Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താമരപ്പാടത്തെ ശ്രീപാർവതി

x-default

സുധാമണീ, അൽപ്പം വെള്ളം കൊണ്ടുവരൂ”. വേലുക്കുട്ടിയാശാൻ വാർധക്യത്തിന്റെ ഇടർച്ചയുള്ള ശബ്ദത്തിൽ പറഞ്ഞു. തണുത്ത വെള്ളം നിറച്ച കൂജയുമായി തൊട്ടടുത്ത നിമിഷം സുധാമണി പ്രത്യക്ഷപ്പെട്ടു. വേലുക്കുട്ടിയാശാന്റെ ആരോഗ്യത്തെയും ഉൗർജത്തെയും ജന്മംകൊണ്ട് പകുത്തെടുത്തവൾ. വേലുക്കുട്ടിയാശാനെ പ്രണയത്തിന്റെയും കാമത്തിന്റെയും സർപ്പങ്ങളാൽ   വരിഞ്ഞുചുറ്റിയവൾ. കൂജയിൽ നിന്നും ചില്ലുഗ്ലാസ്സിലേക്ക് ജലം പകർന്ന് അവർ വേലുക്കുട്ടിയാശാന്റെ അരികിൽ  വെച്ചു. 

അരങ്ങിൽ ശിവനും പാർവതിയുമായി ആടിത്തിമിർത്തവർ….       അരങ്ങിലെ അടങ്ങാത്ത പ്രണയാസക്തികൾ ജീവിതത്തെയും പിന്തുടർന്നപ്പോൾ വേർപിരിയാനാവാത്തവിധം ഒന്നായിത്തീർന്നവർ. സർപ്പധാരിയും ജടാരൂപിയുമായ   പരമേശ്വരനായി വേലുക്കുട്ടിയാശാൻ അരങ്ങ് കൊഴുപ്പിച്ചപ്പോൾ പാർവതിയായി മാറുവാൻ സുധാമണി കൊതിച്ചു. അങ്ങിനെ അരങ്ങുകളിൽ നിന്നും അരങ്ങുകളിലേക്ക് അവർ പാർവതിയായി ജന്മം പൂണ്ടു. 

അങ്ങ് ദൂരെ താമരപ്പാടം എന്ന ഗ്രാമത്തിൽ ഒരമ്മയും രണ്ട്    ആൺമക്കളും വ്യഥിതരായി തീർന്നു. ഭർത്താവിന്റെ കൊടുംവഞ്ചനയിലും ആ ഭാര്യ അയാളെ ശപിച്ചില്ല. തന്റെ ആൺമക്കളിൽ അവർ  അഭയംപ്രാപിച്ചു. മക്കളുടെ വെറുപ്പും ദേഷ്യവും അയാളെ ജന്മശാപം പോൽ    പിന്തുടർന്നു. സുധാമണിയുടെ പ്രണയാർദ്രമായ നയനങ്ങളിൽ അഭയംപ്രാപിക്കുവാൻ അയാൾ ആഗ്രഹിച്ചു. അത് ഒരു ഒളിച്ചോട്ടം മാത്രമാണെന്ന മുഴുവൻ തിരിച്ചറിവോടെയും.

താമരപ്പാടത്തെ മുൻഭാര്യ ലളിത പൂജയും പ്രാർത്ഥനകളുമായി ജീവിതം കഴിച്ചുകൂട്ടി. ഭർത്താവ് തന്നെ ഉപേക്ഷിച്ച് കാമുകിയ്ക്ക് ഒപ്പം പോയപ്പോഴും സ്നേഹത്തിന്റെ കരുതലുമായി കൂടെ നിന്ന ആൺമക്കൾ പിന്നീട് സ്വന്തം മേച്ചിൽപ്പുറങ്ങൾ തേടി അന്യനാടുകളിലേക്ക് ചേക്കേറി. കൂടെ ചെല്ലുവാനുള്ള മക്കളുടെ ക്ഷണം അവർ സ്നേഹപൂർവം        നിരസിച്ചു. താമരപ്പാടത്തെ വലിയ ഭവനത്തിൽ ഒരു അനാഥയെ പോലെ ഒറ്റയ്ക്ക് അവർ ജീവിച്ചു. 

