Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറുമാടത്തിലെ പ്രണയം

x-default

സാഹചര്യങ്ങൾ ഒറ്റപ്പെടുത്തിയപ്പോൾ ചിതറിപ്പോകുന്ന ചിന്തകളിലേക്ക് എപ്പോഴത്തെയും പോലെ റിയ കടന്നു വന്നു. പരസ്പരം ഇഷ്ടം പറഞ്ഞ പ്രേമമാണെങ്കിലും അവളിൽ അകൽച്ചയുടെ നിഴൽ തോന്നലായി പടർന്നിരുന്നു. ഫോണ്‍ വിളിക്കുമ്പോഴും, നേരിൽ കണ്ട് സംസാരിക്കുമ്പോഴും അഖിൽ എന്നു വിളിക്കേണ്ടി വരുമ്പോൾ പ്രണയത്തിലേക്കാളുപരി ആധികാരികതയാണ് അനുഭവപ്പെട്ടിരുന്നത്. ഒരാഴ്ചത്തെ ജോലി സമ്മാനിച്ച മടുപ്പ് വല്ലാതെ അലട്ടിയപ്പോളാണ് ഔട്ടിംഗിന് പോകാൻ വേണ്ടി അവളെ വിളിച്ചത്. ഒട്ടും മടിയില്ലാതെ അപ്പോൾ തന്നെ അവൾ അത് നിരസിച്ചു. "വേണമെങ്കിൽ ഫോണിൽ അൽപനേരം സംസാരിക്കാം. പുറത്ത് പോകാനൊന്നും അവളില്ലെന്ന് ".

മടുപ്പിൽ നിന്നും വഴുതി മരവിപ്പിലേക്ക്.  

അവൾ വരാൻ സമ്മതിച്ചിരുന്നേൽ അവിടേക്ക് ഒരു വട്ടം കൂടി പോകാമായിരുന്നു. സസ്പൻസാക്കി കൊണ്ടുപോയി സർപ്രൈസാക്കാമെന്ന് കരുതിയതാ. ചമ്മിപ്പോയി!

നഗരത്തിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞു മാറി ശാന്തമായ അന്തരീക്ഷത്തിൽ ഒതുങ്ങികൂടി നിൽക്കുന്ന "കണ്ടൽ തുരുത്ത്" അവിടേക്കായിരുന്നു അവളുമായി പോകുവാൻ തിരുമാനിച്ചത്. റിയയുമായി അടുക്കുന്നതിന് മുൻപാണ് ഒരു തവണ അവിടെ പോയത്. അവൾ വന്നിരുന്നേൽ ആ വലിയ മരത്തിന്റെ ചുവട്ടിലെ ബുദ്ധന്റെ പ്രതിമയ്ക്കൊപ്പം കുറെ നേരം ഇരിക്കാമായിരുന്നു. പിന്നെ അവളുമായി ഏറുമാടത്തിൽ കയറി നിന്ന് തുരുത്തിന്റെ മൊത്തം കാഴ്ച അവളോടൊപ്പം ഒന്നുകൂടി കാണാൻ ആഗ്രഹിച്ചത് അത്രയ്ക്ക് മനോഹരമായത് കൊണ്ടായിരുന്നു. വലിയ മരങ്ങളുടെ ചില്ലയിൽ തൂങ്ങി കിടക്കുന്ന വവ്വാലുകളുടെ കൂട്ടവും അവയുടെ കരച്ചിലും ചിലപ്പോൾ അവളെ പേടിപ്പെടുത്തുമായിന്നിരിക്കാം. പക്ഷേ, മൊബൈലിന്റെ റിംഗ് അവനെ കണ്ടൽ തുരുത്തിന്റെ ഓർമകളിൽ നിന്നും കമ്പ്യൂട്ടർ ഡെസ്കിലിരുന്ന മൊബൈലിലേക്ക് വലിച്ചിഴച്ചു.

