Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുഹദാക്കളുടെ നേർച്ചപ്പെട്ടി

charity-box നമുക്ക് എന്ത് കാര്യം നടക്കാനും ശുഹദാക്കളോട് നേർന്നാൽ മതി.. കാര്യം നടന്ന് കഴിഞ്ഞാൽ ആ പെട്ടിയിൽ പൈസ ഇടണം

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ക്ലാസ്സിൽ നിന്ന് നോക്കിയാൽ കൊട്ടതേങ്ങ പൊളിക്കുന്ന സ്ഥലം കാണാം.. സ്കൂൾ ഗ്രൗണ്ടിലേക്ക് പരന്നു ഒഴുകുന്ന തേങ്ങാ വെള്ളം കുടിക്കാൻ ഒരു പാട് മൈനകൾ എപ്പോഴും അവിടെ വരും. ആ കെട്ടിടത്തിന്റെ നേരെ എതിർവശത്താണ് മുറുക്കാൻ കട ..

നമ്പൂതിരി മാഷ് എന്നും മുറുക്കും.. നമ്പൂതിരി മാഷിന്റെ പീരീഡ്‌ ആവുമ്പോൾ ഞാൻ എപ്പോഴും ഗ്രൗണ്ടിലേക്ക് നോക്കും.. ഇന്നു രണ്ടു മൈനകളെ കണ്ടു.. ഭാഗ്യം ഉള്ളത് കൊണ്ടാണ് രണ്ടു മൈനകളെ ഒരുമിച്ചു കണ്ടത്. എന്നിട്ടും മാഷ് എന്നെ തല്ലി.. അടി കിട്ടുന്ന ഭാഗത്ത്‌ പൊള്ളുന്ന പോലെ.. ഞാൻ മാഷിന്റെ കാലു വട്ടം പിടിക്കാൻ നോക്കി.. പിന്നേം പിന്നേം മാഷ് അടിച്ചു കൊണ്ടിരുന്നു ..

കരഞ്ഞു മുട്ടുകാലിൽ നിന്നപ്പോൾ മാഷ് അലറി. എണീറ്റ്‌ പോടാ.. ഞാൻ എണീറ്റ്‌ ബെഞ്ചിൽ പോയി ഇരുന്നു. മാഷ് മറ്റുള്ള കുട്ടികളേം അടിക്കുകയാണ് ...

മാഷ് കാണാതെ ഞാൻ ഗ്രൗണ്ടിലേക്ക് എത്തി നോക്കി.. മൈനകളെ എണ്ണാൻ... ഇപ്പൊ അവിടെ കുറേ അധികം മൈനകൾ.. എണ്ണാൻ പറ്റുന്നില്ല ..

പിറ്റേന്ന് രാവിലെ കോയാക്കയുടെ കടയ്ക്ക് മുൻപിൽ നല്ല രസം ഉള്ള ഒരു പെട്ടി കണ്ടു ...

വീടിന്റെ ആകൃതിയിൽ ഉള്ള പച്ച കളർ ഉള്ള പെട്ടി ...

അതിൽ ഇങ്ങനെ എഴുതിയിരുന്നു .."ശുഹദാക്കളുടെ നേർച്ചപ്പെട്ടി " ..

"കോയാക്കാ... ഈ പെട്ടി ആരതാ "

"അത് സോതാകളുടെ ആടാ "

"ആരാ സോതാക്കൾ " ..

അങ്ങനെ ഒരാളെ ഞാൻ കണ്ടിട്ടില്ല ..

നമുക്ക് എന്ത് കാര്യം നടക്കാനും ശുഹദാക്കളോട് നേർന്നാൽ മതി.. കാര്യം നടന്ന് കഴിഞ്ഞാൽ ആ പെട്ടിയിൽ പൈസ ഇടണം ..

സ്കൂളിലേക്ക് നടക്കുമ്പോൾ ഞാൻ ശുഹദാക്കൾക്ക് നേർന്നു.. വൈകുന്നേരം പൈസ ഇട്ടോളാം.. നമ്പൂതിരി മാഷ് എന്നെ അടിക്കരുത്.

കണക്കിന്റെ പീരീഡ്‌ ആയി.. മാഷ് ചോദ്യം ചോദിച്ചു.. ഒന്നും ഓർമ വരുന്നില്ല. ഞാൻ പേടിയോടെ മതിലിനു അപ്പുറത്തേക്ക് എത്തി നോക്കി.. ഒരുപാട് മൈനകൾ.. ഞാൻ എണ്ണാൻ തുടങ്ങി

മാഷ് അലറി .."നിന്ന് തിരിയാതെ ഇവിടെ വാടാ"

ട്രൗസർ കുറച്ചു താഴ്ത്തി ഞാൻ മാഷിന്റെ അടുത്ത് എത്തി തല കുനിച്ചു നിന്നു.

