Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1955-60 ലെ ഓണം

onam

കിഴക്ക് നെല്‍വയലുകളും പടിഞ്ഞാറ് മലബാർ സംസ്ഥാനത്തേയും കൊച്ചി സംസ്ഥാനത്തേയും (പിന്നീടത് തിരുവിതാംകൂറിനോട് യോജിച്ച് തിരു-കൊച്ചി ആയി) അതിരിടുന്ന വീതി കുറഞ്ഞു നീളത്തിലുള്ള കരഭൂമിയിലാണ് ‌‍ഞാൻ ശൈശവ–ബാല്യ–യൗവന കാലങ്ങളിൽ ജീവിച്ച കാട്ടൂര്‍ മുനയം ഭാഗം.

ഇന്നത്തേതില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു അന്നത്തെ ഓണവും ഓണാഘോഷവും. അന്നൊക്കെ ഓണത്തിന്, വിഷുവിന്, പെരുന്നാളിന് ഒക്കെയാണ് ഒരു ഷര്‍ട്ടും മുണ്ടും കിട്ടുക. മഹാഭൂരിപക്ഷം വീടുകളിലും വയര്‍ നിറച്ച് ഉണ്ണുന്നത് അന്നാണ്. 

അന്ന് വയലുകളില്‍ വളരെ ചെറിയ വയലറ്റ് നിറത്തിലുള്ള പൂവുകള്‍ മഞ്ഞു പെയ്തതിനു മുകളില്‍ പ്രഭാതത്തിലെ സൂര്യപ്രകാശം തട്ടി തിളങ്ങുന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അതിർവേലികളായി പൂത്തുനിൽക്കുന്ന ചെമ്പരത്തി, മുല്ല, ചെത്തി തുടങ്ങിയവയുടെ പൂക്കൾ ഞങ്ങള്‍ കൂട്ടുകാരായ സിദ്ധാര്‍ത്ഥന്‍, രാജന്‍, അബ്ദുല്‍റഹിമാന്‍ തുടങ്ങിയവരുടെ കൂടെ നടന്നു പറിക്കും. അന്ന് പൂക്കളം എന്നു പറഞ്ഞാല്‍ തെറ്റാണ്. പൂക്കളത്തില്‍ ഞങ്ങള്‍ പലതരത്തിലുള്ള ഇലകളും ഇടാറുണ്ട്.

അവരുടെ വീടുകളുടെ മുറ്റത്ത് ചാണകം മെഴുകി പൂക്കളം ഇടുന്നത് സിദ്ധാര്‍ത്ഥനും രാജനുമായിരുന്നു. രാജന്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. കാക്കരിയപ്പന്‍ (തൃക്കാക്കര അപ്പൻ) എന്നോ മറ്റോ പേരിലുള്ള ഒന്ന് ഈ പൂക്കളത്തിന്റെ നടുവില്‍ വെക്കും. അതും ഉണ്ടാക്കുന്നത് പാടത്തുള്ള കളിമണ്ണ് കുഴച്ചു സിദ്ധാര്‍ത്ഥന്റെ വീട്ടുകാരായിരുന്നു.

ഈ തൃക്കാക്കരയപ്പൻ മാവേലിയുടെ സങ്കൽപ്പമാണ്. ചാണകം മെഴുകിയ പൂക്കളത്തിന്റെ നടുവിൽ ആണ് ഇത് പ്രതിഷ്ഠിക്കുന്നത്. ആ കാക്കരിയപ്പന്റെ മുകളിലും ആനയിച്ചു കൊണ്ടുവരുന്ന വീടിന്റെയോ ഗെയ്റ്റിന്റെയോ ചവിട്ടുപടിയിലും അരിമാവു കൊണ്ട് കോലം അണിയിക്കും. അതുപോലെ കാക്കരിയപ്പന്റെ രൂപം കിണറിന്റെ വക്കത്തും നാക്കിലയിൽ വയ്ക്കും. കിണറ്റിൻകരയിൽ വയ്ക്കുന്നത് കുടിക്കുന്ന ജലം ശുദ്ധമാവാനാണ് എന്നു സിദ്ധാർത്ഥന്റെ അമ്മ വിശാലചേച്ചി പറഞ്ഞത് ഓർമയുണ്ട്. കൂടാതെ രണ്ടായി പൊളിച്ച നാളികേരം വെള്ളം കളയാതെ അതിൽ തൃത്താവോ തുമ്പപൂവോ (ഏതെന്ന് ഓർമയില്ല) ഇടുന്നു. ഇലയുടെ അറ്റം എങ്ങോട്ടേയ്ക്കാണോ അവിടേയ്ക്കോ, അല്ലെങ്കിൽ പുരപ്പുറത്തേയ്ക്കോ ഇതെല്ലാം നാലാം ദിവസം എറിയുന്നതും ഞാന്‍ കണ്ടി‌ട്ടുണ്ട്.

