Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസ്തമയം

x-default

കത്തും പിടിച്ച് ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്ന് ഓർമയില്ല. എത്ര പ്രാവശ്യം വായിച്ചെന്നും. വരികൾ മനപാഠമായിരിക്കുന്നു.

"അടുത്ത ആഴ്ച ഞാൻ വരുന്നു. മിക്കവാറും ഞായർ.. നാലു മണീടെ മെയിലിന്. സ്റ്റേഷനിൽ കാണാം.." ഇത്രേ എഴുതിയിട്ടുള്ളൂ..

ഞാൻ അറിയുന്ന അവനെ ഈ വരികളിൽ കാണാൻ കഴിയുന്നില്ല. അക്ഷരങ്ങൾക്കും പ്രായം ബാധിക്കുമോ? അഡ്രസ് ചോർന്നിരിക്കുന്നു,

കഴിഞ്ഞമാസം അരവിന്ദൻ സാർ പേരും സ്കൂളും നാളും കോളജും എല്ലാം അന്വേഷിച്ചിരുന്നു.. ഏതോ സുഹൃത്തിനു കല്യാണം ആയില്ല എന്നും പറഞ്ഞ്.

അന്നത് സ്നേഹപൂർവം നിരസിച്ചു. രണ്ടു ദിവസം കഴിഞ്ഞ് ചിരിച്ചുകൊണ്ട് വന്നു ചോദിച്ചു.

"ശ്രീദേവി ഒരു ഹരികൃഷ്ണനെ അറിയുമോ?"

ശരീരത്തിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി...

"അറിയാം"

അത്രയേ പറഞ്ഞുള്ളൂ...

അതവനായിരുന്നു.

"പരിചയം മാത്രേ ഉള്ളോ..? എന്നിട്ട്, നിങ്ങളു വലിയ സുഹൃത്തുക്കളാണെന്നാണല്ലോ ഹരി പറഞ്ഞത്?"

വെറുതെ സാറിന്റെ മുഖത്തു നോക്കി നിന്നതല്ലാതെ ഒന്നും പറയാൻ കഴിഞ്ഞില്ല..

.... .... ....

കാണണോ... ഇനി നാലു ദിവസം കൂടിയുണ്ട്. ഹോസ്റ്റലിൽ എത്തി നേരെ കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു. നീണ്ട മുടിയിൽ അവിടെയും ഇവിടെയുമൊക്ക വെള്ളിവര കാണാം.. പ്രായത്തെ കുറിച്ച് ഓർത്തത് അപ്പോഴാണ്.. മുപ്പത്തിയെട്ടു വയസ്സ്..

.... .... ....

കോളജ് മതിലിൽ ചാരിനിന്ന് ഹരി അന്നത്തെ ഡിഗ്രിക്കാരിയോട് ഇങ്ങനെ പറഞ്ഞു "നോക്കിക്കോ നാൽപതു കഴിഞ്ഞാലും ശ്രീ ഇതുപോലെ തന്നെ ഇരിക്കും. ഒരു മാറ്റവും ഇല്ലാതെ.."

"ഉം.. ഉം.. ഇരിക്കില്ല.. നിൽക്കും.." ഞാൻ കളിയാക്കി. അവൻ അതു കേട്ടു ചിരിച്ചു.. ആ ചിരിക്ക് പ്രത്യേക ഭംഗിയായിരുന്നു...

"എന്താടോ ഇത്.."

പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി... ആനി ടീച്ചർ...

"ആനിടീച്ചറ് നേരത്തെ ആണല്ലോ.."

ഞെട്ടൽ മുഖത്തു ഭാവിക്കാതെ മറുചോദ്യം എറിഞ്ഞു കൊടുത്ത് ബെഡ്ഡിൽ വന്നിരുന്നു..

"നാളെയല്ലേ സ്കൂൾ കലോത്സവം.. ഇയാള് അവധിയെടുക്ക്.. നമുക്കൊരുമിച്ച് പോകാം.." ടീച്ചർ പറഞ്ഞു..

.... .... ....

"പ്രസംഗ മത്സരം ഒന്നാം സ്ഥാനം ബി ഹരികൃഷ്ണൻ.." ഇതിപ്പോ അഞ്ചാമത്തെ ഒന്നാം സ്ഥാനമാണ്.. നാല് സർട്ടിഫിക്കറ്റുകളും എന്റെ കയ്യിൽ ഏൽപിച്ച് അവൻ പിന്നേം സ്റ്റേജിലേക്ക് കയറിപോയി. ഞാനത് അന്ന് എന്റെ അവകാശം പോലെ നെഞ്ചോട് ചേർത്ത് പിടിച്ചു..

"എന്താണ് ശ്രീദേവിക്ക് ഇത്ര ആലോചന..അമ്മേടെ എഴുത്ത് വന്നോ..? ഇന്നെന്താ കുളിക്കുന്നില്ലേ..."

ടീച്ചറു കുളിയും തുണികഴുകലും എല്ലാം കഴിഞ്ഞു വന്നു.

