Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മോൾ ഇനി ആ രഹസ്യം അറിയണം'...

x-default

പ്രിയപ്പെട്ട മോൾക്ക്,

കാതങ്ങൾക്കകലെ ഇരുന്നു കൊണ്ട്, ഒരു ഫോൺ വിളിയിലൂടെ നിന്റെ കുഞ്ഞു ചെവിയിലേക്ക് പങ്കു വയ്ക്കാനുള്ളതല്ല അമ്മയുടെ സങ്കടം. മോൾക്ക് അമ്മയോട് വെറുപ്പും ദേഷ്യവുമാണെന്നു അമ്മയ്ക്കറിയാം. ഊതി വീർപ്പിച്ച സുന്ദരമായ ബലൂൺ പോലെ നിറമുള്ള കുറെ നുണക്കഥകളിലൂടെ ഞാൻ നിന്നെയും എന്നെയും സന്തോഷത്തിന്റെ പാരമ്യത്തിൽ ഉയർന്നു പറക്കുന്ന രണ്ട് പെൺ ജന്മങ്ങളാക്കി വച്ചു ഇത്ര നാളും. ഇനി നമുക്ക് സ്വയം വീർപ്പുമുട്ടലിന്റേതായ കാറ്റഴിച്ചു വിട്ടു പരസ്പരം താഴ്ന്നു വന്നു തങ്ങളിൽ തങ്ങളിൽ ആശ്രയമാവാൻ അമ്മ ആഗ്രഹിക്കുന്നു.

ഞാനെന്ന അമ്മയുടെ മകളായി പിറന്നത് തെറ്റായിരുന്നു എന്ന് എന്റെ മോൾക്ക് പലപ്പോഴും തോന്നിയിരുന്നില്ലേ? "എന്തിനെന്നെ പ്രസവിച്ചു" എന്ന ചോദ്യത്തിലൂടെ മോൾ അമ്മയെ ഒരുപാട് തവണ കരയിച്ചില്ലേ? മോളുടെ ബാല്യത്തിന്റെ സങ്കടം മുഴുവൻ ആ ചോദ്യത്തിലുണ്ടായിരുന്നു. അമ്മ കൂട്ടുകാരിയായ സ്വാതി ആന്റിയോട്‌ ഫോണിലൂടെ അന്നൊരു രാത്രിയിൽ പങ്കുവച്ച സ്വകാര്യദുഃഖം എന്റെ മോൾ ഉറങ്ങാതെ കിടന്നു കേട്ടതും നിന്റെ കുഞ്ഞു മനസ്സ് തേങ്ങി പിടഞ്ഞതും ഒരു ഞെട്ടലോടെ അമ്മ അറിഞ്ഞതാണ്. അതിനു ശേഷം എന്റെ മോൾ വല്ലാതെ മാറിപ്പോയതും അമ്മ അറിയുന്നുണ്ടായിരുന്നു.

പന്ത്രണ്ട് വയസ്സുള്ള നിന്നോട് പങ്കുവയ്‌ക്കേണ്ട രഹസ്യമല്ല അമ്മയുടെ മനസ്സിലുള്ളത്. നിനക്ക് ഇരുപതു വയസ്സാവുന്നതുവരെ അത് കാത്തു വയ്ക്കാനും അമ്മയ്ക്കാവില്ല. ഈ അമ്മയെ അമ്മയാക്കിയ എന്റെ മോൾ എനിക്കെന്നും പ്രിയപ്പെട്ടവളാണ്.അത് ഉൾക്കൊള്ളാനുള്ള പ്രാപ്തി എന്റെ മോളുടെ പന്ത്രണ്ട് വയസ്സിനു ആയിട്ടുണ്ടെങ്കിൽ അമ്മയ്ക്കറിയാം, അന്നൊരു രാത്രിയിൽ ഞാൻ സ്വതിയോടു പങ്കു വച്ച രഹസ്യം പാതി മയക്കത്തിൽ നിന്നിലേൽപ്പിച്ച ആഘാതത്തിൽ നിന്ന് നീ മുക്തയാവും.

