Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധി

representative image

കാലത്തിന്റെ വ്യതിയാനങ്ങള്‍ കണ്ടുമടുത്ത കണ്ണടയിലൂടെ, പിന്നില്‍ തൂക്കിയിട്ട ചുവർചിത്രത്തിലെ ഗാന്ധി, എസ്‌.ഐ. സുധാകരന്‍പിള്ളയെ തുറിച്ചുനോക്കി. ആറിത്തണുത്ത ചായഗ്ലാസിനടിയിലെ രണ്ടായിരം രൂപാനോട്ടിലിരുന്ന്‌ പുതിയ ഗാന്ധി പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു.

"അപ്പോ, കൈകൊടുക്കുവല്ലായോ സാറേ?'

മാത്തുക്കുട്ടിയച്ചായന്റെ കൈകള്‍ ഒരു വിഷനാഗം പോലെ തന്റെ നേർക്ക്‌ ഇഴഞ്ഞുവരുന്നത്‌ അയാളറിഞ്ഞു. അയാള്‍ നിശ്ചലനായിരുന്നു. ഗോപാലന്‍ ചായ കൊണ്ടുവച്ചിട്ട്‌ ഏറെനേരമായി. അപ്പോള്‍ തെല്ലൊരാശങ്കയോടെയാണ്‌ അയാള്‍ അവനെ നോക്കിയത്‌. ഈ ഇടപാട്‌ അവനെങ്ങാനം മണത്തറിഞ്ഞാല്‍...ഈശ്വരാ...!!

നാട്ടുമ്പുറത്തെ കാവിലെ പൂരത്തിനു കെട്ടിയാടുന്ന കോമരങ്ങളെ കാട്ടി ഒരുനിമിഷം ഭൂതകാലം അയാളെ ഭയപ്പെടുത്തി. ഗോപാലന്റെ നോട്ടത്തില്‍ എന്തോ പന്തിയല്ലെന്ന ഭാവം നിറഞ്ഞു നിന്നു. ചായ മേശപ്പുറത്തുവച്ചിട്ട്‌ അയാള്‍ മുറിക്കു പുറത്തേക്കുപോയി.

"അപ്പോ, ഞാന്‍ പറഞ്ഞുവന്നത്‌ എന്നാന്നുവെച്ചാ..'

പറഞ്ഞുതുടങ്ങിയ മാത്തുക്കുട്ടിയെ ഗോപാലന്റെ മടങ്ങിവരവ്‌ അസ്വസ്‌ഥനാക്കി. 

"എന്താടാ?'

"അല്ല സാറേ, ഇന്ന്‌ പരിപ്പുവട മറന്നു. സാറ്‌ ചോദിച്ചുമില്ല.'

രോഷം കടിച്ചമർത്തി സുധാകരന്‍ പിള്ള വെറുതെ ഒന്നു മൂളുകമാത്രം ചെയ്‌തു. ഗോപാലന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ അയാള്‍ ഒന്നു നെടുവീർപ്പിട്ടു. മുപ്പതുവർഷത്തെ സർവീസില്‍ ഇന്നുവരെ കൈക്കൂലി വാങ്ങിയിട്ടില്ല. മാളുവിന്റെ മുഖം മനസ്സില്‍ തെളിഞ്ഞുകൊണ്ടേയിരിക്കുന്നു..

കൊട്ടും കുരവയും നിലവിളക്കുമെല്ലാമായി നാലാള്‍ കാണ്‍കെ അവള്‍ സുമംഗലിയാകുന്ന ധന്യനിമിഷം വരെ അയാളുടെ ചിന്തകള്‍ പാഞ്ഞുപോയി. വരും വരായ്‌കകളെക്കുറിച്ചൊന്നും ചിന്തിക്കാന്‍ നേരമില്ല. മാളുവിന്റെ നല്ലഭാവിക്ക്‌ പണം കൂടിയേ തീരൂ.

ചിന്തകളില്‍ നിന്നും അയാളുണരുമ്പോള്‍ തനിക്കുനേരെ നീണ്ട മാത്തുക്കുട്ടിയുടെ കൈ അയാള്‍ കണ്ടു. പത്തിവിടർത്തിയ രാജനാഗത്തെപ്പോലെ, അഞ്ചുവിരലിലും തിളങ്ങുന്ന വജ്രമോതിരങ്ങളും പേറി അതു തനിക്കുനേരെ നില്‍ക്കുന്നു. സർപ്പദംശനത്തിന്‌ ഇത്രമേല്‍ വശ്യതയോ എന്നമ്പരന്നുകൊണ്ട്‌, അയാള്‍ കൈകൊടുത്തു. 

