Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയും ഉണങ്ങാത്ത മുറിപ്പാടുകൾ

separation

മരവിച്ച മനസ്സുമായി ഞാൻ റെയിൽവേ സ്റ്റേഷനു പുറത്തേക്കു നടന്നു. മനസ്സു വല്ലാതെ വേദനിക്കുന്നുണ്ട്... അടുത്തു കണ്ട കടയിൽ നിന്ന് ഒരു കുപ്പി വെള്ളവും വാങ്ങി ഞാൻ ടാക്സി സ്റ്റാന്റിലേക്ക് നടന്നു... വെയിലിനു ചൂടേറിവരുന്നുണ്ട്. ആദ്യം കണ്ട ടാക്സിയിൽ കയറി ഇരുന്നു ഞാൻ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു. ഒരു ദീർഘശ്വാസമെടുത്ത് ഞാൻ സീറ്റിലേക്ക് ചാരിയിരുന്നു. മനസ്സിലൂടെ എന്തെല്ലാമോ ചിതറി തെറിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് ഡ്രൈവർ വഴി ചോദിക്കുമ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേറ്റപോലെ ഞാൻ പലപ്പോഴും മറുപടി പറഞ്ഞു. ടാക്സിയിൽ നിന്നിറങ്ങുമ്പോൾ ഞാൻ പ്രതീക്ഷിച്ച പോലെ മുഖത്ത് നിറയെ പരിഭവവുമായി ഗെയിറ്റിനു പുറത്ത് കാറുമായി അവൾ കാത്തു നിന്നിരുന്നു.

‘‘ഞാൻ പോയി ഒന്ന് ഫ്രഷ് ആയിട്ട് വരാം.’’ മങ്ങിയ ഒരു മന്ദഹാസത്തോടെ അവളുടെ കവിളിൽ തട്ടി ഞാൻ ഗെയിറ്റ് തുറന്ന് അകത്തേക്ക് കയറി.

ആരോടും ഒന്നും പറയാതെ... ഒന്നും ശ്രദ്ധിക്കാതെ ഞാൻ ഹോസ്റ്റൽ വരാന്തയിലൂടെ നടന്നു. ആരൊക്കെയോ എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ട്. എന്നെ നോക്കി കമന്റ് പറയുന്നുണ്ട്.

‘‘എന്തോന്നാടാ ഇത്. ആ പെങ്കൊച്ചു രാവിലെ വന്നു നിൽക്കുന്നതാണ്. വൈകുമെങ്കിൽ അവളെ ഒന്ന് വിളിച്ചു പറഞ്ഞൂടെ?’’ എവിടുന്നോ ഓടി വന്നു എന്റെ കയ്യിലെ ബാഗ് പിടിച്ചു വാങ്ങിക്കൊണ്ടു ജോണിക്കുട്ടി ചോദിച്ചു. അവനെ ഒന്നു രൂക്ഷമായി നോക്കിയിട്ട് ഞാൻ മുറിക്കുള്ളിലേക്ക് കടന്നു. അവൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ അയയിൽ തൂക്കിയിട്ടിരുന്ന അവന്റെ ടവൽ എടുത്തുകൊണ്ടു ഞാൻ കുളിക്കാൻ കയറി.  

ഒന്ന് കുളിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു സമാധാനം പോലെ... കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ റൂമിൽ എല്ലാവരും ഉണ്ട് അമ്മ തന്നുവിട്ട തീറ്റ സാധനങ്ങൾ എല്ലാം എല്ലാവരും കൂടി വീതം വയ്ക്കുന്നുണ്ട്.

‘‘ഡാ ആ വൈറ്റ് കവർ പൊട്ടിക്കല്ലെ..’’ അക്കൂട്ടത്തിലെ ഒരു പൊതി ചൂണ്ടി കാണിച്ചു ഞാൻ പറഞ്ഞു. 

വല്ലാതെ തലവേദനിക്കുന്നുണ്ട്. അതുകാര്യമാക്കാതെ കയ്യിൽ കിട്ടിയ ഡ്രസ്സ് വലിച്ചു കയറ്റി ഞാൻ പുറത്തേക്കു നടന്നു. 

‘‘നീ വണ്ടിയെടുക്ക്...’’ കാറിൽ കയറുന്നതിനിടെ ഞാൻ അവളോട് പറഞ്ഞു. 

