Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചുപോക്കിന്‍റെ നോവറിവുകൾ

തിരിച്ചുപോക്കിന്‍റെ നോവറിവുകൾ

ഓരോ അധ്യയന വർഷം അവസാനിക്കുമ്പോഴും ഒന്നും രണ്ടും കുട്ടികൾ ക്ലാസ്സിൽ  നിന്നും വിടുതൽ സർട്ടിഫിക്കറ്റ് ഒപ്പിട്ടു വാങ്ങി നാട്ടിലേക്ക് പോകാറുണ്ട്. അപ്പോഴൊക്കെയും നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു സന്തോഷത്തോടെ ഒപ്പിട്ടു കൊടുക്കാറാണ് പതിവ്. ഇത്തവണ പക്ഷെ അങ്ങനെയല്ല. സൗദി അറേബ്യയിലെ മാറിയ സാഹചര്യത്തിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന കുടുംബങ്ങളുടെ ക്രമാതീതമായ വർധനവാണ് കണ്ടുവരുന്നത്. വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാൻ കൊച്ചുകുട്ടികളുമായി  വരുമ്പോൾ മാതാപിതാക്കളുടെ മുഖങ്ങളിൽ പ്രതിഫലിക്കുന്ന വേദന നിറഞ്ഞ നിസ്സഹായാവസ്ഥ വായിച്ചെടുക്കുവാൻ കഴിയും. 

കഴിഞ്ഞ ദിവസം ടി സി എടുക്കുവാൻ വന്ന ഒരു ബാലന്‍റെ പ്രതികരണമാണ് ഈ എഴുത്തിന്നാധാരം. സ്വതവേ സന്തോഷവാനും ഉത്സാഹിയുമാണ് ഈ നാലാംക്ലാസ്സുകാരൻ. ടി സി അപേക്ഷ ഒപ്പിട്ടുകൊടുത്തു അവന്‍റെ മുഖത്തേയ്ക്കു നോക്കി. പ്രസാദം മാഞ്ഞു കരച്ചിലിന്‍റെ വക്കിലാണ് അവൻ. അടർന്നുവീഴാൻ വെമ്പുന്ന മഴത്തുള്ളിപോലെ നിറഞ്ഞ കണ്ണുകൾ. അരികിൽ ആശ്ലേഷിച്ചു നിറുത്തി ആശ്വാസവാക്കുകൾ പറഞ്ഞു നോക്കി. "എനിക്ക് പോകാൻ ഇഷ്ടമില്ല ടീച്ചർ" പൊട്ടിത്തെറിച്ചപോലെ അവന്‍റെ വാക്കുകൾ. മിക്കപ്പോഴും ഇവിടെനിന്നും വിട്ടുപോകുന്ന ബഹുഭൂരിപക്ഷം കുട്ടികളും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാൽ തിരികെ വരാൻ താൽപര്യപ്പെടാറില്ല. അതൊക്കെ ഉദാഹരണ സഹിതം അവനെ പറഞ്ഞുമനസ്സിലാക്കുവാൻ നോക്കി. "ടീച്ചർ നാട്ടിൽ പോകുന്നുണ്ടോ" എന്നായി പിന്നീടുള്ള ചോദ്യം. ഇല്ല. നിന്‍റെ കണക്കു ടീച്ചർ പോകുന്നുണ്ട്. എന്ന് പറഞ്ഞപ്പോൾ അൽപം ആശ്വാസം ആ മുഖത്ത് മിന്നിമറയുന്നതു  കണ്ടു. അതിനേക്കാൾ ദുഖകരമായ സത്യം, അപ്രതീക്ഷിത സാഹച്യര്യത്തിൽ ചെറുപ്പത്തിൽ തന്നെ അവനെ വിട്ടു പിരിഞ്ഞു നിൽക്കേണ്ടിവരുന്ന പിതാവിന്‍റെ അവസ്ഥ.