"അങ്ങനെ ഭൂമിയില്‍ മറ്റൊരു കുറ്റകൃത്യം കൂടി ഭംഗിയായി നിറവേറ്റുന്നതില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു' തിന്‍മ നന്‍മയെ നോക്കി പല്ലിളിച്ചുകൊണ്ടു പറഞ്ഞു.

*************************

അയാള്‍ സുധാകരന്‍പിള്ള. കാണിക്കശ്ശേരി തറവാട്ടിലെ അച്യുതന്‍പിള്ളയുടെയും ഭാർഗ്ഗവിയമ്മയുടെയും നാലുമക്കളില്‍ മൂന്നാമന്‍. ആണ്ടുകള്‍ക്കുമുമ്പ്‌ ഒരു പൗർണ്ണമി നാളില്‍ പിറന്ന അയാള്‍ക്ക്‌ ജീവിതത്തില്‍ അസംഖ്യം നല്ല നിമിഷങ്ങളനുഭവിക്കാന്‍ സുകൃതം ലഭിച്ചിട്ടുണ്ട്‌. ധനസ്‌ഥിതിയില്‍ മോശമല്ലാതിരുന്നതിനാല്‍ ദാനധർമ്മങ്ങള്‍ക്കു പേരുകേട്ട കുടുംബമായിരുന്നു അയാളുടേത്‌. കാലചക്രം അതിവേഗം മുന്നോട്ടു ചലിച്ചു. സുധാകരന്‌ പൊലീസില്‍ ജോലികിട്ടി. നല്ലമംഗലം വീട്ടില്‍ സരസ്വതിയമ്മയുമായി കെങ്കേമം അയാളുടെ വിവാഹം നടന്നു. അയാളുടെ സ്‌നേഹസേചനത്താല്‍ ഏറെ താമസിയാതെ സരസ്വതിയമ്മ പുഷ്‌പിണിയായി. ആദ്യമകന്‌ വിദ്യാധരന്‍ എന്നു പേരിട്ടു. ഏറെനാള്‍ കാത്തിരുന്നിട്ടും ആ വല്ലരിയില്‍ മറ്റൊരു പൂ വിരിഞ്ഞില്ല. പിന്നീട്‌ ഗുരുവായൂരപ്പന്‍ ആ ദമ്പതികളുടെ സ്‌ഥിരം പരാതികേള്‍പ്പുകാരനായി. ഒടുവില്‍ ഒമ്പതാണ്ടുകള്‍ക്കപ്പുറം ഒരു ചിങ്ങപ്പുലരിയില്‍ ഗുരുവായൂരപ്പന്‍ സരസ്വതിയോട്‌ "ഇനി നിർത്തിക്കോളൂ കുട്ട്യേ, കേട്ടുകേട്ട്‌ എന്റെ തലയ്‌ക്കും ദീനം വരാറായിരിക്കണൂ' എന്നു പറഞ്ഞത്രേ.

ഇന്നു സുധാകരന്‍പിള്ളയുടെ രണ്ടാം സന്തതി മാളു എന്ന മാളവിക. എസ്‌. പിള്ളയ്‌ക്ക്‌ ഇരുപത്തിരണ്ടു വയസ്സാണ്‌. കാലത്തിന്റെ ഏടുകള്‍ മറിഞ്ഞു. അച്യുതന്‍പിള്ള യശശ്ശരീരനായി. പയറുപോലെ പടർന്നുകയറിയിരുന്ന ഭാർഗ്ഗവിയമ്മ പതിരുപോലെ ശുഷ്‌കിച്ചുപോയി. ജരാനരകളേറി ആയുസ്സിന്റെ പുഴ നീന്തിക്കടക്കാന്‍ യമദേവന്റെ സഹായം തേടി, ഉമ്മറക്കോലായിലെ ചാരുകസേരയില്‍ ചാഞ്ഞിരുന്ന്‌ കിഴവി ഓർമകൾ മുറുക്കിത്തുപ്പിക്കൊണ്ടിരുന്നു. 

കർക്കിടകം ദുർഘടവും പേറി വന്നു. സന്ധ്യാവേളകള്‍ രാമായണത്തിന്റെ ശീലുകളാല്‍ അലംകൃതമായി. 

"ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം

വേഗേന നഷ്ടമാമായുസ്സുമോർക്ക നീ.."

സരസ്വതിയുടെ പാരായണം പൂർണ്ണമാകും മുമ്പുതന്നെ ഭാർഗ്ഗവിയമ്മ ചോരതുപ്പി നിലത്തുവീണു. 

"ധനനഷ്‌ടം, മരണം, മാനഹാനി..' എന്നൊക്കെ േജ്യാത്സ്യന്‍ പറഞ്ഞത്‌ സുധാകരന്റെ ഓർമ്മയില്‍ വന്നു. പിന്നീടു നഷ്‌ടങ്ങളും കഷ്‌ടതകളും അയാളെ വരിഞ്ഞുമുറുക്കി. കസ്‌റ്റഡിയില്‍ നിന്നു രക്ഷപെട്ട കള്ളന്‍ പരമു വക എരിതീയില്‍ എണ്ണപോലെ ഒരു സസ്‌പെന്‍ഷന്‍ കൂടിയായപ്പോള്‍ എല്ലാം പൂർത്തിയായി. ഉള്ളതെല്ലാം വിറ്റ്‌ അമ്മയെ ചികിത്സിച്ചു. വിദ്യാധരനെയും മാളുവിനെയും പഠിപ്പിച്ചു. കുടുംബഭാരം ചുമലിലേറ്റാന്‍ വീട്ടുവേലയ്‌ക്കുപോയി സരസ്വതിയും അയാള്‍ക്കു താങ്ങായി. 

എന്നാല്‍ പെട്ടെന്നൊരുനാള്‍, അയാളുടെ സർവ്വപരിശ്രമങ്ങളെയും കുടുംബത്തിന്റെ സകലപ്രാർത്ഥനകളെയും വൃഥാവിലാക്കി, ഭാർഗ്ഗവിയമ്മ മരണത്തോടൊപ്പം ഒളിച്ചോടിപ്പോയി.. അങ്ങനെ തകർന്നു തരിപ്പണമായിരിക്കുമ്പോഴാണ്‌ തമിഴ്‌നാട്ടിലെ കാറ്റാടിമലയ്‌ക്കരികില്‍, സുഹൃത്തുക്കളോടൊത്തു വിനോദയാത്ര പോയ വിദ്യാധരന്റെ ജീവന്‍ പൊലിഞ്ഞുപോകുന്നത്‌. ചിതകള്‍ക്കു തീകൊളുത്തുമ്പോള്‍ സുധാകരന്‍പിള്ളയുടെ നെഞ്ചിനകത്തും കനലുകളെരിയുന്നുണ്ടായിരുന്നു.

പകലുകള്‍ക്ക്‌ രാവുകള്‍ കറുത്ത ശവക്കച്ചകള്‍ പുതപ്പിച്ചുകൊണ്ടിരുന്നു. ഓരോ ദിനങ്ങളും തീർക്കുന്ന മുറിപ്പാടുകള്‍ ഉള്ളിലൊതുക്കി, തന്റെ മരണമില്ലായ്‌മയെ ശപിച്ച്‌ കാലം ഞരങ്ങിക്കൊണ്ടിരുന്നു.

*************************

വിദ്യാധരന്‍ മരിച്ചിട്ട്‌ ഇന്നു വർഷം രണ്ടു കഴിയുന്നു. വിരമിക്കാന്‍ ഏറെ നാളില്ലാതിരുന്ന സുധാകരന്‍പിള്ള സി.ഐ. ദാമോദരന്‍ പോറ്റി സാറിന്റെ അനുഭാവവും സ്വാധീനവും വഴി സർവ്വീസില്‍ തിരിച്ചുകയറി. കുടുംബത്തില്‍ നിന്നും തെല്ലകലെ കുട്ടമ്പുഴ പോലീസ്‌ സ്‌റ്റേഷനില്‍ അയാള്‍ നിയമിതനായി. വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ അന്നന്നുവേണ്ട ആഹാരം സമ്പാദിച്ചങ്ങനെ മുന്നോട്ടു പോകുമ്പോഴാണ്‌ കാലില്‍ ചുറ്റിയ ഒരു കാട്ടുവള്ളി അയാളുടെ ജീവിതത്തില്‍ വീണ്ടും ഒരു വഴിത്തിരിവു സമ്മാനിക്കുന്നത്‌.

