Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സദാനന്ദൻ & മേരിക്കുട്ടി - പ്ലാൻ എ, ബി, സി

love

ഈ കഥ പണ്ടു നടന്ന കഥയാണ്, പണ്ട് എന്നു വച്ചാൽ “500 രൂപയ്ക്ക് നിങ്ങൾക്കും സ്വന്തമായി ഒരു മൊബീൽ” എന്ന മാർക്കറ്റിങ് തന്ത്രത്തിൽ വീണു ജനം മരത്തിന്‍റെ പൊക്കത്തിലും പറമ്പിന്‍റെ ഉയർന്ന കോണിലും കയറിനിന്നു റേഞ്ചു കട്ടകൾ കണ്ടെത്തി കോൾ വിളിച്ചിരുന്ന കാലം ... ആ കാലഘട്ടത്തിലാണ് രണ്ടു ഉസ്കൂൾ വാധ്യാന്മാർ, സദാ ആനന്ദനായ സദാനന്ദൻ മാഷും മേരിക്കുട്ടി ടീച്ചറും ഒരു വിശുദ്ധ പ്രേമം തുടങ്ങുന്നത്.

ഒരു കൊച്ചു വിശുദ്ധ രഹസ്യ പ്രേമം... അത് തുടങ്ങി, മുളയായി, ഇലയായി, ശാഖകളായി, പുഷ്പ്പിക്കാൻ മാത്രം ബാക്കി ആയിരുന്നപ്പോൾ ആണ് ഉസ്ക്കൂളിലെ വെളുത്ത മതിലുകൾ ആ രഹസ്യം പരസ്യമാക്കിയത്. ആ വെളുത്ത മതിലിന്‍റെ പരുപരുത്ത ഭിത്തികളിൽ "സദാനന്ദൻ മാഷും മേരിക്കുട്ടി ടീച്ചറും" ഒരു ഹൃദയ ചിഹ്നത്തിനുള്ളിൽ അമ്പിനാൽ തുളക്കപ്പെട്ടു കിടന്നു.

അതോടെ ആ കൊച്ചു പ്രണയം നാട്ടിൽ എങ്ങും പാട്ടായി. സദാചാരവാദികൾ സജീവമായി, ചായകടകൾ ചർച്ച കളങ്ങളായി, മേരിക്കുട്ടി ടീച്ചർ വീട്ടുതടങ്കലിലായി. പാവം സദാനന്ദൻ മാഷ്, തങ്ങളുടെ പ്രണയം വിളിച്ചു പറഞ്ഞ വെളുത്ത മതിലിന്‍റെ മുന്നിലൂടെ സിം ഇല്ലാത്ത മൊബൈൽ പോലെ യാത്ര തുടർന്നു.

നാളുകൾ കഴിഞ്ഞു, ഉസ്ക്കൂളിലെ മതിലുകൾ വീണ്ടും വെള്ളപൂശി ആ രഹസ്യ പ്രണയത്തെ മറച്ചു. പക്ഷേ, രണ്ടു ഹൃദയങ്ങൾ മാത്രം, വിരഹത്തിന്‍റെ തീവ്രതയില്‍ പ്രണയത്തെ വളർത്തുന്നത് എങ്ങനെയെന്ന് ഉൾക്കൊണ്ട്‌ പരസ്പരം കാണാതെ പ്രണയിച്ചുകൊണ്ടിരുന്നു.

അംബാനിയുടെ റിലയൻസ് മൊബൈലുകൾ സദാനന്ദൻ മാഷിനെയും സഹായിച്ചു. പരമ രഹസ്യമായി മാഷും എടുത്തു രണ്ടു മൊബൈലുകൾ. നമ്പരുകൾ പരമ രഹസ്യം. ഒരു മൊബൈൽ മേരിക്കുട്ടിയുടെ സഹോദരി ജോളിക്കുട്ടി എന്ന സ്ത്രീ ഹംസം വഴി ടീച്ചറിന്‍റെ അരികിൽ എത്തി. മേരിക്കുട്ടി ടീച്ചർ തറവാടിന്‍റെ മച്ചു കോണിയുടെ മുകളിൽ നിന്നും പ്രണയത്തിന്‍റെ റേഞ്ചു കട്ടകൾ കണ്ടെത്തി തന്‍റെ കാമുകനായ സദാനന്ദൻ മാഷിനെ വിളിക്കും... ആ വിളി കാത്തു തന്‍റെ പറമ്പിന്‍റെ വടക്കേ മൂലയിൽ ഉള്ള മാവിൻ കൊമ്പത്ത് മാഷ് പറ്റി ചേർന്നിരിക്കും. മറ്റാരും അറിയാതെ അവരുടെ പ്രണയ സന്ദേശങ്ങൾ സ്ഥലത്തെ മൊബൈൽ ടവർ കൈമാറും. മാഷ് മാവിലെ നിസറുകളെ (നീർ, ചുവന്നുറുമ്പ്) ‍‍ഞെരിച്ചു കൊന്നു കൊച്ചു വർത്തമാനങ്ങളിലേക്ക് വഴുതി വീഴും. അങ്ങിനെ വളർച്ച മുരടിച്ചു നിന്ന അവരുടെ പ്രണയ വൃക്ഷം വീണ്ടും പൂക്കാൻ ഒരിങ്ങിയപ്പോൾ അതാ കഥയിലെ വില്ലൻ....