വാർധക്യസഹജമായ രോഗങ്ങളാൽ ക്ഷീണിതനായ വേലുക്കുട്ടിയാശാന്റെ മനസ്സ് എല്ലായ്പ്പോഴും ഭൂതകാലത്തേയ്ക്ക് ഭ്രമണം ചെയ്തുകൊണ്ടിരുന്നു. ഒരിക്കൽ കൂടി പരമേശ്വരനായി മാറി നൃത്തം ചെയ്യുവാൻ അയാൾ കൊതിച്ചു. താൻ ഉപേക്ഷിച്ച ഭാര്യയെയും മക്കളെയും കുറിച്ചുള്ള ചിന്ത അയാളെ മുമ്പെങ്ങുമില്ലാത്തവിധം അലട്ടി. താമരപ്പാടത്തെ വലിയ വീടിനും സമ്പത്തിനുമിടയിൽ അനാഥയെ പോലെ ജന്മം കഴിച്ചുകൂട്ടുന്ന         ലളിതയുടെ മുഖം എല്ലായ്പ്പോഴും അയാളുടെ മനസ്സിൽ പ്രത്യക്ഷപ്പെട്ടു. താമരപ്പാടത്തെ ഭഗവതിയ്ക്ക്  മുൻപിൽ ആരെക്കുറിച്ചും പരാതിയോ   പരിഭവമോ ഇല്ലാതെ നിൽക്കുന്ന ആ സാധുവിനെപ്പറ്റിയുള്ള ഒാർമ്മകൾ അയാളെ നീറ്റിച്ചു. 

“നീ ഇപ്പോൾ ഒാർക്കുന്നുണ്ടോ സുധാമണീ, ശശാങ്കനെ?” ഒരു സന്ധ്യാനേരത്ത് വേലുക്കുട്ടിയാശാൻ സുധാമണിയോട് തിരക്കി. സുധാമണിയുടെ ചിന്തകൾ വർഷങ്ങൾക്ക് പിറകിലേക്ക് പാഞ്ഞു. എങ്ങിനെ     മറക്കുവാൻ കഴിയും ശശാങ്കനെ.‘ഹരിഹരസുതൻ’ ബാലെയിൽ മോഹിനിയുടെ വേഷം ധരിച്ചെത്തിയവൻ. സ്തൈ്രണഭാവങ്ങളെ അനായാസം ആവിഷ്കരിച്ചവൻ. മോഹിനീരൂപംപൂണ്ട് അവൻ വേലുക്കുട്ടിയാശാനൊപ്പം അരങ്ങ് തകർക്കുമ്പോൾ സുധാമണിയുടെ ഉള്ളിൽ അസൂയ ഉണർന്നിരുന്നു. തന്റെ ‘പാർവതീജന്മ’ത്തോളം വരില്ല ഇൗ മോഹിനിയെന്ന് അല്പം അഹങ്കാരത്തോടെ സ്വയം ആശ്വസിച്ചു. 

പുരുഷന്റെ ഉടലിനുള്ളിൽ സ്തൈ്രണതയുടെ വിങ്ങലുമായി ജീവിച്ച ശശാങ്കൻ. ശിവജന്മം പൂണ്ട വേലുക്കുട്ടിയാശാന്റെ രൂപവും ചലനവും   അവനിൽ കാമനകളുടെ ഫണങ്ങൾ വിടർത്തി. അരങ്ങിലെ മോഹിനീ വേഷം അഴിച്ചുവെച്ചതിനുശേഷവും അവൻ മോഹിനിയുടെ ലാസ്യഭാവങ്ങളോടെ വേലുക്കുട്ടിയാശാനെ സമീപിച്ചു. വേലുക്കുട്ടിയാശാന്റെ അവഗണന അവനെ മുറിപ്പെടുത്തി. വേലുക്കുട്ടിയാശാന്റെ അവനോടുള്ള അവഗണനയിലും അവന്റെ മുറിപ്പെടലിലും സുധാമണി ക്രൂരമായ ആനന്ദം കണ്ടെത്തി.  പിന്നീട് എല്ലായിടത്തു നിന്നും ക്രൂരമായ അവഗണന മാത്രം നേരിടേണ്ടി വന്നപ്പോൾ അരങ്ങിലെ മോഹിനീവേഷം അഴിച്ചുവയ്ക്കാതെ തന്നെ ഒരു കുപ്പി വിഷത്തിൽ ജീവിതം അവസാനിപ്പിച്ച പാവം ശശാങ്കൻ.

