Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോല്‍ക്കാന്‍ പഠിച്ച നാളുകള്‍...

school-students-a

ക്ലാസിലെ ഏറ്റവും ഉയരം കുറഞ്ഞവരില്‍ പെട്ടവനായതു കൊണ്ടുള്ള ജാള്യത. കൊട്ടപ്പുറം ഗവ.സ്കൂളിനോടുള്ള ഇഷ്ടക്കുറവ് (എന്‍റെ നാട്ടില്‍ നിന്ന് ഞാന്‍ മാത്രമായിരുന്നു കൊട്ടപ്പുറം ഗവ.സ്കൂളില്‍ പഠിച്ചിരുന്നത്.) ഈ രണ്ടു കാര്യങ്ങള്‍ കൊണ്ട് ഒമ്പതാം ക്ലാസില്‍ തോല്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു കൊല്ലം തോറ്റാല്‍ ഒന്നൂടെ ഉയരം വെയ്ക്കും തോറ്റ കാരണം പറഞ്ഞ് എനിക്ക് പുത്തൂര്‍ പള്ളിക്കല്‍ സ്കൂളിലേക്ക് മാറുകയും ചെയ്യാം എന്ന വല്ല്യ ബുദ്ധിയാണ് തലയില്‍ കത്തിയത്.

ഐസക് ന്യൂട്ടന്‍റെ തലയില്‍ ആപ്പിള്‍ വീണപ്പോഴാണ് ഗുരുത്വകര്‍ഷണം കണ്ടെത്തിയത് ഞാന്‍ ഈ ബുദ്ധി കണ്ടെത്തിയത് ഒമ്പതാം ക്ലാസില്‍ ഒരു കൊല്ലം തോറ്റ റൗഫ് എന്‍റെ കൊല്ലിക്ക് പിടിച്ച് രണ്ടെണ്ണം തന്നപ്പോഴാണ്.

ഒരു കൊല്ലം തോറ്റാല്‍ റൗഫിനെപ്പോലെ ഉയരം വെച്ച് എല്ലാവരേയും പേടിപ്പിച്ച് വില്ലനായി നടക്കാം എന്നായിരുന്നു ചിന്ത.

അങ്ങനെ ക്ലാസിലെ ഏറ്റവും പാവം കുട്ടിയും അത്യാവശ്യമൊക്കെ പഠിക്കുന്ന കുട്ടിയുമായ ഞാന്‍ പിറ്റേന്നു തന്നെ ജീവിതത്തിലാദ്യമായി  ക്ലാസ് കട്ടാക്കി എയര്‍പോര്‍ട്ട് കാണാന്‍ പോയി.

ബാഗില്‍ മറ്റൊരു കുപ്പായവും കരുതി അത് മാറ്റി ബാഗ് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വെച്ചാണ് മുങ്ങിയത്. നാട്ടിലേ പല മുഖങ്ങളും മനസിൽ ഓർത്ത് അവരെ പട്ടിണിയില്‍ നിന്നും പ്രതാപത്തിലേക്ക് പറത്തിയ വിമാനത്തെ കണ്‍കുളിര്‍ക്കെ കണ്ടു. ഉച്ചക്കു പൊറോട്ട വാങ്ങാന്‍ ഉമ്മ തന്ന പൈസ കൊണ്ട് ഒരു ഐസ് വാങ്ങി ആസ്വദിച്ചു കഴിച്ചു. ഇന്ന് സ്കൂള്‍ ഉച്ചക്ക് വിട്ടു എന്നു പറഞ്ഞു വീട്ടിലേക്ക് പോയി.

തുടര്‍ന്ന് പല ദിവസങ്ങളിലും തലവേദനകളുടെയും പനികളുടെയും ലീവ് ലെറ്റര്‍ ടീച്ചറുടെ കയ്യില്‍ കൊടുക്കുമ്പോള്‍ പല കുട്ടികളും ''ഓന് കള്ളത്തരം കാട്ടി വരാതക്ക ടീച്ചറേ'' എന്ന് പറഞ്ഞെങ്കിലും എന്‍റെ പ്രത്യേക അഭിനയസിദ്ധി കൊണ്ടും നിഷ്കളങ്ക പട്ടം ഉള്ളതു കൊണ്ടും ടീച്ചര്‍ അതിലൊന്നും വീണില്ല.