സ്വാതി ആന്റിയോട്‌ അമ്മ പറഞ്ഞത് സത്യമാണ്. പപ്പാ എന്ന് എന്റെ മോൾ വിളിച്ചിരുന്നത് മോൾടെ പപ്പായെ അല്ല. നമ്മുടെ നാട്ടുകാരും ബന്ധുക്കളും ഒന്നുമറിയാതെ അമ്മയെ അപമാനിച്ചതു മുഴുവൻ മോൾക്കറിയാമല്ലോ. ഞാൻ എന്റെ മോളെ "പിഴച്ചു പെറ്റത് " അല്ല. ഗർഭപാത്രം വാടകയ്ക്ക്  നൽകി, ആ കരാറുകാർ സ്വീകരിക്കാത്തതിനാൽ കൂടെ കൊണ്ടുവന്നു വളർത്തിയതുമല്ല. സ്വയം അധഃപതിച്ച നമ്മുടെ നാട്ടുകാരുടെ മുന്നിലൂടെ മോളെയും അനിയനെയും അമ്മ എത്ര ധൈര്യവതിയായാണ് വളർത്തി കൊണ്ടു വന്നത്? അമ്മയുടെ ചിറകിൻ കീഴിൽ എന്റെ മോൾ എന്നും സുരക്ഷിതയായിരുന്നില്ലേ? ഇനിയെന്നും അങ്ങനെ തന്നെ ആയിരിക്കും. എന്റെ മോൾ അറിയുക; മോൾക്ക് വേണ്ടിയാണ് അമ്മ അമ്മയായത് .

ദാരിദ്ര്യം വല്ലാതെ പൊറുതി മുട്ടിച്ചപ്പോഴാണ് പഠിക്കാൻ മിടുക്കിയായിരുന്ന അമ്മയ്ക്ക് വേദനയോടെ സെയിന്റ് സേവ്യർസ് കോളേജിൽ പരീക്ഷാ ഫീസ് അടക്കാനാവാതെ ഒന്നാം വർഷത്തിൽ പ്രീഡിഗ്രി പഠനം ഉപേക്ഷിച്ചു പടിയിറങ്ങേണ്ടി വന്നത്. പതിനേഴാമത്തെ വയസ്സു മുതൽ മറ്റാരെയും ആശ്രയിക്കാതെ സ്വയംപര്യാപ്തയായി ജീവിക്കാൻ അമ്മ പിന്നീട് ഡയറക്റ്റ് മാർക്കറ്റിംഗ് സ്റ്റാഫ് ആയും വീട്ടുജോലിക്കാരി ആയും ചാനൽ പ്രൊഡക്ഷൻ അംഗമായും ഒക്കെ ജോലി ചെയ്തു. സീരിയൽ നടി എന്നു വിളിച്ചു നമ്മുടെ നാട്ടുകാർ അന്ന് അമ്മയെ അപമാനിച്ചു. അപ്പോഴും പഠിക്കാൻ അമ്മക്ക് കൊതിയായിരുന്നു. 

അങ്ങനെയിരിക്കെ ഗൾഫിൽ ജോലി തരപ്പെടുത്താമെന്ന, പരിചയക്കാരിയായ പെൺകുട്ടിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച അമ്മ ഒരു ജോലി അത്യാവശ്യമായിരുന്നതിനാൽ അവർ ആവശ്യപ്പെട്ട പ്രകാരം പാസ്സ്പോർട്ടുമായി ബാംഗ്ലൂരിലെത്തി. താമസിക്കാൻ ആ പെൺകുട്ടിക്കൊപ്പം മുറിയെടുത്തു തന്ന അവർ കഴിക്കാൻ തന്ന ഭക്ഷണത്തിലോ ജ്യൂസിലോ മയക്കുമരുന്ന് കലർത്തി അമ്മയെ ഉറക്കി കിടത്തി; ഉറക്കത്തിന്റെ ആഴങ്ങളിൽ അമ്മയുടെ അനുവാദമോ അറിവോ ഇല്ലാതെ, ചതിയുടെ മുഖം മൂടിയണിഞ്ഞു യൗവനത്തിന്റെ ആദ്യനാളുകളിൽ ആയിരുന്ന അമ്മയിൽ നിക്ഷേപിച്ചു പോയ ബീജമായിരുന്നു എന്റെ മോൾ. പിറ്റേന്ന് ഉറക്കമുണർന്നു സംഭവിച്ച ദുരന്തമറിഞ്ഞു അമ്മ കരയുമ്പോൾ നിസ്സംഗയായി നിന്ന ഷീബ എന്ന ആ പരിചയക്കാരി ഒരാഴ്ചക്ക് ശേഷം അവൾ ഗൾഫിൽ പോകുന്നതിന്റെ ആവേശത്തിലായിരുന്നു.

