലും കരയിപ്പിക്കരുത്.. പക്ഷേ ഞാൻ വരും.... ഉറപ്പ്....!!!! അവളുടെ ആ വാക്കിൽ ഉത്തരം പറയാനില്ലാതെ ഞാൻ നീറി നീറി ആ രാത്രിയുടെ യാമങ്ങൾ നീക്കി.

പിറ്റേന്ന് കല്ല്യാണദിവസം... 

മനസില്ലാ മനസോടെ പുതുമണവാളനായി മണ്ഡപത്തിൽ കയറി... അപ്പോളും എന്റെ കണ്ണുകൾ അവളെ തിരഞ്ഞു കൊണ്ടിരുന്നു... വന്നു കാണുമോ.... ഏതൊക്കെയോ കൂട്ടത്തിൽ.... ആരൊക്കെയോ നോക്കുന്നുണ്ട്... ഒരെത്തും പിടിയും കിട്ടുന്നില്ല... അവസാനം കല്ല്യാണപെണ്ണ് അണിഞ്ഞൊരുങ്ങി അടുത്ത് വന്നിരുന്നപ്പോൾ ഹൃദയം പടാ പടാ മിടിച്ചു... ഒരിക്കൽ പോലും ഇഷ്ടപ്പെടാത്ത ഈ കുട്ടിയെ ജീവിതകാലം മുഴുവൻ.... ദൈവമേ.... ആലോചിക്കാൻ വയ്യ..!!

താലി പൂജിച്ചു കയ്യിൽ കെട്ടാൻ തരുന്നതിനും മുൻപ് നവവധു അടുത്തേക്ക് നീങ്ങിയിരുന്നു ചോദിച്ചു.... ഫെയ്സ്ബുക്കിലെ കുട്ടിയുടെ മറുപടി ആലോചിച്ചിരിക്കയാണോ...??? 

ഞെട്ടിത്തരിച്ച് ഞാൻ തിരിഞ്ഞപ്പോളാണ് സുന്ദരിയായ വധുവിനെ ശരിക്കും നോക്കുന്നത്...!!!!

അന്ധാളിച്ചു നിന്ന എന്നോടവൾ ഒരു കള്ള ചിരിയോടെ എന്റെ ചെവിയോടു ചേർത്തു പറഞ്ഞു... ''എനിക്കിഷ്ടമാണ് ഈ ഫേസ്ബുക്ക് കള്ള കാമുകനെ.....!!'' അതു കേട്ട നിമിഷം താലി അവളുടെ കഴുത്തിൽ ചാർത്തിയതും പിന്നിൽ നിന്നും നാദസ്വരം ഉച്ചത്തിലായി എല്ലാരും പൂക്കൾ പൊഴിച്ചതും മാത്രമേ അപ്പോൾ ഓർമ്മയുണ്ടായിരുന്നുള്ളൂ ....!!!!!

ശുഭം-

Malayalam Short StoriesMalayalam literature interviews,Malayalam Poems

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.