Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയോപഹാരം

x-default

“ഒരു കാര്യം ചോദിക്കട്ടെ?”

“ഉം”

“എന്തുപറ്റി മുഖത്ത് വല്ലാത്തൊരു വിഷമം?”

...

“എന്തേ ഒന്നും മിണ്ടാത്തെ?”

“പോടീ..”

“എന്നോട് ഒളിക്കണ്ടാട്ടോ... എനിക്കെല്ലാം മനസ്സിലാവണൊണ്ട്.”

“നിനക്കെന്തു മനസ്സിലായി..?”

“ആ കുട്ടി ഒന്ന് തിരിഞ്ഞു നോക്കാഞ്ഞിട്ടല്ലേ ഈ വിഷമം.” എനിക്കേറ്റവും ഇഷ്ടപ്പെട്ട അവളുടെ നുണക്കുഴികൾ തെളിയിച്ചുകൊണ്ട് അവൾ പറഞ്ഞു, തികച്ചും ഒരു സമയംപോക്ക് പറയുന്ന പോലെ. എനിക്കു കാണേണ്ടത് വേറെയാരെയും അല്ല തന്നെയാണെന്ന് പറയണമെന്ന് എന്റെ മനസ്സ് വെമ്പി. എന്നിട്ടും ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞിരുന്നു. വീണ്ടും ആ മുഖത്തേക്ക് നോക്കുമ്പോള്‍ ഞാൻ എന്നെത്തന്നെ ചതിക്കുന്നു എന്നൊരു തോന്നൽ എന്നെ കീഴടക്കുന്നു.

“ഞാൻ പോവാട്ടോ..” അവൾ ചായ ഗ്ലാസും കൊണ്ട് നടന്നു. ആ നടപ്പ് എന്നിൽ നിന്നുമുള്ള അവളുടെ രക്ഷപെടലായി എനിക്കു തോന്നി. ഒന്നാലോചിച്ചാല്‍ അവൾക്കു നല്ലത് സംഭവിക്കുക ഞാനല്ലാതെ മറ്റാരുടെയെങ്കിലും സ്വന്തമാവുമ്പോഴാണ്.

“നീ വരുന്നില്ലേ?” ഞാൻ തിരിഞ്ഞു നോക്കി, ഡെവലപ്പ്മെന്റിലെ സൂരജ്.

“നടന്നോ ഞാൻ എത്തി” കയ്യിലിരുന്ന പേപ്പർ ഗ്ലാസ്സിലേക്ക് നോക്കിയപ്പോൾ പകുതിയിലധികം ചായയും ബാക്കിയുണ്ടായിരുന്നു. ആ തണുത്ത ചായ വേസ്റ്റ് ബിന്നിന്റെ വായിലേക്ക് ഗ്ലാസ്സോടെ നിക്ഷേപിച്ചു കാബിനിലേക്ക് നടന്നു. സ്കൈപ്പില്‍ സന്ദേശങ്ങളുടെ പൂരം. ഒരു ടീ ബ്രെയ്ക്കിനിടയിൽ പൊട്ടി വീണ ആ സന്ദേശങ്ങൾ ഞാൻ ഒന്നൊഴിയാതെ വായിച്ചു നോക്കി. എന്തായിരിക്കണം എന്റെ അടുത്ത നീക്കം എന്നായിരുന്നു ഭൂരിഭാഗം സന്ദേശങ്ങളിലും ഉൾക്കൊള്ളിച്ചിരുന്നത്. ദൂരെ ഏഴാം കടലിനക്കരെയെവിടെയോ ഇരുന്നു ആജ്ഞകൾ തരുന്ന സായിപ്പുമാരോടും മദാമ്മമാരോടും എനിക്കെന്നും ദേഷ്യമായിരുന്നു. അവർക്ക് ഞങ്ങൾ പണി ചെയ്യാന്‍ മാത്രം പ്രോഗ്രാം ചെയ്തിരിക്കുന്ന യന്ത്രമനുഷ്യർ മാത്രം ആണ്. ഒന്ന് തീരുമ്പോൾ മറ്റൊന്ന്. അന്തർദേശീയ തൊഴിൽ നിയമപ്രകാരമുള്ള എട്ടുമണിക്കൂറിൽ ഒരു സെക്കന്റ് പോലും നഷ്ടപ്പെടുക എന്ന് വച്ചാൽ അവരെ സംബന്ധിച്ചിടത്തോളം കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടാകുന്നതുപോലെയാണ്. വീണ്ടും ഒരു മെസ്സേജിന്റെ വരവറിയിച്ചുകൊണ്ട് സ്കൈപ്പിന്റെ നിറം മാറി, അവളായിരുന്നു. ഞാൻ അവളുടെ മെസ്സേജ് വായിച്ചു: “എന്നോട് പിണക്കമാണോ?”