പട്ടാളം ജോർജ്, മേരിക്കുട്ടി ടീച്ചർ ഒഴികെ എല്ലാവർക്കും ജോർജിനെ ഇഷ്ടപ്പെട്ടു. 6 അടി പൊക്കത്തിൽ കറുത്ത കരിമ്പന പോലെ തഴച്ചു വളർന്നു മണ്ട ഇടിവെട്ട് ഏറ്റു കരിഞ്ഞ (അഥവാ കഷണ്ടിയുള്ള ) ഒരു കുരങ്ങു മോറൻ. ജോർജിന് ഉടനെ കെട്ടണം, പട്ടാളക്കാരനല്ലേ, എപ്പളാ യുദ്ധം ഉണ്ടാകുക എന്നറിയില്ലലോ. ഉടനെ തിരിച്ചു പോകേണ്ടി വന്നാൽ!

മേരിക്കുട്ടി ടീച്ചറിന്‍റെ അപ്പൻ ഔത കല്യാണത്തിനു സമ്മതം മൂളി. സദാനന്ദൻ മാഷിന്‍റെ ആനന്ദം മാഞ്ഞു. മേരിക്കുട്ടി എന്ന സുര്യനെ പട്ടാളം ജോർജ് എന്ന കരിമ്പന മറച്ചു... സൂര്യഗ്രഹണം... മാഷിനു ചുറ്റും കൂരിരുട്ട്. തങ്ങളുടെ ജീവിതങ്ങൾ സ്വരുക്കൂട്ടാൻ രണ്ടു ഹൃദയങ്ങൾ, രണ്ടു മൊബൈൽ ഫോണുകളിലൂടെ ഹരിച്ചും ഗുണിച്ചും, കരഞ്ഞും പിഴിഞ്ഞും മണിക്കൂറുകൾ തള്ളി നീക്കി. ഒടുവിൽ പൂർവ കമുകികാമുകന്മാർ ചെയ്തതു പോലെ അവരും ആ തീരുമാനത്തിൽ എത്തി. ഒളിച്ചോട്ടം... വിവാഹം... ഇഷ്ട ജീവിതം. തിയതി നിശ്ചയിക്കപ്പെട്ടു.

ഓപ്പറേഷന്‍ സദാനന്ദൻ & മേരിക്കുട്ടി - പ്ലാൻ എ , ബി , സി തയാറാക്കപ്പെട്ടു. ഒടുവിൽ ആ സുദിനമെത്തി.

മേരിക്കുട്ടി ടീച്ചർ കുടുംബസമ്മേതം കർത്താവിനെ കാണാൻ പള്ളിയിലേക്കും സദാനന്ദൻ മാഷ് തേവരെ കാണാൻ കോവിലിലേക്കും പുറപ്പെട്ടു. അവരെ കാത്തു പള്ളിമുറ്റത്തു നിന്നും കുറച്ചു മാറി ഒരു കറുത്ത അംബാസിഡർ കാറും അതിൽ രണ്ടു സാക്ഷികളും സ്ഥാനം പിടിച്ചു. തേവരുടെ അനുഗ്രഹം വാങ്ങി ആരും കാണാതെ മാഷ്‌ കാറിന്റെ പിൻസീറ്റിൽ ഒതുങ്ങി കൂടി. മേരിക്കുട്ടി ടീച്ചർ അൾത്താരയിൽ കർത്താവിന്‍റെ ക്രൂശിത രൂപത്തിനു താഴെ സദാനന്ദൻ മാഷെയും മനസ്സിൽ പേറി ഇരിപ്പുറപ്പിച്ചു.