ഞാൻ വല്ലാതെ ഡിസ്റ്റർബ്ഡ് ആണെന്ന് തോന്നിയതു കൊണ്ടാവണം, ഒന്നും മിണ്ടാതെ അവൾ കാർ മുന്നോട്ടെടുത്തു. 

ഓഫിസ് പാർക്കിങ്ങിൽ കാർ നിർത്തി ഞാൻ അവളെയും കൂട്ടി ലോബിയിലേക്ക് നടന്നു. 

‘‘എന്താ പറ്റിയത് എന്ന് എന്നോട് പറഞ്ഞില്ല..’’ നടക്കുന്നതിനിടെ പരിഭവത്തിന്റെ ഭാഷയില്‍ അവൾ എന്നോട് പറഞ്ഞു. 

അവളെയും കൂട്ടി അടുത്തുകണ്ട ഒരു ഒഴിഞ്ഞ ബഞ്ചിൽ ഞാൻ ഇരുന്നു. എന്തൊക്കെയോ എനിക്ക് പറയണം എന്നുണ്ട്... പക്ഷേ, എന്തോ എനിക്ക് പറയാൻ പറ്റുന്നില്ല... മനസ്സിൽ വല്ലാത്ത ഒരു വിങ്ങലുണ്ട്. കണ്ണട ചില്ലുകൾക്കു പിന്നിൽ നിറഞ്ഞ കണ്ണീർ സമർത്ഥമായി മറയ്ക്കാൻ വേണ്ടി ഞാൻ എഴുന്നേറ്റു മുന്നോട്ടു നടന്നു മുന്നിൽ കണ്ട അരച്ചുമരിൽ ചാരി അവൾക്ക് മുഖം കൊടുക്കാതെ നിന്നു. 

സ്റ്റേഷനിൽ നിന്നു ട്രെയിനിൽ കയറുമ്പോൾ ഞാൻ വളരെ സന്തോഷവാനായിരുന്നു. പത്തുനാൾ നീണ്ട ലീവിന് ശേഷം ഞാൻ വീണ്ടും ബംഗലൂർക്കു തിരിച്ചു വണ്ടികയറുമ്പോൾ വീണ്ടും അവളെ കാണാൻ പോകുന്നതിന്റെ ത്രിൽ ഉണ്ടായിരുന്നു മനസ്സിൽ. ഓ...ഞാൻ അവളെ നിങ്ങൾക്ക് പരിചയപ്പെടുത്തിയില്ല... അവൾ മാഗി എന്ന് ഞാൻ വിളിക്കുന്ന മാർഗരെറ്റ്.... ഐടി കുട്ടന്മാരുടെ ബംഗലൂരിൽ വച്ച് ഞാൻ കണ്ടുമുട്ടിയ... പിന്നീട് എന്റെ മനസ്സിലേക്ക് ചേക്കേറിയ എന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറാൻ പോകുന്ന എന്റെ പെണ്ണ്.

നാളെ രാവിലെ എത്തുന്ന ട്രെയിനിൽ വന്നാൽ മതി എന്ന് അവൾ പറഞ്ഞതാണ്. അവൾ വന്നു പിക്ക് ചെയ്യാം എന്നും. പക്ഷേ ഞാൻ വെളുപ്പിന് എത്തുന്ന രീതിയിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അതിൽ അവൾക്ക് പരിഭവം ഉണ്ട് എന്ന് എനിക്കറിയാം. ഓ..സാരമില്ല. അങ്ങ് ചെല്ലട്ടെ പരാതി ഒക്കെ തന്നെ മാറിക്കോളും..

ട്രെയിൻ മുന്നോട്ട് ചലിച്ചു തുടങ്ങിയപ്പോൾ ഞാൻ സീറ്റിൽ ചാരിയിരുന്നു. മറുവശത്ത് ആരും ഇല്ലാത്തതു കൊണ്ട് ഞാൻ സീറ്റിൽ കാൽ കയറ്റി വച്ച് നടുനിവർത്തി.

അടുത്ത് ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ചിന്തകളിൽ നിന്നുണർന്നു. എന്റെ മറുഭാഗത്തെ സീറ്റിലേക്ക് ഒരു പെൺകുട്ടി വന്നിരിക്കുന്നു. ഞാൻ കാലുമാറ്റി മാന്യമായി ഇരുന്നു. 