റിയ കോളിങ്.. "അൽപനേരം സംസാരിക്കാനായിരിക്കും." അവൻ മൊബൈൽ സൈലന്റ് മോഡിലാക്കി വെച്ചു. പിന്നെയും റിയ കോളിങ്... മനസ്സില്ലാ മനസോടെ അവൻ കാൾ അറ്റൻഡ് ചെയ്തു. പരാതി പറച്ചിലിന്റെ മുഖഭാവം മാറി മറഞ്ഞ് അഖിലിന് സന്തോഷ ഭാവം വരുന്നു. അവൾ ഔട്ടിംഗിന് വരാൻ സമ്മതിച്ചിരിക്കുന്നു. അവൻ സന്തോഷത്തോടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചാടുന്നു. പക്ഷേ, ഒരു കാര്യം അവൾ ഓർമിപ്പിച്ചു. "ബൈക്കിന്റെ പിന്നിലിരുന്ന് വരാൻ അവളില്ല സ്ഥലം പറഞ്ഞാൽ അവിടേക്ക് വാരാമെന്ന്." മതി... അത് മതില്ലോ!!! അഖിൽ ജീൻസും, ടീ ഷർട്ടും എടുത്തിട്ടു. പിന്നെ അത് ഊരിയിട്ട് പാന്റ്സും, ഷർട്ടും ഇട്ടു. ഓടിപ്പോയി സോക്സും, കാൻവാസ് ഷുവും വലിച്ച് കേറ്റി ഇട്ടു. ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത്‌ കുറെ ദൂരം പോയി കഴിഞ്ഞാണ് അവൻ ഓർത്തത് അവൾ ബസിലാണല്ലോ വരുന്നതെന്ന്. ബൈക്ക് തിരികെ കൊണ്ടുവന്ന് വെച്ചിട്ട് ബസ്‌ സ്റ്റോപ്പിലേക്ക് നടന്നു. റിയയെ മൊബൈലിൽ വിളിച്ചിട്ട് ഇറങ്ങേണ്ട സ്റ്റോപ്പ്‌ പറഞ്ഞു കൊടുത്തു. രണ്ടാമത് ഒന്നു കൂടി വിളിച്ചതിന് റിയയുടെ വഴക്കും വാങ്ങി. അവൻ ബസ്സിൽ കയറി. ഇറങ്ങേണ്ട സ്റ്റോപ്പ്‌ ആയില്ല! അഖിൽ റോഡരുകിൽ കണ്ട ഒരു ബേക്കറിയുടെ മുൻപിലേക്ക് ചാടി ഇറങ്ങി. ബേക്കറി ഉടമയും പറഞ്ഞു, കണ്ടക്ടറും പറഞ്ഞു, യാത്രക്കാരും പറഞ്ഞു... "ഹാവ് എ നൈസ് ഡേ"! എന്ന്. അവന് അങ്ങനാണ് തോന്നിയതെങ്കിലും അവർ പറഞ്ഞത് ഒന്നാം ക്ലാസ്സ്‌ പച്ചതെറി ആയിരുന്നുവെന്ന് അവരുടെ മുഖ ഭാവങ്ങളും ആക്ഷനും വ്യതമാക്കി. ബേക്കറിയിൽ നിന്നും ബൾഗറും, പെപ്സിയും വാങ്ങി വലിയ ഗമയിൽ നടന്നിറങ്ങിയപ്പോൾ "പൈസ നിന്റെ മറ്റവൻ തരുമോ"... എന്ന് ബേക്കറി ഉടമ അലറി വിളിച്ചു കൊണ്ട് അഖിലിന്റെ കോളറിനെല്ലാം കൂടി കുത്തി പിടിച്ച് ചോദിച്ചപ്പോൾ ഒരുമ്മ കൊടുക്കാനാണ് അവന് തോന്നിയത്. ബാലൻസ് പോലും വാങ്ങാതെ അടുത്ത ബസ്സിൽ കയറി റിയയോട് പറഞ്ഞ സ്റ്റോപ്പിൽ ഇറങ്ങി നിൽപ്പായി. 