“അല്ല” അപ്പോൾ അങ്ങനെ പറയാന്‍ തോന്നി.

“പിന്നെന്താ എന്നോട് മിണ്ടാത്തെ...?”

എനിക്കെന്തു പറയണം എന്നറിയില്ലായിരുന്നു. ഞാൻ വീണ്ടും വീണ്ടും ആ വരി വായിച്ചുകൊണ്ടിരുന്നു. ആ വരികൾ പറയുകയാണെങ്കിൽ അപ്പോഴുണ്ടായേക്കാമായിരുന്ന അവളുടെ മുഖഭാവം എന്റെ മനസ്സിലേക്ക് തെളിഞ്ഞു വന്നു. എന്തുപറയും എന്റെ മനസ്സ് കുഴങ്ങി.

“എന്നോടിങ്ങനെ മിണ്ടാതിരുന്നാൽ ഞാൻ കരയും ട്ടോ..” അവളുടെ അടുത്ത മെസ്സേജ് എന്റെ ഹൃദയത്തിൽ എവിടെയൊക്കെയോ ചെന്ന് പതിച്ചു. മനസ്സിനെ ആവുന്നത്ര നിയന്ത്രിച്ചു ഞാൻ അടുത്ത മെസ്സേജ് ടൈപ്പ് ചെയ്തു.

“നീയെന്തിനാ ഇതിനൊക്കെ ഇത്ര മെലോഡ്രാമാടിക് ആവുന്നെ...” ഒരു നിമിഷത്തിനു ശേഷം ഞാൻ സെന്റ് ബട്ടണിൽ അമർത്തി. ഞാൻ ഉദ്ദേശിച്ചതുപോലെ തന്നെ തുടർന്ന് അവിടുന്ന് മറുപടി ഒന്നും വന്നില്ല. കല്ല്യാണം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുന്നു എന്ന് ഒരു നൂറാവർത്തി അവൾ എന്നോട് പറഞ്ഞു. എന്നെക്കാണുമ്പോൾ മാത്രം ഇത് വീണ്ടും വീണ്ടും പറയുന്നത് എന്തിനാണെന്ന് ആദ്യമൊന്നും എനിക്കു മനസ്സിലായില്ല. പലതിലും അര്‍ത്ഥം ഉള്ളതുപോലെ. കുട്ടീ നിനക്ക് ചേരുന്ന നല്ല ഒരു പയ്യനെ നിന്റെ വീട്ടുകാര്‍ കണ്ടെത്തി ആർഭാടപൂർവ്വം അവർ നിങ്ങളുടെ കല്ല്യാണം നടത്തിത്തരും. എന്നിട്ട് നിങ്ങൾ പരസ്പരം പ്രണയിച്ചു പല കൊല്ലങ്ങൾ സുഖമായി ജീവിക്ക്, എന്നു പറയാൻ പലപ്പോഴും ഞാൻ ആഗ്രഹിച്ചു. പക്ഷെ ഉള്ളിന്റെയുള്ളിൽ ആരോ അതിനനുവദിക്കാത്തപോലെ അവൾ മുന്നിൽ വരുമ്പോൾ ധൈര്യം ചോർന്നുപോകുന്നു. ആ ധൈര്യത്തിന്റെ കാരണം എന്നും എനിക്കു മുൻപിൽ അവ്യക്തമായിരുന്നു.