രാത്രിയില്‍ ജോലികഴിഞ്ഞ്‌ നടന്നാണ്‌ അയാള്‍ വീട്ടിലേക്കുപോവുക. വീടെത്താന്‍ ചെറിയൊരു കാട്ടുപാതയിലൂടെ പ്രയാണം ചെയ്യേണ്ടതുണ്ട്‌. ഹിംസ്രജന്തുക്കളുള്ള ഘോരവനമൊന്നുമല്ലെങ്കിലും അയാള്‍ തെല്ലു ഭയപ്പെട്ടിരുന്നു. അന്നൊരിക്കല്‍ ഏകദേശം എട്ടരമണിയോടടുത്ത്‌ സുധാകരന്‍പിള്ള മടങ്ങിവരികയായിരുന്നു. ഒരു ടോർച്ചുമേന്തി കാട്ടുപാതയിലൂടെ സഞ്ചരിക്കുമ്പോഴാണ്‌ എവിടെ നിന്നോ ഒരു സംസാരം കേള്‍ക്കുന്നത്‌. ഒരു മുളംകൂട്ടത്തിനപ്പുറത്ത്‌ ഒരരണ്ട വെളിച്ചം അയാളുടെ ശ്രദ്ധയില്‍പെട്ടു. അയള്‍ നോക്കുമ്പോള്‍ ഒരു ചെറുപ്പക്കാരനും ഒരു വിദേശവനിതയും. ആ പരിസരമാകെ പുകപടലങ്ങള്‍ തങ്ങിനിന്നിരുന്നു. 

"കഞ്ചാവ്‌!' അയാളുടെ ചുണ്ടുകള്‍ മന്ത്രിച്ചു. 

മൊബൈല്‍ഫോണിലേയ്‌ക്കു ടോർച്ചടിച്ചു സ്‌റ്റേഷനിലെ നമ്പർ ഡയല്‍ ചെയ്യുമ്പോള്‍ അയാളുടെ കരങ്ങള്‍ വിറച്ചിരുന്നു. ലഹരിയില്‍ മയങ്ങിയ പ്രതികളെ കീഴടക്കാന്‍ ഏറെ സമയം വേണ്ടിവന്നില്ല പോലീസിന്‌. നിദ്രാവിഹീനനായി കിടന്ന സുധാകരന്റെ ചുണ്ടില്‍ വിരമിക്കുന്നതിനുമുമ്പ്‌ വരാനിരിക്കുന്ന പ്രമോഷനെക്കുറിച്ചുള്ള ചിന്തകള്‍ ഒരു പുഞ്ചിരി വിടർത്തി.

അതിരാവിലെ സ്‌റ്റേഷനില്‍ ചെന്ന അയാളെ കാത്ത്‌ ഒരു സന്ദർശകനുണ്ടായിരുന്നു. പണക്കൊഴുപ്പു പ്രകടമാക്കുന്ന ശരീരപ്രകൃതിയും വേഷവിധാനവും.

"ഇരിക്കൂ.' സുധാകരന്‍ പറഞ്ഞു.

അയാളും ശിങ്കിടിയും ഇരുന്നു. 

"സാറിനെന്നെ മനസിലായിരിക്കുമല്ല്യേ'

"ഇല്ല'

"ഞാന്‍ മാത്തുക്കുട്ടി. ഇന്നലെ സാറമ്മാര്‌ അറസ്‌റ്റ്‌ ചെയ്‌തോണ്ടുവന്ന ബെന്നീടെ അപ്പച്ചനാ.'

"ജാമ്യത്തിന്റെ കാര്യത്തിനാണെങ്കില്‍ മിസ്‌റ്റർ..'

"മാത്തുക്കുട്ടി, മാത്തനെന്നു വിളിക്കും'

"ങ്ങാ, മാത്തന്‍ ബുദ്ധിമുട്ടണമെന്നില്ല. ജാമ്യമില്ലാ കേസാ'

മാത്തുക്കുട്ടി ശിങ്കിടിക്കുനേരെ ഗൂഢമായി ഒന്നുനോക്കി. അവരുടെ കണ്ണുകള്‍ ഏതോ രഹസ്യം കൈമാറുന്നതായി സുധാകരനുതോന്നി.

