Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റമുറിയ്ക്കുള്ളിലെ  പെണ്‍ലോകങ്ങള്‍ 

ഒറ്റമുറിയ്ക്കുള്ളിലെ പെണ്‍ലോകങ്ങള്‍

She knows she is lonely yet she has no problem with it .She prefers to spend her time alone instead  of dealing with people’s lies and games .” Hazel Ozbek.

ഏകാന്തതയെ കുറിച്ച് ചിന്തിക്കുമ്പോള്‍ സ്വാഭാവികമായി നമ്മുടെ മനസ്സിലേക്ക് ഒറ്റപെടല്‍ എന്ന വിഷയവും എത്തും.  വിര്‍ജിനിയ വൂള്‍ഫ് തന്റെ  ലേഖനത്തില്‍ സ്ത്രീയുടെ  ഒറ്റമുറിയുടെ ആവശ്യത്തെ കുറിച്ച് പറയുന്നുണ്ട്. ഒറ്റ മുറിയെ കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും ഒറ്റപ്പെട്ട മുറികളായി മാറിയ ഒരുപാട് സ്ത്രീകള്‍ നമ്മുടെ ഇടയിലുണ്ട് എന്ന  ഓര്‍മ്മിക്കേണ്ടി വരുന്നു.  സ്ത്രീയുടെ ഏകാന്തതയെ കുറിച്ച് ആലോചിക്കുമ്പോഴൊക്കെ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്നപ്പൂര്‍ണ്ണ ദേവിയെ കുറിച്ച് വായിച്ച ലേഖനം ഓര്‍മ്മ വരും. അവരെ പോലെ,  ഭര്‍ത്താവിനാലും, കുടുംബാംഗങ്ങളാലും  ഉപേക്ഷിക്കപ്പെട്ട ഒരുപാട് സ്ത്രീകള്‍ ഇന്നും നമ്മുടെയിടയില്‍ ഉണ്ട്. പ്രണയം തേടിയുള്ള പുരുഷന്‍റെ സ്വാര്‍ത്ഥമായ പാച്ചിലില്‍ ജീവിതം നഷ്ടപ്പെട്ട സ്ത്രീകളെന്നും ഉണ്ടായിരുന്നു. സ്ത്രീയുടെ ഒറ്റപെടലും ഏകാന്തതയും സ്നേഹത്തിന്‍റെ അഭാവത്തിലാണ് സംഭവിച്ചിരുന്നത്. കെ. ആര്‍ മീര ആരാച്ചാര്‍ എന്ന നോവലില്‍ “പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടും രണ്ടാണ്. ആഹ്ലാദിപ്പിക്കുന്നവളെ മാത്രമേ പുരുഷന് സ്നേഹിക്കാൻ കഴിയു. സ്ത്രീക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കുവാൻ കഴിയും” എന്ന് പറയുന്നു. പലപ്പോഴും സ്നേഹം നല്‍കാനും സ്നേഹം ലഭിക്കാനും വേണ്ടിയുള്ള കാത്തിരിപ്പ് സ്ത്രീയുടെ ഏകാന്തതയായി മാറുന്നു.   

ജീവിതത്തിന്‍റെ ഒറ്റപ്പെട്ട വീഥികളില്‍ സ്നേഹമേഘങ്ങളുടെ വരവ് കാത്തു നിന്ന സ്ത്രീകള്‍ ഒരുപാടാണ്‌. “ഏകാന്തതേ നിന്‍റെ ദ്വീപില്‍/ ഏകാന്തമാം ഒരു ബിംബം” എന്ന നവംബറിന്റെ നഷ്ടം ചലച്ചിത്ര ഗാനരംഗത്തിലെ നായികയെ പോലെ ഒറ്റപെടലിന്റെ നിഴലില്‍ ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. കുടുംബത്തിനും ആള്‍ക്കൂട്ടത്തിനുമിടയിലും ഒറ്റപെടല്‍ അനുഭവിക്കുന്ന സ്ത്രീയിന്നൊരു അത്ഭുതമല്ല. ഒരേ സമയം ഭാര്യയായും അമ്മയായും ജീവിക്കുമ്പോഴും തന്നെ ഉള്‍കൊള്ളാന്‍ ശ്രമിക്കാത്ത പുരുഷനും കുടുംബവ്യവസ്ഥയും അവളില്‍ ഒറ്റപെടല്‍ അടിച്ചേല്‍പ്പിക്കുന്നു .  

