Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദത്തിൽ സൂക്ഷിക്കാൻ ഈ ഓർമകൾ...

school-opening

“ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം...” ഒഎൻവി യുടെ ഈ വരികൾ ഒരു നനുത്ത സ്പർശമായി മനസിൽ പതിക്കാത്ത മലയാളികൾ വിരളമായിരിക്കും. ഈ വരികളോടുള്ള എന്റെ ഇഷ്ടം ആരാധനയായി പരിവർത്തനപ്പെടുന്നതിന് അധികസമയം വേണ്ടി വന്നില്ല. കണ്ണിമ വെട്ടുന്ന സമയം കൊണ്ട് അവസാനിച്ചു പോയ, മടങ്ങി വരണമേ.. എന്ന് ഇന്നും ഞാൻ ദിവസവും പ്രാർത്ഥിക്കുന്ന എന്റെ വിദ്യാലയ ജീവിതാനുഭവങ്ങളിൽ നിന്ന് ചിന്തേരിട്ടു ഞാൻ സൂക്ഷിക്കുന്ന നല്ലതും ചീത്തയുമായ ഇത്തിരി ഒത്തിരി ഓർമകളിൽ നിന്നും ഉടലെടുത്ത ആരാധന.

school-opening

എന്റെ ‘വിദ്യാലയം’ ഇന്നതെനിക്കൊരു വികാരമാണ്. മനസിൽ അക്ഷരങ്ങൾ കൊണ്ട് മഴവില്ലു തീർത്ത ആ ലോകം, അറിവിന്റെ വെളിച്ചം എനിക്കു നൽകിയ ആ ലോകം, ഇന്നും സ്നേഹത്തോടെയല്ലാതെ എനിക്കോർക്കാൻ കഴിയാത്ത ആ ലോകം, ഒരു നിത്യഹരിത വനമായി എന്റെ മനസിൽ പച്ചപിടിച്ചു നിൽക്കുന്നു. ഒരു പിഞ്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ, ലാളിത്യഭാവത്തോടെ ആ മനോഹരമായ ലോകത്തിന്റെ ഒാർമകൾ മനസ്സിൽ ഓടിക്കളിക്കുന്നു. അറിവിന്റെ, എപ്പോഴും തുളുമ്പുന്ന നിറകുടം പേറി കുഞ്ഞുപൂമ്പാറ്റകൾക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന മാലാഖമാരുടെ ലോകം. ഞാൻ ഒത്തിരി ഇഷ്ടപെട്ട ആ അറിവിന്റെ ലോകത്തിനു മിഴിവാർന്ന വർണപകിട്ടുണ്ടായിരുന്നില്ല, പക്ഷേ നന്മയുടെ, സത്യസന്ധതയുടെ, സ്നേഹത്തിന്റെ നിറമുണ്ടായിരുന്നു.

