Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കം

ജി.ആർ. ഇന്ദുഗോപൻ
Urakkam-784-1mg കിടന്നപാട് ഉറങ്ങി. ആരോ തട്ടിവിളിച്ചു. നോക്കിയപ്പോൾ ഒരു പൊലീസുകാരൻ... - വര: വിനോദ് വേദഗിരി

കോട്ടയത്ത് രാത്രിവേല കഴിഞ്ഞ് ഞാൻ റയിൽവേ സ്റ്റേഷനിലെത്തി. തിരുവനന്തപുരത്തേയ്ക്കുള്ള വണ്ടി എത്തിയപ്പോൾ പുലർച്ചെ ഒരു മണി കഴിഞ്ഞു. എനിക്ക് പറഞ്ഞ ലോവർ ബർത്തിനടുത്തെത്തിയപ്പോൾ ഒരാൾ കിടക്കുന്നു. 140 രൂപയുടെ ടിക്കറ്റിൽ ഒരു സ്ഥലം പതിച്ചു വാങ്ങിയ അഹങ്കാരത്തിൽ അയാളെ തട്ടി വിളിച്ചു. അയാൾ ഉണർന്നു. വായിൽ മാസ്ക് വച്ചിട്ടുണ്ട്. നിഷ്കളങ്കമായി സംസാരിച്ചു തുടങ്ങിയപ്പോൾ വാക്കുകൾ മാസ്കിലുടക്കി. മലബാറിൽ നിന്നെങ്ങോ ഉള്ള ഒരു ഗ്രാമീണൻ. അയാൾ മാസ്ക് മാറ്റി വെപ്രാളത്തിൽ പറഞ്ഞു: മുകളിൽ കയറാൻ വയ്യ. എന്റെ സീറ്റാണ്. അതിൽ കിടക്കാമോ? 

അപ്പോൾ ഒപ്പമുള്ള ലോവർ ബർത്തിൽ നിന്ന് ഒരു സ്ത്രീ ചാടിയെഴുന്നേൽക്കാൻ തുടങ്ങി. അവരുടെ തല മിഡിൽ ബർത്തിൽ തട്ടി. 

തിരുവനന്തപുരമായോ? അവർ തല തടവി കൊണ്ട് ആകാംക്ഷയോടെ തിരക്കി. 

അയാൾ പറഞ്ഞു: ഇവൾക്കും വയ്യ. ആസ്മയാ. 

പിന്നെ ഭാര്യയോട് പറഞ്ഞു: നിനക്ക് മേലേ കേറാൻ പറ്റുമോ? 

ഞാൻ പറഞ്ഞു: വേണ്ട. 

മുകളിലെത്തി ഞാൻ തല പുറത്തിട്ടു പറഞ്ഞു: തിരുവനന്തപുരമാകുമ്പോൾ ഒന്ന് വിളിക്കുമോ?

അയാൾ പറഞ്ഞു: ഞങ്ങൾ പേട്ടയിലിറങ്ങും. അവിടുന്നാ സൗകര്യം. ഞാനെന്തായാലും ഉറങ്ങില്ല. അവിടെത്തുമ്പോ വിളിക്കാം.  

ഞാൻ സ്വസ്ഥമായി കിടന്നു. പലപ്പോഴും ഉറങ്ങിപ്പോകും. ഒരിക്കൽ കഴുകാനും മറ്റുമായി വണ്ടി അനക്കി തുടങ്ങിയപ്പോൾ എഴുന്നേറ്റ് ചാടിയിട്ടുണ്ട്. 

കിടന്നപാട് ഉറങ്ങി. ആരോ തട്ടിവിളിച്ചു. നോക്കിയപ്പോൾ ഒരു പൊലീസുകാരൻ. ഞാൻ ദേഷ്യത്തോടെ താഴേയ്ക്കു നോക്കി. ഞെട്ടിപ്പോയി. ആ മനുഷ്യൻ വാ തുറന്ന് കിടക്കുന്നു. അയാളുടെ ഭാര്യ ഇരുന്ന് വിതുമ്പുന്നു. അയാളാണ് ഉറങ്ങിപ്പോയത്. ഞാൻ മെല്ലെ എഴുന്നേറ്റു. മനുഷ്യനെ എടുത്തു മാറ്റുന്ന ട്രേയുമായി ചിലർ. സ്ത്രീയുടെ കരച്ചിൽ വേറൊരു താളത്തിലായി. മൊബൈൽ എടുത്തിട്ടുണ്ടോ എന്ന് ഒന്നു കൂടി ഉറപ്പാക്കി.

Malayalam Short StoriesMalayalam literature interviews,Malayalam Poems