“പ്രേമിക്കാനും സ്നേഹിക്കാനും നടന്നാല്‍ ഒറ്റ വെട്ടിനു രണ്ടു തുണ്ടമാക്കി തൂശനിലേൽ വെക്കും ഞാൻ.” കൗമാരകാലത്തു അയൽവക്കത്തെ പുരുഷോത്തമന്‍ ചേട്ടന്റെ മകളുമായി അടുത്തത് കണ്ടെത്തിയ അച്ഛന്റെ ഭീഷണി മനസ്സിലേക്കോടി വന്നു. അന്ന് ചോദിക്കണം എന്നുണ്ടായിരുന്നു ഇഷ്ടപ്പെട്ട പെണ്ണിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി റജിസ്റ്റർ മാര്യേജ് ചെയ്യുമ്പോള്‍ ഈ വെട്ടാൻ കൊണ്ടുനടക്കുന്ന ആ വാൾ ഏതുറയില്‍ തുരുമ്പിച്ചിരിക്കുകയായിരുന്നു എന്ന്. അതിനുപോയിട്ട് അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കാന്‍ പോലുമുള്ള ധൈര്യം അന്നുണ്ടായിരുന്നില്ല. ഇന്നുമില്ല എന്നതാണ് നഗ്നമാക്കപ്പെടാൻ ആഗ്രഹിക്കാത്ത ഒരു സത്യം. അമ്മക്ക് പിന്നെ ഒന്നേ പറയാൻ ഉള്ളൂ, “ആരെ വേണേൽ പ്രേമിച്ചോ സ്വന്തം ജാതിയായിരിക്കണം.” ഇങ്ങനെയുള്ള ഇവരെങ്ങനെ പരസ്പരം പ്രണയിച്ചു വിവാഹം കഴിച്ചു എന്നുള്ളത് എന്റെ മനസ്സിൽ രൂപം കൊണ്ട് ഉത്തരം തരാതെ വിലസിനടക്കുന്ന ഭീകരമായ ഒരു സംശയമാണ്.

ലഞ്ച് ബ്രേക്കിന് അവൾക്കു പിടികൊടുക്കാതെ ഡൈനിങ് ഹാളിന്റെ ഒരു മൂലയ്ക്ക് ഒഴിഞ്ഞുമാറിയിരിക്കുമ്പോള്‍ ടിഫിൻ ബോക്സുമായി സൂരജും ശ്രേയയും എന്റെ ടേബിളിലേക്ക് വന്നു. ഡെവലപ്പ്മെന്റ് ടീമിലെ രണ്ടു ലീഡ് ഡെവലപ്പെർസിന്റെ ആ വരവ് കണ്ടപ്പോൾ എന്നെ തല്ലാൻ ഉള്ള വരവാണോയെന്നു തോന്നി. സംഗതി അത്ര പന്തിയല്ല എന്ന് ശ്രേയയുടെ മുഖം കണ്ടപ്പോള്‍ എനിക്ക് തോന്നി.

“എന്താടാ എല്ലാരിൽ നിന്നും ഒഴിഞ്ഞുമാറി ഒരു കഴിപ്പ്..?” സൂരജ് സംശയത്തോടെ എന്നെ നോക്കി. അവർ എനിക്കെതിരായി ഇരുന്നു.

“ഏയ്... ഒന്നുമില്ല. നല്ല വിശപ്പുണ്ടാരുന്നു. അതാ...” ഞാന്‍ പരുങ്ങി.