"കിണി കിണി കിണി ", പള്ളിയിൽ പ്രാർഥിച്ചു കൊണ്ടിരുന്ന മേരിക്കുട്ടി ടീച്ചറിന്‍റെ മടികുത്തിൽ നിന്നും മൊബൈൽ ചിരിച്ചു. കർത്താവും അച്ചനും കപ്യാരും പിന്നെ പള്ളിയിലുള്ള 10-18 പേരും മേരിക്കുട്ടി ടീച്ചറിന്‍റെ മടി കുത്തിലേക്ക്‌ പാളി നോക്കി. സദാനന്ദൻ മാഷ് തിടുക്കം കാട്ടിയോ? മേരിക്കുട്ടി ടീച്ചറിന്‍റെ അപ്പൻ ഔതയുടെ നീട്ടിപിടിച്ച കൈയിലേക്ക്‌ മൊബൈൽ വന്നുവീണ് ചിണുങ്ങി. "കിണി കിണി കിണി " . ഔത മൊബൈലിന്‍റെ പച്ച കട്ടയിൽ ഞെക്കി ചെവിയോടു ചേർത്തു. അത് ഔതയുടെ ചെവിയോടു എന്തോ സ്വകാര്യം പറഞ്ഞു. ഔതയുടെ മുഖം ചുമന്നു, ചെവി രോമങ്ങൾ വിറച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ മൊബൈൽ ഔതയുടെ കാൽച്ചുവട്ടിൽ കിടന്നു ഞെരിഞ്ഞു തകർന്നു. ഒരു യുദ്ധത്തിന്റെ തുടക്കം. പൊടുന്നനെ മേരിക്കുട്ടി ടീച്ചറിന്‍റെ സഹോദരി ജോളിക്കുട്ടി കാലു മാറി മാപ്പു സാക്ഷിയായി ഓപ്പറേഷൻ സദാനന്ദൻ & മേരിക്കുട്ടി - പ്ലാൻ എ , ബി , സി പരസ്യമാക്കി. ഔതയുടെ കൈയുയർന്നു താഴും മുൻപേ മേരിക്കുട്ടി ടീച്ചർ ബോധം നഷ്ടപ്പെട്ട് നിലത്തു വീണു. ഇതൊന്നുമറിയാതെ സദാനന്ദൻ മാഷ് മറ്റൊരു Reliance ഫോണ്‍ കയ്യിൽ പിടിച്ചു ആ കറുത്ത കാറിന്‍റെ പിന്‍സീറ്റില്‍ മേരിക്കുട്ടി ടീച്ചറിനെ സ്വപ്നംകണ്ടു കാത്തിരുന്നു.

പ്ലാന്‍ A പോലെ കാറിന്‍റെ ഗ്ലാസില്‍ രണ്ടു മുട്ടുകള്‍ - ടക്ക്....ടക്ക്. കാറിന്‍റെ എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ആയീ. സദാനന്ദൻ മാഷ് പതിയെ ഡോര്‍തുറന്നു, എന്നിട്ട് കാറിനുള്ളിലേക്ക് നീണ്ടുവന്ന കൈ മുറുകെപിടിച്ചു മന്ത്രിച്ചു. "ഇനി ഞാന്‍ ഈ പിടിവിടില്ല". പക്ഷേ പരിപാവനമായ ആ പിടുത്തത്തോടെ സദാനന്ദൻ മാഷ് കാറിനു പുറത്തേക്കു വലിച്ചെറിയപ്പെട്ടു.

പള്ളിമുറ്റം, പത്തിരുപതുപേര്‍, ഔതയുടെ കൈകള്‍ക്കുള്ളില്‍ ഒതുങ്ങി പോയ സദാനന്ദൻ മാഷ്. രംഗം നന്നല്ല എന്നുണ്ട കറുത്ത അംബാസിഡര്‍കാര്‍ സദാനന്ദൻ മാഷിനെ ഉപേക്ഷിച്ചു ഒരു മിന്നായം പോലെ മുന്നോട്ട് കുതിച്ചു ഇടവഴികള്‍താണ്ടി അകന്നു.

സദാനന്ദൻ മാഷ് ദയനീയമായി ഔതയെ നോക്കി, നാട്ടുകാരെ നോക്കി. തന്നെ ഉപേക്ഷിച്ചു ഓടി അകലുന്ന കറുത്ത അംബാസിഡര്‍കാറിനെ നോക്കി.

