മഴത്തുള്ളിയെ തേടിയുള്ള യാത്ര

മരുഭൂമിയായിരുന്നു എനിക്കു ചുറ്റും. മഴത്തുള്ളിയെ തേടിയുള്ള എന്റെ യാത്ര ചുട്ടുപൊള്ളുന്ന അറേബ്യൻ മണൽത്തരികളിൽ മങ്ങുന്നുണ്ടായിരുന്നു. പൊടിപടലങ്ങൾ ദൂരകാഴ്ചയെ വരുതിയിലാക്കിക്കഴിഞ്ഞു. ആഗ്രഹങ്ങളും സ്വപ്നങ്ങളും അജയ്യരായി മുന്നേറുന്നു. സ്നേഹത്തിന്റെ സുഗന്ധം മണി ഡ്രാഫ്റ്റിന്റെ കരസ്പർശങ്ങളിൽ ഒതുങ്ങുന്നതായി ഒരശരീരി. സ്നേഹത്തിന് ദൂരപരിധിയുണ്ടെന്ന സന്ദേഹം മറച്ചു വെക്കുന്നില്ല. കടമകളിലെ അതിരുകൾ നിർവചനങ്ങൾക്കപ്പുറം.

വരണ്ടുണങ്ങിയ മണലാരണ്യം ചോദ്യങ്ങളുയർത്തുന്നുണ്ടെങ്കിലും മഴത്തുള്ളി നൽകാറുള്ള ആനന്ദം എന്റെ യാത്ര മുടക്കിയില്ല. ഒരു മഴത്തുള്ളി കണ്ടുകിട്ടിയെങ്കിൽ അടുത്ത തുള്ളിക്കു വേണ്ടിയുള്ള യാത്ര തുടരാമായിരുന്നു. എവിടെയോ ഓതി കേട്ട ‘‘പല തുള്ളി പെരുവെള്ളം’’ പഴഞ്ചൻ സിദ്ധാന്തം വഴിവിളക്കായി മാറുന്നതു പോലെ. 

നാട്ടിലെ പേമാരി ഹൃദയത്തിൽ തീർക്കുന്ന സന്തോഷങ്ങൾ ചെറുതല്ലെങ്കിലും അത് അന്യമാകുമോയെന്ന പ്രതീതി ഭയം നിറയ്ക്കുന്നു. ‘‘ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു’’ പാടി ആടാൻ മനോഹരമായ വരികളാണെങ്കിലും പൂക്കാലം ചോദിക്കാൻ മാത്രമാണ് ജീവിതയാത്രകളൊക്കെയും. യാത്രയുടെ അവസാനം തേടാെതയുള്ള യാത്രകളെന്നും ആവേശഭരിതമാണ്. വിഭിന്നമല്ലാത്ത എന്റെ യാത്രയും മഴത്തുള്ളികളാൽ പൂരിതമാകണമെന്നാണാഗ്രഹം. എന്റെ യാത്രയും അവസാനിക്കുന്നില്ല.