ട്രെയിൻ ചലിച്ചു തുടങ്ങി. ജനാലച്ചില്ലിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്നതിനിടയിൽ ഒളികണ്ണിട്ടു മറുവശത്തിരിക്കുന്ന പെൺകുട്ടിയെ നോക്കാൻ ഞാൻ മറന്നില്ല. അവൾ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കിയപ്പോഴേക്കും അവൾ കണ്ണുവെട്ടിച്ചു കളഞ്ഞു. എവിടെയോ കണ്ട മുഖം, അല്ല.... നല്ല പരിചയമുള്ള മുഖം. മുഖമുയർത്തി ഞാൻ അവളെ ഒന്ന് ശ്രദ്ധിച്ചു. അവൾ എന്നെയും കണ്ണുകൾ പരസ്പരം ഒന്നുടക്കി. എന്തോ മനസ്സിന്റെ ഭാരം കൂടുംപോലെ എനിക്ക് തോന്നി.

അവൾ എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു, ഞാനും

‘‘ഓർമയുണ്ടോ? അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു. ഞാൻ വല്ലാണ്ടായി. എങ്ങനെയാണ് എന്നെ അറിയുന്ന ആളോട് അറിയില്ലാന്ന് പറയുക. ഞാൻ ഒന്നു പരുങ്ങി. അവളുടെ കണ്ണുകളിൽ വിഷാദത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നത് ഞാൻ കണ്ടു. അവൾ ഒന്ന് മന്ദഹസിക്കാൻ ശ്രമിച്ചു. പിന്നീടു എനിക്ക് മുഖം തരാതെ പുറത്തേക്കു നോക്കിയിരുന്നു. മനസ്സിലെ പരുങ്ങൽ മറച്ചു വച്ച് ഞാൻ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് പോയി.

എന്റെ ചിന്തകൾ മുഴുവൻ ആ പെൺകുട്ടിയെ പറ്റിയായിരുന്നു. ഇടയ്ക്ക് മാഗി വിളിച്ചപ്പോൾ കുറച്ച് ദേഷ്യപ്പെട്ടുകൊണ്ടു തിരിച്ചു വിളിക്കാം എന്നു പറഞ്ഞു ഞാൻ ഫോൺ വെച്ചു.

ആ പെൺകുട്ടിയുടെ മുഖം ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. ഇല്ല പറ്റുന്നില്ല. പക്ഷേ ആ കണ്ണുകളെ ഞാൻ കണ്ടിട്ടുണ്ട്. ഒരു വല്ലാത്ത മാനസികാവസ്ഥയിൽ ഞാൻ വീണ്ടും തിരിച്ചു വന്നു സീറ്റിൽ ഇരുന്നു. അവൾ എന്നെ ശ്രദ്ധിച്ചില്ല ഞാനും. 

ട്രെയിൻ വേഗത്തിൽ മുൻപോട്ടു പൊയ്ക്കൊണ്ടിരുന്നു. എനിക്ക് മാഗിയെ നന്നായി മിസ് ചെയ്യുന്നുണ്ട്. അവളെ കുറിച്ചോർത്തപ്പോൾ എന്റെ മുഖത്ത് ഒരു പുഞ്ചിരി അറിയാതെ വിടർന്നു. എല്ലാവരും കിടന്നു തുടങ്ങിയപ്പോൾ ഒരു പുതപ്പും എടുത്ത് ഞാനും കിടന്നു. ഏറ്റവും താഴെ ഉള്ള ബെർത്ത് ആയതിനാൽ എനിക്ക് വേറെ വഴിയില്ലായിരുന്നു. ട്രെയിൻ വെളുപ്പിന് 4 മണിക്ക് ബംഗലൂരുവിൽ എത്തും. അതു കൊണ്ട് തന്നെ ഞാൻ അലാറം സെറ്റ് ചെയ്ത് ഉറങ്ങി. 