“ഉം... മതി മതി.” ശ്രേയ

“‍ഡാ ഞങ്ങൾ ഇപ്പം വന്നത് ഒരു കാര്യം പറയാൻ ആണ്.” ഒന്ന് നിർത്തിയിട്ടു സൂരജ് ശ്രേയയെ ഒന്നുനോക്കി.

“നമ്മുടെ ആശയില്ലേ, അവൾക്ക് വീട്ടിൽ കല്യാണ ആലോചനകൾ നടക്കുന്നുണ്ട്. നിനക്കറിയാമല്ലോ അവൾ എന്റെ വെറും ഒരു കൊളീഗ് മാത്രമല്ല നല്ല ഒരു ഫ്രണ്ട് കൂടിയാണ്.” ശ്രേയയുടെ മുഖവുര എന്നെ അക്ഷമനാക്കി.

“നീ വളച്ചുകെട്ടാതെ കാര്യം പറ.” ഞാന്‍ പറഞ്ഞു.

“അവൾക്ക്.. അവൾക്കു നിന്നെയിഷ്ടമാണ്. പക്ഷേ, നീ ഒഴിഞ്ഞുമാറി നടക്കുവാ എന്നാ അവൾ പറയുന്നെ. അവളൊരു പാവാ.. അവൾക്കായിട്ടു ഇത് നിന്നോട് അവതരിപ്പിക്കാൻ മടിയാ. നീ മുൻകൈ എടുത്തില്ലേൽ ആ പാവം വീട്ടുകാർ ആലോചിക്കുന്ന ആളെ കെട്ടിപ്പോകും.” ശ്രേയ പറഞ്ഞു നിർത്തി.

ഞാൻ വല്ലാത്ത ഒരവസ്ഥയിലായി. രണ്ടുപേരും എന്റെ മറുപടി കേൾക്കാൻ എന്നെത്തന്നെ നോക്കിയിരിക്കുകയാണ്.

“ഞങ്ങൾ അവളെ ഇങ്ങോട്ട് വിളിക്കട്ടെ? നീയൊന്ന്...”

“ഇതുവരെ നീ എനിക്ക് അവളെ ഇഷ്ടമാണോ എന്ന് ചോദിച്ചില്ല? എന്താ അതിനിവിടെ പ്രസക്തിയില്ലേ?” ഉള്ളിലെന്തൊക്കെയോ വിസ്ഫോടനങ്ങൾ നടക്കുന്നുണ്ടെങ്കിലും അതെല്ലാം മറച്ചു ഞാന്‍ ശ്രേയയെ നോക്കി, അവൾ വിശ്വാസം വരാതെ എന്നെയും.

“അപ്പം നിനക്ക് അവളെ ഇഷ്ടമല്ലേ?” ശ്രേയ

“അല്ല. ഐ മീൻ കല്യാണം കഴിക്കാൻ ഇഷ്ടമല്ല.” എന്റെ നിർവികാരതയോടുള്ള മറുപടികേട്ട് അവരെന്നെ അദ്ഭുതത്തോടെ നോക്കി. എനിക്കെങ്ങനെ ഇങ്ങനെയൊക്കെ പറയാൻ സാധിക്കുന്നു എന്നോർത്ത് ഞാനും അദ്ഭുതപ്പെട്ടു.

“ഓക്കേ...” ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം; “ആ കുട്ടിയെ ഞാൻ ഇനി എങ്ങനെ പറഞ്ഞു മനസ്സിലാക്കുവോ എന്തോ?” എന്നുപറഞ്ഞു ശ്രേയ അവളുടെ ടിഫിനും എടുത്തു സൂരജിനെ ഒന്ന് നോക്കിയിട്ട് എണീറ്റുപോയി.

“നിനക്കവളെ ഇഷ്ടമല്ലെന്നു നിനക്ക് ശ്രേയയെ പറഞ്ഞു വിശ്വസിപ്പിക്കാം. പക്ഷെ നീയെന്നോട് പറ...”