അമ്മയുടെ പാസ്സ്പോർട്ടുമായി പോയ ഷീബയുടെ ആൾക്കാർ അവർ അമ്മയോട് ചെയ്ത ചതിയെക്കുറിച്ചു ഒന്നും പറഞ്ഞില്ല. ബാംഗ്ലൂരിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഗൾഫിലേക്ക് പോകുന്നില്ല എന്ന് അമ്മ തീരുമാനിച്ചു. പാസ്പോർട്ട് തിരികെ ചോദിച്ചിട്ടു അവർ തന്നില്ല. നമ്മുടെ നാട്ടിലെ പോലീസ് സ്‌റ്റേഷനിൽ പരാതിപ്പെട്ടാലും പെൺകുട്ടികളെ അപമാനിച്ചു വിടുക മാത്രമാണ് ചെയ്യുക എന്നറിയാവുന്നതു കൊണ്ട് അമ്മ പരാതിപ്പെട്ടില്ല. ഷീബ അതിനകം ഗൾഫിൽ പോയിക്കഴിഞ്ഞിരുന്നു. 

മോൾ അമ്മയുടെ വയറ്റിൽ ജനിച്ചു മൂന്നു മാസത്തോളം കഴിഞ്ഞാണ് ആ സത്യം അമ്മ മനസ്സിലാക്കുന്നത്. അത് ഫോണിലൂടെ അറിയിച്ചപ്പോൾ ചതിച്ചവൻ വന്നിരുന്നു, അബോർഷൻ ചെയ്തോളൂ എന്ന ഉപദേശവുമായി..അപ്പോഴും അയാൾ അമ്മയുടെ പാസ്പോർട്ട് തിരികെ തന്നിരുന്നില്ല. പിന്നീട് ഇന്നു വരെ അയാളെ ഫോണിൽ കിട്ടുകയോ കാണുകയോ ചെയ്തിട്ടില്ല ഞാൻ.

ഒരു അബോർഷൻ നടത്താനുള്ള ഭീമമായ തുക പോയിട്ട് നല്ല ഭക്ഷണം കഴിക്കാനുള്ള പണം പോലും അമ്മയുടെ കൈയിൽ ഉണ്ടായിരുന്നില്ല. സുന്ദരിയായി ജനിക്കേണ്ട എന്റെ മോൾക്ക് വരണ്ട ചർമ്മവും വിളർച്ചയുമൊക്കെ ഉണ്ടായത് അത് കൊണ്ടാണ്. ഒരു കൂട്ടുകാരിയുടെ ഔദാര്യത്തിൽ അഞ്ചാം മാസത്തിൽ അബോർഷൻ നടത്താൻ ചെന്ന അമ്മയെ ദൈവത്തിന്റെ പ്രതിരൂപമായ ഡോക്ടർ സ്നേഹപൂർവ്വം ആശ്വസിപ്പിച്ചു. എന്റെ മോൾ ഒരു മാലാഖ കുഞ്ഞായി ഭൂമിയിൽ പിറക്കാൻ അമ്മയെ പ്രാപ്തയാക്കിയ ദൈവം ആ ഡോക്ടർ മാത്രമായിരുന്നു. മോൾക്ക് കൈയും കാലും കണ്ണും ഒക്കെ രൂപപ്പെട്ടിട്ടുണ്ടെന്നും അബോർഷൻ ചെയ്‌താൽ "അമ്മേ" എന്നു കരഞ്ഞു കൊണ്ടാവും എന്റെ മോൾ മരിച്ചു വീഴുന്നതെന്നും ഡോക്ടർ പറഞ്ഞപ്പോൾ എന്റെ മോളെ കൊല്ലാൻ അമ്മയ്ക്കായില്ല.