"റിയ സാരി ഉടുത്തായിരിക്കുമോ വരുന്നത്... ഏയ് സാധ്യതയില്ല! ചിലപ്പോൾ  ഉടുത്താലോ...?" അഖിൽ ബസ്‌സ്റ്റോപ്പിലെ ഷെഡിന് മുന്നിലുടെ അങ്ങോട്ടും, ഇങ്ങോട്ടും നടന്നാലോച്ചിച്ചു. "സാരി ഉടുത്ത് ഇതുവരേയും കണ്ടിട്ടില്ല .ആദ്യമായിട്ട് ഔട്ടിംഗിന് വരുന്നതല്ലേ... കൂട്ടുകാരികളുടെ പ്രേരണമൂലം ഉടുത്താലോ? എന്തെങ്കിലും ആട്ടെ എന്ന രീതിയിൽ ഷെഡിന്റ സൈഡ് ബെഞ്ചിലിരുന്നു. കുറേ നേരമായിട്ടും റിയയെ കാണാത്തതു കൊണ്ട് അവൻ മൊബൈലിൽ വിളി തുടങ്ങി. റിംഗ് ചെയ്ത് നിന്നതിന്റെ ദേഷ്യം അവന്റെ മുഖത്തുണ്ട്. ഒന്നു കൂടി കോൾ ചെയ്യാൻ തുടങ്ങുമ്പോഴേക്കും ഒരു ബസ്സ്‌ സ്പീഡിൽ വന്നു നിന്നു. ബസ്സിൽ നിന്നും റിയ ഇറങ്ങി അവന്റെ അടുത്തേയ്ക്ക് നടന്നു. അവൻ ഇതു വരെയും കണ്ട റിയയെ ആയിരുന്നില്ല അപ്പോൾ അവിടെ കണ്ടത്. ആ അന്താളിപ്പ് ഉള്ളിലിരുത്തി കൊണ്ട് അവൻ മനസ്സിൽ പറഞ്ഞു "ഇതു പോലെ ഒരു ഡൾ കളർ ചുരിദാർ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല". അവൻ അവളുടെ അടുത്തേക്ക് നടന്ന് വളരെ സന്തോഷം വരുത്തികൊണ്ട്  ചോദിച്ചു "യാത്ര എങ്ങനെ ഉണ്ടായിരുന്നു... ബസ്സിൽ തിരക്കുണ്ടായിരുന്നോ?". കൂടുതൽ ചോദ്യങ്ങളൊന്നും വേണ്ട... എങ്ങോട്ടാണ് പോകേണ്ടതെന്ന് വെച്ചാൽ വാ പോകാം..." അവൾ കൂടുതൽ ഗൗരവഭാവത്തിൽ നിൽക്കുകയാണ്. അവൻ പിന്നീടൊന്നും മിണ്ടാതെ അവിടെ നിന്നും നടന്നു തുടങ്ങി. ഇടയ്ക്ക് അവന്റെ കയ്യിലിരുന്ന സ്നാക്സും, കവറും അവളുടെ കയ്യിൽ കൊടുക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും, നടപ്പിന്റെ വേഗത കൂട്ടിയതല്ലാതെ കവറിൽ എന്താണെന്ന് പോലും അവൾ ചോദിച്ചില്ല. കുറേ ദൂരം പിന്നിട്ടപ്പോൾ എന്തോ ചോദിക്കാനായി അവൾ നിന്നു. 

അഖിൽ സന്തോഷത്തോടെ അവളുടെ അടുത്തേക്ക് പെട്ടെന്ന് ചെന്നു. "നാശം പിടിച്ച സ്ഥലം എത്താറായില്ലേ..." അവൾ ദേഷ്യത്തോടെ ചോദിച്ചു. അവൻ പല്ലിറുമ്മികൊണ്ട് ആഞ്ഞു നടന്നു. റിയ പിറുപിറുത്തു കൊണ്ട് പിറകേയും. കണ്ടൽ തുരുത്ത് അടുക്കാറാകുന്തോറും നഗരത്തിന്റേതായ തിരക്കുകൾ കുറഞ്ഞു തുടങ്ങി. വാഹനങ്ങളുടേയും, ആളുകളുടേയും പോക്കും, വരവും നന്നേ കുറഞ്ഞിരിക്കുന്നു. നേരിയ തണുത്ത കാറ്റ് വിശുന്നുണ്ട്. കണ്ടൽ തുരുത്തിന്റെ പ്രധാന കവാടം വലിയ മതിലാൽ ചുറ്റപ്പെട്ടതാണ്. ആ മതിൽ നീണ്ടു നിവർന്ന് കിടക്കുകയാണ്. മതിലിനെ പറ്റിച്ചേർന്ന് ഇടതുർന്ന വള്ളിച്ചെടികൾ കെട്ടിപ്പുണരുന്നുണ്ട്. മതിലിന്റെയും, റോഡിന്റെയും വശങ്ങളിലായി ചെറുതും, വലുതുമായ ചെടികൾ മതിലിനെ തൊട്ടുരുമ്മികൊണ്ട് കിന്നാരം പങ്കുവെയ്ക്കുന്നു. മതിലകത്ത് നിൽക്കുന്ന മരങ്ങളിൽ പല തരത്തിലുള്ള കിളികൾ ചേക്കേറുന്നുണ്ട്. അഖിൽ കണ്ടൽ തുരുത്തിനെ മനസ്സിലേക്ക് ആവാഹിച്ച്‌ കഴിഞ്ഞിരിക്കുന്നു. റിയയുടെ മുഖത്ത് ചെറിയ പരിഭ്രാന്തി അലട്ടുന്നുണ്ട്. അവൾ നടത്തത്തിന്റെ വേഗം കൂട്ടി അഖിലിനടുത്തേക്ക് നടന്നു. കുറേ നേരത്തെ നടത്തത്തിനു ശേഷം അവർ കണ്ടൽ തുരുത്തിന്റെ പ്രധാന കവാടത്തിന് മുൻപിലെത്തി. അഖിൽ അകത്തേക്ക് കയറി കൊണ്ട്  "ആശ്വാസമായി... ഇന്ന് വലിയ തിരക്കില്ല. കുറേ സമയം സ്വസ്ഥമായിരിക്കാം..." റിയ എന്താ അവിടെ തന്നെ നിൽക്കുന്നത്...? ഇതാണ് കണ്ടൽ തുരുത്ത്... ഇഷ്ടപ്പെട്ടോ...?" റിയ കവാടത്തിനുള്ളിലേക്ക് കടന്നു കൊണ്ട് മൊത്തത്തിൽ വീക്ഷിച്ചു. അവിടുത്തെ ശാന്തതയും, ശുചിത്വവും അവൾക്ക് ഇഷ്ടപ്പെട്ടു. എങ്കിലും ഒരു തൃപ്തിയില്ലായ്മ അവളെ അലട്ടുന്നുണ്ട്. അഖിൽ ബുദ്ധ പ്രതിമയെ ലക്ഷ്യമാക്കി നടക്കുകയാണ്. വലിയ ഒരു വൃക്ഷവും, അതിനു ചുറ്റുമായി വൃക്ഷതറയും, നടുക്കായി രണ്ട് കാൽവണ്ണയും കാണും വിധം ചമ്രം പടിഞ്ഞും, കൈകൾ കാൽവണ്ണയിൽ വെച്ചും, കണ്ണുകളടച്ച്‌ ഗാഡമായി പ്രാർത്ഥിക്കുന്ന ബുദ്ധ പ്രതിമ. അഖിൽ ബുദ്ധനെ തന്നെ നോക്കി നിന്നു. റിയയും അങ്ങോട്ടേക്ക് നടന്നുവന്നു. എന്നിട്ട് ബുദ്ധന്റെ അരികിലേക്ക് മാറി ഇരുന്നു. കണ്ണുകളടച്ച്‌ ഒരു ദീർഘനിശ്വാസം വിട്ടു. അതു കണ്ട് സന്തോഷത്തോടെ അഖിലും ബുദ്ധന്റെ മറു വശത്ത്  ഇരുന്നു. ബുദ്ധനോടൊപ്പം അവരും നിശബ്ദത പങ്കിട്ടു.