ടമാര്‍ പടാര്‍... സദാനന്ദൻ മാഷിനുമേല്‍ ഇടിവെട്ടി മഴപേയ്തുതോര്‍ന്നു. "കിണി കിണി കിണി " -കീറിയ വിവാഹ വേഷത്തിനുള്ളില്‍ ചതഞ്ഞിരിക്കുന്ന സദാനന്ദൻ മാഷിന്‍റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ചിലച്ചു. തകര്‍ന്ന കൈ കൊണ്ട് തകരാത്ത മൊബൈല്‍ എടുത്തു പച്ചകട്ട ഞെക്കി. മൊബൈല്‍ മൊഴിഞ്ഞു " മിസ്റ്റര്‍ സദാനന്ദൻ അല്ലേ? " മറ്റൊരു പെണ്‍ സ്വരം. മാഷ് ഞെട്ടി.. പെണ്‍ സ്വരം വീണ്ടുംമൊഴിഞ്ഞു. " മിസ്റ്റര്‍ സദാനന്ദൻ അല്ലേ? " , ഇതു കസ്റ്റമര്‍ കെയറീന്നാ, താങ്കളുടെ പേരില്‍ എടുത്തിട്ടുള്ള കണക്ഷന്‍ ചെക്ക്ചെയ്യാന്‍ വിളിച്ചതാ. അതോടൊപ്പം ഇതാ താങ്കള്‍ക്കു വേണ്ടിമാത്രം ഞങ്ങള്‍ അവതരിപ്പിക്കുന്നു അടിപൊളി ഓഫര്‍" ഔത മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി ചെവിയോടുചേര്‍ത്തു. അല്പം മുന്‍പുകേട്ട അതേ പെണ്‍സ്വരം. ഔത അലറി " എടി.. പൊലയാ......(ബീപ്പ്...ബീപ്പ്...പിന്നെയും..ബീപ്പ്... പിന്നെയും... പിന്നെയും ബീപ്പ്...).. മൊബൈല്‍ ഗണപതിക്ക് അടിച്ചതേങ്ങപോലെ നിലത്തിടിച്ച് ചിതറി.

ഔത സദാനന്ദൻ മാഷിനു നേരെ തിരിഞ്ഞു... മാഷിന്‍റെ ചെവിയില്‍ മൊബൈലിലെ പെണ്‍സ്വരം വീണ്ടും മുഴങ്ങുന്നതുപോലെ തോന്നി "ഇതാ താങ്കള്‍ക്കു വേണ്ടിമാത്രം ഞങ്ങള്‍ അവതരിപ്പിക്കുന്നു അടിപൊളി ഓഫര്‍... അടിപൊളി ഓഫര്‍... അടിപൊളി ...അടി ...ശ്....ശ്..

ടമാര്‍ പടാര്‍.. ഔത അടിച്ചു, നാട്ടാരടിച്ചു, കൊടുംകാറ്റടിച്ചു... അങ്ങിനെ പൂക്കാന്‍മാത്രം ബാക്കിയായ ആ പ്രണയ വൃക്ഷം നിലംപതിച്ചു.

കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ കടന്നുപോയി. മേരിക്കുട്ടി ടീച്ചര്‍ പട്ടാളത്തെ കെട്ടി കുട്ടികള്‍ മൂന്നായി. സദാനന്ദൻ മാഷും വെറുതെ ഇരുന്നില്ല. മുറപെണ്ണ് അമ്മിണിയെക്കെട്ടി, പക്ഷേ മക്കളില്ല. ഇടക്കിടക്ക് അവര്‍ പരസ്പരം കാണും. മേരിക്കുട്ടിടീച്ചറുടെ മക്കളെ നോക്കി സദാനന്ദൻ മാഷിന്‍റെ മനസ്മന്ത്രിക്കും" എനിക്കു പിറക്കാതെ പോയ മക്കളാണല്ലോ ഉണ്ണികളേ നിങ്ങള്‍" (ഡയലോഗിനു കടപ്പാട് - വടക്കന്‍ വീരഗാഥയിലെ ചന്തുവിനോട്). അത് കേട്ടിട്ടെന്നപോലെ മക്കളെതന്നോടു ചേര്‍ത്തുപിടിച്ചു മേരിക്കുട്ടിടീച്ചര്‍ ഒരുദീര്‍ഘ നിശ്വാസമുയര്‍ത്തും. അവര്‍ക്കിടയിലൂടെ എല്ലാം അറിഞ്ഞുകൊണ്ട് സദാനന്ദൻ മാഷിന്‍റെ പ്രണയരഹസ്യം ഔതയുടെ ചെവില്‍ മൊഴിഞ്ഞുകൊടുത്ത ആ പെണ്‍ സ്വരവും പേറി ആ മൊബൈല്‍ ടവറിന്‍റെ സിഗ്നലുകള്‍ അവരെ തഴുകി കടന്നുപോകും.

ഉസ്കൂളിലെ ആ വെളുത്ത മതിലിന്‍റെ പുതിയ വെളുത്ത പെയിന്റിന്‍റെ അടിയില്‍ മറയ്ക്കപ്പെട്ട ഒരു ഹൃദയ ചിഹ്നത്തിനുള്ളിൽ ഇരുന്നു സദാനന്ദൻ മാഷിന്‍റെയും മേരിക്കുട്ടിടീച്ചറുടെയും പ്രണയം തങ്ങളെ മുറിവേല്‍പ്പിച്ച അമ്പിന്‍റെ മൂര്‍ച്ചനോക്കും. 

Malayalam Short StoriesMalayalam literature interviews,Malayalam Poems    

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.        

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.