Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം വന്ന വഴി

185996663

ദുബായിലെ അൽഖുസൈസിൽ നിന്നെനിക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് റോഡ് വഴി അജ്മാനിലെ എന്റെ ഷോപ്പിലേക്ക് പോവാൻ നല്ല എളുപ്പമാണ്, വീട്ടീന്നിറങ്ങിയാൽ നേരെ സ്റ്റിയറിങ് പിടിച്ചാൽ മതി, FM ൽ രണ്ട് പാട്ട്, ഏറിയാൽ മൂന്ന്. അപ്പോഴേക്കും ഞാനവിടെ എത്തും. ചില ദിവസം ഷാർജ മുവൈലയിലുള്ള കടയിൽ കയറിയാണ് പോവാറ്. അന്നെനിക്ക് ഷാർജയിലെ കടയിൽ അത്യാവശ്യമായി കയറാനുണ്ടായിരുന്നു, വളരെ അത്യാവശ്യം. വീട്ടീന്ന് ഇറങ്ങിയപ്പൊ FM ൽ അടിപൊളിയൊരു പാട്ട്. കുറേ മുൻപ് ഒരു തവണ കേട്ട അറബി പാട്ട്....

'ഇന്ന' എന്നാണ് ആ ഗായികയുടെ പേര്, അവരുടെ ആ പാട്ടും കേട്ട് നേരെ പോവാണ്. നാഷണൽ പെയ്ന്റിന്റെ ബ്രിഡ്ജിന്റെ താഴെ വച്ച് വലത്തോട്ട് Exit എടുക്കണം. പക്ഷേ, ഞാനേതോ ഒരാലോചനയിൽ മുഴുകി കാർ നേരെ ഓടിച്ചു. 100 km/h. അയ്യോ ഇനി മടങ്ങി മുവൈലയിലേക്കെത്തണമെങ്കിൽ അങ്ങേ അറ്റത്ത് പോയി ചുറ്റിത്തിരിഞ്ഞ്, ഏതായാലും ഇത്ര വന്നല്ലൊ പെട്ടെന്ന് അജ്മനിൽ മുഖം കാണിച്ച് മടങ്ങാം എന്ന് കരുതി കാർ വീണ്ടും സ്പീഡ് കൂട്ടാൻ ഒരുങ്ങുകയും പെട്ടെന്ന് പ്പടേന്നൊരു ശബ്ദം. കാറിന്റെ പിന്നിൽ വേറൊരു കാർ വന്നിടിച്ചു.

ഞാൻ ഹസാർഡ് ഇട്ടു, വണ്ടി വലത് വശത്തേക്ക് പാർക്ക് ചെയ്തു. ബാക്കിൽ വന്നിടിച്ച കാറും എന്റെ കാറിന്റെ പിന്നിൽ ഒതുക്കി നിർത്തി. അതിൽ നിന്നും ഒരു പെൺകുട്ടി ഇറങ്ങി വന്നു, അറബിയും ഇംഗ്ലീഷുമല്ലാത്ത പരിചയമില്ലാത്തൊരു ഭാഷയിൽ എന്നോടെന്തൊക്കെയോ പറയുന്നുണ്ട്, അവരുടെ മുഖഭാവം കണ്ടിട്ട് എന്നെ തെറി പറയുകയാണെന്ന് തോന്നുന്നു.ഞാൻ ട്രാഫിക്ക് പൊലീസിനെ വിളിച്ചു, അഞ്ചു മിനുട്ട് കൊണ്ട് പോലീസെത്തി. പോലീസെത്തിയതും എന്നെ കണ്ടതും ചിരിച്ചു കൊണ്ട് പറഞ്ഞു....

"ക്ഷമിക്കണം, താങ്കളുടെ ഭാഗത്താണ് തെറ്റ് "

എനിക്ക് മൂന്ന് ബ്ലാക്ക് പോയ്ന്റ് കിട്ടി, കൂടെ ഫൈനും. പോലീസ് പോയ ഉടനെ ഞാനാ സ്ത്രീയോട് മാപ്പ് പറഞ്ഞു, അവരുടെ കാറിന്റെ ഇൻഷൂറൻസേതാണെന്ന് ചോദിച്ചു. അവരുടേതും എന്റേതും ഒമാൻ ഇൻഷുറൻസായിരുന്നു, ഞങ്ങൾ ഇൻഷുറൻസ് കമ്പനിയിലേക്ക് വിളിച്ചു. രണ്ടു പേർക്കും കാറെത്തിക്കേണ്ട ഗ്യാരേജിന്റെ അഡ്രസ്സ് പറഞ്ഞു തന്നു.

ഗ്യാരേജ് ദുബായി ഡ്യൂട്ടി ഫ്രീ ഷോറൂമിന്റെ ആസ്ഥാന കെട്ടിടം നിലനിൽക്കുന്ന സ്ഥലത്തിന്റെ തൊട്ടു പിറകെ. ഞങ്ങൾ രണ്ടു പേരും അവിടെയെത്തി. ഒരു പാക്കിസ്ഥാനിയുടേതാണ് ആ ഗ്യാരേജ്, അവിടെ നൂറു കണക്കിന് കാറുകളുണ്ട്, അധികവും പരസ്പരം ഉമ്മ വച്ചതും, തലോടിയതും, ബലാൽസംഘം ചെയ്ത കാറുകൾ വരെ അവിടെയുണ്ട്, ഒരുപാട് ജോലിക്കാരും ഉണ്ടായിരുന്നു. ഉടമസ്ഥന്റെ മകൻ വന്നു, ഞാനയാളുമായി സംസാരിച്ചു, എന്തോ ഞങ്ങളുടെ ഊഴം വരുന്നവരെ അയാൾ ഞങ്ങളോട് സംസാരിച്ചിരുന്നു.

ഗ്യാരേജ് ഉടമയുടെ മകൻ രണ്ടു ദിവസം കൊണ്ട് എന്റെയും, പിറകിലിടിച്ച റൊമേനിയക്കാരിയുടേയും കാർ നന്നാക്കി തന്നു. രണ്ട് പേർക്കും ഞാനെന്റെ ബിസിനസ്സ് കാർഡ് കൊടുത്തിരുന്നു, ആഴ്ചകൾക്ക് ശേഷം അവർ രണ്ട് പേരും ഒന്നിച്ചെന്നെ ഫോൺ വിളിച്ചു. ഒരു ചെറിയ കാര്യം പറയാൻ വേണ്ടിയാണ് ഞാനിത്രയും വളച്ചു കൊണ്ടു വന്നത്, എന്തെന്നാൽ 2017 ഡിസംബർ 17 ന് എനിക്ക് വന്ന ഒരു മെസേജ്, പാക്കിസ്ഥാനിയും റൊമാനിയക്കാരിയും തമ്മിലുള്ള നിക്കാഹ് കഴിഞ്ഞത്രെ.... അവരാരോടാവും നന്ദി പറയേണ്ടത്? എന്നോടോ, അതോ ആ FM ൽ അറബിപ്പാട്ട് പാടിയ ഇന്ന എന്ന പാട്ടുകാരിയോടോ? നാഷണൽ പെയ്ന്റ് ബ്രിഡ്ജിന്റെ അടിയിൽ നിന്നും ഞാൻ വലത്തോട്ടുള്ള Exit എടുത്തിരുന്നെങ്കിൽ അവർ തമ്മിൽ കാണുമായിരുന്നൊ? ഒന്നിക്കുമായിരുന്നൊ?

Malayalam Short StoriesMalayalam literature interviews,Malayalam Poems            

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.