“ശശാങ്കനെ കുറിച്ച് എന്താണ് ഇപ്പോൾ ഒാർക്കുവാൻ കാരണം?” സുധാമണി തിരക്കി. പഴയ ഒാർമ്മകളെല്ലാം എന്നെ വന്നു മൂടുന്നു    സുധാമണീ. ഇത് മരണത്തിന്റെ ലക്ഷണമാണ്. എനിക്ക് മരിയ്ക്കുവാൻ സമയമായെന്ന് തോന്നുന്നു. “ഇല്ല. നിങ്ങൾക്ക് മരിയ്ക്കുവാൻ സമയമായിട്ടില്ല. എല്ലാം നിങ്ങളുടെ വെറും തോന്നലാണ്”. സുധാമണി അയാളുടെ ചുമലിൽ സ്പർശിച്ചു. വാർധക്യത്തിലും അയാളിൽ അവശേഷിച്ചിരുന്ന ആകാരഭംഗി സുധാമണിയിൽ കാമത്തിന്റെ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. അരങ്ങിൽ നടരാജനായി വാണിരുന്ന യൗവ്വനയുക്തനായ ഭർത്താവിനെ അവർ സ്മരിച്ചു. അന്ന് ആ ശിവരൂപിയുടെ കഴുത്തിൽ ഇളകിയാടുന്ന സർപ്പങ്ങൾ തന്നിൽ ഉണർത്തിയ പ്രണയത്തിന്റെയും കാമത്തിന്റെയും സീൽക്കാരങ്ങളെ പറ്റി അവർ ഒാർത്തു. ഉറങ്ങുവാൻ ഭാവിച്ച് കിടക്കുകയായിരുന്ന ഭർത്താവിന്റെ മാറിലേക്ക് തല ചായ്ച്ചുകൊണ്ട് അനുതാപത്തോടെ അവർ പറഞ്ഞു. “അങ്ങേയ്ക്ക് ഒന്നും സംഭവിക്കില്ല. ഞാൻ അങ്ങയുടെ കൂടെ ഉണ്ടല്ലോ. അങ്ങേയ്ക്ക് സ്വന്തം പ്രണയവും ജന്മവും പകുത്ത് നൽകിയ പാർവതിയല്ലേ ഞാൻ…”

“ഇല്ല സുധാമണീ. നീ പാർവതിയായിരുന്നില്ല. നിനക്ക് പാർവതിയാകുവാൻ കഴിയില്ല”. ഭർത്താവിന്റെ ക്ഷീണിതമെങ്കിലും ഉറച്ച വാക്കുകൾ കേട്ട് സുധാമണി ഞെട്ടി. തന്റെ ഉള്ളിലെ പ്രണയത്തിന്റെയും കാമനകളുടെയും സർപ്പങ്ങൾ തന്നെ തിരിഞ്ഞു കൊത്തുന്നതായി അവർക്ക് തോന്നി. 

“നീ ഗംഗയായിരുന്നു സുധാമണീ. എങ്ങ് നിന്നോ വന്ന് എവിടേയ്ക്ക് എന്ന് നിശ്ചയമില്ലാതെ ഒടുവിൽ എന്നിൽ അഭയം പ്രാപിച്ചവൾ. ശ്രീപാർവതി ഇപ്പോഴും താമരപ്പാടത്തുണ്ട്. എന്റെ ലളിത. എന്റെ രണ്ട് ആൺമക്കളെ നൊന്ത് പ്രസവിച്ചവൾ. മോഹിനീവേഷം പൂണ്ട ശശാങ്കന്റെ ഒപ്പം ആടിത്തിമർക്കുവാൻ അരങ്ങിലേക്ക് സ്നേഹത്തോടെ എന്നെ യാത്രയാക്കിയിരുന്നവൾ. അനാഥയായ നിന്നെ സഹോദരിയെ പോലെ സ്നേഹിച്ചവൾ. നമ്മുടെ ചതിയെ തിരിച്ചറിഞ്ഞപ്പോഴും നമ്മെ ശപിക്കാതിരുന്നവൾ. അവളല്ലേ യഥാർത്ഥ ശ്രീപാർവതി”.