കുറച്ച് ദൂരെയായി കണ്ടൽക്കാടുകൾ ഇളക്കുന്ന ചേറിന്റെ മണം കാറ്റിലൂടെ വരുന്നുണ്ടെങ്കിലും മറുവശങ്ങളിൽ നട്ടു പിടിപ്പിച്ചിരിക്കുന്ന ഔഷധച്ചെടികൾ അത് തടുക്കുന്നുണ്ട്. വവ്വാലുകളുടെ കൂട്ടകരച്ചിൽ ഇടയ്ക്ക് ഭീതി പരത്തി. അഖിൽ ഇടയ്ക്കിടയ്ക്ക് ഏറുമാടത്തിലേക്ക് നോക്കുന്നുണ്ട്. വലിയ ഒരു മരത്തോട് ചേർന്നാണ് ഏറുമാടം നിൽക്കുന്നത്. മരത്തെ ചുറ്റിപ്പിണഞ്ഞ് പോകുന്ന ഇരുമ്പ് കോണിപ്പടിയിലൂടെ നാലഞ്ച്‌ സന്ദർശകർ കേറിപ്പോകുന്നുണ്ട്.

ഇനി അവർ ഇറങ്ങിയാലേ അടുത്ത ആളുകൾക്ക് കേറാൻ പറ്റു... താഴെ ഒരു ബോർഡിൽ എഴുതി വെച്ചിട്ടുണ്ട് "ഒരേ സമയം അഞ്ചിൽ കൂടുതൽ ആളുകൾ കയറാൻ പാടുളളതല്ല." 