"പറയുമ്പോ എല്ലാം പറയണമല്ലോ സാറേ. ഞങ്ങളു പാലായിലെ പാരമ്പര്യമായി നേരും നെറിയുമുള്ള മാർത്തോമ്മാ നസ്രാണികളാ. ഞങ്ങള്‍ ചമ്പക്കാട്ടു കുടുംബത്തിലെ ഒരേയൊരാണ്‍തരിയാ. ബിസിനസും റിയലെസ്‌റ്റേറ്റും റബറും എല്ലാം ഈ കുരുത്തം കെട്ടോന്റെ പേരിലാ എഴുതിവച്ചേക്കുന്നേ. ഇച്ചിരി കുടിയും വലീം ഉണ്ടെന്നല്ലാതെ വേറെ ദുശീലമൊന്നുമില്ല. എന്റെ പെമ്പിള സാറാമ്മക്കാണെങ്കി ഇവനെ കാണാഞ്ഞിട്ട്‌ വല്ലാത്ത ചങ്കിടിപ്പാ. അവക്ക്‌ ഈ വലിവിന്റെ ഏനക്കേടൊക്കെ ഉള്ളതാന്നേ. കണ്ടാ പറയത്തില്ലേലും എനിക്കും അറ്റാക്കൊന്നു കഴിഞ്ഞതാ. ഇനിയൊന്ന്‌ താങ്ങത്തില്ല.'

"മാത്തച്ചായന്‍ പറഞ്ഞു വരുന്നത്‌...' സുധാകരന്‍പിള്ള തന്റെ കൈയിലിരുന്ന പേന കറക്കിക്കൊണ്ടു ചോദിച്ചു.

"അവനെയങ്ങു വിട്ടേരെ സാറേ. ഇനി ഈ വഴിക്കേ അവന്‍ വരികേല. പാവം കൊച്ചനാ, ഒരു തവണത്തേയ്‌ക്ക്‌ മാപ്പാക്കിയേര്‌!'

സുധാകരന്‌ ദേഷ്യംവന്നു. അയാള്‍ മാത്തനോട്‌ പുറത്തുപോകാനാവശ്യപ്പെട്ടു.

"സാറിന്‌ മുതലാളിയെ അറിയാഞ്ഞിട്ടാ. കാണേണ്ടപോലെ എവിടെ വച്ച്‌ എങ്ങനെ കാണാനും റെഡിയാ' ശിങ്കിടി പ്രസ്‌താവിച്ചു.

"അങ്ങനെ പറഞ്ഞുകൊടുക്കടാ ഉവ്വേ. എത്രയാ സാറിന്റെ വിലയെന്നു വച്ചാ മാത്തനങ്ങു തരും. ഇപ്പോ ഞാന്‍ പോകുന്നു. തിരിച്ചുവരുന്നത്‌  എന്റെ കൊച്ചനെ പുറത്തിറക്കാനായിരിക്കും!'

മേശപ്പുറത്ത്‌ ആഞ്ഞിടിച്ചുകൊണ്ട്‌ മാത്തന്‍ ഇറങ്ങിപ്പോയി.

"എന്താ സാറേ പ്രശ്‌നം?'

ചായക്കാരന്‍ ഗോപാലന്‍ ചോദിച്ചു.

"ഒന്നൂല്ല്യ.'

അയാള്‍ ചിന്താനിമഗ്‌നനായി.

ഇല്ല.. താനൊരു കൈക്കൂലിക്കാരനല്ല.. ഇതുവരെ ഒരു കുറ്റകൃത്യത്തിനും ഇടനിലക്കാരനായിട്ടുമില്ല..

പക്ഷേ അന്നുമുഴുവന്‍ മാത്തന്റെ വാഗ്‌ദാനം അയാളില്‍ ചിന്തകളുണർത്തി. 

മാളുവിന്റെ വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അവളുടെ വളർച്ച ദ്രുതഗതിയിലാണ്‌. ഒരച്‌ഛനെന്ന നിലയില്‍ കരുതല്‍ ഏറെ വേണ്ട സമയം. നാട്ടിലെ നാഥനില്ലാക്കുടുംബത്തില്‍ അവള്‍ സുരക്ഷിതയല്ലെന്ന്‌ അയാള്‍ക്കുതോന്നി. 

എന്താണിതുവരെ അവള്‍ക്കായി താന്‍ സമ്പാദിച്ചിട്ടുള്ളത്‌? 

തന്റെ ചുരുങ്ങിയ കാലത്തെ ശമ്പളമോ പെന്‍ഷനോ അവളെ ആഗ്രഹപ്രകാരം സുമംഗലിയാക്കാന്‍ ഉതകുന്നതല്ല... വലിയ ശരികള്‍ക്കിടയില്‍ ചെറിയ തെറ്റുകളെ മറച്ച ചരിത്രമാണല്ലോ എന്നും കാലത്തിനുള്ളത്‌...