പിന്നീട് ചെറിയ ചെറിയ കച്ചറകളില്‍ കരുതിക്കൂട്ടിയും അറിയാതെയും പെട്ട് പല ടീച്ചര്‍മാരുടെയും കണ്ണിലെ കുളിര്‍മയായിരുന്ന ഞാന്‍ കണ്ണിലെ കരടായി മാറിത്തുടങ്ങി. തല്ലാനുണ്ടോ എന്ന് ചോദിച്ചവന്‍റെ മൂക്കിന് ഒരു കുത്തും കൊടുത്ത് മുഖം മാന്തി മുറിയാക്കുകയും ചെയ്തു. ഈ പ്രശ്നം പറഞ്ഞ് ടി.സി കിട്ടിയാല്‍ മതിയായിരുന്നു എന്നു വരെ പ്രാര്‍ത്ഥിച്ചു പോയി.

സ്കൂളിലെ പലവില്ലന്‍മാരും അന്ന് ഒരു പണി ഒപ്പിക്കാറുണ്ട് ആദ്യത്തെ ഇന്‍റര്‍വെല്ലിന് പുറത്തേക്ക് വിട്ടാല്‍ മെല്ലെ മുങ്ങും പിന്നെ പൊങ്ങുന്നത് ഉച്ചക്ക്. ഹാജറും കിട്ടും രണ്ട് പിരീഡ് മുങ്ങുകയും ചെയ്യാം. ഒരിക്കല്‍ ഞാനും ഇത് പരീക്ഷിച്ചു..

പക്ഷേ, പണി പാളി..

ക്ലാസില്‍ മുങ്ങുന്ന ആള്‍ കൂട്ടുകാരോട് പറഞ്ഞിട്ടാണ് മുങ്ങുക ഞാന്‍ ആരോടും പറയാതെ ഒറ്റ മുങ്ങല്‍.. വീട്ടില്‍ പോയി കഞ്ഞിയും ചമ്മന്തിയും കഴിച്ച് ചെറിയ പള്ളിയുറക്കവും കഴിഞ്ഞ് ഉച്ചക്ക് സ്കൂളിലെത്തിയപ്പോഴല്ലേ ഗുലുമാല്‍..

എന്നെ കാണാനില്ല എന്നു പറഞ്ഞ് ക്ലാസിലെ മറ്റു കുട്ടികളും ടീച്ചര്‍മാരും പേടിച്ചിരിക്കുകയാണ്. പോലീസില്‍ പരാതിപ്പെടാനിരിക്കുകയായിരുന്നു അപ്പോഴേക്ക് ഞാന്‍ തിരിച്ചെത്തി.

അങ്ങനെ അന്ന് എന്നെ പൊക്കി ഓഫീസ് റൂമിലേക്ക് കൊണ്ടു പോകുമ്പോള്‍ പേടിച്ച് എന്‍റെ ഹൃദയം പിടയ്ക്കാന്‍ തുടങ്ങി. സൈഡില്‍ നിന്ന് പല കുട്ടികളും പതുക്കെ പറയുന്നത് ഞാന്‍ കേട്ടു..

''യാസര്‍ന് ഇന്ന് ടി.സി കൊടുത്തു വിടും ഒറപ്പാ''

അത് കേട്ടപ്പോ എന്‍റെ പേടിയൊക്കെ മാറി സന്തോഷം കൊണ്ട് മനസ്സ് തണുത്തു. ടി.സി പ്രതീക്ഷിച്ചു ഓഫീസിലേക്ക് എത്തിയ എന്നെ നൗഷാദ് മാഷും അറബിമാഷും എച്ച്.എം കൂടിച്ചേര്‍ന്ന് അവസാന വാണിങ്ങ് തന്ന് ഇനിയുണ്ടാകരുത് എന്നു പറഞ്ഞ് വിട്ടയച്ചു.വീട്ടില്‍ പോലും സംഭവം അറിയിച്ചില്ല. ക്ലാസിലേക്ക് തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടികളുടെ ഭാഗത്തു നിന്നുള്ള സംസാരം ഞാന്‍ ശ്രദ്ധിച്ചു.

''യാസിര്‍ ഇപ്പോ ഫുള്‍ കച്ചറയായിട്ടുണ്ടല്ലേ..? ഓന് ഇക്കെല്ലം എന്തായാലും തോല്‍ക്കും..''

ഞാന്‍ ബെഞ്ചില്‍ വന്നിരുന്നപ്പോള്‍ എന്തോ ആരും എന്നോട് മിണ്ടുന്നില്ല. ഒരു അകലം പാലിക്കുന്നു എല്ലാവരും ഞാനെന്തോ കൊലപാതകം ചെയ്തു വന്ന പോലെ എന്നെ തുറിച്ചു നോക്കുന്നു. എന്‍റെ കണ്ണുടക്കുമ്പോള്‍ നോട്ടം മാറ്റുന്നു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് പെണ്‍കുട്ടികളൊക്കെ മിണ്ടിത്തുടങ്ങിയത്.

