Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണമുദ്ര

maranamudra കോട്ടയം പുഷ്പനാഥ് എന്ന വിശ്രുത ഡിറ്റക്ടീവ് നോവലിസ്റ്റ് ഓർമകളിലേക്കു മാഞ്ഞു. പുഷ്പനാഥിന്റെ കഥാപാത്രങ്ങൾ ഇതാ ഇവിടെയുണ്ട്. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ എഴുതുന്നു...

ഒന്നരവർഷം പഴക്കമായ ജയിൽചാട്ടക്കേസിനു പുതിയ വഴിത്തിരിവുണ്ടായത് എസ്പി ജയപ്രകാശ് പുനരന്വേഷണച്ചുമതല ഏറ്റെടുത്തതോടെയാണ്. ഒരു സെല്ലിൽ മൂന്നു പ്രതികളായിരുന്നു കിടന്നിരുന്നത്. ജയിൽചാട്ടം നടന്ന അന്ന് കൃഷ്ണപിള്ള എന്ന പ്രതി സെല്ലിന്റെ അഴിയിൽ ഉടുമുണ്ടിൽ കെട്ടിത്തൂക്കപ്പെട്ട നിലയിൽ കിടന്നു. സാധാരണ ആരും കെട്ടാത്ത തരമൊരു കുടുക്കായിരുന്നു അയാളുടെ കഴുത്തിൽ. 

രക്ഷപ്പെട്ട രണ്ടാമന്റെ ഊരോ പേരോ ആർക്കുമറിയില്ലായിരുന്നു. തമിഴ്നാട് പൊലീസിലെ റിട്ടയേർഡ് ഉദ്യോഗസ്ഥൻ തങ്കദുരൈയുടെ തിരുവനന്തപുരത്തുള്ള വീട്ടിൽ നിന്നാണയാളെ പിടികൂടുന്നത്. അരോഗദൃഢഗാത്രൻ. ആജാനുബാഹു. തോളിൽ ഇരുമ്പു പഴുപ്പിച്ചു ചാപ്പവച്ചതു പോലുള്ള പാടായിരുന്നു അയാളുടെ ഏറ്റവും വലിയ തിരിച്ചറിയലടയാളം. തങ്കദുരൈ കഴുത്തിൽ പ്രത്യേകതയുള്ള കുടുക്കുമായി ഫാനിൽ തൂങ്ങിക്കിടക്കുകയായിരുന്നു. മോഷണശ്രമമാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഓട്ടോ ലോക്കിങ് ഡോറും അലാം സിസ്റ്റവുമാണു പ്രതിയെ കുടുക്കിക്കളഞ്ഞത്. 

പൊലീസ് തിരിച്ചും മറിച്ചും ചോദിച്ചിട്ടും മറിച്ചും തിരിച്ചും ഭേദ്യം ചെയ്തിട്ടും പ്രതിയൊരക്ഷരം മിണ്ടിയില്ല. പൊലീസിനു മുന്നിൽ മാത്രമല്ല, കോടതിയിലും ജയിലിലുമൊക്കെ അയാൾ മൗനംഭജിച്ചു. അയാൾക്കൊപ്പം തടവുചാടിയ മൂന്നാമൻ സുനിൽകുമാറിന്റെ അസ്ഥികൂടമാണു കഴുത്തിൽ തൂവാല മുറുക്കി ഞെരിച്ച പരുവത്തിൽ ജയിലിന്റെ ഡ്രെയ്നേജ് പൈപ്പിൽനിന്നു പുതിയ എസ്പി തൊഴിലാളികളെക്കൊണ്ടു മാന്തിയെടുത്തു പുറത്തിടീച്ചത്. 

ചാടിപ്പോയ പ്രതിയുടെയോ മരിച്ച രണ്ടു പ്രതികളുടെയോ വിശദാംശങ്ങളെക്കാൾ ജയപ്രകാശിനു വേണ്ടിയിരുന്നത് മറ്റൊരാളുടെ വിവരങ്ങളായിരുന്നു. സെല്ലിൽ അവർക്കൊപ്പം കഴിയുകയും അവരുടെ ജയിൽചാട്ടത്തിന് ഒന്നരമാസം മുൻപു ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുകയും ചെയ്ത തങ്കച്ചന്റെ വിശദവിവരങ്ങൾ. തങ്കച്ചനൊരു കോട്ടയംകാരനായിരുന്നു. ചന്തക്കടവ് ബാറിലെ പഴയ എടുത്തുകൊടുപ്പുകാരൻ. ബാർ മുതലാളി പനമ്പാലം സണ്ണിക്കുട്ടിയുടെ വാടാപോടാകളിൽ പ്രധാനി. നാഗമ്പടം ഷാപ്പിൽ വച്ചുണ്ടായ അടിപിടിയിൽ മാഞ്ഞാണി സൈമണെന്ന ഗുണ്ടയുടെ പള്ളയിൽ അബദ്ധത്തിൽ കത്തി കയറ്റിക്കൊന്ന കേസിലെ പ്രതി. ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം ഏതു പാതാളത്തിലേക്കാണു മാഞ്ഞതെന്ന് ആർക്കുമൊരു പിടിയുമില്ലാത്ത തങ്കച്ചനെയായിരുന്നു എസ്പി ജയപ്രകാശിനു കണ്ടുപിടിക്കേണ്ടിയിരുന്നത്. 