“ഇഷ്ടമല്ല. ആ ടോപ്പിക്ക് അവിടെത്തീർന്നു. ഇനി അത് ഊതിപ്പെരുപ്പിക്കേണ്ട.” എന്നോട് തട്ടിക്കയറാൻ തുടങ്ങുകയായിരുന്ന സൂരജിനെ നോക്കി ഞാൻ പറഞ്ഞു.

“ഓ ശരി മാന്യാ.. പിന്നെന്തിനാടാ നീയവളോട് അടുത്തുപെരുമാറിയത്. ചുമ്മാ ഭംഗിക്കാ...?”

“അപ്പം നീ പറഞ്ഞുവരുന്നത് നീയെന്നോട് അടുത്ത് പെരുമാറുന്നത് എന്നെ കല്യാണം കഴിക്കാൻ ഇഷ്ടമുള്ളതുകൊണ്ടാണ് എന്നാണോ?”

ഒരുനിമിഷം എന്നെ ദേഷ്യത്തോടെ നോക്കിയിട്ട് എണീറ്റ് കുനിഞ്ഞു എന്നെ തൊഴുതിട്ടു അവൻ പോയി. കൈകൾ വല്ലാതെ വിറക്കാൻ തുടങ്ങിയത് മൂലം ഞാൻ ഊണ് മതിയാക്കി വാഷ്ബേസിൻ ലക്ഷ്യമാക്കി നടന്നു. ആ നിമിഷം തളർന്നു വീണുപോകുമോ എന്നുപോലും എനിക്ക് തോന്നി. പാത്രം കഴുകിയെന്നുവരുത്തി ബാഗിൽ എടുത്തുവച്ചിട്ടു ഞാൻ എന്റെ സീറ്റിലേക്ക് നടന്നു. ഒന്നിലും എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ല. ഹാഫ് ഡേ ലീവിന് അപ്ലൈ ചെയ്തു റൂമിൽ പോകാൻ തീരുമാനിച്ചു ഞാന്‍ സീറ്റിൽ നിന്നും എണീറ്റ് എംഡിയുടെ കാബിനിലേക്ക് നടക്കുമ്പോൾ എതിരെ അവൾ നടന്നുവന്നു. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ ഉടക്കി. കരഞ്ഞിട്ടാവാം ആ മിഴികൾ ഒരു ചെമ്പരത്തിപ്പൂ പോലെ ചുവന്നിരുന്നു. എന്തോ പറയാൻ തുടങ്ങിയ അവളിൽ നിന്ന് കണ്ണുകളെയും നിലത്തുനിന്നു കാലുകളെയും പറിച്ചെടുത്തു ഞാൻ കാബിനിലേക്ക് നടന്നു. അധികം ലീവുകൾ എടുക്കാത്തത് കാരണം എനിക്ക് ലീവ് കിട്ടി. തിരികെ സീറ്റിൽ വന്നു സിസ്റ്റം ടേൺ ഓഫ് ചെയ്യുമ്പോൾ ഞാൻ അവളുടെ സീറ്റിലേക്ക് ഒന്ന് പാളിനോക്കി. അവിടെ അവൾ ഉണ്ടായിരുന്നില്ല. ഞാൻ ഓഫീസിൽ നിന്നുമിറങ്ങി, നിരത്തിലൂടെ ലക്ഷ്യമില്ലാതെ നടന്നു. എതിരെ വന്ന ഒന്നുരണ്ടുപേരുമായി കൂട്ടിമുട്ടി. ധൃതിയിൽ ആയിരുന്ന അവരിൽ ചിലർ ചീത്ത പറഞ്ഞുകൊണ്ട് കടന്നുപോയി. നിയന്ത്രണം ഇല്ലാത്ത ഒരു വാഹനം പോലെ ഞാന്‍ ഫുട്പാത്തിലൂടെ തെക്കുവടക്ക് നടന്നു. ഒടുവിൽ ആ കോൺക്രീറ്റ് വനത്തിലെ പച്ചപ്പിന്റെ നേരിയ പ്രകാശം പൊഴിക്കുന്ന ചെറിയൊരു പാർക്കിന്റെ ചാരുബെഞ്ചിൽ തലചായ്ക്കുമ്പോൾ എന്റെ മുഖത്ത് വെയിൽ കൊള്ളിക്കാതെ കാറ്റിലാടിനിന്നിരുന്ന കാറ്റാടിമരങ്ങൾ ആയിരുന്നു അവസാന കാഴ്ച.