അധ്യാപനത്തിന്‍റെ ഭാഗമായി, ഇന്ത്യൻ വിദ്യാർത്ഥികളുടെ കുടുംബങ്ങളെ മിക്കപ്പോഴും അടുത്തറിയാൻ ശ്രമിച്ചിട്ടുണ്ട്. കുട്ടികൾ സാധാരണയായി സന്തോഷവാന്മാരായാണ് കാണപ്പെടാറ്. അവർ ഇവിടുത്തെ ജീവിതരീതിയോടും  ഭക്ഷണത്തോടും കാലാവസ്ഥയോടുമൊക്കെ പൊരുത്തപ്പെട്ടു കഴിഞ്ഞവരാണ്. വിവിധ സ്റ്റേറ്റുകളിലെ കുട്ടികളെല്ലാം ദേശ ഭാഷാ ഭേദമില്ലാതെ പരസ്പരം സ്നേഹിച്ചും കലഹിച്ചും ക്ലാസ്സ് റൂമുകളിൽ കഴിഞ്ഞിരുന്നു. അതേപോലെ തന്നെ അവരുടെ കുടുംബങ്ങളും. പ്രവാസ ജീവിതം അണുകുടുംബമായതിനാൽ  തങ്ങളുടെ മുഴുവൻ പരിലാളനകളും കുട്ടികൾക്ക് കൊടുക്കുവാൻ മിക്ക മാതാപിതാക്കൾക്കും ഇവിടെ കഴിഞ്ഞിരുന്നു. താരതമ്യേന ചെറിയ ശമ്പളമുള്ളവർ പോലും തങ്ങളുടെ കുടുംബങ്ങളെ കൂടെ താമസിപ്പിച്ചു സംതൃപ്തരായിരുന്നു. അത് അവരുടെ അവകാശവും ആനന്ദവുമാണ്. 

ഇന്നത്തെ മാറിയ സാഹചര്യത്തിൽ ഭാരിച്ച ജീവിതച്ചിലവുകൾ താങ്ങാനാവാതെ പലരും തങ്ങളുടെ കുടുംബങ്ങളെ നാട്ടിലേക്ക് പറിച്ചുനടാൻ നിർബന്ധിതരായിരിക്കുകയാണ്. ഇവരിൽ സാമ്പത്തിക ഭദ്രത നേടിയവരും അല്ലാത്തവരുമുണ്ട്. ജന്മനാട്ടിലേക്ക് കുടുംബാംഗങ്ങളെ തിരിച്ചു വിട്ടു കഴിയാവുന്നിടത്തോളം ഇവിടെ പിടിച്ചു നിൽക്കുകയോ  അല്ലെങ്കിൽ നിർബന്ധിതമായ ഒരു തിരിച്ചുപോക്കിലേക്കു  എത്തിപ്പെടുകയോ ചെയ്ത പ്രവാസികളുടെ വേദനിക്കുന്ന മുഖങ്ങളാണ്  ഇന്ന് കാണുവാൻ കഴിയുന്നത്.  

കുട്ടികൾ സ്വാഭാവികമായും നാട്ടിൽ എത്തിപ്പെട്ടാൽ അവിടുത്തെ സ്‌കൂളും സമൂഹവുമായി വളരെ വേഗം പൊരുത്തപ്പെടാറുണ്ട്. ഇതിനേക്കാൾ ഒരു തുറന്ന ജീവിതം അവർക്കു ലഭിക്കുകയും ചെയ്യും. പക്ഷെ നഷ്ടമാവുന്നത് പ്രവാസമെന്ന മായിക പ്രപഞ്ചവും മാതാപിതാക്കളുടെ ഒത്തൊരുമിച്ചുള്ള  സാമിപ്യവുമാണ്. മുതിർന്ന ക്ലാസ്സുകളിലെത്തിപ്പെടുമ്പോൾ പിരിഞ്ഞുനിൽക്കുക അനിവാര്യമാണ്. പക്ഷെ, ചെറുപ്രായത്തിൽ കുട്ടികളുടെ ബൗദ്ധിക വളർച്ചയ്ക്കും സ്വഭാവ രൂപീകരണത്തിനും മാതാപിതാക്കളുടെ സാമിപ്യം മറ്റേതിനേക്കാളും വലുതാണ്. പ്രവാസത്തിന്‍റെ ആദ്യ കാലങ്ങളിൽ ഇതൊട്ടില്ലായിരുന്നു താനും. ക്രമേണ ഇതിനു മാറ്റം വന്നു. അതിനുദാഹരണമായിരുന്നു കഴിഞ്ഞ രണ്ടു ദശകങ്ങൾക്കുള്ളിൽ പൊന്തിമുളച്ച എണ്ണമറ്റ ഇന്ത്യൻ സ്‌കൂളുകൾ. ഓരോ അവധിക്കാലവും ഉത്സവങ്ങളാക്കി മാറ്റിയിരുന്ന കുട്ടികൾക്ക് അതെല്ലാം ഒരു നൊമ്പരമായി അവശേഷിക്കും. പക്ഷെ നാട്ടിൽ ചുരുങ്ങിയ കാലംകൊണ്ട്  അവർ നേരിടുന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്യുക തന്നെ ചെയ്യും. 