പതിവുകളെല്ലാം തെറ്റി. സമയം ആറേമുക്കാലായി. പെട്ടന്ന് പോയി കുളിച്ചു വന്നു. വായിച്ചു പകുതിയാക്കി വച്ച യാത്രാവിവരണം മേശപ്പുറത്തിരിപ്പുണ്ട്. അതു നോക്കിയിരിക്കാനല്ലാതെ വായിക്കാൻ തോന്നിയില്ല. ദാസന്റെയും ചന്ദ്രികയുടെയും കൂടെ പുഴയോരത്ത് കാറ്റുകൊണ്ടിരിക്കാനാണ് തോന്നിയത്. സായിപ്പിന്റെ കുതിര വണ്ടിയുടെ മണിയടി ശബ്ദം കേൾക്കാനും. യാത്രാവിവരണം മാറ്റി വച്ച് മയ്യഴിപ്പുഴയുടെ തീരങ്ങളിലേക്ക് പോയി.. താളുകൾ അധികം മറിയും മുൻപേ ദാസന് ഹരിയുടെ ഛായ വന്നു..

"ഇതിപ്പോ എത്രാമത്തെ തവണയാ ശ്രീദേവീ വായിക്കുന്നത്..?

വെറുതെ ടീച്ചറെ നോക്കി ഒന്നു ചിരിച്ചു. ഹരി തന്ന അവസാനത്തെ സമ്മാനമാണിത്. പഴയകാലം ഓർക്കുമ്പോൾ ഇടയ്ക്കിടെ ഇതെടുത്ത് വായിക്കും.. കഥയും കഥാപാത്രങ്ങളും ജീവിതമായി.. അക്ഷരങ്ങൾ ഒരു പുകമറയ്ക്ക് പിന്നിലായി.. വായിക്കാൻ കഴിയുന്നില്ല.. ബാഗ് തുറന്ന് ആ കത്തെടുത്ത് ഒന്നു കൂടി നോക്കി. എന്തിനെന്നറിയാതെ മനസ്സു വിങ്ങി. പോകണ്ട സ്റ്റേഷനിലേക്ക്..ഇത്രയും വർഷങ്ങൾക്ക് ശേഷം ഇനിയിപ്പോൾ കാണേണ്ട കാര്യമുണ്ടോ..

.... .... ....

"സർ മെയിൽ എപ്പോ എത്തും ..?"

കൗണ്ടറിൽ ഇരുന്ന കണ്ണടക്കാരൻ തുറിച്ചുനോക്കി..

"ബോർഡിൽ എഴുതി വച്ചിട്ടുണ്ടല്ലോ.." 

ശബ്ദം കനപ്പിച്ച് പറഞ്ഞു..

"ആ സമയം കഴിഞ്ഞു.."

അയാൾ വാച്ചിൽ നോക്കി..

"ങാ അര മണിക്കൂർ വൈകും.."

പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്തു ഒഴിഞ്ഞ ബെഞ്ചിൽ ഇരിക്കുകയാണ്. ഓർമകൾ വീണ്ടും പിന്നോട്ട് നോക്കാൻ തുടങ്ങി. അച്ഛനും ജേഷ്ഠൻമാരും അറിയുന്നതുവരെ മാത്രമേ ഹരിയെ മനസിൽ കൊണ്ടു നടക്കാൻ കഴിഞ്ഞുള്ളൂ... അപ്പോഴേക്കും ഡിഗ്രി റിസൽറ്റ് വന്നിരുന്നു.. തുടർന്നു പഠിക്കാനുള്ള ആഗ്രഹത്തെ എല്ലാവരും ചേർന്ന് മുളയിലേ നുള്ളി കളഞ്ഞു. വീടു നിറയെ കല്യാണ ആലോചനകളും ചർച്ചകളും മാത്രം.

ഹരിയെ കാണാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും അവരെടുത്തിരുന്നു. സമ്മതമില്ലാതെ നിശ്ചയം കഴിഞ്ഞു. അതിന്റെ നാലാം ദിവസം അറിയാൻ കഴിഞ്ഞു ഹരി ഡൽഹിക്ക് പോയെന്ന്..

അതേൽപ്പിച്ച മുറിവിൽ നിന്ന് കരകയറാൻ കുറേ ദിവസങ്ങൾ വേണ്ടിവന്നു. കല്യാണ നിശ്ചയം എന്റെ സമ്മതത്തോടെ നടന്നതാണന്ന് വിശ്വസിച്ചു കാണും. അത്രയൊക്കെയേ മനസിലാക്കിയിരുന്നുള്ളോ? പിന്നീടങ്ങോട്ട് പിടിച്ചു നിൽക്കാൻ കുറേ പാടുപെട്ടു. എത്ര വർഷങ്ങൾ കൊഴിഞ്ഞുപോയി...

"കുഞ്ഞേ ട്രെയിൻ വരുന്നുണ്ട് വാ.."