"സാറേ..'

ആരോ തട്ടിവിളിച്ചതുകേട്ട്‌ അയാള്‍ ചിന്തയില്‍ നിന്നുണർന്നു. കോണ്‍സ്‌റ്റബിള്‍ അയ്യപ്പനാണ്‌. മണി ഒമ്പതായിരിക്കുന്നു. അയാള്‍ മെല്ലെ വീട്ടിലേക്കു നടന്നു.. നാളെ നടക്കാനിരിക്കുന്ന ജീവിതനാടകത്തിലഭിനയിക്കാന്‍ ഭയക്കുന്ന രംഗബോധമില്ലാത്ത നടനെപ്പോലെ..

**************************

ഇരുളിന്റെ കരിമ്പട്ടു മാറ്റി പ്രഭയുള്ള വസ്‌ത്രമണിഞ്ഞ്‌ പ്രഭാതം ഒരു വധുവിനെപ്പോലെ ഒരുങ്ങിനിന്നു. നിഗൂഢതനിറഞ്ഞ ഒരു മന്ദസ്‌മിതം പേറി നീലാകാശം അയാളെ കാത്തുനിന്നു. ഇന്നലെ പെയ്‌ത തുലാമഴയെവിടെ എന്നമ്പരന്നുകൊണ്ട്‌ അയാള്‍ സ്‌റ്റേഷനിലേക്കു യാത്രതിരിച്ചു. 

പതിവുജോലികളില്‍ കുറച്ചുനേരം വ്യാപൃതനായശേഷം അയാള്‍ തന്റെ മേശപ്പുറത്ത്‌ കണ്ണോടിച്ചു. അന്ന്‌ ഇറങ്ങിപ്പോകും മുമ്പ്‌ മാത്തന്റെ അനുയായി തനിക്കുനേരെ ഒരു കാർഡ്‌ വലിച്ചെറിഞ്ഞതായി അയാള്‍ ഓർത്തു. 

"ചമ്പക്കാട്ട്‌ എക്‌സ്‌പോർട്ടേഴ്‌സ്‌'

കണ്ടെടുത്ത കാർഡിലെ ആ അക്ഷരങ്ങളില്‍ അയാളുടെ ദൃഷ്‌ടി പതിഞ്ഞു. അതിലെ നമ്പർ തെല്ലൊരു പതർച്ചയോടെ അയാള്‍ ഡയല്‍ ചെയ്‌തു.

പത്തുലക്ഷം രൂപാ...!

മോചനദ്രവ്യമായി മാത്തുക്കുട്ടി സുധാകരന്‍പിള്ളയ്‌ക്ക്‌ വാഗ്‌ദാനം ചെയ്യുന്ന തുകയാണ്‌.

മോശമല്ലാത്തൊരു നിലയില്‍ മാളുവിനെ പറഞ്ഞയയ്‌ക്കാന്‍ ആ തുക പ്രാപ്‌തമാണെന്ന തോന്നല്‍ അയാള്‍ക്കുണ്ടായി. മധ്യാഹ്‌നം വരെയുള്ള ആലോചനയ്‌ക്കൊടുവില്‍ പണവുമായി സ്‌റ്റേഷനില്‍ വരാന്‍ അയാള്‍ മാത്തുക്കുട്ടിയോടാവശ്യപ്പെട്ടു. പകരം മകന്റെയും കാമുകിയുടെയും പേരില്‍ കേസെടുക്കാതെ വിട്ടയയ്‌ക്കാമെന്നും അയാള്‍ സമ്മതിച്ചു. അങ്ങനെ ഉച്ചകഴിഞ്ഞ്‌ ഏകദേശം നാലുമണിയോടെ മാത്തന്‍ തനിയെ സ്‌റ്റേഷനിലെത്തി.