അലാറം അടിച്ചപ്പോൾ ഞാൻ കണ്ണ് തുറന്നു. ഉറക്കച്ചുവയോടെ ഞാൻ അപ്പുറത്തെ സീറ്റിൽ കിടക്കുന്ന പെൺകുട്ടിയെ നോക്കി. അവൾ എന്നെ തന്നെ നോക്കി കിടക്കുകയായിരുന്നു. ഞാൻ പ്രതീക്ഷിച്ച പോലെ അവൾ കണ്ണുകളെ പിൻവലിച്ചില്ല. ഞാൻ അവളെ ശ്രദ്ധിച്ചു നോക്കി. അവൾ ഇമവെട്ടാതെ എന്നെ നോക്കുന്നുണ്ട്. അരണ്ട വെളിച്ചത്തിൽ മുഖത്തെ കണ്ണുനീരിൽ പടർന്ന കണ്‍മഷി ഞാൻ കണ്ടു. അതിനു മുഖം കൊടുക്കാതെ ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കി. ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. പ്ലാറ്റ്ഫോമിലൂടെ നടന്നുപോയ ഒരാളോട് ഞാൻ സ്ഥലം ചോദിച്ചു. ട്രെയിൻ ലേറ്റ് ആണ്. പാതി വഴിയേ ആയിട്ടുള്ളൂ. ഞാൻ നിരാശയോടെ വീണ്ടും കിടന്നു ഇടയ്ക്കിടെ ഞാൻ ആ പെൺകുട്ടിയെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. എനിക്ക് മുഖം തരാതെ അവൾ മുകളിലേയ്ക്ക് നോക്കി കിടന്നു. 

രാവിലെ 10 മണിക്കാണ് ട്രെയിൻ ബംഗലൂരുവിൽ വന്നത്. ഞാൻ തിരക്ക് കൂട്ടാതെ എല്ലാവരും ഇറങ്ങും വരെ കാത്തിരുന്ന് പ്ലാറ്റ്ഫോമില്‍ ഇറങ്ങി ജനാലയിലൂടെ നോക്കിയപ്പോൾ ആ സീറ്റിൽ ആ പെൺകുട്ടി ഉണ്ടായിരുന്നില്ല. ഞാൻ ഒന്ന് സംശയിച്ചു. 

‘‘ഹേ ആർബർട്ട്’’..... സ്ത്രീ സ്വരം കേട്ട ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു നോക്കി. ട്രെയിനിന്റെ വാതിൽക്കൽ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ. തെല്ല് അദ്ഭുതത്തോടെ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.

അവൾ എന്റെ നേരെ ഒരു കവർ നീട്ടി. ഞാൻ അവളുടെ മുഖത്ത് നിന്നു കണ്ണെടുക്കാതെ ആ കവർ വാങ്ങി. അവളുടെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായിരുന്നു. കണ്ണിമ വെട്ടാതെ എന്നെ നോക്കിക്കൊണ്ട് അവളുടെ കരങ്ങൾ എന്റെ കവിളുകളെ തലോടി. ഒരു മാന്ത്രിക സ്പർശം. ലോകം കൈക്കുമ്പിളിൽ ഒതുങ്ങിയ പോലെയുള്ള അവളുടെ കണ്ണിലെ തിളക്കം എന്നെ അമ്പരപ്പിച്ചു. 

എന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു വെളിയിലേക്ക് കൈ കാണിച്ചു പൊയ്ക്കൊള്ളാൻ അവൾ ആംഗ്യം കാണിച്ചു. 

അവൾ തന്ന കവറും പിടിച്ചു ഞാൻ തിരിഞ്ഞു കുറച്ചു കൂടി മുന്നോട്ട് നടന്നു. ഇടയ്ക്കു നിന്നു തിരിഞ്ഞ് അവളെ നോക്കി. നടന്നകലുന്ന എന്നെ നോക്കി അവള്‍ അവിടെ തന്നെ ഉണ്ട്. അവൾ നോക്കി നിൽക്കെ ഞാൻ ആ കവർ പൊട്ടിച്ചു. അതിൽ ഉണ്ടായിരുന്ന പേപ്പർ കഷണം പുറത്തെടുത്ത് തുറക്കുന്നതിനിടയിൽ ഞാൻ അവളെ ഒന്നു കൂടി നോക്കി. ട്രെയിനിന്റെ വാതിൽ തന്നിലേക്ക് ചേർത്തു പിടിച്ച് അവൾ എന്നെത്തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. 

പേപ്പർ വിടർത്തി അതിലൂടെ കണ്ണോടിക്കുമ്പോൾ ഭൂമി പിളർന്നു പോയിരുന്നെങ്കിൽ എന്നു ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി. കണ്ണില്‍ ഇരുട്ട് കയറി. വീഴാതിരിക്കാൻ ഞാൻ അടുത്തുള്ള തൂണിൽ പിടിച്ചു. 

