Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുറിവുണങ്ങാത്ത ഒരു പുഴയായിരുന്നു അവൾ

Author Details
celin

മുറിവുണങ്ങാത്ത ഒരു പുഴയായിരുന്നു അവൾ. ചില നേരങ്ങളിൽ കൊടുവരൾച്ചയിൽ അവളുടെ ആത്മാവ് ഉഷ്ണമയമായിത്തീർന്നു. ചിലപ്പോഴൊക്കെ മഴനിനവുകളും വെയിൽച്ചിത്രങ്ങളും അവളിൽ മാറി മാറി പതിഞ്ഞു. മറ്റു ചിലപ്പോൾ എല്ലാ നിരാർദ്രതകളെയും അതിജീവിച്ച് മഴയുടെ കൊയ്ത്തുപാടമായി അവൾ മാറി. അവൾക്കായി ഒരു കടലും കാത്തിരുന്നില്ല. ഒരു കടലിലും അലിയുവാൻ അവൾ നിനച്ചതുമില്ല.

പുഴയായി മാറി സ്നേഹം തേടി അലഞ്ഞപ്പോൾ ഉപ്പുരസമുള്ള കടൽഗന്ധങ്ങളെ അവൾ വെറുത്തു. സ്നേഹിക്കപ്പെടുന്നതിലല്ല സ്നേഹിക്കുന്നതിലാണ് തന്റെ അഭിരുചി എന്ന് തിരിച്ചറിഞ്ഞു. വാത്സല്യത്തിന്റെ കൊച്ചരുവികൾ അവളുടെ ഉള്ളിൽ ഉറവകൾ തീർത്തു.

ഇടയ്ക്കൊക്കെ അവൾ പതിഞ്ഞ താളത്തിൽ ഒഴുകി. ഇടയ്ക്കെല്ലാം മൗനത്തിന്റെ നിശ്ചലതയിൽ തന്റെ ഉള്ളിലെ ആഴങ്ങളെ ഒളിപ്പിച്ചു. ദൂരെനിന്നും വന്നണയുന്ന കടത്തുവഞ്ചിക്കാരനെപ്പോലെ ഒാളങ്ങളിൽ പരപ്പുകളിൽ സ്വയം അലതല്ലി, അലിഞ്ഞില്ലാതായി തീർന്നു.

നീ പുഴയോ മനുഷ്യനോ അതോ സ്ത്രീയോ എന്ന ആത്മാവിന്റെ സന്ദേഹങ്ങളെ മൗനത്തിന്റെ വാല്മീകത്തിൽ ഒളിപ്പിച്ചു. വേനലിലെ പൂക്കൾ നെറുകയിൽ പതിയുമ്പോൾ പ്രകൃതിയായി മാറുന്നതിന്റെ ആനന്ദം അറിഞ്ഞു. എല്ലാ മുറിവുകളേയും നിരാർദ്രതകളേയും അവൾ പ്രകൃതിയുടെ വന്യചേതനകളിൽ അലിയിച്ചു. ഒടുവിൽ പ്രകൃതിയുടെ അജ്ഞാതമായ അനന്തതയുടെ മറുതീരത്ത് അവൾ എത്തിച്ചേർന്നു. പെൺമയുടെ ആനന്ദങ്ങളിൽ, നിഗൂഢതകളിൽ, വിഷാദങ്ങളിൽ അലിഞ്ഞു. പ്രകൃതിയുടെ, അനന്തതയുടെ മറുതീരത്ത് അജ്ഞാതമായ ഒരു പുഴയോർമ്മയായി അവൾ മാറി.