അപ്പോള്‍ വാനം ഇരുണ്ടുതുടങ്ങിയിരുന്നു. പെയ്‌തൊഴിയാനിരിക്കുന്ന കഷ്‌ടപ്പാടുകളെ നോക്കി സുധാകരന്‍പിള്ള പുച്‌ഛിച്ചു ചിരിച്ചു. ഹൃദയം തുറന്നുചിരിക്കുന്നത്‌ ഏറെ നാളുകള്‍ കഴിഞ്ഞാണെന്ന്‌ അയാള്‍ സ്‌മരിച്ചു. ഒരിക്കല്‍ തന്റെ അമ്മയുടെ പിറന്നാളിന്‌ വിദ്യാധരന്‍ രഹസ്യമായി പായസം കൊണ്ടുകൊടുത്തത്‌ താന്‍ കണ്ടെത്തിയ രംഗം അയാളോർത്തു. "ഇനീപ്പോ എത്രനാള്‍ ഞാനുണ്ടാവും! ഇത്തിരി പായസം എനിക്കും താടാ' എന്നും പറഞ്ഞ്‌ അമ്മ കെറുവിച്ചപ്പോള്‍, നിറഞ്ഞ ചിരിയുമായി അമ്മയുടെ നാവില്‍ പാല്‍പ്പായസം ഇറ്റിച്ചുകൊടുത്തതും അയാളോർത്തു. അന്നാണ്‌ അവസാനമായി ഹൃദയത്തില്‍ നിന്നും ഒരു ചിരി ഉയിർക്കൊണ്ടത്‌. 

ചിന്തകളില്‍ ആണ്ടുപോയ അയാളുടെ മുമ്പിലേക്ക്‌ നനഞ്ഞകുട ചുരുക്കി മാത്തന്‍ കയറിവന്നു. പുറത്ത്‌ മഴ ആരംഭിച്ചിരിക്കുന്നു.. മാത്തന്റെ കൈയില്‍ ഒരു സ്യൂട്‌കേസുണ്ടായിരുന്നു. 

"അപ്പോ എങ്ങനാ സാറേ?' മാത്തന്‍ ചോദിച്ചു. അയാള്‍ സമ്മതഭാവത്തില്‍ തലയാട്ടി.

ബെന്നിയും കാതറിനും ജയില്‍വിമുക്തരാക്കപ്പെടുന്നു. നിയമം പണത്തോടൊത്തു ശയിക്കുന്നതില്‍ വീണ്ടും ലഹരി കണ്ടെത്തുന്നു.

"പോയി വണ്ടിയിലിരിക്കെടാ"

മാത്തന്‍ ബെന്നിയെ നോക്കി ആക്രോശിച്ചു. 

ഇതിനിടയില്‍ ഗോപാലന്‍ വന്ന്‌ പതിവു ചായ മേശപ്പുറത്തുവച്ചിട്ടുപോയി.

അനന്തരം അയാള്‍ പെട്ടി തുറന്ന്‌ പുതിയ രണ്ടായിരം രൂപാനോട്ടുകളുടെ ഒരു കെട്ടെടുത്ത്‌ മേശപ്പുറത്തു വച്ചു. 

ഫാനിന്റെ കാറ്റില്‍ പറന്നുപോകാതിരിക്കാന്‍ സുധാകരന്‍ ചായഗ്ലാസെടുത്ത്‌ അതിന്‍മേല്‍ വച്ചു. 

"ദാ, എല്ലാം ഇതുപോലുള്ള രണ്ടായിരത്തിന്റെ കെട്ടുകളാ. സാറ്‌ എണ്ണിനോക്കിയാട്ടെ'

"വേണ്ട മിസ്‌റ്റർ മാത്തന്‍. എനിക്കു വിശ്വാസമാ'

"അപ്പോ വരട്ടെ, സാറേ'

അയാളുടെ ചിരിയില്‍ ഒളിഞ്ഞിരുന്ന്‌കൊത്താന്‍ ഉന്നം നോക്കുന്ന ഒരു സർപ്പത്തെ സുധാകരന്‍ ഗൗനിച്ചില്ല. ഒരു ഹസ്‌തദാനം കഴിഞ്ഞ്‌ അയാള്‍ പടിയിറങ്ങി നടന്നുനീങ്ങി. വിദൂരതയിലേക്കുനോക്കി സുധാകരന്‍ നെടുവീർപ്പിട്ടു. മാളുവിന്റെ ചിത്രം അയാളുടെ ചിതലിട്ടു തുടങ്ങിയ സ്വപ്‌നങ്ങളെ പുനർജ്ജീവിപ്പിക്കുന്നതായി അയാള്‍ക്ക്‌ അനുഭവപ്പെട്ടു. 

"അവളുടെ കല്യാണം.."