ഓണത്തിന് സിദ്ധാർത്ഥന്റെയും രാജന്റേയും വീട്ടിൽ നിന്ന് ഞങ്ങൾക്ക് ഭക്ഷണം കൊടുത്തയക്കും. അതിൽ ഉപ്പേരികളായി കായ ഉപ്പേരിയും ചക്കര വരട്ടിയും ഇന്നും ഞാൻ സ്വാദോടെ ഓർക്കുന്നു. അത് ഇന്നും എന്റെ അയൽവാസിയായ ബാലന്റെ വീട്ടിൽ നിന്നും കിട്ടുന്നു. പെരുന്നാളിന് അന്നൊക്കെ നെയ്ച്ചോറും ഇറച്ചിയും അവർക്ക് കൊടുത്തയക്കും. ഇന്ന് അത് ബിരിയാണി ആയെന്നു മാത്രം. അന്നൊന്നും ബേക്കറി ഏർപ്പാടുകൾ ഉണ്ടായിരുന്നില്ല. അതിന്റെ ആദ്യകാല പതിപ്പായ ബോർമകൾ ആയിരുന്നു. അവിടെ ബിസ്കറ്റും റസ്‌ക്കും മാത്രം. 

ഉച്ചഭക്ഷണം കഴിഞ്ഞാൽ രാജന്റെ വീട്ടിൽ രാജന്റെ ചേച്ചിമാരായ പ്രേമേച്ചി (രണ്ടു വര്‍ഷം മുമ്പ് മരിച്ചു), കമലേച്ചി, രത്ന തുടങ്ങിയവരും സിദ്ധാർത്ഥന്റെ സഹോദരിമാരിൽ ചിലരും മറ്റു അയൽവാസികളായ സ്ത്രീകളും ചേർന്ന് ഓണക്കളികളിക്കും. അത് തിരുവാതിരകളി ആണെന്നായിരുന്നു കുറച്ച്‌ വർഷം മുമ്പുവരെ ഞാൻ കരുതിയിരുന്നത്. എന്നാൽ അത് ദശപുഷ്പം ചൂടി കളിക്കുന്ന തിരുവാതിരക്കളി ആയിരുന്നില്ല. ആ കളിയുടെ പേര് ഇപ്പോൾ എനിക്ക് ഓർമയില്ല. എന്തായാലും അവരെ കളി പഠിപ്പിച്ച ആശാന്റെ രൂപവേഷങ്ങളും അന്ന് പാടിയ പാട്ടിന്റെ തുടക്കവും എന്റെ ഓർമയിൽ നിന്ന് ഞാൻ എഴുതുന്നു...."പയ്യാപരീക്കുളത്തിൽ വിടർന്നീടുന്ന ചെന്താമരേ ...."

ഞാൻ തുറന്ന് എഴുതുന്നു. ഇനി എഴുതുന്നത് എന്റെ അഭിപ്രായമാണ്. അതുകൊണ്ട് ആർക്കും പരിഭവം തോന്നരുത്. ഇന്നൊക്കെ ഓണം വിഷു ഈദ് ബക്രീദ് ഇവയൊക്കെ റെഡിമെയ്ഡ് ആയി മാറിയിരിക്കുന്നു. ഇവയൊക്കെ പണ്ടു കാലത്ത് കലർപ്പില്ലാത്തതായിരുന്നു.

മേമ്പൊടി:

മാനത്തുള്ളോരു വലിയമ്മാവന് 

മതമില്ല, ജാതിയുമില്ല 

ഓണത്തിന് കോടിയുടുക്കും 

പെരുന്നാളിന് തൊപ്പിയിടും

(ഇത് 1960കളുടെ ഉത്തരാർധത്തിൽ ഇറങ്ങിയ മൂടുപടം എന്ന സിനിമയിലെ ഭാസ്കരൻ മാഷ് രചിച്ച ഗാനം)

Read Malayalam Short StoriesLiterature interviews, Malayalam Poems

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.