‘‘ആൽബി,

ഞാൻ ഒരിക്കൽക്കൂടി ഒന്നങ്ങനെ വിളിച്ചോട്ടെ... നീ എന്നെ മറന്നു എന്നും നിന്റെ ഓർമകളില്‍ എവിടെയും ഞാൻ ഇല്ല എന്നും നിന്റെ ആദ്യനോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലായിരുന്നു. അതുകൊണ്ടാണ് ഞാൻ ഒന്നും ഓർമ്മിപ്പിക്കാതിരുന്നത്. ഇത്രയും വായിച്ചപ്പോഴേക്കും നിനക്കെന്നെ മനസ്സിലായിക്കാണും എന്ന് എനിക്കറിയാം. 

നിന്റെ മനസ്സിൽ നിന്നും ഞാൻ ഇത്രയ്ക്കും അകന്നു പോകുമെന്നും കാലം ഒരുപാടു മാറ്റങ്ങൾ വരുത്തിയെങ്കിലും തിരിച്ചറിയാൻ പാടില്ലാത്ത പാകത്തിൽ നീ എന്നെ മറന്നു കളഞ്ഞു എന്നും മനസ്സിലായപ്പോൾ എന്റെ ജീവിതത്തിന്റെ അർ‌ത്ഥം നഷ്ടപ്പെട്ടപോലെ എനിക്ക് തോന്നിപ്പോയി. നിനക്ക് ചുറ്റും പുതിയൊരു ലോകം ഉണ്ടായെന്നു വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞ ഒരു രാത്രി മുഴുവൻ വേണ്ടി വന്നു. പരാതികളും പരിഭവവും പറയാൻ അല്ല ഇതെഴുതുന്നത്. പകരം നേരിട്ട് വന്ന് ആൽബി എന്നു വിളിക്കാനുള്ള മനക്കട്ടിയില്ലാത്തതു കൊണ്ടാണ്. അവകാശം ഇല്ലാന്ന് തോന്നിയതുകൊണ്ടാണ്. മറന്നു പോയ നിന്നെ ഞാൻ വീണ്ടും ഒന്നും ഓർമ്മിപ്പിക്കേണ്ട എന്നു കരുതിയതാണ്. പക്ഷേ, എന്റെ ജീവിതത്തിൽ എനിക്ക് ഇനി ഒരു അവസരം കിട്ടിയില്ലെങ്കിലോ എന്ന് ഒരു ഭയം. അതുകൊണ്ട്....

അന്ന് പ്രീഡിഗ്രി ക്ലാസ്സിന്റെ അവസാന ദിവസം എന്നെ ചേർത്തു നിർത്തി 'മറക്കാതെ കാത്തിരിക്കണം... ഞാൻ വരും വരെ' എന്നു നീ പറഞ്ഞപ്പോൾ എന്നിലേക്ക് ഒഴുകിയെത്തിയ ഊർജ്ജം, അതു മതിയായിരുന്നു നിന്നെ ഒരായുസ്സ് മുഴുവൻ കാത്തിരിക്കാൻ. കാത്തിരുന്നു. പത്തു വർഷം. അറിയാവുന്നിടത്തെല്ലാം നിന്നെ തേടി. എന്റെ ഫോണിലേക്ക് അറിയാത്ത നമ്പരുകളിൽ നിന്നു വിളി വരുമ്പോൾ ഞാൻ കരുതി അത് നിന്റെ വിളിയായിരിക്കുമെന്ന്. അമ്മ മരിച്ചതോടെ അച്ഛന് ഞാൻ ഒരു ഭാരമാകും എന്നു തോന്നിത്തുടങ്ങിയപ്പോൾ അവർ ചൂണ്ടി കാണിച്ചവന്റെ മുൻപിൽ രണ്ടു വർഷം മുൻപ് കഴുത്തു നീട്ടി. എന്നെക്കാൾ 15 വയസ്സു കൂടുതൽ ഉള്ള ഒരാള്‍. ഇടിഞ്ഞു പൊളിയാറായ ഇല്ലത്തെ അന്തർജ്ജനത്തിന് അതിൽ കൂടുതൽ പ്രതീക്ഷിക്കണ്ടല്ലോ, സാരമില്ല.