സുധാമണിയ്ക്ക് തന്റെ വാക്കുകൾ നഷ്ടപ്പെട്ടതായി തോന്നി. ഒരു വിങ്ങലോടെ അവർ തുടർന്നും അയാളുടെ വാക്കുകൾ ശ്രവിച്ചു. “ താമരപ്പാടത്തെ ഒറ്റപ്പെട്ട കുന്നിൻ ചെരുവിൽ വീടുള്ളവൾ. കുന്നിന്റെ മകൾ. കുന്നിറങ്ങി വന്ന് താമരപ്പാടത്തെ ശ്രീപാർവതീ ക്ഷേത്രത്തിൽ പൂജയും അർച്ചനയും കഴിപ്പിച്ച് ഭർത്താവിന്റെ ആയുസ്സിനായി പ്രാർത്ഥിച്ചിരുന്നവൾ. ചെറുപ്പത്തിൽ നല്ല ഭർത്താവിനും ദാമ്പത്യത്തിനുമായി ശ്രീപാർവതിയ്ക്കു മുന്നിൽ വ്രതം നോറ്റവൾ. ശിവന്റെ ജന്മങ്ങൾ നിയോഗമായി ഏറ്റെടുത്തവന് സ്വന്തം ജീവിതം പകുത്ത് നൽകിയവൾ. ഒടുവിൽ പാർവതീവേഷം പൂണ്ട നീ എന്നെ കവർന്നെടുത്തിട്ടും താമരപ്പാടത്തെ ഭഗവതിയെ…. ശ്രീപാർവതിയെ വെറുക്കാതിരുന്നവൾ. ഇന്നും താമരപ്പാടത്തെ ഭഗവതിയെ പൂജിക്കുന്നവൾ. താമരപ്പാടത്തെ ശ്രീപാർവതിയ്ക്ക് സ്വന്തം ജന്മം പകുത്ത് കൊടുത്തവൾ”. തന്റെ ഭർത്താവിന്റെ വാക്കുകളുടെ തീക്ഷ്ണതയിൽ മൗനിയായി നിൽക്കുവാനേ സുധാമണിയ്ക്ക് കഴിഞ്ഞുള്ളൂ.  

“കുറച്ച്  വെള്ളം തരൂ സുധാമണീ”. അയാൾ പറഞ്ഞു. അവർ കൂജയിൽ നിന്നും വെള്ളം അയാൾക്ക് പകർന്ന് കൊടുത്തു. അയാളുടെ കണ്ണുകൾ പൊടുന്നനെ നിശ്ചലമായി. അയാളുടെ ശരീരത്തിന്റെ ചലനം നിലച്ചു. ഒരു നിമിഷം പതറിപ്പോയ സുധാമണിയുടെ കയ്യിൽ നിന്നും കൂജ നിലത്ത് വീണുടഞ്ഞു. മരണത്തിന്റെ മരവിപ്പ് അവരെ തൊട്ടു. നിമിഷങ്ങൾക്കുള്ളിൽ നിലത്ത് ഒഴുകി പരന്ന തണുത്ത ജലം അവരുടെ പാദത്തെ നനച്ചു. അത് അവരെ മരണത്തിന്റെ മരവിപ്പിൽ നിന്നും ഉണർത്തി. തന്റെ ഉള്ളിലെ കാമത്തിന്റെ ഫണങ്ങൾ അപ്രത്യക്ഷമാവുന്നത് സുധാമണി അറിഞ്ഞു. ഭർത്താവിന് അവസാനമായി ജലം പകർന്ന് കൊടുത്തപ്പോൾ ഉള്ളിൽ അനുഭവപ്പെട്ട കാരുണ്യം മാത്രം അവരിൽ  അവശേഷിച്ചു. കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, വിശുദ്ധിയുടെ    ഗംഗാജലപ്രവാഹമായി അവർ മാറി. താമരപ്പാടത്തെ അനാഥയായ ശ്രീപാർവതിയുടെ പാദങ്ങളെയും കാരുണ്യത്തോടെ സ്പർശിച്ചുകൊണ്ട് ആ തീർത്ഥഗംഗാപ്രവാഹം അവിടമാകെ ഒഴുകിപ്പരന്നു.