കൂട്ടകാരില്ലാത്ത വിദ്യാലയ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ കൂടി വയ്യ. ഒരേ ബെഞ്ചിലിരുന്ന് ഞങ്ങൾ ഒത്തിരി സംസാരിച്ചു. കഥകൾ പറഞ്ഞു. ഞങ്ങളുടെ വീടും, വീട്ടുകാരും ആ കഥകളിലെ കഥാപാത്രങ്ങളായി. വായനാമുറിയുടെ ഭിത്തികൾക്കും അവിടെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങൾക്കും കണ്ണും കാതും വായും ഒക്കെയുണ്ടായിരുന്നു. അവയും പറഞ്ഞു എണ്ണിയാലൊടുങ്ങാത്ത ഒരുപാടൊരുപാട് കഥകൾ. കുസൃതിത്തരങ്ങൾ പലതു ചെയ്യുമ്പോഴും, വിദ്യാലയ ജീവിതം ആസ്വദിക്കുമ്പോഴും, ഒരുപാടൊരുപാട് പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി മാറുമ്പോഴുമെല്ലാം ഞങ്ങളുടെ കൈകളിൽ അനുസരണയോടെ നെ‍ഞ്ചോടു ചേർന്നിരുന്ന പാഠപുസ്തകങ്ങൾക്ക് അർഹിക്കുന്ന ബഹുമാനം നൽകാനും ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഒരു ദിവസത്തെ പ്രവർത്തനം കഴിഞ്ഞ് സ്കൂൾ അവസാനിക്കുമ്പോൾ പറയാൻ ബാക്കിവെച്ച ഒത്തിരി കാര്യങ്ങളാൽ വെമ്പുന്ന ചുണ്ടുകളിൽ നിഷ്കളങ്കമായ ചിരി പടർത്തി കൈകൾ വീശി ബൈ പറഞ്ഞ് ദൂരേക്ക് നടന്നു നീങ്ങുന്ന ആ കൂട്ടുകാരെക്കുറിച്ച് പറയാൻ വാക്കുകളില്ല. പിന്നെ വിദ്യാലയങ്ങളിൽ ഫോൺ നിരോധിച്ചിരുന്നത് വലിയൊരനുഗ്രഹമായിരുന്നു. ഇത് കുട്ടികൾക്ക് പരസ്പരം അറിയുന്നതിനും സംസാരിക്കുന്നതിനും വഴിയൊരുക്കി. ഞങ്ങള്‍ കൂട്ടുകാർക്ക് പരസ്പരം സ്നേഹിക്കുവാൻ ഒന്നിച്ചുള്ള ഒത്തുകൂടലുകളോ, വിലപിടിപ്പുള്ള സമ്മാനങ്ങളുടെയോ മദ്ധ്യസ്ഥത ആവശ്യമായിരുന്നില്ല, അതിന് വിദ്യാലയമുറ്റത്തെ ഒരു മരത്തണൽ ധാരാളമായിരുന്നു.

മരച്ചില്ലകളിലിരുന്ന് ഞങ്ങളുടെ തലയിൽ കാഷ്ഠിച്ച് അലോസരം സൃഷ്ടിച്ചിരുന്ന കാക്കകളും പിന്നീടെപ്പോഴൊ എന്റെ മനസിന്റെ ചില്ലകളിൽ കൂടുകൂട്ടിയിരുന്നു. എന്തെന്നാൽ കാക്കകളുടെ ഈ വിരോധാഭാസം കൂട്ടുകാർക്കിടയിലെ സൗന്ദര്യപിണക്കങ്ങൾ ഒരു പരിധി വരെ പരിഹരിച്ചിരുന്നു. “കാക്കക്കാഷ്ഠം കഴുകിക്കളയാൻ സഹായം ചോദിച്ചു നീ എന്റെയടുത്തേക്ക് തന്നെ വരുമെടീ...” എന്ന വാചകം ഏതു വലിയ വഴക്കിലും ചിരി പടർത്തുമായിരുന്നു. സ്നേഹിക്കാൻ വേണ്ടി ഞങ്ങൾ സന്ദർഭങ്ങൾ സൃഷ്ടിക്കാറില്ലായിരുന്നു, പകരം ഞങ്ങളുടെ ഇടയിലെ സ്നേഹം, സഹവർത്തിത്വം ഇവയെല്ലാം പിന്നീട് ഒാർക്കാനുള്ള മധുരമുള്ള സന്ദർഭങ്ങളായിത്തീരുകയായിരുന്നു.