കൊടൈക്കനാലിലെ ഒരു സബർജിൽ തോട്ടത്തിനു നടുവിലെ ഒറ്റമുറി വാച്ചർഷെഡ്ഡിനു മുൻവശത്തു ചാരിയിരുന്നു മൂന്നു ചാനൽ പ്രവർത്തകരോട് തന്റെ ജയിലനുഭവങ്ങളെക്കുറിച്ചു സംസാരിക്കുകയായിരുന്നു തങ്കച്ചൻ. അവർ ജോലി ചെയ്തിരുന്നത് ഒരു ഉത്തരേന്ത്യൻ ചാനലിലായിരുന്നു. ഒരാൾ ഗുജറാത്തി, മറ്റേയാൾ തമിഴൻ, അവസാനത്തെയാൾ മലയാളി. അവധിക്കാലമാഘോഷിക്കാൻ ജീപ്പിലിറങ്ങിത്തിരിച്ച ആ ചെറുപ്പക്കാർ ആകസ്മികമായി ബെറിജാം റൂട്ടിലെ മദ്യഷാപ്പിനു മുന്നിൽ പരിചയപ്പെട്ടതാണയാളെ. 

മലയാളിയായ ചാനൽ റിപ്പോർട്ടർക്ക് അയാളുടെ വർത്തമാനത്തിൽ ഒരു വാർത്തയുടെ മണം അനുഭവപ്പെട്ടു. ക്യാമറയും മൈക്കും കണ്ടതോടെ തങ്കച്ചൻ ജയിൽ കഥകൾ പറഞ്ഞുകൊണ്ടേയിരുന്നു അപരിചിതരായ ആ മാധ്യമപ്രവർത്തകർക്കു മുന്നിൽ. മലയാളി റിപ്പോർട്ടർ കുത്തിക്കുത്തിച്ചോദിച്ച പല ചോദ്യങ്ങൾക്കും അയാളുടെ പക്കൽ മറുപടികൾ ഇല്ലായിരുന്നു. ഒന്നുകിൽ അയാൾക്കറിയാവുന്ന ചോദ്യങ്ങളായിരുന്നിരിക്കില്ല അവർ ചോദിച്ചത്. അല്ലെങ്കിൽ അയാൾ ഒന്നുമറിയാത്തതുപോലെ അഭിനയിച്ചതുമാകാം. 

pushpanath-bipin-chandran കോട്ടയം പുഷ്പനാഥ്, ബിപിൻ ചന്ദ്രൻ

പക്ഷേ, അപ്രതീക്ഷിതമായതാണവിടെ സംഭവിച്ചത്. തമിഴനായ ടിവി ജേണലിസ്റ്റ് താൻ പിടിച്ചിരുന്ന നീളൻ മൈക്കിൽ നിന്നു തിളങ്ങുന്ന വായ്ത്തലയുള്ള ഒരു വടിവാൾ വലിച്ചൂരിയെടുത്തു തങ്കച്ചന്റെ കണ്ണിലേക്കാഞ്ഞുകുത്തി. എന്നാലാ കുത്തിനെക്കാൾ വേഗത്തിൽ തങ്കച്ചൻ തല ചരിച്ചുകൊടുത്തു. തകിടുഷീറ്റിൽ വാളുരഞ്ഞു തീപ്പൊരി ചിതറി. മറ്റു രണ്ടുപേരും ചീറ്റപ്പുലികളുടെ ശൗര്യത്തോടെ തങ്കച്ചനു നേർക്കടുത്തു. 