"പോയി ഒരു മുറുക്കാൻ വാങ്ങി വാ.. എനിക്ക് ആണെന്ന് പറ "..

മൈനകൾക്ക് ഇടയിലൂടെ ഞാൻ കടയിലേക്കോടി. അവയെല്ലാം എന്നെ പേടിച്ച് പറന്നു പോയി..

കടയിൽ നല്ല തിരക്ക്.. തിരിച്ചു ക്ലാസ്സിൽ എത്തിയപ്പോൾ വൈകി.. മാഷ് എന്നെ കാത്തു നിൽക്കുന്നു.. ഞാൻ മുറുക്കാൻ കൊടുത്തിട്ട് തല താഴ്ത്തി അടി വാങ്ങാൻ തയ്യാറായി നിന്നു.

"പോയി ഇരിക്ക് ".. എന്റെ ബെഞ്ചിൽ എനിക്കു മാത്രം അടി കിട്ടിയില്ല. എല്ലാർക്കും അത്ഭുതം.. ഞാൻ ആരോടും ഒന്നും പറഞ്ഞില്ല.

വൈകുന്നേരം കോയാക്കയുടെ കടയിൽ പോവുമ്പോൾ പൈസ ഇടണം. ഞാൻ കോയാക്കയുടെ കടയിലെത്തി സാധനങ്ങൾ വാങ്ങി. ബാക്കി കുറെ പൈസ ഉണ്ട്.. അതിൽ കുറച്ച് പെട്ടിയിൽ ഇടാം. പക്ഷേ, പൈസ കുറഞ്ഞാൽ മിഠായി വാങ്ങി എന്നു പറഞ്ഞ് അച്ഛമ്മ വഴക്ക് പറയും.

പൈസ ഇട്ടില്ലെങ്കിൽ ഇത്രയും ശക്തി ഉള്ള ശുഹദാക്കൾ എന്നെ എന്തെങ്കിലും ചെയ്യും. ഞാൻ ശുഹദാക്കളുടെ പെട്ടി നോക്കി നിന്നു.

ഓടിയാലോ ...

പെട്ടന്ന് കോയാക്ക എന്നെ ഒറ്റ പിടുത്തം.

എനിക്ക് ഓടാൻ കഴിഞ്ഞില്ല.. ഞാൻ കുതറി മാറി.. പറ്റുന്നില്ല.

ശുഹദാക്കൾ കോയാക്കയോട്‌ എല്ലാം പറഞ്ഞിട്ടുണ്ട്. ഞാൻ കോയാക്കയുടെ മുന്നിൽ നിന്നു വിറച്ചു.

കോയാക്ക ഒരു സഞ്ചി കയ്യിൽ തന്നു. എന്നിട്ടു പറഞ്ഞു. "ഇത് സോതാകളുടെ ആണ്.. കൊണ്ടോയിക്കോ.."

ഞാൻ അത് തുറന്നു നോക്കി.. സഞ്ചി നിറയെ അരി.. 

അപ്പൊ ശുഹദാക്കൾക്ക് എന്നെ ഇഷ്ടം ആണ്....

ഞാനാ സഞ്ചി നെഞ്ചിലേക്കടക്കിപ്പിടിച്ച് വീട്ടിലേക്കോടി.

****    ****    ****   ****

ശുഹദാക്കളുടെ പെട്ടി* - ഈ പെട്ടി വർഷത്തിൽ ഒരിക്കൽ തുറക്കും. ആ കാശിന് അരി വാങ്ങി എല്ലാവർക്കും വിതരണം ചെയ്യും. ഇത് ഞങ്ങളുടെ നാട്ടിലെ മുസ്​ലിംസിന് ഇടയിൽ ഉള്ള ആചാരം ആണ്. ശുഹദാക്കളുടെ പെട്ടിയിൽ അച്ഛമ്മയും നേർച്ച ഇടാറുണ്ട്. അതുകൊണ്ട് അച്ഛമ്മയ്ക്കും കിട്ടും അരി. ആ അരി ആണ് അന്ന് കോയാക്ക എനിക്ക് തന്നത്.

Malayalam Short StoriesMalayalam literature interviews,Malayalam Poems          

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.