വെറുതെ ചിരിക്കുന്ന ആൾക്കാരെ ഭ്രാന്തന്മാർ എന്നാണ് വിശേഷിപ്പിക്കേണ്ടതെങ്കിൽ എന്റെ അധ്യാപകരെ എനിക്കങ്ങനെ വിളിക്കേണ്ടി വരും. കാരണം തന്റെ വിദ്യാര്‍ത്ഥികളെ നോക്കി അവർ വെറുതെ ചിരിക്കാറുണ്ടായിരുന്നു. കുശലാന്വേഷണം നടത്താറുണ്ടായിരുന്നു. പ്രത്യക്ഷത്തിൽ വാചാലരാകാറില്ലെങ്കിലും കണ്ണുകൾ കൊണ്ട് സംസാരിക്കുകയും മനസ് കൊണ്ട് അനുഗ്രഹിക്കുകയും ചെയ്തിരുന്ന അവരെ എനിക്കൊത്തിരി ഇഷ്ടമായിരുന്നു. മാതൃഭാഷയെ പ്രണയിക്കാൻ അവരെന്നെ പഠിപ്പിച്ചു. അതെനിക്കു പ്രചോദനമായി. അക്ഷരത്തെറ്റുകളാൽ വിരസമായ എന്റെ സൃഷ്ടികൾ എന്റെ നോട്ടു പുസ്കങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്ത് സ്നേഹത്തോടെ വായിച്ചിരുന്ന അധ്യാപികയെ മറക്കാൻ കഴിയുന്നില്ല. പിന്നീടെപ്പോഴൊ ശാസ്ത്ര വിഷയങ്ങളിൽ വല്ലാത്ത കൗതുകം തോന്നി.

“സാഹിത്യവും ശാസ്ത്രവും ഒരു കുടക്കീഴിൽ” എന്ന ആശയം അവതരിപ്പിച്ച ആ അധ്യാപകനെ പിന്നീട് കണ്ടുമുട്ടാനുള്ള ഭാഗ്യം ഇതുവരെയുണ്ടായില്ല. എന്റെ അധ്യാപകരുമായി എനിക്ക് പുലർത്താൻ കഴിഞ്ഞ ആത്മബന്ധം എന്റെ ജീവിതത്തിലെ വലിയ മുതൽക്കൂട്ടു തന്നെയാണ്. ഇന്നും ഒരു റോഡിന്റെ മറുവശത്തു നിന്നുകൊണ്ട് അല്ലെങ്കിൽ എതിരെയുള്ള വാഹനത്തിൽ യാത്രചെയ്തു കൊണ്ട് മറുവശത്തുള്ള തന്റെ സ്റ്റുഡന്റിനെ അൽപം പരിഭവത്തോടെ നോക്കി അനുഗ്രഹവർഷം ചൊരിയുന്ന അധ്യാപകരില്ലാത്ത ഓർമകൾക്കെന്തു സ്ഥാനം?

school-opening

പെട്ടെന്ന് മനസിലേക്ക് ഒരു കഥ ഓടിയെത്തുന്നു. ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് ഒരു വാചകം എഴുതുവാൻ ആവശ്യപ്പെട്ടു. വെറുമൊരു വാചകമല്ല മറിച്ച് സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദു:ഖവും, ദു:ഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷവും നൽകുന്നതുമായ ഒരു വാചകം. ഇതിൻ പ്രകാരം ബീർബൽ എഴുതിയ വാചകം ഇങ്ങനെ “ഈ സമയവും കടന്നുപോകും.” അതെ എന്റെ ജീവിതത്തിലെ ആ സമയവും കടന്നുപോയിരിക്കുന്നു. വിദ്യാലയ ജീവിതം പൂർത്തീകരിച്ച് കലാലയ ജീവിതത്തിൽ ചുവടുറപ്പിച്ചു കഴിഞ്ഞ എന്നോടൊപ്പം ഇതുവരെയുണ്ടായിരുന്ന കൂട്ടുകാർ – അദ്ധ്യാപകർ, അവർ നൽകിയ വലുതും ചെറുതും നല്ലതും ചീത്തയുമായ ഒാർമ്മകൾ ഒക്കെയും കൃതജ്ഞതയോടെ ഓർത്തുകൊണ്ട്, നന്ദി പറഞ്ഞുകൊണ്ട് ...