അഖിൽ ഇടയ്ക്കിടയ്ക്ക് അവർ ഇറങ്ങുന്നുണ്ടോയെന്ന് ശ്രദ്ധിക്കുന്നുണ്ട്. ആ സമയം അവരുടെ അടുത്തേക്ക് ഒരു വൃദ്ധൻ നടന്നു വന്നിട്ട് പറഞ്ഞു. "ഇവിടെ വരുന്ന സന്ദർശകർ അവരുടെ അഡ്രസ്സും ഫോണ്‍ നമ്പറും രേഖപ്പെടുത്തേണ്ടതാണ്." അതു കേട്ട് അഖിൽ എഴുന്നേറ്റു അതൊക്കെ ചെയ്തോളാം... ഇപ്പോൾ അപ്പൂപ്പൻ ഞങ്ങൾ ബുദ്ധനോടൊപ്പം ഇരിക്കുന്ന ഫോട്ടോ എടുത്തു തരുമോ എന്നു ചോദിച്ച് അഖിൽ മൊബൈലിന്റെ ക്യാമറ ഓണ്‍ ചെയ്ത് അപ്പൂപ്പന്റെ കയ്യിൽ കൊടുത്തിട്ട് സ്ക്രീനിൽ ടച്ച്‌ ചെയ്യേണ്ട രീതി പറഞ്ഞു കൊടുത്തു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന റിയ പിറുപിറുക്കുന്നു. "ഈ കിളവൻ ആദ്യമായിട്ടാണ് ക്യാമറ മൊബൈൽ കാണുന്നത് തന്നെ." അപ്പൂപ്പൻ പല തവണ നോക്കിയിട്ടും നടക്കുന്നില്ല. പല തവണ ക്ലിക്ക് ആയെങ്കിലും അതിലൊന്നും കൃത്യമായി അവർ പതിഞ്ഞിരുന്നില്ല. രണ്ടു മൂന്ന് തവണ അഖിൽ ചെന്ന് അപ്പുപ്പനെ പഠിപ്പിച്ചു കൊടുത്തു. റിയ സഹികെട്ട് ഇരിക്കുകയാണ്. അപ്പൂപ്പനാണെങ്കിൽ വാശിയും. അവസാനം ഒരെണ്ണം ഒപ്പിച്ചെടുത്തു. മൊബൈൽ തിരികെ കൊടുത്തിട്ട് അപ്പൂപ്പൻ നടന്ന് കൊണ്ട്  "ഇത്രേം കഷ്ടപ്പെടെണ്ട കാര്യമുണ്ടായിരുന്നോ മോനേ... ഒരു 'സെൽഫി'എടുത്താൽ മതിയായിരുന്നല്ലോ...? അതല്ലേ ഇപ്പോഴത്തെ രീതി"... 

ഇത് കേട്ടിട്ട് അഖിലും, റിയയും പരസ്പരം അന്താളിപ്പോടെ നോക്കി ഇരുന്നുപോയി. "അപ്പൂപ്പൻ തോൽപ്പിച്ച് കളഞ്ഞല്ലോ...?" അഖിൽ എറുമാടത്തിലേയ്ക്ക് നോക്കി. ഏറുമാടത്തിൽനിന്നും ആളുകൾ തിരികെ ഇറങ്ങുന്നുണ്ടായിരുന്നു. എല്ലാവരും ഇറങ്ങി കഴിഞ്ഞപ്പോൾ അഖിൽ റിയയുടെ കൈക്ക് പിടിച്ചുകൊണ്ട് ഏറുമാടത്തിലേക്ക്‌ ഓടി. അവൻ ആവേശത്തോടെ അവളുടെ കൈയ്ക്ക് പിടിച്ചുകൊണ്ട് വളരെ പെട്ടെന്നു രണ്ട് മൂന്ന് ചുറ്റു കോണിപ്പടികൾ വലിഞ്ഞ് കേറി മുകളിലെത്തി. അഖിൽ കിതച്ച് കൊണ്ട് അവളുടെ കൈ വിടുവിച്ച് ഏറുമാടത്തിന്റെ ഒരു വശത്തേക്ക്‌ നടന്നു നീങ്ങി ചുറ്റുപാടും നോക്കി. വലിയ മരങ്ങളിൽ കിഴക്കാം തൂക്കായി കിടക്കുന്ന അനേകം വവ്വാലുകളെ കൈ ചുണ്ടികൊണ്ട് റിയയോട്‌ അങ്ങോട്ട്‌ നോക്കാനായി പറഞ്ഞ് തിരിയുമ്പോൾ അവശതയോടെ കിതക്കുകയായിരുന്നു റിയ. വെള്ളം വെള്ളം എന്നു പറഞ്ഞ് ആംഗ്യം കാണിക്കുന്നത് കണ്ടിട്ട് അവൻ പെട്ടെന്ന് കയ്യിലിരുന്ന കവറിൽ നിന്നും പെപ്സി പൊട്ടിച്ച്‌ അവൾക്ക് നീട്ടി. അവൾ അതുവാങ്ങി കുടിച്ചുകൊണ്ട് താഴേക്ക് ഇരിക്കുന്നു. അവനും കൂടെ ഇരുന്നുകൊണ്ട്; "എന്താ റിയ... എന്തു പറ്റി"... അവൾ കിതച്ച് കൊണ്ട്; എന്ത് പറ്റിയെന്നോ... കുത്തനെ ഉള്ള ഈ കോണിപ്പടി വലിച്ച് കേറ്റിയിട്ട്... ഞാനീ കുന്ത്രാണ്ടത്തിൽ ആദ്യമായിട്ടാ കേറുന്നേ... എന്തൊരു കുലുക്കമാണ്... എനിക്ക് പേടിയാവുന്നു" അഖിൽ എഴുന്നേറ്റു കൊണ്ട്;"ശ്ശെടാ ഇങ്ങനെ പേടിച്ചാലോ? കുറച്ചു നേരം അവിടെതന്നെ ഇരുന്നു വിശ്രമിക്ക്... പിന്നെ ചുററും നോക്കി കണ്ടിട്ട് പതുക്കെ ഇറങ്ങാം..."അവൻ കുറച്ച് നീങ്ങി കൊണ്ട്... ഞാൻ ആ വവ്വാൽ കുട്ടത്തെ ഒന്നു നോക്കട്ടേ..? അഖിൽ പെട്ടെന്നു നടന്ന് നീങ്ങിയപ്പോൾ ഏറുമാടം മൊത്തത്തിൽ ഒന്ന് ഉലഞ്ഞു നിന്നു. അതിൽ റിയാ വെപ്രാളപ്പെട്ട് കൊണ്ട്; "അനങ്ങാതെ എന്റെ കൂടെ ഇരിക്കുന്നുണ്ടോ... അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഈ കുന്ത്രാണ്ടം കുലുക്കാതെ!!! എനിക്ക് അമ്മയെ കാണണം...!!! അഖിൽ ഞെട്ടി തിരിഞ്ഞ് കൊണ്ട്..."ങ്ങേ! അമ്മയെ കാണണമെന്നോ? എന്തൊക്കെയാ ഈ പെണ്ണ് പറയുന്നേ? വെറുതെ എന്നെയും കൂടി പേടിപ്പിക്കാതെ... അവൾ അതൊന്നും കേൾക്കാതെ ഏറുമാടത്തിന്റെ തുണിൽ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. 

