Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം

love-1 Representative Image

താഴ്ന്ന ജാതിക്കാരനെ പ്രണയിച്ചതിന്റെ പേരിൽ കോളജിലെ പഠനം നിർത്തി വീട്ടിലിരിക്കേണ്ടി വന്നവളാണ് എന്റെ ചേച്ചി. പിന്നീടൊരിക്കൽപ്പോലും ചേച്ചിയുടെ മുഖത്തു സന്തോഷം ഞാൻ കണ്ടിട്ടില്ല. 

ചേച്ചിയുടെ ഇഷ്ടം അങ്ങനെയാണെങ്കിൽ അതങ്ങു സാധിച്ചു കൊടുത്തേക്കു അച്ഛാ. ജാതി ഏതായാലും ചേച്ചിയെ നോക്കിയാൽ പോരെ?

നിന്റെ വിപ്ലവവും, കമ്യൂണിസവുമൊക്കെ ഈ വീടിന്റെ പടിക്കു പുറത്തു മതി. തറവാടിന്റെ മാനം കളയാൻ ഒരുമ്പിട്ടിറങ്ങിയവൾ.  ഇതായിരുന്നു അച്ഛന്റെ മറുപടി.

ഈ അശ്രീകരം പിടിച്ചത് എന്റെ വയറ്റിൽത്തന്നെ വന്നു പിറന്നല്ലോയെന്ന അമ്മയുടെ ശാപവാക്കുകൾ ദിവസവും ഒരു ചടങ്ങുപോലെ ചേച്ചി കേട്ടുകൊണ്ടിരുന്നു. 

നാട്ടുകാരുടെ മുഖത്തു നോക്കാൻ വയ്യാതായി. പ്രേമിക്കാൻ ഇവൾക്ക് വേറെയാരെയും കിട്ടിയില്ലെന്ന പരിഹാസവാക്കുകൾ ബന്ധുക്കളും ചേച്ചിയെ അപമാനിച്ചു. എന്നിട്ടുപോലും ചേച്ചിയുടെ മനസ്സിൽ ഒരു മാറ്റവും സംഭവിച്ചില്ല.

ഒന്നിച്ചു ജീവിക്കാൻ ഞാൻ പലവട്ടം ആ മനുഷ്യന്റെ കൂടെ ഇറങ്ങി പോകാൻ ശ്രമിച്ചവളാണ്. ഒരിക്കൽപ്പോലും ആ മനുഷ്യൻ അതിനു അനുവദിച്ചിട്ടില്ല. അച്ഛന്റെയും, അമ്മയുടെയും കൂടപ്പിറപ്പുകളുടെയും ശാപമേറ്റുവാങ്ങിയിട്ടു ഒന്നിച്ചു ജീവിച്ചിട്ട് എന്തു കാര്യമാണ്. അതായിരുന്നു ആ മനുഷ്യന്റെ മറുപടി.

ഒരു കണ്ണുനീരിന്റെ നനവോടെ ചേച്ചി ഇതു പറയുമ്പോൾ ഈ പ്രണയം സഫലമാകണെ എന്ന പ്രാർത്ഥന മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു. 

*********

ഒരു ആക്സിഡന്റുപ്പറ്റി അച്ഛൻ ആശുപത്രിയിലായെന്നു വീട്ടിലറിഞ്ഞപ്പോഴും ഒരലമുറയോടെ ചേച്ചിയെ ശപിച്ചുകൊണ്ടാണ് അമ്മ ആശുപത്രിയിലേക്ക് പോയത്. 

ഈശ്വര കോപം വരുത്തിവെയ്ക്കാൻ കുടുംബത്തൊരു പെണ്ണുണ്ടല്ലോ. ഇനിയും എന്തൊക്കെ അന്വർത്ഥങ്ങൾ വരുമോ ന്റെ ഈശ്വരാ. നിലവിളിയുടെ ഇടയിലും അമ്മയുടെ ശാപ വാക്കുകൾ ചേച്ചിക്ക് നേരെയായിരുന്നു.

ഗുരുതര പരിക്കുകളോടെ രക്തം വാർന്നു റോഡിൽ കിടന്ന അച്ഛനെ ഒരു ചെറുപ്പക്കാരനാണത്രെ ആശുപത്രിയിൽ എത്തിച്ചത്. സമയത്തിന് ആശുപത്രിയിൽ എത്തിയ്ക്കാൻ കഴിഞ്ഞതും, ഭാഗ്യത്തിന് അച്ഛന്റെയും, അയാളുടെയും രക്തഗ്രൂപ്പ് ഒന്നായതുകൊണ്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്നു ഡോക്ടർ പറഞ്ഞപ്പോൾ ഒരു പുനർജ്ജന്മം കിട്ടിയ അച്ഛന്റെ അരികിലേക്ക് ആശ്വാസത്തോടെ ഞങ്ങളെത്തി. 

അപ്പോഴും ആ താഴ്ന്ന ജാതിക്കാരന്റെ രക്തം ഒരു വിലക്കുകളുമില്ലാതെ അച്ഛന്റെ ശരീരത്തിലേക്ക് കയറിക്കൊണ്ടേയിരുന്നു...!

Malayalam Short StoriesMalayalam literature interviews,Malayalam Poems              

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.