കാലത്തിന്‍റെ യാത്രയ്ക്കിടയില്‍ ഏകാന്തതയുടെ കയങ്ങളിലേക്ക് വീണു പോയ ധാരാളം സ്ത്രീകളുണ്ട്. സമൂഹമെന്നും പുരുഷനേക്കാള്‍ സ്ത്രീയുടെ മേല്‍ ഏകാന്തത അടിച്ചേല്‍പ്പിച്ചിരുന്നു. പണ്ട് നിലനിന്നിരുന്ന വിധവാവിവാഹ നിരോധനവും മറ്റും ഈ സാമൂഹിക ഏകാന്തതയുടെ ഭാഗമായിരുന്നു. ഭാര്യയുടെ മരണം, വേര്‍പാട് മുതലായവ കൊണ്ട് വൈകാരികമായി ഒറ്റപെടുമ്പോള്‍ പുതിയ ഈണയെ തേടി പോകുന്ന പുരുഷനെ പിന്തുണച്ചിരുന്ന സമൂഹം സ്ത്രീയുടെ ഈ ആവശ്യങ്ങളെ തള്ളി കളഞ്ഞിരുന്നു. സ്ത്രീയുടെ ശരീരത്തിനെയും ഗര്ഭപാത്രത്തിനെയും  ഭയന്നിരുന്ന സമൂഹം അവരുടെ ഏകാന്തതയെയും ഒറ്റപെടലിനെയും പ്രോത്സാഹിപ്പിച്ചു.

കുടുംബത്തിനകത്തും പുറത്തും സ്ത്രീയനുഭവിച്ചിരുന്ന ഏകാന്തത പല തരത്തില്‍ ഉള്ളതായിരുന്നു. വിവാഹത്തിനു മുന്‍പും വിവാഹ ശേഷവും സ്ത്രീ അനുഭവിക്കുന്ന വൈകാരികമായ ഏകാന്തത വ്യത്യസ്തമാണ്. വിവാഹത്തിനു മുന്‍പ് കടന്നു വരുന്ന ബാല്യ, യൗവന, കൗമാര കാലഘട്ടങ്ങളില്‍ കുടുംബത്തില്‍ അനുഭവപ്പെടുന്ന ഒറ്റപ്പെടലും മറ്റും ഒരു സ്ത്രീയെ വാര്‍ത്തെടുക്കുന്നതില്‍ നല്ല പങ്ക് വഹിക്കുന്നുണ്ട്. വിവാഹ ശേഷം സമൂഹം സ്ത്രീയ്ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന ഏകാന്തത അവളുടെ വീട്ടമ്മയെന്ന നിലനില്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ദാമ്പത്യ ബന്ധം വേര്‍പെടുത്തെണ്ടി വന്ന സ്ത്രീകള്‍ ഇന്നും പലപ്പോഴും സമൂഹത്തില്‍ അനുഭവിക്കുന്ന ഏകാന്തത വലുതാണ്‌. അമ്മയായും ഭാര്യയായും ജീവിക്കുമ്പോഴും മനസിലാക്കാത്ത മക്കളും ഭര്‍ത്താവും സമ്മാനിച്ച ഒറ്റപെടല്‍ എന്നും അവളെ വേട്ടയാടിയിരുന്നു. പലപ്പോഴും പിതാവിന്റെ  സാമൂഹിക ജീവിതം പ്രോത്സാഹിപ്പിക്കുന്ന മക്കള്‍ മിക്കവരും അമ്മ വീട്ടിനുള്ളില്‍ തളയ്ക്കപ്പെടണം എന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു. പ്രിയ എ എസിന്‍റെയും സിതാര എസിന്‍റെയും കെ ആര്‍ മീരയുടെയുമൊക്കെ കഥകളില്‍ ഒറ്റപ്പെട്ട സ്ത്രീകള്‍ ഉണ്ട്. 

ചില സ്ത്രീകള്‍ വീടുകളിലെ ഒറ്റപ്പെട്ട മുറി പോലെയാണ്. ആരും കാണുകയോ അറിയുകയോ ചെയാതെ അവര്‍ വാതിലുകള്‍ക്ക് പിന്നില്‍ സ്വയം ബന്ധിച്ചിടും . മറവിയുടെ മേഘങ്ങള്‍ താണ്ടിയെത്തുന്ന ഏകാന്തതയുടെ കൂട്ടില്‍ സ്വയം ഉരുകുമ്പോഴും അവരില്‍ പലരും ജീവിതത്തില്‍ പുതിയ അര്‍ഥങ്ങള്‍ തേടുക കൂടി ചെയ്തിരുന്നു.