അമ്പരപ്പ് മാറി അവന് പേടിയായി തുടങ്ങി. കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ഭയത്താൽ അവൻ നിന്നിടുത്തു നിന്നും നടന്നു നീങ്ങാൻ ശ്രമിച്ചപ്പോൾ ഏറുമാടം പിന്നെയും കുലുങ്ങി. അപ്പോൾ റിയയുടെ കരച്ചിലിന്റെ ശക്തി കൂടി. കരച്ചിൽ കേട്ട് താഴെ നിന്നും കുറച്ച് സന്ദർശകരും, അപ്പൂപ്പനും ചോദ്യങ്ങൾ തുടങ്ങി. അഖിൽ ഒരു വിധത്തിൽ കാര്യങ്ങൾ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി. താഴെ നിന്നവരോട് അഖിൽ ഉച്ചത്തിൽ സംസാരിച്ചപ്പോഴും അപമാനഭാരത്താലും അവൾ ഉറക്കെ ഉറക്കെ കരഞ്ഞു. ഈ വെപ്രാളത്തിനിടയിൽ റിയ അവളുടെ അമ്മയേയും, കുട്ടുകാരികളേയും ഫോണ്‍ വിളിച്ചു പറഞ്ഞു. ഏറുമാടത്തിന്റെ താഴെ നിന്നും ഒരാൾ മുകളിലേക്ക് വരാൻ ശ്രമം നടത്തിയെങ്കിലും കോണിപ്പടി കയറിയപ്പോൾ ഏറുമാടം ആടി ഉലഞ്ഞു. റിയ വാവിട്ട് കരയാനും തുടങ്ങി. അഖിൽ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും; പാഴായിപ്പോയതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. അൽപസമയം കഴിഞ്ഞപ്പോൾ റിയയുടെ അമ്മയും, അച്ഛനും, കുറച്ചു ഫ്രണ്ട്സും ഏറുമാടത്തിന്റെ താഴേക്ക് ഓടി വന്നു. അമ്മയെ കണ്ടതും റിയ അലറി കരയാൻ തുടങ്ങി. "അമ്മേ... എനിക്ക് പേടിയാവുന്നേ... താഴേക്കിറങ്ങാൻ പറ്റുന്നില്ല... ഈ കാലമാടൻ എന്നെ കൊല്ലാൻ കൊണ്ടു വന്നതാണോ?" ഇതു കേട്ട് അഖിൽ തലയിൽ കൈവെച്ച് കൊണ്ട് ഏറുമാടത്തിന്റെ തൂണിനടുത്തേക്ക് നിരങ്ങി നീങ്ങി ഇരുന്നിട്ട് തല തൂണിലിടിച്ചു. അമ്മ ഏറുമാടത്തിലേക്ക് കേറാൻ ശ്രമിച്ചപ്പോൾ അവിടെ കൂടി നിന്നവർ നേരത്തെ പാളിയ ശ്രമത്തെ ഓർമിപ്പിച്ചു കൊണ്ട് തടഞ്ഞു. അഖിലിന്റെ ഒന്നുരണ്ട് ഫ്രണ്ട്സും അവിടേക്ക് എത്തി. റിയയുടെ അച്ഛനാണെങ്കിൽ ആരയൊക്കെയോ ഫോണിൽ വിളിക്കുകയും ഇടയ്ക്ക് അഖിലിനെ രൂക്ഷമായി നോക്കി ശകാരിക്കുകയും ചെയ്യുന്നുണ്ട്.

ഉച്ചവെയിലേറ്റ് തുടങ്ങിയപ്പോൾ വാവലുകൾ ചിറകുകളൊക്കെ ഇളക്കി അടിച്ചു ഒതുക്കി കൊണ്ട് ഉറക്കെ ഉറക്കെ ശബ്ദമുണ്ടാക്കി. കരഞ്ഞ് തളർന്നെങ്കിലും റിയ എങ്ങലടിച്ചു കൊണ്ടിരുന്നു. അപ്പൂപ്പൻ വിളിച്ചതനുസരിച്ചു ഫയർ ഫോഴ്സുകാർ തുരുത്തിലെത്തി കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. ഒരു ഓഫീസർ താഴെനിന്നു കൊണ്ട് അഖിലിനോട് എങ്ങനെയെങ്കിലും റിയയെ ഇരുന്നിടത്ത് നിന്നും അൽപം അങ്ങോട്ടോ, ഇങ്ങോട്ടോ നീക്കാൻ നിർദ്ദേശം കൊടുക്കുന്നു. ആ സമയം തന്നെ വേറൊരു ഓഫീസർ അവരുടെ ഏണി മരത്തിൽ ചാരി വെച്ച് അതിലൂടെ കേറി റിയ ഇരിക്കുന്ന വശത്ത് എത്തി സമാധാന വാക്കുക്കൾ കൊണ്ട് അനുനയിപ്പിക്കാൻ ശ്രമിക്കുന്നു കൂടെ അഖിലും. അതെല്ലാം അവൾ കരഞ്ഞു കൊണ്ട് കേൾക്കുന്നുണ്ടെങ്കിലും അവസാനം അവരോടായി പറഞ്ഞു."ഒരു തരത്തിലും എനിക്ക് ഈ ഏറുമാടത്തിന്റെ കുത്തനെയുള്ള കോണിപ്പടികൾ ഇറങ്ങാൻ പറ്റില്ല. താഴോട്ടു നോൽക്കുമ്പോൾ തന്നെ പേടിയാവുന്നു. അഖിലേ........ എനിക്ക് പേടിയാടാ...  അവൾ ഏങ്ങലടിച്ചു കരയാൻ തുടങ്ങി. അഖിലിന്റെ കണ്ണും നിറഞ്ഞു. ഓഫീസർ ഏണിയിലൂടെ താഴേക്ക് ഇറങ്ങി കൊണ്ട്. "ശരി ശരി... മോള് വിഷമിക്കണ്ടാ... അഖിലേ... നീ ധൈര്യം കൈ വിടാതെ അവളെ സമാധാനിപ്പിച്ചു കൊണ്ടിരിക്ക്." 

താഴെ എത്തിയ ഓഫീസർ മറ്റ് ഓഫീസറുമാരുമായി കൂടി ആലോചിച്ച് എന്തോ പ്ലാൻ ചെയ്യുന്നു. ഒരു ഓഫീസർ അഖിലിന്റെ ഫോണ്‍ നമ്പർ വാങ്ങി അഖിലിനോട് ഫോണിൽ സംസാരിക്കുന്നു. ഫോണ്‍ വെയ്ക്കുമ്പോൾ അവൻ താഴെ നിന്ന ഓഫീസറെ ഇത് നടക്കുവോ എന്ന ഭാവത്തിൽ നിരാശയോടെ നോക്കുന്നു. കുറച്ച് ഓഫീസേഴ്സ് വെളിയിലേക്ക് ഓടുന്നു. ഫയർ ഫോഴ്സിന്റെ വരവും, എങ്ങനെ ഒക്കെയോ കേട്ടറിഞ്ഞും ആളുകൾ തുരുത്തിലേക്ക് വന്നുകൂടി. അച്ഛനും, അമ്മയും, ഫ്രണ്ട്സും, അപ്പൂപ്പനും, മറ്റുള്ളവരും ടെൻഷൻ നിറഞ്ഞ് വിർപ്പുമുട്ടി അങ്ങിങ്ങായി ഇരിന്നു. അങ്ങോട്ടേക്ക് നാലഞ്ച് ഓഫീസേഴ്സ് വലിയ വല ചുമന്നു കൊണ്ട് വരുന്നു. മറ്റ് ഓഫീസേഴ്സും അവിടെ നിന്നവരും കൂടി എറുമാടത്തിന്റെ ചുറ്റിനും വരത്തക്ക രീതിയിൽ വല വലിച്ചു കെട്ടി. ഒന്നുരണ്ടു പേർ; കെട്ടിയ വലയിൽ കേറി ചാടി നോക്കി സുരക്ഷ ഉറപ്പു വരുത്തുന്നു. എന്നിട്ട് ഒരു ഒഫീസർ അഖിലിനെ ഫോണിൽ വിളിച്ചു. അവൻ മനസ്സില്ലാ മനസ്സോടെ തലയാട്ടികൊണ്ട് ഫോണ്‍ വെച്ചു. താഴെ തളർന്ന് കിടന്നു കരയുന്ന റിയയോടായി ദേഷ്യം വരുത്തികൊണ്ട്... "നിന്നെ കൊല്ലാൻ കൊണ്ടു വന്നതല്ല ഞാൻ... നിന്നോടൊപ്പം അല്പനേരം ചിലവഴിക്കണമെന്നേ ഉള്ളായിരുന്നു. അതിങ്ങനെ പുലിവാലാകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. എനിക്കു മതിയായി. എല്ലാവരുടെയും മുന്നിൽ ഞാൻ തെറ്റുകാരനായി. എന്തായാലും നിന്റെ വീട്ടുകാരും, നാട്ടുകാരും എന്നെ വെറുതെ വിടില്ല... നീ വരുന്നെങ്കിൽ എന്റെ കൂടെ ഇറങ്ങി വാ... അല്ലേൽ ഇവിടെ കിടന്ന് പണ്ടാരമടങ്ങ്." അഖിൽ അത്രയും പറഞ്ഞു കൊണ്ട് ഇറങ്ങാൻ ഭാവിയ്ക്കുന്നു. അവൾ പെട്ടെന്ന് തൂണിൽ നിന്നും പിടി വിട്ട് ചാടി എഴുന്നേറ്റ് അവന്റെ കൈക്ക് കേറിപ്പിടിച്ചു."പ്ലീസ് അഖിൽ... എന്നെ ഒറ്റക്കാക്കി പോകരുത്". സത്യമായിട്ടും എനിക്ക് ഇറങ്ങാൻ കഴിയാത്തതു കൊണ്ടാണ്. പിന്നെ പേടിച്ച് അങ്ങനൊക്കെ പറഞ്ഞു പോയതാണ്..." അവൻ അവളെ ചേർത്തു പിടിച്ച് കൊണ്ട്, "എങ്കിൽ ഇനിയും താഴെ ഇരിക്കരുത്. അമ്മയ്ക്ക് നിന്നോട് എന്തോ പറയണമെന്ന്. താഴെ നിന്നും ഉറക്കെ സംസാരിക്കാൻ പറ്റാത്തതു കൊണ്ട് ഫോണിലേക്ക് വിളിക്കും. അവൻ അവളെയും കൊണ്ട് പയ്യെ നിങ്ങാൻ ശ്രമിച്ചു. ഫോണ്‍ റിംഗ് ചെയ്തപ്പോൾ അറ്റൻഡ് ചെയ്ത് റിയക്ക് കൊടുക്കുന്നു. ഒരു കൈ അഖിലിനെ മുറുകെ പിടിച്ച് കൊണ്ടും, ഒരു കൈയിൽ ഫോണ്‍ പിടിച്ച് കൊണ്ടും, അമ്മയോട് സംസാരിക്കുന്നു. റിയ കൂടുതൽ ശ്രദ്ധ സംസാരത്തിലേക്ക് കൊടുത്ത അവസരത്തിൽ അഖിൽ പെട്ടെന്ന് കൈ വിടുവിച്ച് പിന്നോട്ട് ആഞ്ഞ് സർവ്വശക്തിയും എടുത്ത് റിയയെ ഒറ്റ തള്ള്. ഏറുമാടത്തിന്റെ ചെറിയ വേലി ചുറ്റും കടന്ന് ഒരു മലക്കം മറിഞ്ഞ് വലിയ നിലവിളിയോടെ അവൾ വലയിലേക്ക് ചെന്നു വീണൂ.

ആ നിലവിളിയിൽ കിഴക്കാം തുക്കായി കിടന്ന വവ്വാലുകൾ കുട്ടത്തോടെ ചിറകടിച്ച്‌ ഏറുമാടത്തിന്റെ വശങ്ങളിലൂടെയും, മുകളിലൂടെയുമായി പറന്നു പോയി...

Malayalam Short StoriesMalayalam literature interviews,Malayalam Poems     

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.