Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവലാൾ...

Hospital

മെട്രോ ആശുപത്രിയുടെ 301–ാം മുറിയിൽ കഴിഞ്ഞ മൂന്നു ദിവസമായി രാത്രി കാവലാളാണ് ഗോപിനാഥൻ. തുറന്നുകിടന്നിരുന്ന ജാലകത്തിലൂടെ മുറിയിലേക്ക് ഒഴുകി വരുന്ന കാറ്റിൽ സ്പിരിറ്റിന്റെ മണം നിറഞ്ഞു നിന്നിരുന്നു. സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികളിലൊഴികെ മറ്റുള്ള ആശുപത്രികളിൽ ഇങ്ങിനെയുള്ള അന്തരീക്ഷം സാധാരണമാണ്. 3 ദിവസത്തെ ആശുപത്രിവാസം കൊണ്ടുള്ള ഉറക്കക്കുറവും ക്ഷീണവും അയാളുടെ കണ്ണുകൾക്കും ശരീരത്തിനും താങ്ങാവുന്നതിനപ്പുറമായി തോന്നിത്തുടങ്ങി. ഇടക്കുവരുന്ന കോട്ടുവാ കൊണ്ട് ശരീരം അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടിരുന്നു.. മുറിയിയിലിരുന്ന പഴയ വാരികകളിലൂടെ അയാൾ കണ്ണോടിച്ചു. ഏതാനും പേജുകൾ ഒന്നു വെറുതെ മറിച്ചുനോക്കി. വായിക്കാൻ താൽപര്യം തോന്നുന്നില്ല. ഇടയ്ക്ക് എഴുന്നേറ്റു ബാത്‌റൂമിൽ പോയി മുഖം കഴുകിനോക്കി. താൽകാലികമായ ഉണർവുണ്ടായെങ്കിലും പിന്നെയും പതുക്കെ ഉറക്കത്തിലേക്കു വീഴുന്നു. ആശിപത്രിയിലേക്കുവരുന്ന ആംബുലൻസുകളുടെ പരിഭ്രാന്തി പടർത്തുന്ന നിലവിളിയൊച്ചകൾ ഗോപിനാഥനിൽ അസ്വസ്ഥതകൾ ഉളവാക്കി.. പല കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമായിരിക്കും അത്തരം വാഹനങ്ങളിൽ... ജീവനും മരണത്തിനും ഇടയിലുള്ള ഏതാനും മണിക്കൂറുകളും നിമിഷങ്ങളും.... അയാൾ മേശപ്പുറത്തിരുന്ന ഫ്ലാസ്കിൽ നിന്നും കുറച്ചു കട്ടൻചായ ഗ്ലാസിലേക്കു പകർന്നു. പതുക്കെ മൊത്തികുടിച്ചുകൊണ്ട് ജനലിനടുത്തു പോയിനിന്നു. 

തുലാമാസത്തിലെ മഴമേഘങ്ങൾ ആകാശത്ത് ഉരുണ്ടുകൂടുന്നു. ഒരു മഴയ്ക്കുള്ള മുന്നറിയിപ്പെന്നോണം. ഇടയ്ക്കെപ്പോളോ കാറ്റിന് ശക്തികൂടി. അതിനു കൂട്ടായി ഇടിയും മിന്നലും. തന്റെ ഭാവനയിൽ അയാൾ മഴമേഘങ്ങളെയും ഇടിമിന്നലുകളെയും പൂർണഗർഭിണിയായ– പ്രസവ വേദനയാൽ പുളയുന്ന സ്ത്രീയെ ലൈറ്റും ഹോണും അടിച്ചു കൊണ്ടുവരുന്ന വാഹനത്തിനോടുപമിച്ചു. വീശിയടിച്ചകാറ്റിൽ മുഖത്തു തെറിച്ച മഴത്തുള്ളികൾ അയാളിൽ പരിസരബോധമുണ്ടാക്കി. ജനലുകളടച്ചു അയാൾ കട്ടിലിൽ വന്നിരുന്നു. ശക്തിയായ മഴയുടേയും ഇടിമിന്നലുകളുടെയും ശബ്ദമാസ്മരികതയിൽ അയാളെപ്പോഴോ ഉറങ്ങിപ്പോയി.. ഏതോ ഉൾവിളിയാൽ അയാൾ ഞെട്ടിയുണർന്നു. ഇല്ല.. ഞാനുറങ്ങാൻ പാടില്ല... ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന അമ്മയ്ക്ക് കാവലാളാണ് ഞാൻ ഇന്ന്.... നോക്കിയപ്പോൾ അമ്മ മരുന്നിന്റെ ശക്തിയിൽ ഉറങ്ങുകയാണ്. ഇടയ്ക്കു മൂളലും ഞരങ്ങലുകളും ഉണ്ട്.