മേശപ്പുറത്തിരുന്ന നോട്ടുകെട്ട്‌ കൈയിലെടുത്ത്‌ സുധാകരന്‍പിള്ള മന്ത്രിച്ചു. സ്വപ്‌നത്തിലേക്കു വഴുതിവീഴുമ്പോള്‍ അയാളുടെ കണ്ണുകളില്‍ സുഖമുള്ളൊരു നോവ്‌ നനവായി പടർന്നുകയറി.

കോണ്‍സ്‌റ്റബിള്‍ അയ്യപ്പന്‍ അയാളെ തട്ടിവിളിച്ചു.

ഞെട്ടിയെഴുന്നേറ്റ അയാള്‍ പെട്ടെന്നു വന്ന സുബോധത്തില്‍ അയാള്‍ കൈയിലിരുന്ന നോട്ട്‌ പിന്നിലേക്കു മാറ്റിപ്പിടിച്ചിട്ട്‌ സ്യൂട്‌കേസ്‌ അടച്ചു.

പെട്ടെന്ന്‌......

മുറിയിലേയ്‌ക്ക്‌ ഒരുസംഘം ഉദ്യോഗസ്‌ഥർ കയറിവന്നു.

"ഞങ്ങള്‍ വിജിലന്‍സ്‌ ആന്റ്‌ ആന്റികറപ്‌ഷന്‍ ഡിപ്പാർട്ടുമെന്റില്‍ നിന്നുള്ളവരാണ്‌. സാറിന്റെ കൈയിലെന്താണ്‌?'

ഇടതു കൈയില്‍ നോട്ടുകള്‍ പിടിച്ചിട്ട്‌ അയാള്‍ തന്റെ വലതുകൈ മുന്നിലേക്കു നീട്ടി.

അതെ.. കളങ്കപ്പെട്ട കൈയില്‍ രക്തവർണ്ണം പടർന്നിരിക്കുന്നു.. മാത്തുക്കുട്ടി ചതിച്ചിരിക്കുന്നു... സർപ്പദംശനമേറ്റവനെപ്പോലെ അയാള്‍ കുഴഞ്ഞുവീണു.. അറസ്‌റ്റ്‌ ചെയ്യപ്പെടുന്നതോ വിലങ്ങണിയപ്പെടുന്നതോ അയാള്‍ ഗൗനിച്ചില്ല.. മാളുവിന്റെ ഒന്നാം പിറന്നാളിന്‌ താന്‍ അവളുടെ അരയില്‍ ഒരു മണി കെട്ടിക്കൊടുത്തത്‌ അയാള്‍ ഓർത്തു.. മണി കിലുങ്ങുമ്പോള്‍ അവള്‍ മന്ദഹസിക്കുന്നു.. സമയം കടന്നുപോകുന്തോറും മണിയുടെ മുഴക്കം ഏറിവരുന്നതുപോലെ.. മരണമണി മുഴങ്ങിക്കഴിഞ്ഞെന്ന്‌ സുധാകരന്‍ പിള്ളയ്‌ക്കുതോന്നി. 

കുട്ടമ്പുഴയില്‍ നിന്നും വിജിലന്‍സിന്റെ ജീപ്പ്‌ അലറിക്കുതിക്കുമ്പോള്‍ അയാള്‍ പുറത്തേക്കു നോക്കി... വൈകിപ്പെയ്‌ത തുലാമഴയില്‍ തന്റെ സ്വപ്‌നങ്ങളും പേറി കുലംകുത്തിയൊഴുകുന്ന ഇടമലയാർ.. മരിച്ചു മരവിച്ച, ചേതനയറ്റ ഒരു ശരീരത്തെപ്പോലെ കൈവിലങ്ങണിഞ്ഞ്‌ അയാള്‍ ജീപ്പിനുപിന്നില്‍ കുത്തിയിരുന്നു.

എഴുതിയ വിധി തന്നെ വീണ്ടുമെഴുതി മനുഷ്യകുലത്തെ പരിഹസിക്കുന്ന വിധിയുടെ കൈയില്‍ നിന്നും ആണ്ടുകള്‍ക്കുമുമ്പേ രക്ഷപെട്ടതോർത്ത്‌, കുട്ടമ്പുഴ പോലീസ്‌സ്‌റ്റേഷന്റെ ചുവരില്‍ മുന്‍വരിപ്പല്ലു പോയ മോണകാട്ടി ഗാന്ധി അപ്പോഴും ചിരിച്ചുകൊണ്ടിരുന്നു...

Malayalam Short StoriesMalayalam literature interviews,Malayalam Poems          


മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.