വീട്ടമ്മമാരാണ് കൂടുതൽ പ്രശ്നങ്ങൾ നേരിടാൻ പോകുന്നത്. ഇവിടുത്തെ സുഖ സൗകര്യങ്ങളിൽ അല്ലലില്ലാതെ ജീവിച്ചുവന്നിരുന്ന ഒരു വിഭാഗമാണ് അവർ. നാട്ടിലെ സ്ത്രീകളെ പോലെ അലച്ചിലോ ബുദ്ധിമുട്ടോ ഒന്നും തന്നെ ഇവർ അറിയുന്നില്ല. നല്ല ഭക്ഷണം, വസ്ത്രം, വിനോദം, വിശ്രമം, ഉറക്കം എന്നിവ യഥേഷ്ടം അനുഭവിച്ചുപോന്നിരുന്ന ഈ വിഭാഗം, നാട്ടിലെത്തിയാൽ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ വളരെയധികം പരിശ്രമിക്കേണ്ടിവരും പ്രത്യകിച്ചും സഹായിക്കുവാൻ ആരുമില്ലാതെയുള്ള സാഹചര്യങ്ങളിൽ. പ്രവാസികളായതിൽ പിന്നെ നാട്ടിലെ മാറിയ സാമൂഹിക ചുറ്റുപാടുകളോ, മനുഷ്യ മനസ്സുകളുടെ കുൽസിതവിചാരങ്ങളോ ഒന്നും തന്നെ ഈക്കൂട്ടർ അറിയണമെന്നില്ല. എന്തിന്, കറൻസികൾ കൈകാര്യം ചെയ്യുവാനോ, ഒറ്റയ്ക്ക് യാത്രകൾ ചെയ്യുവാനോ, തിരക്കുള്ള ഒരു റോഡ് മുറിച്ചു കടക്കുവാനോ പോലും ഇവർ ബുദ്ധിമുട്ടും. ഇവരെ ചൂഷണം ചെയ്യുവാനും ഇവരെ വച്ച് മുതലെടുക്കുവാനും കെണികളുമായി കാത്തിരിക്കുന്ന ചിലർക്കെങ്കിലുമിടയിൽ  അതിജീവനത്തിന്‍റെ പാതയിലെത്താൻ അതിസൂക്ഷ്മത തന്നെ വേണ്ടിവരും.തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേചന ബുദ്ധി, വരവുചിലവുകൾ മനസ്സിലാക്കി കുടുംബ ബഡ്ജറ്റ് കമ്മിയാക്കാതെ സന്തുലിതമായി നിലനിർത്തനാനുള്ള കഴിവ്  എന്നിവ സ്വായത്തമാക്കേണ്ടത് പ്രവാസി കുടുംബിനികൾ അവശ്യം ചെയ്യേണ്ട കാര്യങ്ങളാണ്. 

ഒന്നോർക്കുക. പ്രവാസം അതിന്‍റെ തിരിച്ചുപോക്കിന്‍റെ വഴിയിലാണ്. തങ്ങളുടെ പ്രതാപ ഐശ്വര്യങ്ങളുടെ നഷ്ടങ്ങൾ കൂടിയാണിത്. മലയാളികൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുമെങ്കിലും ചിലർക്കെങ്കിലും ഇതിൽ വഴി ഇടറുക സ്വാഭാവികം. സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ സൂക്ഷ്മതയും ഗൃഹപാഠവും മാനസിക ഒത്തൊരുമയുമുണ്ടെങ്കിൽ ഏതു ദുർഘടസാഹചര്യവും അൽപ കാലത്തിനു ശേഷം തരണം ചെയ്യുവാൻ നമുക്ക് കഴിയും. ഫീനിക്സ് പക്ഷിയെപ്പോലെ ഒരു ഉയിർത്തെഴുന്നേൽപ്പ് സാധ്യമാവുകതന്നെ ചെയ്യും.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം  ...