വീണ്ടും എഴുന്നേറ്റു ജനലിനടുത്തുപോയി നിന്നു. തകർത്തുപെയ്യുന്ന മഴ നോക്കികൊണ്ട് ആ ജനൽ കമ്പികൾ പിടിച്ച് അയാൾ നിന്നു... മഴമാറി ജനൽ തുറന്നപ്പോൾ തന്റെ വാർഡിനഭിമുഖമായുണ്ടായിരുന്ന പ്രസവ വാർഡിൽ നിന്നും, പിറന്നു മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ കരച്ചിൽ. മഴമേഘങ്ങളെ പറ്റിയുള്ള സാഹിത്യഭാവന സത്യമായ പോലെ ഗോപിനാഥനു തോന്നി. അയാളിൽ ഒരു ചെറുപുഞ്ചിരി വിടർന്നു... മുറിയിൽ തൂക്കിയിരുന്ന കലണ്ടറിൽ വെറുതെ കുട്ടിയുടെ നാൾനോക്കാനായി വിരലോടിച്ചു. ഒക്ടോബർ 24. പെട്ടന്നാണ് ഓർത്തത്. ഇന്ന് തന്റെയും പിറന്നാളാണല്ലോ... 50 വർഷങ്ങൾക്കു മുൻപ് മുംബൈ എന്ന അപരിചിതമായ നഗരത്തിൽ ഒരാശുപത്രിയിൽ ഞാനും അമ്മയും ഒറ്റക്കായിരുന്നെന്നു അമ്മപറഞ്ഞു കേട്ടിട്ടുണ്ട്... ആകസ്മികതയാവാം ഈ ജന്മദിനത്തിൽ ഇങ്ങു കേരളത്തിൽ ഒരാശുപത്രിയിൽ വീണ്ടും ഞാനും അമ്മയും മാത്രം....

മിന്നലുകളുടെ വെളിച്ചത്തിൽ അയാൾ കണ്ടു. നട്ടെല്ലിന് ഓപ്പറേഷൻ കഴിഞ്ഞു അർദ്ധ അബോധാവസ്ഥയിൽ കട്ടിലിൽ കിടക്കുന്ന അമ്മയുടെ ചുളിവുകൾ വീണ മുഖത്തിനു കൂടുതൽ ശോഭയുള്ളതുപോലെ... തന്നെ ഗർഭംധരിച്ച നാൾമുതൽ അമ്മ അനുഭവിച്ച ശരീരികാസ്വസ്ഥകളും, തിരിച്ചറിവുണ്ടാകുന്ന കാലംവരെ തന്റെ രോഗാവസ്ഥകളിൽ ഉണ്ടാകുന്ന ദേഷ്യങ്ങൾക്കും വാശികൾക്കും മുന്നിൽ എത്രയോ രാത്രികളിൽ ഉറക്കമിളച്ചു അച്ഛനും അമ്മയും കാവലിരുന്നതാലോചിച്ച അയാൾക്ക്‌, വെറും 3 ദിവസം മാത്രം അമ്മക്ക് കൂട്ടിരിക്കുമ്പോൾ തോന്നിയ ക്ഷീണത്തിന്റെ വൈരുധ്യാത്മകത ഓർത്തപ്പോൾ അതുവരെ തോന്നിയിരുന്ന ക്ഷീണവും ഉറക്കച്ചടവും എങ്ങോ പോയ്‌മറിഞ്ഞു. അടുത്ത് വന്നിരുന്ന് അമ്മയുടെ തലയിൽ ഗോപിനാഥൻ വിരലോടിച്ചു... ചുളിവുകൾ വീണ കൈകാലുകളിൽ തലോടിക്കൊടുത്തു... അന്നുവരെ കിട്ടാത്ത ഒരു മാനസികസന്തോഷം അയാൾക്കുണ്ടായി. 