അച്ഛൻ മരിച്ചു. അടക്കിനു വന്നു തിരിച്ചു പോവുകയാണിപ്പോൾ. വഴിയിൽ വച്ച് ഒരു നിയോഗം പോലെ നിന്നെ കണ്ടു. പന്ത്രണ്ടു വർഷം ഞാൻ കാത്തിരുന്ന നിന്നെ കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം. അത് നിനക്ക് മനസ്സിലാകും.. നിനക്ക് മാത്രം മനസ്സിലാകും. ഈ ലോകത്ത് എന്നെ മനസ്സിലാക്കി എന്ന് എനിക്കു തോന്നിയിട്ടുള്ള ഒരേ ഒരാളല്ലേ നീ? സ്റ്റേഷനില്‍ നിന്നു വെളിയിൽ ഇറങ്ങുമ്പോൾ എല്ലാം മറന്നു കളയണം. ഈ കണ്ടുമുട്ടലും ഈ എഴുത്തും എല്ലാം. 

ഇനിയൊരിക്കലും നിന്റെ മുൻപിൽ വരരുതേ എന്നു പ്രാർത്ഥിച്ചു കൊണ്ട്

മായ.....

എന്റെ മനസ്സിന്റെ ഭാരം കണ്ണുനീർ തുള്ളികളായി പുറത്തു വന്നു. എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നി. പ്രാണനേക്കാൾ ഏറെ എന്നെ സ്നേഹിച്ചു. എനിക്കു വേണ്ടി കാത്തിരുന്ന ഒരു പെൺകുട്ടിയെ മറന്നു പുതിയ മേച്ചിൽ പുറങ്ങൾ തേടിയ എന്റെ ജീവിതത്തിന്റെ അർത്ഥമില്ലായ്മയിലേക്ക് തിരിഞ്ഞു നോക്കി. ശരീരത്തിന്റെ ബാലൻസ് തിരിച്ചു കിട്ടിയപ്പോൾ ഞാൻ തിരിഞ്ഞ് അവളെ നോക്കി. നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുള്ളികൾക്കിടയിലൂടെ ഞാൻ അവളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടു. കരയരുതെന്നും... .ഞാൻ എന്നും അവളുടെ മനസ്സിൽ ഉണ്ടെന്നും അവൾ ആംഗ്യം കാണിച്ചു. 

എന്തോ വിളിച്ചു പറയാൻ ഞാൻ തുനിഞ്ഞപ്പോഴേക്കും ട്രെയിൻ ചലിച്ചു തുടങ്ങിയിരുന്നു. അവൾ എന്നെ നോക്കി കൈ ഉയർത്തി വീശി. കണ്‍മറയും വരെ ഞാനും. അപ്പോഴും ആ മുഖത്ത് ആ പുഞ്ചിരി ഉണ്ടായിരുന്നു. 

പിന്നീട് എല്ലാം യാന്ത്രികമായിരുന്നു. ഒരിക്കൽ പ്രാണനെപ്പോലെ സ്നേഹിച്ച പെൺകുട്ടിയെ തിരിച്ചറിയാത്ത അത്ര മറന്നു പോയ എന്നെ ഞാൻ വെറുപ്പോടെ നോക്കി. ന്യായീകരിക്കാൻ പറ്റാത്തത്ര വലിയ അപരാധം.

നീ ഒന്നും പറഞ്ഞില്ല. എന്താ നിനക്ക് പറ്റിയത്? മാഗി വീണ്ടും ചോദിച്ചു. ഇത്തവണ കുറച്ച് ഉച്ചത്തിൽ ആയിരുന്നു. 

‘‘കാത്തിരിക്കാൻ പറഞ്ഞിട്ട് ഇന്ന് നിന്റെ കൺമുന്നിൽ നിന്നു ഞാൻ ദൂരെ എങ്ങോ മറഞ്ഞു പോയാൽ നീ എത്ര നാൾ എനിക്കു വേണ്ടി കാത്തിരിക്കും?’’ മറുപടിയായി ഞാൻ അവളെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു.

‘‘നീ എന്താ അങ്ങനെ ചോദിച്ചത്?’’ അവളുടെ ശബ്ദത്തിലെ മാറ്റം ഞാൻ ശ്രദ്ധിച്ചു.

‘‘പറയാം....’’

Malayalam Short StoriesMalayalam literature interviews,Malayalam Poems   

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.