“പിന്നീട് എന്തുണ്ടായി?”

“എന്തുണ്ടാവാൻ... ആർക്കും മുഖം കൊടുക്കാതെ ഒരാഴ്ചകൂടി ആ ഓഫീസിൽ. അതുകഴിഞ്ഞ് ഞാൻ റിസൈൻ ചെയ്ത് ആ നഗരം വിട്ടു.”

“എന്തുകൊണ്ടാണ് ആശയുടെ പ്രണയം വേണ്ടെന്നു വച്ചത്?”

“അതിനുള്ള ഉത്തരം ഞാൻ പറയണോ? അത് എന്നെക്കാളും നന്നായി അങ്ങേയ്ക്കറിയാം.” ഒരു ചെറുചിരിയോടെ അയാളത് പറയുമ്പോള്‍ ഹെവി കീമോയും റേഡിയേഷനും തകർത്ത ആ ശരീരമാകെ ആ ചിരി പടരുന്നതായി എനിക്ക് തോന്നി.

“അന്ന് ഞാനെന്നിൽ കിളിർത്ത രോഗം മറച്ചുവച്ചു ആ പ്രണയം സ്വീകരിച്ചിരുന്നെങ്കിൽ, അന്നുമാത്രം.. അന്നുമാത്രം അവൾ സന്തോഷവതിയായേനെ. പക്ഷേ പിന്നീടുള്ള അവളുടെ ജീവിതം എന്നേം കൊണ്ട് ഈ റീജിയണൽ കാൻസർ സെന്ററിൽ കയറിയിറങ്ങി നരകിച്ചേനെ.”

“ഉം.” തെല്ലുവിഷമത്തോടെയും അതിലേറെ അഭിമാനത്തോടെയും ഞാൻ അയാളെ നോക്കി. ഞാൻ ചികിത്സിക്കുന്ന ഒരു രോഗി എന്നതിലുപരി അയാൾ എന്റെ ഒരു സുഹൃത്തായി മാറുകയായിരുന്നു.

“ഡോക്ടർ...” ക്ഷീണത്തോടെ അയാൾ വിളിച്ചു.

“ഡോക്ടർ. അവൾ ഇപ്പോൾ എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാവാം. അതാണ് അവൾക്കു ഞാൻ കൊടുത്ത ഏറ്റവും വലിയ പ്രണയ സമ്മാനം. എന്റെ പ്രണയോപഹാരം.” അതുപറഞ്ഞു അയാൾ കണ്ണുകൾ മെല്ലെയടച്ചു. പ്രയാസപ്പെട്ടു ശ്വാസം എടുക്കുന്ന ആ ദുർബല ശരീരത്തെ ഒരുനിമിഷം നോക്കിനിന്നിട്ട് ഞാൻ പുറത്തേക്കിറങ്ങി. ഇടനാഴിയിലൂടെ എന്റെ പരിശോധനാ മുറിയിലേക്ക് നടന്നു. പിന്നീടെപ്പോഴോ ഹെഡ് നേഴ്സ് വന്നു പറയുമ്പോള്‍ ആണ് അയാളുടെ മരണവാർത്ത ഞാൻ അറിയുന്നത്.