ഒറ്റപ്പെട്ട ഓരോ സ്ത്രീയും ഓരോ പാതി തുറന്ന പുസ്തകത്താള് ആകുന്നു. സ്നേഹമില്ലായ്മയുടെ വേനലില്‍ നിന്ന് മറവിയുടെ ശിശിരത്തിലേക്ക് മാറ്റി നടപ്പെട്ട ഓരോ ജീവിതത്തിലും ഓരോ സ്വപ്നം ഉണ്ടായിരുന്നു. നഗരത്തിലും ഗ്രാമങ്ങളിലും കുടുംബത്തിലും തൊഴിലിടത്തിലും ഓരോ  സ്ത്രീയും  കടന്നു പോകുന്ന ഏകാന്തത വ്യത്യസ്തമാണ്. വിഷാദത്തിന്റെ സന്ധ്യകളില്‍ പടര്‍ന്നു കയറിയ ഓര്‍മ്മകളില്‍ സ്വയം നഷ്ടപ്പെട്ട് ആകാശത്തിനു ചുവട്ടില്‍ നിന്ന ഒരുപാടു നക്ഷത്രങ്ങള്‍ ഉണ്ട്. സന്ധ്യകളെ ഭയന്ന സ്ത്രീകള്‍ മുതല്‍ രാത്രിയുടെ ഓര്‍മ്മകള്‍  മാറോട് അടക്കി പിടിച്ച് എത്ര പേര്‍ ജീവിതത്തിന്റെ നീലാകാശം  വെടിഞ്ഞു പോയിട്ടുണ്ട്. 

നഗര ജീവിതത്തില്‍ മിക്ക സ്ത്രീകളുടെയും ഏകാന്തത തുടങ്ങുന്നത് ഹോസ്റ്റല്‍ മുറികളില്‍ നിന്നാണ്. വിദ്യാഭ്യാസം മുതല്‍ തൊഴിലിനു വരെ ഹോസ്റ്റലുകള്‍ അഭയ സങ്കേതങ്ങള്‍ ആകുമ്പോള്‍ പലപ്പോഴും ഓരോ ഹോസ്റ്റല്‍ മുറിയുടെ ചുമരുകള്‍ക്കുള്ളിലും സഹവാസികളായ സ്ത്രീകളോടൊപ്പം ഒരു സ്ത്രീ അനുഭവിക്കുന്ന ഏകാന്തത വ്യത്യസ്തമാണ്. എന്നാല്‍ പലപ്പോഴും ഈ ഹോസ്റ്റലുകളിലെ സൗഹൃദ കൂട്ടായ്മ  തന്നെ സ്ത്രീകളെ ഏകാന്തതയുടെ വിഷാദത്തില്‍ നിന്ന് രക്ഷിക്കാന്‍  ശ്രമിക്കാറുണ്ട്. ഒരുപാട് തവണ ഒറ്റപ്പെടലിലേക്ക് വീണിട്ടും വീണ്ടും ജീവിതത്തില്‍ ഒറ്റയ്ക്ക് എണീറ്റു നടന്ന ചിലരുമുണ്ട്. പലപ്പോഴും ആരും കാണാതെയും അറിയാതെയും പറയാതെയും പോയ അവരുടെ അതീജീവനത്തിലെ ചെറിയ നേട്ടങ്ങള്‍ക്ക്‌, കണ്ണീര്‍ തുള്ളികളുടെയും വിയര്‍പ്പിന്റെയും വലിയ തിളക്കമുണ്ട്.     

ഏകാന്തതയുടെ വിഷാദ മേഘങ്ങള്‍ക്ക്  താഴെ  ജീവിതം എഴുത്തിലൂടെയും കലയിലൂടെയും കരുപിടിപ്പിക്കാന്‍ ശ്രമിക്കുകയും ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന  ഒരുപാട് സ്ത്രീകളും ഉണ്ട്. അനുഭവങ്ങളുടെ വെയിലേറ്റു വാടാന്‍ വിസ്സമതിച്ച അവരുടെയിടയിലേക്ക് ജീവിതം എറിഞ്ഞു കൊടുത്ത പൊള്ളുന്ന സത്യങ്ങള്‍ ഉണ്ട്. ഇങ്ങനെയുള്ള കാലഘട്ടത്തിലാണ് ഒറ്റപ്പെട്ട സ്ത്രീകളെ കൈപിടിച്ചുയര്‍ത്തുന്നതില്‍ ഉള്ള സ്ത്രീ കൂട്ടായ്മകളുടെ പ്രസക്തി നമുക്ക് മനസിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നത്‌. പ്രശസ്ത നിരൂപകയും എഴുത്തുക്കാരിയുമായ അഡ്രിയന്‍ റിച്ച് പറഞ്ഞ പോലെ, “No person, trying to take responsibility for her or his identity, should have to be so alone. There must be those among whom we can sit down and weep, and still be counted as warriors.”  ― Adrienne Rich, Sources

ഡോ.ദിവ്യ.എന്‍

(ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുന്‍ഗവേഷകയും ഇപ്പോള്‍ തൃശ്ശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമാണ്)

 DR.DIVYA.N,

TEMPLE TOWERS

 FLAT 4 D 

KANATTUKKARA 

THRISSUR 680011 

Email : divmn2012@gmail.com

Malayalam Short Stories, Malayalam literature interviews, മലയാളസാഹിത്യം