Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്‍റെ പ്രണയത്തെ ആദ്യമായി കണ്ടുമുട്ടിയത്...

love-1

എഞ്ചിനീയറിംഗ് ഫൈനല്‍ ഇയര്‍ പഠിക്കുന്ന കാലം, തേര്‍ഡ് ഇയര്‍ ഉള്ള ഒരു ക്രിസ്ത്യന്‍ മൊഞ്ചത്തിയോട് എനിക്ക് കടുത്ത ഇഷ്ടം.

എന്നാൽ അവള്‍ക്കു തേര്‍ഡ് ഇയര്‍ തന്നെ ഉള്ള ഒരുത്തനുമായി പ്രണയം ആണെന്ന് ഞാനറിഞ്ഞു. അവളോട്‌ മുഖത്തു നോക്കി രണ്ടു മിനുട്ട് സംസാരിച്ചിട്ടില്ല അതുവരെ ഞാൻ, എങ്കിലും ഈ പ്രണയകഥയുടെ സത്യാവസ്ഥ അവളോട്‌ തന്നെ ചോദിക്കണം എന്നു തോന്നി... ആ ചോദ്യം എന്റെ പ്രണയം അവളെ അറിയിക്കാനുള്ള വഴിയായിത്തോന്നി എനിക്ക്. അവളുടെ ക്ലാസ്സ്‌ ലക്ഷ്യമാക്കി ഞാന്‍ നടന്നു ...

സുഹൃത്ത് എൽഡിൻ എന്നെ അനുഗ്രഹിച്ചയച്ചു... അവളെ കാണുമ്പോള്‍ ഞാന്‍ എങ്ങനെ പെരുമാറണം, എന്തു പറയണം എന്നതിനെ കുറിച്ച് ഞാനും എൽഡിനും കൂടി ഒരു പ്ലാന്‍ തന്നെ ഉണ്ടാക്കി.

"നിന്നേം അവനേം കുറിച്ച് പലരും പലതും പറയുന്നു?" - എന്ന് അവളുടെ കണ്ണിൽ നോക്കി തന്നെ ചോദിക്കണം.

"ഞാന്‍ ഈ കേട്ടതൊക്കെ സത്യം ആണോ" - ഇത് ചോദിക്കുമ്പോള്‍ ഗദ്ഗദം വന്നു പെട്ടെന്ന് മുഖം തിരിക്കണം. എന്നിട്ട് കുറച്ചു സമയം ഒന്നും മിണ്ടാതെ ദൂരേക്ക്‌ നോക്കി നില്‍ക്കണം.  

പതുക്കെ തല തിരിച്ച് അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ കണ്ണീർ പൊടിഞ്ഞിരിക്കണം.. മുഖത്തെ ഭാവം ഉണ്ടല്ലോ.. അത് പ്രത്യേകം ശ്രദ്ധിക്കണം.. എൽഡിൻ പറഞ്ഞു നിർത്തി.

സമയം നട്ടുച്ച. കോണികേറി അവളുടെ ക്ലാസിനു മുന്നില്‍ എത്തി. എന്നെ കണ്ടതും അവള്‍ ഇറങ്ങി വന്നു.. വരാന്ത വരെ ..

ഞാന്‍ ചിരിച്ചില്ല.. മുഖത്തെ ഭാവം പ്രത്യേകം ശ്രദ്ധിക്കണം - എൽഡിന്‍ പറഞ്ഞത് ഓര്‍ത്തു, 

"എനിക്ക് ഒരു കാര്യം ചോദിക്കാന്‍ ഉണ്ട് "

അവളുടെ കവിളുകള്‍ ചുവന്ന് തുടുത്തിരിക്കുന്നു ..

തിളങ്ങുന്ന വലിയ കണ്ണുകള്‍ ആകാംഷയോടെ എന്നെത്തന്നെ  നോക്കുന്നു .. "ഹോ.." .. ഞാന്‍ മുഖം തിരിച്ചു.

പെട്ടെന്ന് പ്ലാന്‍ മനസ്സിലേക്ക് വന്നു.. എൽഡിൻ ഇവിടെ എവിടോ ഉണ്ടായിരുന്നു.. മറഞ്ഞു നിന്ന് എന്‍റെ അഭിനയം കാണുകയാവും.

"ഞാന്‍ ഈ കേട്ടതൊക്കെ സത്യം ആണോ"

ആകാംഷയോടെ അവള്‍ എന്നെ തന്നെ നോക്കുന്നു– എന്‍റെ കണ്ണിലേക്കു തന്നെ നോക്കുന്നു.. ഞാന്‍ മുഖം വെട്ടിത്തിരിച്ചു... അടുത്ത ഡയലോഗ് ..

"നിന്നേം അവനേം കുറിച്ച് പലരും പലതും പറയുന്നു"

ഞാൻ വിയര്‍ത്തു തുടങ്ങി - കയ്യൊക്കെ വിറയ്ക്കുന്നു ... 

ഉറക്കെ വീണ്ടും ചോദിച്ചു

"ഞാൻ കേട്ടതൊക്കെ സത്യം ആണോ".

അവള്‍ മിണ്ടുന്നില്ല.

ഞാന്‍ ദൂരേക്ക്‌ തന്നെ നോക്കി നിന്നു, 

ഹാവു.. പ്ലാന്‍ വര്‍ക്ക്‌ ആവുന്നുണ്ട്‌. അവൾക്കവനോട് അങ്ങനെയൊന്നും ഇല്ല.

അവളുടെ "അല്ല" എന്ന മറുപടി ഞാൻ വീണ്ടും വീണ്ടും മനസ്സിൽപറഞ്ഞുകൊണ്ടിരുന്നു.

എന്‍റെ വിറ ഒക്കെനിന്നു.. ചെറുതായി മുഖത്തു വന്ന പുഞ്ചിരി ഒളിപ്പിക്കാന്‍ ഞാന്‍ പാടുപെട്ടു. 

പെട്ടെന്നവൾ പറഞ്ഞു– "അതെ, ശരിയാണ് ".

ഞാന്‍ വാ പൊളിച്ച് അവളെ തിരിഞ്ഞു നോക്കി– അവള്‍ അപ്പോഴും എന്നെത്തന്നെ തുറിച്ചുനോക്കി നിൽക്കുന്നു. ഞാന്‍ തിരിഞ്ഞു നടന്നു.

കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ..

കൈ വിറയ്ക്കുന്നു

തൊണ്ട വരണ്ടു

കണ്ണ് നിറഞ്ഞൊഴുകി

"മുഖത്തെ ഭാവം പ്രത്യേകം ശ്രദ്ധിക്കണം " - എൽഡിന്‍ പറഞ്ഞത് ഓര്‍ത്തു.

ആർക്കും മുഖംകൊടുക്കാതെ ഞാൻ നടന്നു..

അന്നാ കോണിപ്പടികൾ ഇറങ്ങുമ്പോള്‍ ആണ് ഞാന്‍ എന്‍റെ പ്രണയത്തെ ആദ്യമായി കണ്ടുമുട്ടിയത്. കോണിപ്പടികള്‍ ഇറങ്ങുമ്പോള്‍ എൽഡിൻ തോളത്തുകൈയിട്ടെന്നെ ചേര്‍ത്തു പിടിച്ച് അഭിനന്ദിച്ചു ..

"അളിയാ കലക്കി ... നിന്‍റെ മുഖത്തെ ഭാവം സൂപ്പര്‍"

Malayalam Short StoriesMalayalam literature interviews,Malayalam Poems 

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.