ഒരു മുയലിനെയെന്നവണ്ണം അയാളുടെ കഥ കഴിക്കാനെത്തിയവർക്കു തെറ്റി. തിരുനെറ്റിയിലെ മർമം തീർത്ത് ഊക്കനൊരിടി. പൊക്കിൾക്കുഴിക്കു താഴെ കാൽപത്തി മടക്കിയൊരടി. ചൂണ്ടാണിവിരലും നടുവിരലും ചേർത്തു പിണച്ച് തൊണ്ടക്കുഴിയിൽ കുത്തിയമർത്തിയൊരു തിരിക്കൽ. മൂന്നുപേർ ശ്വാസം കിട്ടാതെ മണ്ണിൽ കിടന്നു പിടച്ചു. മൂന്നുപേരുടെയും തോളിലാ മുദ്രയുണ്ടായിരുന്നു. പച്ചമാംസത്തിൽ പഴുത്തിരുമ്പുകൊണ്ട് അച്ചുകുത്തിയതു പോലുള്ള പാട്. 

ഉടുത്തിരുന്ന കൈലിമുണ്ടു മടക്കിക്കുത്തി അഴിഞ്ഞുപോയ കുപ്പായക്കൈ മുട്ടറ്റം തെറുത്തുകയറ്റി നിലത്തു കാറിത്തുപ്പി ഷെഡ്ഡിനകത്തേക്കു കയറിപ്പോയ തങ്കച്ചൻ പുറത്തിറങ്ങിയതാ വേഷത്തിലല്ലായിരുന്നു. കറുത്ത ജായ്ക്കറ്റും ഗ്ലാസും ക്യാപ്പും ബൂട്ടും ധരിച്ചുനിന്ന ആ മനുഷ്യനെ നോക്കി നിലത്തുകിടന്നിരുന്ന തമിഴൻ ചെറുപ്പക്കാരൻ ചോദിച്ചു:‘‘നീങ്കൾ യാര്?’’ ചെറുപുഞ്ചിരിയോടെ കോട്ടുധാരി അതിനു മറുപടി പറഞ്ഞു:‘‘നടികൻ.’’ 

തമിഴൻ വീണ്ടും ചോദിച്ചു: ‘‘ഉൻ പേരെന്ന?’’ അ‌യാൾ ചിരി വിടാതെ പറഞ്ഞു: ‘‘എന്റെ പേര് പുഷ്പരാജ്. പീപ്പിൾ ഓൾസോ കോൾ മി മാർക്സിൻ.’’

ശേഷം സംസാരിച്ചത് അയാളുടെ കൈയിലെ പിസ്റ്റളായിരുന്നു. മൂന്നു വെടിയൊച്ചകൾ. അവയുടെ പ്രതിധ്വനി. ശേഷം മൗനംമാത്രം. 

കാർപ്പാത്തിയൻ മലനിരകളിലെന്നവണ്ണം കൊടൈക്കനാലിൽ തണുപ്പു പരന്നു. ആഞ്ഞുവലിച്ച ഹാഫ് എ കൊറോണ ചുരുട്ടിൽ നിന്നെന്നവണ്ണം പുകമഞ്ഞുയർന്നു. 

ഇംഗ്ലണ്ടിലെ കുറ്റകൃത്യങ്ങൾക്കു പിന്നിലെല്ലാം പ്രവർത്തിച്ചിരുന്ന ജയിംസ് മൊറിയാർട്ടിയായിരുന്നു ഷെർലക് ഹോംസിന്റെ നിതാന്ത പ്രതിയോഗി. തന്റെ മൊറിയാർട്ടിയെ – തോളിൽ മുദ്ര പതിപ്പിച്ചയാ പേരില്ലാ തടവുകാരനെ – കണ്ടെത്താനുള്ള ത്വര മാർക്സിന്റെ തലച്ചോറിനെ ഫ്രഞ്ച് കോണ്യാക്കിനെക്കാൾ ലഹരി പിടിപ്പിച്ചുകഴിഞ്ഞിരുന്നു. 

തിരഞ്ഞിറങ്ങിയ തങ്കച്ചനെവിടെ എന്ന ചോദ്യത്തിനുത്തരം കണ്ടെത്താനാകാതെ എസ്പി ജയപ്രകാശ് കുഴങ്ങി നിൽക്കുമ്പോൾ ഡിറ്റക്ടീവ് മാർക്സിൻ ആ സമസ്യയിൽ നിന്നു ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞിരുന്നു. പക്ഷേ, മൂടൽമഞ്ഞിന്റെ മറവിലെവിടെയോ കഴുകൻകണ്ണുകളുമായി ഒരാൾ അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

(ആകാംക്ഷയുടെ മുൾമുനയിൽകോർത്ത്  ‘തുടരും’  എന്നെഴുതാൻ ഇനി കോട്ടയം പുഷ്പനാഥില്ല. നേരിന്റെയും ഭാവനയുടെയും ഇരുൾതാഴ്​വാരങ്ങളെ ചുറ്റി കഥ മുന്നോട്ട്. ആ ക്ലൈമാക്സ് വായനക്കാർ വേട്ടയാടി പിടിക്കട്ടെ.)

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം