Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഥ പറയുന്ന ആത്മാക്കൾ

x-default

ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് എനിക്ക് നന്നായിട്ടറിയാം. എന്റെ ശരീരം വീട്ടിൽ ദർശനത്തിനു വയ്ക്കും. നാട്ടുകാരൊക്കെ കൂടും. ആരെങ്കിലുമൊക്കെ അലമുറയിട്ടു കരയാൻ കാണുമോ? അറിയില്ല. പക്ഷേ, സഹതപിക്കാൻ കുറേപ്പേർ തീർച്ചയായും കാണും. ഈ ചെറുപ്രായത്തിൽ തന്നെ മരിച്ചു പോകുന്നവരോട് എല്ലാവർക്കും കാണും കുറച്ചു സഹതാപം. ആ ദേഹം വിട്ടിറങ്ങിയപ്പോൾ മുതൽ ആകപ്പാടെ ഒരസ്വസ്ഥത ആണ്. എന്താണെന്ന് മനസിലാകുന്നില്ല. എന്തൊക്കെയോ ചിന്തകൾ തികട്ടി വരുന്നു. ഒന്നും മനസിലാകുന്നില്ല. 

എന്റെ ശരീരത്തിന് ഇരുവശങ്ങളിലുമായി അമ്മയും ചാച്ചനും ചേട്ടനും ഇരിപ്പുണ്ട്. പക്ഷേ, ഇപ്പോ അവരൊന്നും എന്റെ സ്വന്തമല്ല എന്നൊരു തോന്നൽ. ശരീരംവിട്ട് ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ ആരും ആർക്കും സ്വന്തമല്ലല്ലോ. എന്റെ കുറച്ച് സുഹൃത്തുക്കളും അവിടിവിടെയായി നിൽപുണ്ട്. കുറേപേർ പ്രാർത്ഥനകൾ ചൊല്ലുന്നു. എന്തിനുവേണ്ടി ആയിരിക്കും ഈ പ്രാർത്ഥനകൾ. ഞാൻ അവിടെക്കൂടിയിരുന്ന എല്ലാവരുടെയും ഇടയിലൂടെ നടന്നു. പക്ഷേ, എന്നെ ആരും കണ്ടില്ല.

എല്ലാവരും സിമിത്തേരിയിൽ എത്തി. അമ്മയുടെയും ചാച്ചന്റെയും കണ്ണുകളിൽനിന്ന് കണ്ണുനീർ ഒലിച്ചിറങ്ങുന്നു. അപ്പോഴാണ് ഞാൻ എന്റെ വസ്ത്രം ശ്രദ്ധിച്ചത്. ഇത്രനേരം ഞാൻ ധരിച്ചിരുന്ന ഒരു ജീൻസിനും കുർത്തിക്കും പകരം സിമിത്തേരിയിൽ കടന്നപ്പോൾ അത് മാറി എനിക്കേറ്റവും ഇഷ്ടപെട്ട ഒരു ഇളംപച്ച നിറത്തിലുള്ള അയഞ്ഞ ഒരു ഒറ്റയുടുപ്പായിരിക്കുന്നു. അരയിൽ ഒരു വെളുത്ത ചരടും. ഇതേപോലെ പല നിറത്തിലുള്ള ഉടുപ്പു ധരിച്ച ധാരാളം പേർ എനിക്ക് ചുറ്റും നിൽക്കുന്നു. ചിലർ എന്നെ ചിരിച്ചു കാണിക്കുന്നുമുണ്ട്. എന്റെ ശരീരം ശവക്കുഴിയിലേക്ക് ഇറക്കിക്കഴിഞ്ഞു. ഇത്രയും കാലം ഈ ലോകത്തിലുള്ളതു പലതും കാണാൻ എന്നെ സഹായിച്ച ശരീരം മണ്ണിനടിയിലേക്ക് താഴ്ത്തപ്പെടുന്നു... മനസ്സിൽ ഒരു ഭാരം.. 

കുഴിമൂടുന്ന രണ്ടുപേരും പിന്നെ എനിക്ക് ചുറ്റും നിൽക്കുന്ന വർണ്ണശബളമായ വസ്ത്രം ധരിച്ച കുറെ ആത്മാക്കളും ഒഴികെ എല്ലാവരും സിമിത്തേരിയിൽനിന്ന് ഇറങ്ങി. പള്ളിക്കു മുന്നിൽ ചായയോ കാപ്പിയോ ഒക്കെ കൊടുക്കുന്നുണ്ട്. എനിക്ക് കുറച്ച് നേരം കൂടി അവരുടെ കൂടെപ്പോയി നിന്നാൽകൊള്ളാമെന്നുണ്ട്. പക്ഷേ എനിക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയുന്നില്ല. പിന്നിൽ നിന്ന് ആരോ പിടിച്ച് വലിച്ച് അകത്തുതന്നെ നിർത്തുന്നതുപോലെ. ആ ശ്രമം കണ്ടിട്ടാകണം ഒരു മഞ്ഞവസ്ത്രധാരി എന്റെ അടുക്കലേക്കു വന്ന് ഇനി പുറത്തിറങ്ങാൻ പറ്റില്ല എന്നു പറഞ്ഞത്. പതിയെ എല്ലാവരും എന്റെ ചുറ്റും കൂടി. എന്റെ പേരൊക്കെ ചോദിച്ചു. മിഖായേൽ. അതാണെന്റെ പേര്. പിന്നെ എല്ലാവരും കൂടെ ഒരു ത്രേസിയാമ്മ പൗലോയുടെ ചുറ്റുമുള്ള കല്ലറകൾക്കു മുകളിൽ, എനിക്കു ചുറ്റുമായി സ്ഥാനം പിടിച്ചു. എനിക്കരികിൽനിന്ന ഒരമ്മാമ്മ ത്രേസിയാമ്മ പൗലോ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് എന്നെ ആ കല്ലറയ്ക്കുമുകളിൽ പിടിച്ചിരുത്തി. ഈ സിമിത്തേരിയിൽ ആദ്യമായി വന്ന ആളുകളിൽ ഒരാളാണ് ത്രേസിയാമ്മ ചേടത്തി. ഞാൻ ആ കല്ലറയിൽ സൂക്ഷിച്ച് നോക്കി. ത്രേസിയാമ്മ പൗലോ, ജനനം - 1796, മരണം- 1878. ഇനി എന്റെ പേരും ഇങ്ങനെ ഒരു കല്ലിന്റെ മുകളിൽ എഴുതപ്പെടും, മിഖായേൽ മാത്യു 8/11/1983 – 26/11/2008. പിന്നെ ഇനിയുള്ള എന്റെ ഇവിടുത്തെ താമസരീതികളെക്കുറിച്ചും അമ്മാമ്മ പറഞ്ഞു. ഇത്രയും കാലം ഭൂമിയിൽ ജീവിച്ചതും, വീടും, സ്വന്തക്കാരെയുമെല്ലാം ഒരു മയക്കത്തോടെ മറക്കും. പിന്നെ ഇതാണെന്റെ വീട്. ഇന്നൊരു ദിവസത്തേക്ക് കൂടിയേ ബന്ധുജനങ്ങളെക്കുറിച്ചുള്ള ഓർമ എനിക്കുണ്ടാവുകയുള്ളു. ഒരു മനുഷ്യനായി ജീവിച്ചപ്പോൾ സ്വന്തമായി ഉണ്ടായിരുന്ന ആ പേരുപോലും... എനിക്ക് ചുറ്റുമിരിക്കുന്ന പലർക്കും അവരുടെ പേരുപോലും അറിയില്ലെന്ന സത്യം ഞാനപ്പോൾ അറിഞ്ഞു. കുടുംബമഹിമയുടെയോ, സ്നേഹത്തിന്റെയോ പേരിൽ മനോഹരമായി ചെത്തിമിനുക്കി ശവക്കുഴി മൂടിയ ആ മാർബിൾ കല്ലിന്റെ മുകളിൽ പേരുണ്ടെങ്കിൽ, അവരെ ആ പേരിൽ അഭിസംബോധന ചെയ്യാം. ഇല്ലെങ്കിൽ പുതിയൊരു പേര് സ്വീകരിക്കാം. പേരു വേണമെന്നുതന്നെ നിർബന്ധമില്ല. 

ഇവിടെ എത്തിയ എല്ലാവർക്കും അവരുടെ ജീവിതകഥ പറയാൻ ഉണ്ടാകും. എന്റേത് കേൾക്കാൻ വേണ്ടിയാണ് എല്ലാവരും എനിക്ക് ചുറ്റുമിരിക്കുന്നത്. കൂടുതൽ ആളുകളുടെ ജീവിതവും സാധാരണ രീതിയിൽ ആണ്. ജനിച്ചു, പഠിച്ചു, വിവാഹം ചെയ്തു, കുട്ടികൾ ആയി, അവരെ വളർത്തി, മാതാപിതാക്കളെ നോക്കി, പ്രായമായി മരിച്ചു. വളരെ അപൂർവമായി ചിലർ വരും. ആരെങ്കിലും സ്വത്തിനുവേണ്ടി ചതിച്ചു കൊന്നതോ, ചിലപ്പോൾ സഹോദരങ്ങൾ തന്നെ. അല്ലെങ്കിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത പല വഴിത്തിരിവുകളിലൂടെ ജീവിച്ചവർ. ഏറ്റവും രസകരം അതല്ല, ജീവിച്ചിരുന്ന കാലത്ത് നമുക്ക് ചുറ്റിലുമുള്ളവർ നമ്മളെ അറിയിക്കാതെ രഹസ്യമായി വച്ചിരുന്നതെല്ലാം മരിച്ചുകഴിഞ്ഞാൽ ആ ആത്മാവിനു വെളിപ്പെടും. ത്രേസിയാമ്മ ചേടത്തി അതുപറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി. എന്റെയുള്ളിൽ നിന്ന് തികട്ടിവന്നിരുന്നത് എനിക്കിതുവരെ അറിയാത്ത പല ചിന്തകളായിരുന്നു. അതെല്ലാം എന്റെയുള്ളിൽകിടന്ന് ഇന്നൊരു ദിവസംകൊണ്ട് ഇല്ലാതാകുന്നതിനുമുമ്പേ എന്റെ ജീവിതകഥ കേൾക്കാനായി എല്ലാവരും കാതോർത്തു.

കുഞ്ഞുനാൾ മുതലേ ശാന്തശീലയും ആരോടും മിണ്ടാത്ത പ്രകൃതവും ആയിരുന്നെങ്കിലും യുവത്വത്തിൽ അത്യാവശ്യം തന്റേടിയായിരുന്നു ഞാൻ. പലപ്പോഴും തോന്നിയിട്ടുണ്ട് കുടുംബത്തിലുള്ള എല്ലാവരും എന്തേ എന്നെ വകവെക്കുന്നില്ല, എന്തേ തനിക്കും സഹോദരനുമിടയിൽ വകതിരിവ് കാണിക്കുന്നു എന്നൊക്കെ. മുതിർന്നപ്പോൾ പലപ്പോഴും നേരിട്ട് ചോദിച്ചിട്ടുമുണ്ട് ചാച്ചനോട്. അവൻ ആൺകുട്ടിയല്ലേ, മൂത്തതല്ലേ എന്നൊക്കെയുള്ള പല മറുപടികളും എന്നെ വളരെയധികം ചൊടിപ്പിച്ചു. അപ്പോൾപിന്നെ കാരണങ്ങളൊന്നുമില്ലാതെ വെറുതെ വഴക്കുപറഞ്ഞതും കേട്ടാലറയ്ക്കുന്ന വാക്കുകൾ വിളിച്ചതുമൊക്കെ എന്തിനായിരുന്നു? ഇന്നുവരെ ചാച്ചനോട് ചോദിച്ചിട്ടില്ല. അതിനൊരുത്തരം കിട്ടില്ല എന്നുറപ്പുള്ളതുകൊണ്ടാണ്. ചില ചോദ്യങ്ങൾക്ക് ചാച്ചൻ ഉത്തരം പറയില്ലെന്ന് ചോദിക്കുന്നതിനുമുമ്പേ അറിയാം. അറിയില്ല, ഓർമയില്ല ഇതൊക്കെയാവും പറയുക. പക്ഷേ, ഇന്നെല്ലാം അറിയാം. എന്തിനായിരുന്നു എന്നെ ഇത്ര കർശനമായ നിയന്ത്രണത്തിൽ വളർത്തിയത്? എന്തുകൊണ്ടാണ് എന്റെ ഒരു കാര്യത്തിലും അമ്മ ഇടപെടാതിരുന്നത്? എന്തുകൊണ്ട് ഒരമ്മ മകളോട് കാണിക്കുന്ന വാത്സല്യം എനിക്ക് അമ്മയിൽനിന്ന് കിട്ടിയില്ല? എന്തുകൊണ്ട് എന്റെ ആഗ്രഹങ്ങൾക്കോ സ്വപ്നങ്ങൾക്കോ എനിക്ക് തന്നെയോ ആ വീട്ടിൽ ആരും ഒരു വിലകൽപിച്ചില്ല?

ഇന്നു ഞാനാ സത്യം അറിയുന്നു. ഞാൻ അവരുടെ മകളല്ല. ജീവിച്ചിരുന്നപ്പോൾ തന്നെ എനിക്കത് തോന്നിയിട്ടുണ്ട്. എന്നെ എവിടുന്നെങ്കിലും ദത്തെടുത്തതായിരിക്കുമോ എന്ന്. പക്ഷേ അങ്ങനെയെങ്കിൽ ചാച്ചന്റെയും ചാച്ചന്റെ സഹോദരങ്ങളുടേയുമൊക്കെ മുഖഛായ എനിക്കെങ്ങനെ കിട്ടും. ഇപ്പോൾ എനിക്കെല്ലാം മനസിലായി. ചാച്ചന്റെ സഹോദരിയുടെ മകളാണ് ഞാൻ. സുഷമ. അതാണെന്റെ അമ്മയുടെ പേര്. ഞാൻ ജനിച്ചു മൂന്ന് മാസം കഴിഞ്ഞപ്പോൾ അവർ മരിച്ചു. അല്ല, അവരെ കൊന്നു. ഇന്നും പുറംലോകം അറിയാത്ത ഒരു കഥ. ആരോ തൂങ്ങിമരിച്ചു കിടക്കുന്നത് കണ്ട് ഭ്രാന്തി ആയെന്നും, പിന്നീട് പുറംലോകത്തേക്കു ഇറങ്ങിയിട്ടില്ലെന്നും, ഞാൻ ജനിച്ചു ഏകദേശം മൂന്ന് മാസം കഴിഞ്ഞപ്പോൾ നിമോണിയ വന്നു മരിച്ചുപോയി എന്നുമൊക്കെ ജീവിച്ചിരുന്നപ്പോൾ ഞാൻ അവരെപ്പറ്റി കേട്ട കാര്യങ്ങൾ പലതും സത്യമല്ല. അങ്ങനെയൊരാൾ അവിടെ ജീവിച്ചിരുന്നതിനു യാതൊരു രേഖകളും ഞാൻ കണ്ടിട്ടില്ല. എല്ലാം അവർ മാറ്റുകയായിരുന്നു. ഒരിക്കൽ കള്ളുകുടിച്ച് ബോധമില്ലാതെ വീട്ടിലെത്തിയ ചാച്ചൻ, ഭ്രാന്തിയായ സ്വന്തം പെങ്ങളെ.... വീട്ടിലുള്ളവരൊക്കെ എല്ലാം അറിഞ്ഞപ്പോഴേക്കും വൈകിപ്പോയി. മാനക്കേടു വരാതിരിക്കാനും കുടുംബമഹിമ നഷ്ടപെടാതിരിക്കാനും എന്റെ രണ്ട് അമ്മമാരെയും നാട്ടിൽനിന്ന് മാറ്റി. അമ്മയ്ക്ക് ഇതിനോട് എതിർപ്പുണ്ടായിരുന്നെങ്കിലും അവരുടെ പീഡനങ്ങളുടെയും ശകാരങ്ങളുടെയും കാഠിന്യത്തിൽ എല്ലാം അനുസരിക്കേണ്ടി വന്നു. പ്രസവിച്ച ഉടനെ എന്നെ കൈമാറ്റം ചെയ്തു. ചാച്ചൻ ചെയ്ത തെറ്റിന്റെ ഒരു ഓർമപ്പെടുത്തലായി, ഒരു ശിക്ഷയായി, ഇനിയും ഇതാവർത്തിക്കാതിരിക്കാനായി എന്നെ ആ വീട്ടിൽ തന്നെ വളർത്തി. എന്നെ കിട്ടാനായി വാശിപിടിച്ചു ബഹളംവെച്ച സുഷമമ്മയെ അവർ കൊന്നു, അതിനെ നിമോണിയ എന്ന് പറഞ്ഞു. എന്തായാലും അതോടെ ചാച്ചൻ കുടി നിർത്തി മാന്യനായി. പക്ഷേ, വീട്ടുകാരെ ചതിക്കുമെന്ന ഭയത്തിന്റെ പേരിൽ, അമ്മയെ അവർ ഉപദ്രവിച്ചിരുന്നു. എനിക്കോർമ്മവെച്ച കാലത്തും അത് തുടർന്നിരുന്നു. എന്തിനാണ് അമ്മയെ ഇങ്ങനെ അടിക്കുന്നതെന്നറിയാതെ നോക്കിനിന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു.

ഇതിനിടയിൽ അമ്മച്ചി മരിച്ചു, എല്ലാവരും പുതിയ വീടുകളിലേക്ക് ചേക്കേറി. അമ്മയും ചാച്ചനും ചേട്ടനും ഞാനും മാത്രമായി വീട്ടിൽ. ഒരു ഭ്രാന്തിക്ക് ജനിച്ച കുഞ്ഞും ഭ്രാന്തിയാകുമെന്ന വിശ്വാസമുള്ളതുകൊണ്ട് ഞാൻ അങ്ങനെയാകാതിരിക്കാൻ ചാച്ചൻ മുൻകരുതലുകൾ എടുത്തിരുന്നു. ഒരു നിമിഷംപോലും വെറുതെ ഇരിക്കാൻ സമ്മതിക്കാതെ മനസിനെ എപ്പോഴും പ്രവർത്തനനിരതമാക്കി. ഒരു പക്ഷേ വെറുതെ ഇരിക്കുന്ന ശരീരത്തിലാണ് അസുഖങ്ങൾ ഉണ്ടാവുക എന്നു വിചാരിച്ചുകാണും. ഇനിയും ഒരു ഭ്രാന്തി കൂടി കുടുംബത്തിൽ വന്നാൽ ചിലപ്പോൾ മൂടിവെക്കുക അസാധ്യമായിരിക്കാം. പക്ഷേ എനിക്ക് ജീവിതം മുഷിപ്പിക്കാൻ തന്നെ പോന്നതായിരുന്നു എല്ലാം. താല്പര്യമില്ലാത്ത ഡിഗ്രിയും പുസ്തകങ്ങളും ഒക്കെ ജീവിതത്തോട് തന്നെ വെറുപ്പ് തോന്നിപ്പിച്ചു. എനിക്ക് വളരെയേറെ താല്പര്യമുള്ള കണക്കിൽ ഒരു ഡിഗ്രി അല്ലെങ്കിൽ മെരിറ്റിൽ കിട്ടിയ ആർക്കിടെക്ചർ കോഴ്സ് ഇതൊക്കെ പഠിക്കാനുള്ള എന്റെ ആഗ്രഹം ഒരിക്കൽ പറഞ്ഞപ്പോൾ ചാച്ചന്റെ ചിലവിൽ ജീവിക്കുമ്പോൾ ചാച്ചന്റെ ഇഷ്ടത്തിനു ജീവിക്കണം എന്നായിരുന്നു മറുപടി. ഒരിക്കൽപോലും അമ്മ എനിക്കുവേണ്ടി സംസാരിച്ചിരുന്നില്ല. 

ഇതെല്ലാം കേട്ടിട്ട് എന്റെ ജീവിതം ദുരിതം മാത്രമായിരുന്നു എന്ന് തെറ്റിദ്ധരിക്കരുത്. ജീവിച്ചതിൽ കൂടുതൽ കാലവും ഞാൻ ഹോസ്റ്റലുകളിൽ നിന്നാണ് പഠിച്ചത്. അവിടെനിന്നൊക്കെ എനിക്ക് ധാരാളം സുഹൃത്തുക്കളെ കിട്ടി. എല്ലായിടത്തും ചാച്ചൻ രഹസ്യമായി എന്നെപ്പറ്റി എന്നും അന്വേഷിച്ചിരുന്നു എന്നു മാത്രം. ജനിച്ചപ്പോൾ മുതൽ ഞാൻ എല്ലാവർക്കും ഒരു ഭാരം ആണ്, ഇനി ആരുടെയെങ്കിലുമൊക്കെകൂടെ കറങ്ങാൻപോയി വീണ്ടും ഭാരം കൂട്ടാതിരിക്കാൻ... അപ്പന്റെ സ്വഭാവഗുണവും വരാതെ നോക്കണമല്ലോ...

പല പല സ്ഥലങ്ങളിൽ പഠനം പൂർത്തിയാക്കിയതുകൊണ്ട് അവിടെനിന്നെല്ലാം കൂട്ടുകാരെക്കിട്ടി. പക്ഷേ, ഒരിടത്തും അധികകാലം സ്ഥിരമായി തങ്ങിയിട്ടില്ലാത്തതുകൊണ്ടും ഒരു മൊബൈലോ ഫേസ്ബുക്ക് അക്കൗണ്ടോ ഒന്നുമില്ലാത്തതുകൊണ്ടും ആ സുഹൃത്ബന്ധങ്ങളുടെ ആയുസ്സും കുറവായിരുന്നു. പഠിച്ചിറങ്ങിയ ഉടനെ മുംബൈയിൽ ഒരു ജോലികൂടി കിട്ടിയതുകൊണ്ട് പിന്നീടുള്ള ജീവിതം കുറെയേറെ സുഖകരം ആയിരുന്നു. മൂന്ന് വർഷത്തോളം ജോലി ചെയ്തു. പക്ഷേ, ആ ജീവിതത്തിന്റെ കാലയളവും അധികം നീണ്ടില്ല. കഴിഞ്ഞയാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ കൂട്ടുകാരിയോടൊപ്പം ലിയോപോൾഡ് കഫേയിൽ പോയി. ഭക്ഷണത്തിനുവേണ്ടി കാത്തിരുന്ന ഞങ്ങൾ തീവ്രവാദികളുടെ തോക്കിനിരയായി. ലോകത്ത് നടക്കുന്നതൊന്നും അറിയാതെ സിമിത്തേരിയിൽ കഴിയുന്ന ആത്മാക്കൾക്ക് 26/11 എന്ന് വിളിക്കപ്പെടുന്ന മുംബൈ ഭീകരാക്രമണത്തെപറ്റി മുഴുവൻ വിവരിച്ചു കൊടുത്തു ലിയോപോൾഡ് കഫേയിലെ കഥയുടെ തുടർച്ചയായി.

ഞാൻ പുറത്തേക്കു നോക്കി. ശവം അടക്കിനു വന്നവരെല്ലാം പോയിക്കഴിഞ്ഞു. എല്ലാവരെയും ഒന്നുകൂടെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒന്നുരണ്ടു പേര് പള്ളിമുറ്റത്ത് നടക്കുന്നുണ്ട്. അവരെയൊന്നും എനിക്കുപരിചയമില്ല. എന്റെ നോട്ടം കണ്ടു ത്രേസിയാമ്മ ചേടത്തി പറഞ്ഞു, ഇനി കുറച്ചുനാളൊക്കെ അവർ ഈ വഴിക്ക് വരും. പിന്നെ തിരിഞ്ഞു നോക്കില്ല. മനുഷ്യരല്ലേ, അങ്ങനെയേ സംഭവിക്കൂ. അല്ല അവരു വന്നാലും നമുക്കവരെ തിരിച്ചറിയാനും പറ്റില്ല. നാളെ മുതൽ നിനക്ക്  ഇവരെയൊന്നും ഓർമയുണ്ടാകില്ല. അതുകൊണ്ട് ഇന്നത്തെ ഈ ദുഃഖം എല്ലാം ഇന്നത്തോടെ തീരും. നാളെ മുതൽ പുതിയൊരു ലോകം. പെട്ടെന്നാണ് സുഷമമ്മയെ ഇവിടെ അടക്കിയിട്ടുള്ള കാര്യം ഞാൻ ഓർത്തത്. ഏകദേശം ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപാണ്. അന്ന് ഞങ്ങൾക്ക് കുടുംബക്കല്ലറ ഒന്നുമില്ല. ഒഴിവുള്ള ഏതെങ്കിലും പൊതുകല്ലറയിൽ സംസ്കരിക്കും. എന്റെ അപ്പാപ്പന്റെ സംസ്കാരവും ഒരു പൊതുകല്ലറയിലായിരുന്നു. പൊതുകല്ലറകളിൽ സംസ്കരിക്കുമ്പോൾ കല്ലറക്കുമുകളിൽ പേരൊന്നും എഴുതില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം അമ്മച്ചി മരിച്ചപ്പോഴാണ് ഒരു കുടുംബക്കല്ലറ എടുത്തത്. അതിൽ പേരെഴുതിയപ്പോൾ അമ്മച്ചിയുടെയും അപ്പാപ്പന്റെയും പേരു വച്ചു. പക്ഷേ, സുഷമമ്മയുടെ പേരു വച്ചില്ല. എന്തായാലും സുഷമമ്മ ഇവരുടെ ഇടയിൽത്തന്നെ കാണും. എന്റെ മുഖഛായ ഉള്ള ആരെങ്കിലും ഉണ്ടോയെന്നു ഞാൻ ചുറ്റും പരതി. അതും മനസിലാക്കി ത്രേസിയാമ്മ ചേടത്തി. ഇവിടെ ആദ്യമായി വരുന്നവരൊക്കെ പരിചയക്കാരെ അന്വേഷിച്ചു നടക്കാറുണ്ട്. പക്ഷേ, അപൂർവമായേ കാണാൻ കഴിയു. ഏഴു ദിവസം കൂടുമ്പോൾ ഒരു ദിവസത്തേക്കാണ് ആത്മാക്കൾ പുറത്തിറങ്ങുന്നത്. ഒരേ ദിവസം സംസ്കരിക്കപ്പെട്ടവർ മാത്രമേ തമ്മിൽ കാണുകയുള്ളു. എന്നെ പ്രസവിച്ച എന്റെ അമ്മയെ മരിച്ച ശേഷമെങ്കിലും നേരിട്ട് കാണാമെന്ന ആ ആഗ്രഹം ഞാൻ ഉപേക്ഷിച്ചു. എന്റെ ദിവസം തീരാറായി. ഇനി വെളിച്ചം കാണുമ്പോൾ എനിക്കൊന്നും ഓർമകാണില്ല. സ്വന്തമെന്നു വിശ്വസിച്ച പേരുപോലും. കഥയെല്ലാം കേട്ടുകഴിഞ്ഞ് എല്ലാവരും അവരവരുടെ കുഴിമാടങ്ങളിലേക്ക് പോയിരുന്നു. ഇപ്പോൾ ആ കുഴിമാടങ്ങൾ മാത്രമാണ് എല്ലാവർക്കും സ്വന്തമെന്നു പറയാനുള്ളത്. വെറും ആറടി മണ്ണ്. ഞാൻ തനിയെ അവിടെ ഇരുന്നു. എനിക്ക് കൂട്ടിന് നിറയെ റീത്തുകളും ബൊക്കെയും. 

ജാൻസി ഈ വീട്ടിൽനിന്ന് പോയിട്ട് ഇന്ന് ഒരാഴ്ച കഴിഞ്ഞു. കഴിഞ്ഞ ഇരുപത്തിയേഴു വർഷമാണ് അവളെ ഇവിടെ എന്റെ മകളായി വളർത്തിയത്. അവളുടെ ഓർമകളുടെ ഒരു തരിമ്പുപോലും ഇനിയിവിടെ അവശേഷിക്കാതിരിക്കാൻ വളരെ ശ്രദ്ധയോടെ എല്ലാം എടുത്ത് മാറ്റുന്നതിനിടെയാണ് അവൾ എഴുതിയ ഈ പുസ്തകം എന്റെ കണ്ണിൽപെട്ടത്. ആദ്യത്തെ കഥ ഒന്ന് വായിച്ചുനോക്കിയ എനിക്ക് ഒരു ഞെട്ടലോടെ സ്തബ്ധനായി നിൽക്കാനേ കഴിഞ്ഞുള്ളു. അവളുടെ ജീവിതത്തിലെ യാഥാർഥ്യങ്ങളോട് അത്രയേറെ പൊരുത്തം ഈ കഥയ്ക്കുണ്ട്. ഇന്നുവരെ അവളോ പുറംലോകമോ അറിയാത്ത അവളെക്കുറിച്ചുള്ള ഈ രഹസ്യങ്ങളെപ്പറ്റി അവൾക്കുതന്നെ എവിടുന്നെങ്കിലും അറിവുകിട്ടിയോ? അതിനുള്ള സാധ്യത കുറവാണ്. എന്തുതന്നെയായാലും സാരമില്ല. ഇപ്പോൾ എല്ലാം കഴിഞ്ഞിരിക്കുന്നു. 

എന്നിൽ കുറ്റബോധവും, വേദനയും, ദേഷ്യവും മാത്രം ഉണർത്തികൊണ്ടിരുന്ന അവളുടെ ആ മുഖം ഇനി ഒരിക്കലും എന്റെ മുന്നിലോ ഈ വീട്ടിലോ വരില്ല. ഈ കുടുംബത്തോടും ഇവിടുത്തെ ആളുകളോടും വിട്ടുപിരിയാനാകാത്ത ഒരു ബന്ധം അവളിൽ ഒരിക്കലും ഉണ്ടാകാതിരിക്കാൻവേണ്ടി സ്കൂൾകാലത്തുതന്നെ ഹോസ്റ്റലുകളിൽ നിർത്തി, എന്തെങ്കിലും ഒരു ജോലി കിട്ടാനാവശ്യമായ ഒരടിസ്ഥാന വിദ്യാഭ്യാസവും നൽകി. അവളുടെ അമ്മയെ പോലെ ഒരു ഭ്രാന്തിയായി മാറി, ഇനിയും വീടിനു ഒരു അപമാനമാകുന്നതിനുമുൻപേ ഏതെങ്കിലും ഒരുത്തനെകൊണ്ട് കല്യാണം കഴിപ്പിച്ച് എത്രയും പെട്ടെന്ന് ഈ വീട്ടിൽ നിന്ന് ഒഴിപ്പിച്ചു വിടാനുള്ള പദ്ധതി എന്തായാലും നടന്നില്ല. അതിനുമുമ്പേ തന്നെ ചില പന്തിയല്ലാത്ത ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഉടനെതന്നെ ചുറ്റുമുള്ളവരൊന്നും അറിയാതെ അവളുടെ അമ്മ കിടന്ന അതേ ആശുപത്രിയിൽ കൊണ്ടാക്കി. ഇനി തള്ളയെപ്പോലെതന്നെ അവിടെകിടന്നു മരിക്കട്ടെ. ബാക്കി ആശുപത്രിക്കാർക്ക് വേണ്ടതുപോലെ ചെയ്യട്ടെ. കുഴിച്ചിടുവോ, കത്തിക്കുവോ, അവയവങ്ങൾ എടുക്കുകയോ, ശരീരം മുഴുവൻ ആയി മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ കൊടുക്കുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ. എല്ലാ പേപ്പറുകളും ശരിയാക്കി ഒപ്പിട്ടുകൊടുത്തിട്ടുതന്നെയാണ് കഴിഞ്ഞയാഴ്ച വീട്ടിൽ തിരിച്ചെത്തിയത്. ഇനി നാട്ടുകാർക്കും കൂട്ടുകാർക്കും ഒക്കെ അവൾ അയർലണ്ടിൽ ഉപരിപഠനം നടത്തി, അവിടെ ജോലി ചെയ്ത്, അവിടുത്തെ ഒരു സായിപ്പിനെ വിവാഹം ചെയ്ത് പിന്നീടൊരിക്കലും നാട്ടിലേക്ക് തിരിച്ചുവന്നിട്ടില്ലാത്ത ഒരു ജാൻസിയാണ്. കത്തിച്ചുകളയാനായി കൂട്ടിയിട്ടിരുന്ന അവളുടെ തുണികളുടെയും കുറെ പുസ്തകങ്ങളുടെയും കൂമ്പാരത്തിലേക്ക് ആ കഥാപുസ്തകവും വലിച്ചെറിയപ്പെട്ടു.

Malayalam Short StoriesMalayalam literature interviews,Malayalam Poems       

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.