പ്രസവശേഷം മോളെ ഏറ്റെടുക്കുന്ന ചാരിറ്റി സെന്റർന്റെ വിവരമൊക്കെ ഡോക്ടർ തന്നെങ്കിലും ഈ ലോകത്തു ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, എത്ര അപമാനം സഹിക്കേണ്ടി വന്നാലും എന്റെ കുഞ്ഞിനെ ഞാൻ പ്രസവിച്ചു വളർത്തുമെന്നു തന്നെ അമ്മ തീരുമാനിക്കുകയായിരുന്നു.

ദരിദ്രരെങ്കിലും കുടുംബത്തിനേറ്റ അപമാനം അമ്മയെ വീട്ടിൽ നിന്നു പുറത്താക്കാൻ നിന്റെ മുത്തച്ഛനേയും അമ്മുമ്മയെയും പ്രേരിപ്പിക്കുകയായിരുന്നു. അമ്മ ഒരു കാര്യവും അവരോടു പറഞ്ഞിരുന്നില്ല. എല്ലാ അമ്മമാർക്കും ഗർഭകാലം പരിചരണത്തിന്റെയും സ്നേഹലാളനകളുടെയും കാലമാണ്. പക്ഷെ കൂട്ടുകാരിയുടെ ഔദാര്യമായിരുന്ന, വാടകവീടിന്റെ പേടിപ്പെടുത്തുന്ന ഉള്ളറകളിൽ പൂർണ്ണ ഗർഭിണിയായി ഒറ്റയ്ക്ക് കഴിയേണ്ടി വന്നു മോളുടെ അമ്മക്ക്. ദാരിദ്ര്യം കാരണം ഉപേക്ഷിക്കേണ്ടി വന്ന പഠനം തുടരാൻ തനിയെ പുസ്തകങ്ങൾ വായിച്ചു പഠിക്കുകയായിരുന്നു അമ്മ ആ പൂർണ ഗർഭകാലത്ത്. പരീക്ഷ എഴുതാൻ അമ്മ പോയതും മോളെ വയറ്റിൽ ചുമന്നു കൊണ്ടായിരുന്നു.

അമ്മയെ കരയിക്കാതെ തന്നെ എന്റെ പൊന്നുമോൾ പിറന്നു. മോളെ ഉപേക്ഷിക്കാൻ എല്ലാരും അമ്മയെ ഉപദേശിച്ചു. നല്ലൊരു കുടുംബ ജീവിതം അകലെയല്ലെന്നും, അമേരിക്കയിലോ ലണ്ടനിലോ ഉള്ള ആൾക്കാർ മോളെ ദത്തു കൊണ്ടുപോയി പൊന്നു പോലെ വളർത്തുമെന്നും ഒക്കെ എല്ലാരും പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷെ, നീ എന്ന പെൺകുഞ്ഞു എന്റെ അമ്മക്കൈകളിൽ മാത്രമേ സുരക്ഷിതയാവൂ എന്ന് അടിയുറച്ചു വിശ്വസിച്ച ഞാൻ നിന്നെ ആർക്കും വിട്ടു കൊടുത്തില്ല. അപവാദങ്ങളുടെയും അപമാനത്തിന്റെയും മുള്ളുകളിലും തീയിലും ചവിട്ടി നിന്നെ എന്റെ കൈകളിൽ കൊണ്ടു നടന്നു. കുളിപ്പിക്കാനോ ഭക്ഷണം കഴിപ്പിക്കാനോ അറിയാതിരുന്നതിനാൽ വലിയമ്മ ആവശ്യപ്പെട്ടപ്പോൾ മോളെ അവർക്കൊപ്പം അയക്കുകയായിരുന്നു. 

സമൂഹത്തിലെ കരടുകളാണ് പരദൂഷണക്കാർ. അവർക്കു വിവരമോ വിദ്യാഭാസമോ സഭ്യതയോ ഉണ്ടാവില്ല. ലോകം തീരെ കണ്ടിട്ടുണ്ടാവില്ല. പൊട്ടക്കിണറ്റിലെ തവളകളെ പോലെ തമ്മിൽ തമ്മിൽ കലഹിച്ചും സ്വന്തം തെറ്റുകൾ മറയ്ക്കാൻ അന്യരെ അപമാനിച്ചും സ്വയം വിഴുപ്പു ഭാണ്ഡവും ചുമന്നു ഗർവ് കാട്ടി നടക്കുന്ന ആ കീടങ്ങളെ അവഗണിക്കുക. നമ്മുടെ നാട്ടിലെ അത്തരം കീടങ്ങളെ പുറംകാൽ കൊണ്ട് ചവിട്ടി മെതിച്ചു കളഞ്ഞിട്ടു അമ്മ നിന്നെ പന്ത്രണ്ട് വയസ്സു വരെ വളർത്തിയത് നീ ദുർബല ആവാനോ ദുശ്ശാഠ്യക്കാരി ആവാനോ അല്ല. ഏറ്റവും മിടുക്കിയും ധൈര്യവതിയും ശ്രേഷ്ഠയും ആവാനാണ്. 