അടുത്തിരുന്ന ചേച്ചി എണീറ്റപ്പോഴാണ് ഓർമകളിൽ നിന്ന് തിരിച്ചു പോന്നത്.. നെഞ്ചിനുള്ളിൽ പെരുമ്പറ കൊട്ടാൻ തുടങ്ങി.. തൊണ്ടയിൽ വെള്ളമില്ല. വരാൻ തോന്നിയ നിമിഷത്തെ പ്രാകി. വേണ്ടായിരുന്നു. ചൂളം വിളിച്ചുകൊണ്ട് ട്രെയിൻ വന്നു നിന്നു..

"ശ്രീദേവീ.."

പരുക്കൻ ശബ്ദം പുറകിൽ നിന്ന്. നിന്നിടത്ത് നിന്നു നീങ്ങാനോ.. മുഖം തിരിച്ചു നോക്കാനോ കഴിയാത്ത വിധം പ്ലാറ്റ്ഫോമിൽ ഉറച്ചു പോയി.

ഹരികൃഷ്ണൻ..

ഒട്ടും പരിചയം തോന്നാത്ത ഒരു മദ്ധ്യവയസ്കനായിരിക്കുന്നു. അന്നത്തെ ചെറുപ്പക്കാരനിൽ നിന്ന് ഒരുപാട് മാറി. ചിരിക്കുന്നുണ്ട്..അതു പഴയ ചിരിയല്ല. ഞാൻ ചിരിച്ചൂന്ന് വരുത്തി.

"വാ പോകാം.."

എങ്ങോട്ടെന്ന് ചോദിക്കണം എന്നു തോന്നി.ശബ്ദം വരുന്നില്ല.. ഓട്ടോ സ്റ്റാന്റലേക്ക് നടന്നു.

"ശ്രീദേവിക്ക് ഒരു മാറ്റവുമില്ല കേട്ടോ.." മിണ്ടാതെ പുറകെ നടന്നു.

"ഓട്ടോയിൽ പോയാലോ.."

നാക്കു പണയം വച്ച ആളെ പോലെ പതുക്കെ തല കുലുക്കി. ഓട്ടോ ഡ്രൈവറിനോട് കോഫീഹൗസ് എന്നു പറയുന്നത് അവ്യക്തമായി കേട്ടു. കടലിനെതിർവശത്തുള്ള കോഫീഹൗസിരുന്ന് ഒരക്ഷരം മിണ്ടാതെ കാപ്പി കുടിച്ചൂന്ന് വരുത്തി..

"വാ നമുക്ക് വെറുതെ നടക്കാം.."

അതിനും തല കുലുക്കി.. ഇത്രയും അശക്തയാകാനുള്ള കാരണം അറിയില്ല. ഹരി നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ജേർണലിസം പഠിക്കാൻ ഡൽഹിയിൽ പോയത്. ജോലികിട്ടിയത്. അവിടുന്നു തന്നെ കല്യാണം കഴിച്ചത്. മോൾക്ക് ഭാര്യയുടെ സമ്മതമില്ലാതെ ശ്രീദേവി എന്നു പേരിട്ടത്..വർഷങ്ങൾക്ക് ശേഷം നാട്ടിൽ വന്നപ്പോ അന്വേഷിച്ചു വീട്ടിൽ പോയത്..

പണ്ട് ഞാനായിരുന്നു വാ തോരാതെ സംസാരിച്ചിരുന്നത്... ഹരി നല്ല കേൾവിക്കാരനും. ഇന്നിപ്പോൾ എനിക്ക് പറയാനൊന്നുമില്ല. സൂര്യാസ്തമയം നോക്കി കുറേ നേരം നിശ്ശബ്ദരായി നിന്നു.. ഓട്ടോയിൽ ഹോസ്റ്റലിൽ കൊണ്ടുവിട്ടു..

"ശ്രീ.. ഞാൻ മൂന്ന് ദിവസം ഇവിടെ കാണും.."

"ഉം.."

"ശരി എന്നാൽ കാണാം.."

ഗേറ്റ് തുറന്നു തന്നു..

ഒന്നു മടിച്ചു നിന്ന ശേഷം ബാഗിൽ നിന്ന് ഒരു പൊതി എടുത്തു കൊടുത്തു..

"എന്താ ഇത്.."

"ഇതു മാത്രമേ എന്റെ കയ്യിൽ ബാക്കിയായുള്ളൂ.. ഓർമകൾ എനിക്ക് വേദനകൾ മാത്രമേ തരുന്നുള്ളു ഹരീ.." തിരിഞ്ഞു നടക്കുമ്പോൾ മനസ്സിൽ കണ്ടു. ഒന്നും പറയാൻ കഴിയാതെ മയ്യഴിപ്പുഴയുടെ തീരങ്ങളും നോക്കി നിൽക്കുന്ന ഹരിയെ.. ഒന്നു മാത്രം മനസ്സിലായില്ല എന്തിനായിരുന്നു ഈ വരവ്..

Malayalam Short StoriesMalayalam literature interviews,Malayalam Poems     

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.