ഒരാളെ ബഹിഷ്കരിക്കുമ്പോള്‍, മിണ്ടാതിരിക്കുമ്പോള്‍ ഒരാള്‍ എത്രത്തോളം ദുഖിതനായിരിക്കും, ഒറ്റപ്പെട്ടു പോകും എന്ന് അന്നാണ് മനസ്സിലാക്കിയത്. നാം അനുഭവിക്കാത്ത  കാര്യങ്ങള്‍ നമുക്ക് വെറും കെട്ടു കഥകള്‍ മാത്രമാണെന്ന് ബെന്യാമിന്‍ ‍ആടു ജീവിതത്തില്‍ പറയുന്നുണ്ട്. അന്നെടുത്ത തീരുമാനമാണ് ആരെയും ബഹിഷ്കരിക്കില്ല, ആരോടും പിണങ്ങില്ല എന്നത്.

അങ്ങനെ കൊല്ല പരീക്ഷക്കാലം വന്നു..

ഇതാണ് എന്‍റെ അവസരം മുഴുവന്‍ പരീക്ഷയും തെറ്റിച്ചെഴുതി പരീക്ഷക്കു തോല്‍ക്കാം എന്ന വളരെ ബുദ്ധിപരമായ നീക്കം ഞാന്‍ നടത്തി.

എല്ലാവരും പരീക്ഷക്കു വേണ്ടി കുത്തിയിരുന്നു പഠിച്ചപ്പോള്‍ ഞാന്‍ കൂര്‍ക്കം വലിച്ച് ഉറങ്ങി. പുസ്തകം തൊട്ടതു പോലുമില്ല.

പല പരീക്ഷയ്ക്കിടയിലും ശക്തമായ തലവേദനയുണ്ടെന്ന് അഭിനയിച്ചു കാണിച്ചു. അത് കണ്ടിട്ടെങ്കിലും എന്നെ വീട്ടിലേക്ക് പരീക്ഷ എഴുതാതെ പറഞ്ഞയച്ചാലോ എന്നായിരുന്നു ഞാന്‍ കിനാവ് കണ്ടത്. എന്‍റെ പ്രതീക്ഷ തെറ്റിച്ച് ടീച്ചര്‍ പറഞ്ഞു.

''മോന്‍ പോയി മുഖം കഴുകി വരൂ.. രാത്രി പഠിച്ചതിന്‍റെ ക്ഷീണമായിരിക്കും''

അങ്ങനെ മുഴുവന്‍ പരീക്ഷയും തെറ്റിച്ചെഴുതി ഏറ്റവും ഇഷ്ടപ്പെട്ട അവധിക്കാലങ്ങളിലേക്ക് കടന്നു..

പൊരിവെയിലത്ത് ക്രിക്കറ്റ് കളിച്ചും, ഫുട്ബോള്‍ കളിച്ചും നടക്കുമ്പോഴും, മനസ്സിലെ ചിന്ത മുഴുവന്‍ ഒമ്പതാം ക്ലാസില്‍ തോല്‍ക്കുന്നതും സ്കൂള്‍ മാറുന്നതും ആയിരുന്നു. അങ്ങനെ കാത്തിരിപ്പിന് വിരാമം കുറിച്ച് റിസള്‍ട്ട് വന്നപ്പോള്‍ ഇത്ര കാലം ബുദ്ധിമുട്ടിയതെല്ലാം വെറുതയായിപ്പോയി 

''ഞാന്‍ ജയിച്ചു''

ഇന്നും ഞാന്‍ ഇടക്കിടെ ആലോചിക്കും അന്ന് എന്ത് കൊണ്ടായിരിക്കാം എന്നെ ജയിപ്പിച്ചു വിട്ടത്. പക്ഷേ ഇന്ന് ഞാന്‍ വിശ്വസിക്കുന്നത് 

എന്‍റെ ഭാഗ്യം ആയിട്ടാണ് അല്ലാതെന്താ അന്നു തോറ്റിരുന്നെങ്കില്‍ ഇന്ന് ഒരു വര്‍ഷം പിറകിലാകുമായിരുന്നു. എന്നെ ജയിപ്പിച്ച ടീച്ചര്‍ക്ക് ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു..

Malayalam Short StoriesMalayalam literature interviews,Malayalam Poems         


മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.