Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയ്ക്ക്‌ മാത്രം ചെയ്യാവുന്നത്..

tree

ഒരുപാട് നീണ്ട വേനലിനെ മറന്നു വരണ്ട മണ്ണും മനസ്സും മഴയെ പുണര്‍ന്നു. ഒരു നല്ല ഉറക്കം കിട്ടിയ സന്തോഷത്തോടെ മീര മുറ്റത്തേക്കിറങ്ങി. പുതുമഴ പെയ്ത മണ്ണിന്റെ ഗന്ധം തരുന്ന ആനന്ദം. മുന്നിലുള്ള വഴിയിലൂടെ കുട്ടികള്‍ തിരക്കിട്ട് സ്കൂളില്‍ പോകുന്ന ബഹളം. പടിവാതില്‍ ചാരി അവര്‍ മറഞ്ഞു പോയ വഴിയിലേക്ക് കണ്ണും നട്ടു നിന്ന മീര ബാല്യകാലം ഓര്‍ക്കാന്‍ കൊതിച്ചു. എന്നാല്‍ ഓർമകള്‍ തലേന്ന് കണ്ട സ്വപ്നത്തില്‍ പിടിമുറുക്കി നിന്നു.

മരണപ്പെട്ടു പോയ തന്റെ മുന്നില്‍ ഇരുന്നു, നര കലര്‍ന്ന മുടിയും താടിയും ഉള്ള, ഒരു യോഗിയേയും സോഷ്യലിസ്റ്റിനേയും ഒരുപോലെ ഓര്‍മിപ്പിക്കുന്ന, ബഹുമാന്യനായ തന്റെ ഒരു അധ്യാപകന്‍ പതിയെ തന്നോട് മന്ത്രിച്ചത്: “എന്റെ കുട്ടികളില്‍ ഏറ്റവും മിടുക്കിയായിരുന്നു നീ, ഞാന്‍ ഇത് ഇപ്പോള്‍ പറയുന്നത് നീ കേള്‍ക്കില്ല എന്നുറപ്പുള്ളതുകൊണ്ട് മാത്രമാണ്....” സ്വതവേ ഉള്ള പുച്ഛം അപ്പോഴും ആ മുഖത്തു ഉണ്ടായിരുന്നു. നിഷേധപൂർവം ഒരു അംഗീകാരം! താനൊരു ഭാഗ്യവതി തന്നെ.

വീട്ടിലും ജോലിയിലും ഒരു മനുഷ്യജീവിയായി വര്‍ത്തിക്കുന്ന സമയങ്ങള്‍ കുറവാണല്ലോ എന്നും, അത് വീണ്ടും കുറയുന്നുവോ എന്നും മീരയ്ക്ക് ഭയമുണ്ടായിരുന്നു. മിക്കവാറും മറ്റൊരു യന്ത്രം കണക്കെ താനും എന്തൊക്കെയോ പറയുന്നു, ചെയ്യുന്നു, ചിന്തകള്‍ പോലും യാന്ത്രികം. 

അമ്പലപറമ്പിലെ ഉണങ്ങി വീഴാറായ ആൽമരത്തിനു കീഴിലൂടെ ജോലിസ്ഥലത്തേക്ക് ബസ്‌ പിടിക്കാന്‍ തിരക്കിട്ട് പോകുമ്പോള്‍, മീര മുകളിലേക്ക് ഒന്നു നോക്കി. ആകെ തളിര്‍ത്ത് ഇളംപച്ചപ്പട്ടു വിരിച്ചു, ഇളം കാറ്റില്‍ മിന്നി നില്‍ക്കുന്നു ആല്‍മുത്തശ്ശി! താഴെ വീണ ആലിലകള്‍ മറ്റൊരു പച്ചപ്പട്ടും വിരിച്ചിരിക്കുന്നു. അതില്‍ ചവിട്ടിയാണ് താന്‍ നിൽക്കുന്നത് എന്ന് കണ്ടപ്പോള്‍ മീര തന്റെ ചെരിപ്പുകള്‍ അഴിച്ചു വച്ചു. ആ ഇലകളുടെ നനുത്ത സ്പര്‍ശം പാദങ്ങളിലൂടെ, ശിരസുവരെ എത്തുന്നതും, തന്നിലുള്ള വിഷാദങ്ങളൊക്കെയും അലിഞ്ഞു പോകുന്നതും മീര അറിഞ്ഞു. 

സമയത്തെ കുറിച്ച് ബോധം വന്നപ്പോള്‍ കുറച്ചു തളിരിലകള്‍ കയ്യിലെടുത്തു ബസ്‌ സ്റ്റോപ്പിലേക്കോടി. ഒരു രാത്രിമഴ കൊണ്ട് മാത്രം ഉണക്ക മരങ്ങള്‍ തളിര്‍ക്കും എന്നത് അത്യദ്ഭുതത്തോടെ പറഞ്ഞ മീരയെ സഹപ്രവര്‍ത്തകര്‍ തമാശയോടെയും സഹതാപത്തോടെയും നോക്കി. “അപ്പോള്‍ ആളുകള്‍ തീയിട്ടു കരിച്ച പശ്ചിമഘട്ടം ഇപ്പോള്‍ പൂത്തു തളിര്‍ത്തു നില്‍പ്പുണ്ടാകും അല്ലേ” എന്ന് പരിഹസിച്ച സുഹൃത്തിനോട് നീരസമന്യേ മീര പുഞ്ചിരിച്ചു. ജോലി സമയം കഴിഞ്ഞ് ആൽമരചോട്ടില്‍ എത്ര നേരം ഇരിക്കണം എന്നതിനെ കുറിച്ച് കണക്കു കൂട്ടിയാണ് അന്നത്തെ ദിവസം കഴിച്ചത്.

വൈകിട്ട് ബസ്സിറങ്ങി ആൽമരചുവട് ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഏതോ വിഷാദം മീരയെ മൂടി. ദൂരെ നിന്നു തന്നെ ഞെട്ടലോടെ മീര അത് കണ്ടു. ആല്‍മരം ഉണങ്ങിത്തന്നെ നിൽക്കുന്നു, മഴയ്ക്ക് മുമ്പേപോലെതന്നെ. അടുത്ത് ചെന്ന് മുകളിലേക്ക് നോക്കി നഷ്ടബോധത്തോടെ നില്‍ക്കുന്ന  മീരയെ, കരിയിലകള്‍ വീണ ആലിന്‍ ചുവട് അടിച്ചു വൃത്തിയാക്കുന്ന സ്ത്രീ സൂക്ഷിച്ചു നോക്കി. 

രാവിലെ പെറുക്കിയ ആലിന്റെ തളിരിലകള്‍ അന്ന് മുഴുവനും മീര അന്വേഷിച്ചു.

Malayalam Short StoriesMalayalam literature interviews,Malayalam Poems      

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.