എന്റെ പൊന്നുമോൾ പെഴച്ചുണ്ടായതല്ല. ഏറ്റവും ധീരയായ സ്ത്രീ രത്‌നമാവാൻ വേണ്ടി അമ്മ തന്റെ പെൺ ജീവിതം ത്യാഗമായി അർപ്പിച്ചു പ്രസവിച്ചു വളർത്തിയതാണ് നിന്നെ. സ്വാതി ആന്റിയോട്‌ അമ്മ പറയുന്നത് കേട്ട് പാതി മയക്കത്തിൽ നീ തേങ്ങിയതും ഇന്നോളം ഞാൻ മറ്റു ആരോടും പറയാതെ സൂക്ഷിച്ചതും ഈ രഹസ്യമായിരുന്നു. നിന്റെ പിതൃത്വം അവകാശപ്പെട്ടു നാളെയൊരിക്കൽ അയാൾ വരുമായിരിക്കാം, ഇല്ലായിരിക്കാം. പക്ഷെ എന്റെ മോൾ എന്റെ മാത്രം പൊന്നുമോൾ ആണ്. അമ്മ അമ്മയായതും ഈ ലോകത്തു ഒരു ദുഷ്ട ശക്തികളെയും പേടിക്കാത്ത "സ്ത്രീ" ആയതും എന്റെ മോൾക്ക് വേണ്ടി മാത്രമാണ്. ആ അമ്മയുടെ മകൾ സുന്ദരിയും ധീരയും മിടുക്കിയും ഒപ്പം സ്നേഹനിധിയും ആവണം. അനിയനെ കരുതലോടെ സംരക്ഷിക്കുകയും ചേച്ചിമാരേയും ചേട്ടനെയും ബഹുമാനിക്കുകയും ചെയ്യുന്ന നല്ല പെങ്ങൾ ആവുകയും സഹപാഠികൾക്ക് നല്ല കൂട്ടുകാരി ആവുകയും അധ്യാപകർക്ക് നല്ല വിദ്യാർത്ഥിനി ആവുകയും വേണം. ഈ ലോകത്തിനു മുന്നിൽ സ്വന്തം കൈയൊപ്പ് പതിപ്പിക്കാൻ ചെറിയ പ്രായത്തിൽ തന്നെ പ്രതിജ്ഞാബദ്ധയാവുമെന്നു  മനസ്സിൽ ഉറച്ച തീരുമാനമെടുക്കുന്ന കരുത്തുറ്റ പെൺകുട്ടിയാവുക !! എന്റെ മോൾ അമ്മയുടെ ത്യാഗത്തിനു തരുന്ന വിലയേറിയ സമ്മാനം അത് മാത്രമായിരിക്കും.

ഈ വിദൂരതയിലിരുന്നു അമ്മ ഇത് കുറിക്കുമ്പോൾ, മനസ്സിൽ നീ എന്റെ മടിയിൽ ചാഞ്ഞു കിടക്കുന്നുണ്ട്. ഇപ്പോൾ ശാന്തമായി ഉറങ്ങൂ മോളെ. നാളെ നിന്റെ ലോകമാണ് പുലരുന്നത്. അവിടെ നിന്റെ കരുത്തുറ്റ പെൺകരങ്ങളാൽ അപമാനിക്കുന്നവരെ തള്ളി മാറ്റുകയും അപമാനിക്കപ്പെട്ടവരെ താങ്ങി ഉയർത്തുകയും ചെയ്യാൻ ധീരയായി നീ മുന്നിലുണ്ടാവണമെന്നു അമ്മ ആഗ്രഹിക്കുന്നു. 

സ്നേഹചുംബനങ്ങളോടെ

അമ്മ.