അമ്മ പറയാറുള്ളത് അയാൾ ഓർത്തെടുത്തു. മുംബൈ പോലുള്ള മഹാനഗരത്തിൽ തുച്ഛമായ സാമ്പത്തിക ചുറ്റുപാടിൽ ദാമ്പത്യജീവിതം നയിച്ചിരുന്ന അച്ഛനും അമ്മയ്ക്കും ഇടയിലേക്ക് ഒരുപാടു സന്തോഷവും ആശ്വാസവുമായി അയാൾ പിറന്നു വീണതും... പല കമ്പനികളിലും വിവിധ ഷിഫ്റ്റുകളിലായി ജോലിചെയ്തു ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പാടുപെട്ടിരുന്ന അച്ഛന്റെ മാനസിക സംഘർഷങ്ങളും,അടുത്തുണ്ടായിട്ടും ആശുപത്രിബില്ലിനുള്ള പണത്തിനായുള്ള നെട്ടോട്ടത്തിനിടക്ക് തന്റെ സീമന്തപുത്രനെ കാണാനായി രണ്ടുദിവസം കാത്തിരിക്കേണ്ടിവന്നതും, 28നു നൂലുകെട്ടു ചടങ്ങിനായി അമ്മ വെള്ളിയരഞ്ഞാണം ചോദിച്ചപ്പോൾ ഒരു കെട്ട് കറുത്ത നൂൽ കൊണ്ടുവന്നു "ഇവന്റെ മോന് കെട്ടാനുള്ളതും കൂടിയുണ്ട് ഇത് " എന്നു സരസമായി പറഞ്ഞു അമ്മയ്ക്കുകൊടുത്തിട്ടു കുളിമുറിയിൽ പോയി അമ്മയറിയാതെ കരഞ്ഞ അച്ഛനെപ്പറ്റിയും... പിന്നീട്‌ തന്നെയും അമ്മയെയും കേരളത്തിലാക്കി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി വിദേശത്തുപോയ അച്ഛനെ ഒരു വേദനകളും അറിയിക്കാതെ എന്നും രോഗിയായിരുന്ന- ജീവിതത്തിനും മരണത്തിനും ഇടയിലൂടെ പലവട്ടം കടന്നുപോയ തന്നെ വളർത്തിയെടുക്കാനായി അമ്പലങ്ങൾതോറും വ്രതമിരുന്നതും, നിരവധി പൂജകളും, വഴിപാടുകളും നടത്തി എന്നെ ഞാനാക്കാനായി അമ്മ സഹിച്ച ത്യാഗങ്ങളും, ദുരിതപർവങ്ങളും...

ഉറക്കമിളച്ച് അമ്മയ്ക്ക് കൂട്ടിരിക്കുന്ന അയാളോട് അർദ്ധബോധാവസ്ഥയിലും, ഓപ്പറേഷൻ കൊണ്ടുള്ള കഠിനവേദനയിലും "ഗോപിയേ ഉറക്കമിളച്ചിരുന്നിട്ട് വയറ്റില് നീർക്കെട്ടുണ്ടാക്കണ്ടടാ.... പോയി കിടന്നോടാ മോനെ...." എന്ന് അമ്മ പറഞ്ഞത് കേട്ടപ്പോൾ, ആ കരുതൽ കണ്ടപ്പോൾ, സ്നേഹം അറിഞ്ഞപ്പോൾ.... പലപ്പോഴും ജോലിയുടെയും മറ്റുള്ള പല തിരക്കുകളുടെയും കാരണം പറഞ്ഞു കൊണ്ട് അച്ഛനെയും അമ്മയെയും കാണാൻ സമയം മാറ്റിവെക്കാൻ മറന്നുപോയ അയാൾക്കു തന്റെ അമ്മയുടെ മുഖം കാവിലെ ഭഗവതിയുടെ മുഖംപോലെ പ്രകാശിക്കുന്നതായി തോന്നി...

Malayalam Short StoriesMalayalam literature interviews,Malayalam Poems        

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.